HOTCAKEUSA

നിറങ്ങൾ: (നോവലെറ്റ്- തുടരുന്നു, മിനിസുരേഷ്)

Published on 03 May, 2022
 നിറങ്ങൾ: (നോവലെറ്റ്- തുടരുന്നു,  മിനിസുരേഷ്)

         

ഭാഗം 3


ഓണക്കാലമായി. പച്ചക്കറിയൊക്കെ വാങ്ങി സദ്യയൊരുക്കണോ അതോ അർപ്പണ കാറ്ററിംഗിൽനിന്ന് രണ്ട് സദ്യ പാഴ്സൽവാങ്ങി ഓണം ആഘോഷിച്ചാൽ മതിയോ എന്നൊക്കെയുള്ള ചർച്ചകൾ അമ്മയുമായി നടത്തുന്നതിനിടയിലാണ് പുഷ്പാൻറ്റിയുടെ ഫോൺ വന്നത്.
"ഓണമായിട്ട് രണ്ടാളും രാവിലെ തന്നെ ഇങ്ങു പോരണേ. ഊണൊക്കെ കഴിഞ്ഞ് ലുലു മാളിലൊക്കെ പോയി കറങ്ങാം.
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. കുറെ നാളായി ആഗ്രഹിക്കുന്നതാണ് ലുലുമാളൊന്ന് കാണണമെന്ന്.
"എറണാകുളത്തിന് ഇത്രയടുത്ത് താമസിച്ചിട്ടും ലുലുമാൾ കാണാത്ത ഒരേ ഒരാൾ ശ്യാമിനി  മാത്രമായിരിക്കും. "ഓഫീസിലെ ജോസഫ് സാർ കഴിഞ്ഞ ദിവസവും കളിയാക്കിയതാണ്.


"മോള് നാളെ ഈ സെറ്റ് മുണ്ട് ഉടുത്താൽ മതി. ശമ്പളം കിട്ടിയപ്പോൾ അമ്മ വാങ്ങിയതാണ്. അമ്മയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു നിൽക്കുന്നു.


ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ അങ്കിൾ പടിക്കൽതന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
"ഒരു സ്കൂട്ടർ വാങ്ങുവാൻ പ്ലാനിടണം. മോൾ പെട്ടെന്ന് പഠിക്കും" 
"ചെറുപ്പത്തിലേ ഇതു പോലൊക്കെ പ്രോത്സാഹിപ്പിക്കുവാൻ ആളുണ്ടായിരുന്നെങ്കിൽ ഇവള് വിമാനം വരെ പറപ്പിച്ചേനെ." അങ്കിൾ പറഞ്ഞത് അമ്മക്കും സമ്മതമായി.


പുഷ്പാന്റിയും, അമ്മയും , അങ്കിളും അടുക്കള ആർക്കും വിട്ടു തരില്ലെന്ന മട്ടിലാണ്. പാകമായിക്കൊണ്ടിരിക്കുന്ന കറികളുടെ സുഗന്ധവും, തമാശകളുമെല്ലാം നിറഞ്ഞു നിൽക്കുന്ന മനോഹരമായ അന്തരീക്ഷം. ഇതും ഒരു പുതിയ അനുഭവമാണ്. അച്ഛന്റെ വീട്ടിലായിരുന്നപ്പോൾ സുഖമുള്ള ഓർമ്മകളൊന്നുമില്ലാതെ കടന്നു പോയിരുന്ന ദിവസമായിരുന്നു ഓണം. 


പെട്ടെന്നാണത് കണ്ടത്. സ്റ്റെയർകേസിന് താഴെ ഈസിലിൽചാരി വച്ചിരിക്കുന്ന ക്യാൻവാസും, ചായങ്ങളും. ആരോ ഒരു ചിത്രത്തിന്റെ ഔട്ട്ലൈൻ ഇട്ടിട്ടുണ്ട്.
അങ്കിൾ പടം വരക്കുമോ, അതോ ആൻറിയോ?ഏതായാലും വഴക്കു പറയില്ലെന്ന് ഉറപ്പുള്ളതിനാൽ ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി.


ബ്രഷ് കയ്യിലെടുത്തതും വല്ലാത്ത ആവേശം തോന്നി. സന്ധ്യയുടെ പശ്ചാത്തലത്തിൽ ചേക്കേറാൻ ആകാശത്ത് പറന്നകലുന്ന പറവകളും,  ഗ്രാമീണഭംഗി നിറഞ്ഞ ചന്തയും, മൺപാതയിലൂടെ
ഒഴുകി നീങ്ങുന്ന കാളവണ്ടിയുമൊക്കെ നിമിഷനേരം കൊണ്ട് ബ്രഷിൽ നിന്ന് എങ്ങനെ ക്യാൻവാസിലേക്ക് പകർത്തി എന്നോർക്കുമ്പോൾ ഇന്നത്ഭുതം തോന്നാറുണ്ട്. പുറകിൽ ഒരു കയ്യടിശബ്ദം കേട്ടാണ്  തിരിഞ്ഞ് നോക്കിയത്.
നല്ല പൊക്കമുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ.
ഹെയർബാൻഡിട്ട് പുറകിലേക്ക് കെട്ടിവച്ച നീണ്ട മുടിയും, വെട്ടിയൊതുക്കിയ താടിയുമെല്ലാം ഒറ്റനോട്ടത്തിൽ തന്നെ അയാളൊരു കലാകാരനാണെന്ന് വിളിച്ചു പറയുന്നുണ്ട്.
"എക്സലൻറ്റ് ,സ്കൈയുടെ ഭാഗത്ത് കുറച്ച് യെല്ലോ കളർമിക്സിംഗും കൂടി വന്നാൽ സൂപ്പർ".
"ആഹാ, അടിപൊളിയാണല്ലോ, നിമിഷനേരം കൊണ്ടല്ലേ വരച്ചത്. മോൾക്ക് ഇങ്ങനെയൊരു കഴിവും ഉണ്ടായിരുന്നോ"
പരിഭ്രമിച്ചു നിൽക്കുന്ന തന്നെ നോക്കി അങ്കിൾ പറഞ്ഞു.
"ഇതെന്റെ മരുമകൻ കിഷോർ. ആർട്ടിസ്റ്റാണ്."
അമ്മ പിന്നെ തനിക്ക് ചെറുപ്പത്തിൽ ചിത്രരചനക്ക് സമ്മാനങ്ങൾ കിട്ടിയ വിശേഷങ്ങളൊക്കെ വാതോരാതെ പറയുവാൻ തുടങ്ങി.
"അതൊന്നും സാരമില്ല ആന്റി .ഇനിയും പഠിക്കാവുന്നതേയുള്ളൂ. ശ്യാമിനി ഇത്രയും നന്നായി വരക്കുന്ന സ്ഥിതിക്ക് ആർട്ടിസ്റ്റുകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാം. അവിടെ അംഗങ്ങളായിട്ടുള്ളവർ  പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്നും തന്നെ ഒരു പാട് പഠിക്കുവാനുണ്ട്. തഴക്കവും, പഴക്കവും വന്ന ചിത്രകാരന്മാരൊക്കെയുണ്ട്. അവർ തെറ്റുകളൊക്കെ തിരുത്തിത്തരും.

പുതിയൊരു താളക്രമം ജീവിതത്തിനുവീണ്ടും വന്നത്പോലെ. പുലർച്ചെ ഉണർന്നാലും ഓഫീസ് വിട്ട് വന്നാലും എല്ലാം ചായങ്ങളുടെ ലോകത്ത്. മറ്റൊരു കുടുംബമായിരുന്നു  ഗ്രൂപ്പ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെയുണ്ട്.
ഉത്തരവാദിത്വങ്ങളൊക്കെ തീർത്ത് ചായക്കൂട്ടുകളുടെ ലോകത്തേക്ക് വന്നവരുണ്ട്.
ഇടക്ക് കിഷോറിന്റെ മെസ്സേജ് വരും.
" ഉറക്കമിളച്ച് വരച്ച് ആരോഗ്യമൊന്നും കളയരുത് കേട്ടോടോ"
"തന്റെ ചില ചിത്രങ്ങൾ കണ്ടാലറിയാം ,എന്തോ വലിയ ദുഃഖം ചുമക്കുന്നുണ്ടെന്ന് .അതൊക്കെ ആ ജനലിലൂടെ വലിച്ചെറിഞ്ഞ് കളയെടോ. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം
അയാളുടെ  മനസ്സിന്റെ പ്രതിഫലനമാണ് ഓരോ രചനകളിലും
ദർശിക്കുന്നത്. സന്തോഷമായിരിക്കടോ"
ആദ്യമായാണ് ഒരു പുരുഷന്റെ കരുതൽ എന്താണെന്ന് അറിയുന്നത്. ഈശ്വരൻ പുഷ്പാൻറിയിലൂടെ, അങ്കിളിലൂടെ, ചിത്രകാരന്മാരുടെ സ്നേഹസൗഹൃദ ക്കൂട്ടായ്മയിലൂടെ ബാല്യത്തിലെയും, കൗമാരയൗവ്വനങ്ങളിലെയും  ദുഃഖങ്ങൾമറക്കാൻ അവസരമൊരുക്കി . നഷ്ടപ്പെട്ടുപോയ കാലങ്ങളിലെ സന്തോഷമെല്ലാം മടക്കിക്കിട്ടി.

കിഷോറിലൂടെ ഒരു പുരുഷൻറെ പ്രണയവും, ഭർത്താവിന്റെ കരുതലുമെല്ലാം എന്തെന്ന് അറിഞ്ഞു.
സൗഹൃദത്തിലൂടെ തുടങ്ങിയ അടുപ്പത്തിന് നിറം വച്ചു തുടങ്ങിയ പ്പോൾ തന്നെ കിഷോർ ഒരു ദിവസം വീട്ടിലെത്തി.
"ആന്റി ശ്യാമിനിയെ എനിക്കു തരുമോ. അവളുടെ കണ്ണുകൾ ഇനി ഒരിക്കലും നിറയുവാൻ ഇടയാകില്ലെന്ന് ഞാൻ വാക്ക് തരാം" .പിന്നെ എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്തിയത്   പുഷ്പാൻറ്റിയും,അങ്കിളുമായിരുന്നു.

ഇന്ന് ചെന്നൈയിലെ' ചോളമണ്ഡലത്തിൽതന്റെ ചിത്രങ്ങളുടെ എക്സിബിഷൻ അവസാനിക്കുന്ന ദിവസമായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതിനോടകം എക്സിബിഷൻ നടത്തിക്കഴിഞ്ഞു. എല്ലാം ഒരുക്കുന്നത് കിഷോറാണ്. ഇവിടെയുംനല്ല തിരക്കായിരുന്നു. മിക്ക ചിത്രങ്ങളും വിറ്റുപോയി.


"ഇനിയും എന്താണ് ആലോചിച്ചു കൂട്ടുന്നതെന്റെ  സുന്ദരിക്കുട്ടി,പോകണ്ടേ വീട്ടിൽ അമ്മ തനിച്ചാണ്" കിച്ചുവേട്ടൻ മടങ്ങിയെത്തിയിരിക്കുന്നു.


"എല്ലാ സാധനങ്ങളും എടുത്തു വച്ചോ ,കിച്ചുവേട്ടാ" നേരിയൊരു ജാള്യതയോടെ അവൾ ചോദിച്ചു.
''എല്ലാം ഓക്കെ. പോയേക്കാം.''
ജനൽപ്പടിയിൽ നിന്നും ഊർന്നിറങ്ങുമ്പോൾ കിഷോർ അവളെ ചേർത്തു പിടിച്ചു.


അവസാനിച്ചു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക