പാർശ്വികൻ (കഥ: ബിനു അലക്സ്)

Published on 03 May, 2022
പാർശ്വികൻ (കഥ: ബിനു അലക്സ്)

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ  ജോലി ചെയ്യുന്ന  ടോം സെബാസ്റ്റ്യൻ. ഏകദേശം 48 വയസ്സ് പ്രായം. 14 നില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അയാളുടെ ഓഫീസ്. പതിനാലു നിലകളിലുമായി ഏകദേശം 1500 പേരോളം ജോലി ചെയ്യുന്നു. അതിൽ ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ നിന്നുള്ള  ആൾക്കാർ ഉണ്ട് അവരെല്ലാം തന്നെ അമേരിക്കയിൽ കുടിയേറി പാർത്തവരും, അവരുടെ അടുത്ത തലമുറയും ഒക്കെ ആണ്. അക്കൂട്ടത്തിൽ കുറെ മലയാളികളും. രണ്ടാം നിലയിൽ ജോലി ചെയ്യുന്ന ഒരാൾ മൂന്നാം നിലയിൽ എത്തി ടോം എന്ന ആളെ തെരക്കുന്നത്  കേട്ട് ടോം തന്റെ കംപ്യൂട്ടറിലെ നോട്ടം വിട്ടിട്ട്   ഓഫീസ് ഹാളിന്റെ എൻട്രി ഡോറിന്റെ അടുത്തേക്ക് മുഖം തിരിച്ചു. ആരുടെയോ നിർദേശപ്രകാരം  അയാൾ തന്റെ അടുത്തേക്ക് വരുന്നത്  കണ്ടു.  അടുത്തെത്തിയ ആൾ സ്വയം പരിചയപ്പെടുത്തൽ  കഴിഞ്ഞു താൻ വന്ന കാര്യം ടോമിനോട്   പറഞ്ഞു. മറ്റൊന്നുമായിരുന്നില്ല അയാൾക്ക്‌ കേരളത്തിലേക്ക് പോകണം അതിനു കുറച്ചു സഹായം ചെയ്തു കൊടുക്കാമോ എന്നാണ് അയാൾ ചോദിച്ചത്. കണ്ടാൽ ഒരു ആഫ്രിക്കക്കാരന്റെ ലുക്ക്  പക്ഷെ അത്ര കറുപ്പ് നിറമില്ല. ഇരു നിറത്തേക്കാൾ അല്പം കൂടി ഇരുണ്ടതാണ്. ടോം അയാളോട് പേര് തിരക്കി. ജോൺ വില്യം അയാൾ പറഞ്ഞു.  അയാൾക്ക്‌ വേണ്ട സഹായം തനിക്കറിയാവുന്ന പോലെ ചെയ്തു കൊടുക്കാം എന്ന് ടോം അയാൾക്ക്‌ വാക്ക് കൊടുത്തു. ജോണിന് കേരളത്തിലേക്ക് പോകേണ്ടുന്ന സ്ഥലവും അതിന്റെ കാരണവും കേട്ട ടോമിന് സന്തോഷമാണോ സങ്കടമാണോ ഞെട്ടലാണോ എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ നിശ്ചയമില്ല.അയാൾ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടു ജോണിനെ കെട്ടിപ്പിടിച്ചു. ആ ഓഫിസിലെ മുഴുവൻ ആൾക്കാരുടെയും ശ്രദ്ധ  അവരിലേക്കായി.

അയാൾ അപ്പോൾ തന്നെ ദിവസത്തിന്റെ ബാക്കി ഭാഗം അവധിയെടുത്തു ജോണിനോടൊപ്പം ഓഫീസിൽ നിന്നിറങ്ങി.

ടോം 42   കൊല്ലം കാത്തിരുന്ന നിമിഷം.

ജോൺ വില്യം എന്ന  തനി മലയാളി അയയാളുടെ പഴയകാല ഓർമകളിലേക്ക് ഊളിയിട്ടു

കൂടെ ജോണും.

ഏതാണ്ട് 1981 കാലഘട്ടം. ജോൺ വില്യം എന്ന്  ഇപ്പോൾ അറിയപ്പെടുന്ന അയാളുടെ പേര് അന്ന് അപ്പു.

അവർ ഇരുവരും രണ്ടാം ക്ലാസ്സിൽ ആറ് മാസം ഒന്നിച്ചു പഠിച്ച നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

ജോൺ തന്റെ ഒളിച്ചോട്ടം ഓർമയിലേക്ക് കൊണ്ടുവന്നു.

ബോംബെ നഗരത്തിന്റെ വശ്യത അവനെ  തിരഞ്ഞെത്തിയതാണോ അതോ അവൻ വഴിതെറ്റി അവിടെ എത്തിപ്പെട്ടതാണോ ?? നാട്ടിൽ നിന്നും കള്ള വണ്ടി കയറി ബോബെ നഗരത്തിൽ എത്തുമ്പോൾ അവന്റെ  കൈയിൽ ആകെ ഉണ്ടായിരുന്നത്‌ പത്തു  രൂപയും ഒരു ബാഗിൽ മാറിയിടാൻ ഒരു ജോഡി ഡ്രെസ്സും. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കു നടക്കുന്നതിനിടയിൽ ബാഗും തട്ടിപ്പറിച്ചുകൊണ്ടോടിയ ആളുടെ പുറകെ ഓടിയെങ്കിലും ആൾക്കൂട്ടത്തിൽ  മറഞ്ഞുപോയ പിടിച്ചുപറിക്കാരനെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

നഷ്ടപ്പെട്ടതിനെ ഓർത്തു വിഷമിക്കരുത് എന്ന് കോൺവെന്റ്  സ്കൂളിലെ സന്യാസി 'അമ്മ എന്നോ പറഞ്ഞത് മനസ്സിലേക്ക് തികട്ടി വന്നു. ബാഗ് നഷ്ടപ്പെട്ടതിൽ ഒരു കൂസലുമില്ലാതെ അവൻ നടന്നു കൊണ്ടേയിരുന്നു എവിടേക്കെന്നോ എന്തിനെന്നോ  അറിയാതെ ഒരു ലക്ഷ്യവുമില്ലാതെ.

നഷ്ടബോധമില്ല. നിരാശയില്ല. വീണിടം വിഷ്ണുലോകം ആക്കാം എന്ന ധാരണയുമില്ല.

എട്ടു  വയസ്സ് മാത്രം പ്രായമുള്ള തനിക്കു ആര് ജോലി തരാൻ.  അല്ലെങ്കിലും ജോലി ചെയ്യാൻ താല്പര്യമില്ല. ഇന്നേക്ക് വിശപ്പിനുള്ളത് കിട്ടണം. വയറു  നിറയണം എന്ന് തോന്നിയിട്ടേയില്ല. അല്ലെങ്കിലും ഒരിക്കലും വയറു നിറച്ചു കഴിച്ച ഓർമയില്ല. ദിവസങ്ങളോളം വെള്ളം മാത്രം കുടിച്ചു നടന്നിട്ടുണ്ട്. ഒരു പക്ഷെ ഓർമയില്ലാത്ത സമയത്തു അമ്മിഞ്ഞപ്പാല് കുടിച്ചു വയറു നിറഞ്ഞിട്ടുണ്ടാവാം.  അതിനും സാധ്യത കുറവാണ്

കൊട്ടാരക്കര എന്നാൽ പാലസ് ലാൻഡ് എന്ന് ഇംഗ്ലീഷിൽ പറയുമ്പോൾ ഓമനത്തമുണ്ട്.  കൊട്ടാരക്കരയിലെ പാലസ് ലാൻഡ് ലോഡ്‌ജിന്റെ മുൻപിലെ   തെരുവ് വീഥികളിൽ വളർന്ന കാലം അത്ര ഓമനത്തമുള്ളതല്ല ജോണിന്.

 മുഴു ഭ്രാന്തിയായ അമ്മക്ക് രാത്രിയുടെ യാമങ്ങളിൽ നാട്ടുകാർ സമ്മാനിച്ച ബീജങ്ങളിൽ ഒന്ന്  തന്റെ ഇണയെ കണ്ടുപിടിച്ച് ഭ്രാന്തിയായ അമ്മയുടെ ഗർഭപാത്രത്തിൽ രക്തം ഊറ്റിക്കുടിച്ചു വളർന്ന പാഴ് ജന്മം.  

ചിലന്തി എന്ന് നാട്ടുകാർ വിളിച്ചിരുന്ന  ജമന്തി എന്ന സുബോധമില്ലാതെ തെരുവിൽ അലഞ്ഞ ഭ്രാന്തിക്ക്  ഒൻപതാം മാസം പ്രകൃതി നൽകിയ തന്തയില്ലാത്തവൻ.

അന്തിയുറങ്ങുന്ന കെ എസ് ആർ ടി സി ബസ്റ്റാൻഡിന്റെ തിണ്ണയിൽ രാത്രിയുടെ അന്ത്യ യാമങ്ങളിൽ പേറ്റുനോവ് കൊണ്ട് അലറി കരഞ്ഞ തെരുവ് വേശ്യയുടെ മകൻ.

അവനെന്തു നഷ്ടബോധം, എന്ത് വിശപ്പ് .

കണ്ണീരൊലിപ്പിച്ചു നാട്ടുകാരുടെ മുൻപിൽ കൈനീട്ടി ആട്ടും തുപ്പും അടിയും തൊഴിയും വാങ്ങിയ കരുവാളിച്ച ശരീരവും, വിശപ്പ് മറഞ്ഞു പോയ കുടലും, കണ്ണീരു വറ്റിപ്പോയ കാഴ്ചഗോളങ്ങളും, ക്രൂര ജല്പനങ്ങൾ കേട്ട് തഴമ്പിച്ച കർണപഠങ്ങളും ഉള്ള അവൻ എന്തിനെ പഴിക്കണം....

 എന്തിനെ പേടിക്കണം.

ഇരുട്ടിന്റെ മറവിൽ  തന്റെ അമ്മയെ വീണ്ടും ചിലർ വര്ഷങ്ങളോളം സ്നേഹിച്ചപ്പോൾ തനിക്കു താഴെ ജനിച്ച രണ്ടു സഹോദരിമാർ.

 ഇളയ സഹോദരിയെ 'അമ്മ തലയിണ ആക്കിയതും   കുഞ്ഞുപെങ്ങളെ കാലിൽ പിടിച്ചു തലകീഴായി തൂക്കി നടന്നതും  നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നവൻ  .

തന്റെ താഴെയുള്ള ആറ് വയസ്സുള്ള സഹോദരിയിൽ വിത്തിറക്കാൻ വെറി പൂണ്ടു പാഞ്ഞടുത്ത കാട്ടു  പോത്തുകളെ ആട്ടിയോടിക്കേണ്ടി വന്നവൻ

 എല്ലാം അവൻ ഓർക്കുന്നു  പക്ഷെ ഇപ്പോൾ അവനു വിഷമമില്ല.

ബാധ്യതകൾ ഒന്നുമില്ലാതെ രണ്ടു കുഞ്ഞു പൈതങ്ങളെ തന്റെ കയ്യിൽ ഏല്പിക്കാൻ  സുബോധമില്ലാതെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ വിറകു കൊള്ളി പോലെ തണുത്തുറഞ്ഞ ശരീരമായി മാറിയ അമ്മയെ സന്മനസ്സുള്ള സാമൂഹ്യ പ്രവർത്തകർ എടുത്തു മറവു ചെയ്തത് അവൻ ഓർക്കുന്നു .

അത്രയെങ്കിലും കാരുണ്യം കാട്ടിയല്ലോ  എന്ന ആശ്വാസം.  

അതിലും കൂടുതൽ ആശ്വാസമായത് ഏതോ ക്രിസ്ത്യൻ മത സംഘടന വന്നു അവനെയും സഹോദരിമാരെയും എടുത്തു ഒരു കോൺവെന്റ്  സ്കൂളിന്റെ ഹോസ്റ്റലിൽ ആക്കിയതും ആറ്  മാസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും എത്തിയ സായിപ്പന്മാർ അവനെ തനിച്ചാക്കി സഹോദരിമാരെ രണ്ടു രാജ്യങ്ങളിലേക്ക്  ദത്തെടുത്തു കൊണ്ടുപോയതും അവൻ ഓർക്കുന്നു.

സഹോദരിമാർ വിട്ടകന്ന വിഷമത്തിൽ ബോംബേക്കു കള്ള വണ്ടി കയറിയതാണ് അവൻ

അവന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ക്രൂരമായ ഒരു ഓർമയുണ്ട്.

പനിച്ചു വിറച്ചു കിടക്കുന്ന തന്റെ അമ്മയെ കാമവെറിപൂണ്ട് കടിച്ചു വലിക്കുന്ന കാഴ്ച.

മിന്നിത്തെളിഞ്ഞും അണഞ്ഞും വെട്ടി തിളങ്ങുന്ന  ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ കണ്ടു.

അമ്മയുടെ ചുണ്ടുകളെ കടിച്ചു മുറിക്കുന്ന ചുമ്പനങ്ങൾ, മുല ഞെട്ടുകൾ  കടിച്ചു വലിച്ചു ചോര ഒഴുക്കി ചിത്രമെഴുതുന്ന പകൽമാന്യന്റെ  കയ്യൊപ്പ്,

കപട സ്നേഹത്തിന്റെ മധുരം അമ്മയുടെ തുടകൾക്കിടയിൽഎരിക്കുന്ന കനലുകൾ

മരിപ്പിന്റെ മരവിപ്പിലേക്കു അവളെ വലിച്ചു കയറ്റിയ നിമിഷങ്ങൾ.

രാത്രി പകല് പോലെ തോന്നുന്ന, മിനിറ്റുകൾ കൂടുമ്പോൾ ട്രെയിനുകൾ വന്നുപോകുന്ന തിരക്കേറിയ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ക്ഷീണം കാരണം വിശന്നൊട്ടിയ അരച്ചാൺ വയറുമായി ഭയ വിഹ്വലതകൾ  മൂടുന്ന സ്വപ്നങ്ങളുടെ കരാള ഹസ്തങ്ങളിൽ ഞെളിപിരി കൊള്ളുമ്പോൾ ലാത്തിമുനയുടെ വേദനിപ്പിക്കുന്ന കുത്തുകൊണ്ടു അവൻ ഞെട്ടിയുണർന്നു. പിടഞ്ഞെഴുന്നേറ്റ അവനെ കോളറിൽ കുത്തിപ്പിടിച്ച് പോലീസുകാർ കൊണ്ടുപോകുമ്പോൾ അവനു യാതൊരു കൂസലുമില്ലായിരുന്നു.

വീണ്ടും അവൻ ആ പഴയ കോൺവെന്റിന്റെ  ഹോസ്റ്റലിൽ എത്തിപ്പെട്ടു.

ഏകദേശം ആറു മാസത്തിനു ശേഷം  അവനെയും അമേരിക്കയിൽ നിന്നുള്ള ഒരു സായിപ്പു ദത്തെടുത്തു. അവനു പോകാൻ മടിയായിരുന്നു . ആറ്  മാസംകൊണ്ട് തന്റെ ഉറ്റ തോഴനായി  മാറിയ ടോമിനെ വിട്ടുപോകാൻ വളരെ പ്രയാസപ്പെട്ടു. അവസാനം വേർപിരിയുന്ന ദിവസം അവന്റെ കണ്ണുകൾ വീണ്ടും നനഞ്ഞു. ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം എന്ന ആശ്വാസ വാക്കുകളുമായി അവർ പിരിഞ്ഞു.

.
ചിലന്തി ഭ്രാന്തിയുടെ മകനെ സായിപ്പു വന്നു അമേരിക്കയിലേക്ക് കൊണ്ടുപോയ അന്ന് തീരുമാനിച്ചതാണ് ടോം എന്ന ആ കൊച്ചു പയ്യൻ, തനിക്കും എന്നെങ്കിലും അമേരിക്കയിൽ പോകണമെന്നും തന്റെ കൂട്ടുകാരനെ കാണണമെന്നും.

പിന്നീടുള്ള ഓരോ നിമിഷങ്ങളിലും   ടോമിന്റെ ലക്‌ഷ്യം അതായിരുന്നു. അമേരിക്കയിൽ എത്തിപ്പെടാൻ എന്താണ് വഴിയെന്ന് അവൻ അന്വേഷിച്ചുകൊണ്ടേയിരുന്നു . അവസാനം 20   വര്ഷങ്ങള്ക്കു ശേഷം ടോം അമേരിക്കയിലെത്തി.

പിന്നീടവന്റെ ലക്‌ഷ്യം ഒന്ന് മാത്രം. 6  മാസം മാത്രം തന്നോടൊപ്പം കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച ഭ്രാന്തിയുടെ മകൻ അപ്പുവിനെ  കാണണം.

ഒരുപാടലഞ്ഞു,  കണ്ടില്ല.

അമേരിക്കയിലെത്തിട്ടു 19  വർഷം പിന്നിട്ടിരിക്കുന്നു. കണ്ടെത്താനുള്ള എല്ലാ പ്രയത്നങ്ങളും അസ്തമിച്ചെങ്കിലും അവൻ വീണ്ടും അലഞ്ഞുകൊണ്ടിരിന്നു .

മരിക്കും മുൻപ് ഒരുനാൾ തന്റെ പാർശ്വികനെ ( കൂട്ടുകാരൻ )കണ്ടെത്തും എന്ന പ്രതീക്ഷയോടെ.

ഇന്ന് അത്  സാധ്യമായിരിക്കുന്നു.

ടോം, ജോണ് എന്ന അപ്പുവിനെ കണ്ടു മൂട്ടിയിരിക്കുന്നു.  അല്ല അപ്പു ജോണിനെ തേടിയെത്തിയിരുന്നു

ജോണിന് തന്റെ സഹോദരിമാരെ കണ്ടെത്തണം അതിനു  വേണ്ടിയാണു കേരളത്തിലേക്ക് അവനു പോകേണ്ടത് .തൻ താമസിച്ച കോൺവെന്റിൽ എന്തെങ്കിലും രേഖകൾ അവശേഷിക്കുന്നുണ്ടോ എന്നറിയണം.

അങ്ങനെ ടോമും അപ്പുവും നാട്ടിലേക്ക്.

എണ്ണ വറ്റി മങ്ങി തെളിയുന്ന വിളക്കിന്റെ ദീപ നാളങ്ങൾ ആർത്തു പ്രകാശിക്കുന്ന നിമിഷങ്ങളാണോ അതോ എണ്ണ  വീണ്ടും പകര്ന്ന വിളക്കിന്റെ അനശ്വര നാളങ്ങളാണോ അവരുടെ മുന്നിൽ  തെളിയാൻ പോകുന്നതെന്ന് അറിയാതെ.അറിയാതെ ....പാർശ്വികനും  പാർശ്വികനും  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക