ജന്മദിന നിറവില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 04 May, 2022
ജന്മദിന നിറവില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മെയ് മെയ് മൂന്നിന് അമ്പത്തേഴാമത് ജന്മദിന നിറവില്‍. മുന്‍ പതിവുപോലെ തന്നെ ഈ ജന്മദിനവും ആഘോഷപരിപാടികളും ചടങ്ങുകളും ഒഴിവാക്കി യാമ പ്രാര്‍ത്ഥനകളിലും, ആത്മീയ ശുശ്രൂഷകളുടെ തിരക്കിലും, ലോക സമാധാന പ്രവര്‍ത്തനങ്ങളിലും മുഴുകി സിറിയയിലെ ഡമാസ്‌കസിലുള്ള പാത്രിയര്‍ക്കാ ആസ്ഥാനത്ത് കഴിയുകയാണ് ശ്ശീഹന്മാരില്‍ തലവനായ വിശുദ്ധ പത്രോസ് ശ്ശീഹായുടെ സിംഹാസന പിന്‍തുടര്‍ച്ചയിലെ 123-മത് പാത്രിയര്‍ക്കീസായ വലിയ ഇടയന്‍. ലോകമെങ്ങുമുള്ള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അജഗണങ്ങള്‍ പാര്‍ത്ഥനയോടെയുള്ള ജന്മദിനാശംസകള്‍ നേരുകയാണ് തങ്ങളുടെ ആത്മീയ പിതാവിന്. 

1965 മെയ് മൂന്നിന് സിറിയയിലെ കാമിഷിലി പ്രദേശത്താണ് ബാവയുടെ ജനനം. നന്നേ ചെറുപ്പത്തിലെ തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം മാതാവായ ഖമീനയുടെ പരിചരണത്തിലും ശിക്ഷണത്തിലുമാണ് വളര്‍ന്നത്. ആത്മീയ ശുശ്രൂഷയിലും ദയറായുടെ ചിട്ടവട്ടങ്ങളിലും സമര്‍പ്പിത ജീവിതമാരംഭിച്ച ബാവ വേദശാസ്ത്രരംഗത്ത് ഉന്നത ബിരുദങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 1984-ല്‍ കെയ്‌റോയിലെ കോപ്റ്റിക് തിയോളജിക്കല്‍ സെമിനാരിയില്‍ ചേരുകയും, 1988-ല്‍ ബാച്ചിലര്‍ ഡിഗ്രി ഓഫ് ഡിവിനിറ്റി കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് 1991-ല്‍ അയര്‍ലന്‍ഡിലെ മൈനൂത്തിലുള്ള സെന്റ് പാട്രിക് കോളജില്‍ നിന്നും സേക്രട്ട് തിയോളജി ഡിഗ്രി നേടി. 'Symbolism of the Cross in Early Syriac Christianity എന്ന വിഷയത്തിലെ ഗവേഷണ പ്രബന്ധത്തിന് ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ഡിഗ്രി 1994-ല്‍ ലഭ്യമായി. 

കുറഞ്ഞകാലം ഡമാസ്‌കസിലെ സെന്റ് എഫ്രയിം തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. കാലംചെയ്ത പരിശുദ്ധ സാഖാ ഇവാസ് ഒന്നാമത് പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി, ലണ്ടനിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ദയറാക്കാരന്‍ അപ്രേം കശീശയെ 1996 ജനുവരി 28-ന് സിറിള്‍ അപ്രേം കരീം മോര്‍ കൂറിലോസ് എന്ന സ്ഥാനപ്പേരില്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കുയര്‍ത്തി. 

അമേരിക്കയിലെ ഈസ്റ്റേണ്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപനായി പ്രവര്‍ത്തിച്ച അദ്ദേഹം 2014-ലാണ് പാത്രിയര്‍ക്കീസ് ബാവയായി തെരഞ്ഞെടുക്കപ്പെട്ട് അവരോധിതനായത്. എക്യൂമെനിക്കല്‍ മേഖല, ക്രൈസ്തവ ഐക്യ സംഘടനകള്‍ എന്നിവയില്‍ ശക്തവും ഉറച്ചതുമായ ശബ്ദമായിരുന്നു ആര്‍ച്ച് ബിഷപ്പ് എഫ്രയിം കരീം കൂറിലോസ്. 

മധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ കൊടുംഭീകര സംഘടനകള്‍ ക്രൈസ്തവരെ കൊന്നൊടുക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും, ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും സധൈര്യം അജഗണങ്ങള്‍ക്ക് ശുശ്രൂഷയും നേതൃത്വവും നല്‍കിയ ബാവാ തിരുമേനി ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒന്നിലധികം തവണ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മത സാഹോദര്യമേഖലയിലും, എക്യൂമെനിക്കല്‍ രംഗത്തും, സുവിശേഷീകരണത്തിലും, ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ലോകമെമ്പാടും നിറഞ്ഞ ശബ്ദമായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് 57-ന്റെ നിറവില്‍ ജന്മദിന മംഗളങ്ങളും പ്രാര്‍ത്ഥനകളും നേരാം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക