വാഗ്ദേവതേ....! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 04 May, 2022
വാഗ്ദേവതേ....! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

ഹയഗ്രീവസ്വാമിയേ,  അക്ഷര ദേവനേ
ദയവാര്‍ന്നെന്‍ ജിഹ്വാഗ്രേ വാഴണമേ!
അവിടുന്നുചിതമാം വാക്കുകള്‍ തന്നെന്റെ
കവിതയിലാകവേ ശോഭിക്കണേ!

എന്‍ നാവിന്‍  തുമ്പത്തും  എന്‍ വിരല്‍ തുമ്പത്തും 
എന്നും ലസിക്കണേ! വാഗ്ദേവതേ!
എന്നിലറിവിന്‍ വിളക്കു കൊളുത്തി നീ 
എന്നെയനുഗ്രഹിച്ചീടേണമേ!

കൂപമണ്ഡൂകം പോലൊന്നുമറിയാതെ
കൂരിരുള്‍  ചൂഴുന്ന  ചിത്തവുമായ്,
തപ്പിത്തടയുകയാണു ഞാനെന്നുള്ളില്‍ 
താവക  ദീപം  തെളിയ്ക്കണമേ!

ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ
ഞാന്‍  തേടുന്നെത്രയോ ജന്മങ്ങളായ്!
ജ്ഞാനമൊന്നെള്ളിലുണ്ടെങ്കില്‍ താനല്ലോ
ജന്മ  സാക്ഷാത്ക്കാരം നേടുകുള്ളു!

ഏറെ   തമസ്സു നിറഞ്ഞൊരറയ്ക്കുള്ളില്‍
സൂര്യ  പ്രകാശം  പ്രവേശിക്കവെ, 
എങ്ങോ  തമസ്സു  മറയുന്നതു  പോലെ 
എന്നിലും ജ്യോതി  തെളിയ്ക്കണമേ!

വന്യമാം ചിന്തകള്‍ പോക്കി നീ മല്‍  ജന്മം 
അന്വര്‍ത്ഥമാക്കാന്‍ തുണയ്ക്കണമേ!
വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി 
ധന്യതയെന്നില്‍  ചൊരിയണമേ! 

ദുര്‍ല്ലഭമാം മര്‍ത്ത്യ ജന്മം  ലഭിച്ചതു 
ദുര്‍വിനിയോഗം ചെയ്തീടാതെന്നും,
താവക  നാമാവലികള്‍ നിരന്തരം
നാവില്‍ വരേണമേ  ലോകമാതേ!

'ലോകാസമസ്താ സുഖിനോ ഭവന്തു' താന്‍ 
ലോകത്തിലേവരും  കാംക്ഷിപ്പതേ!
ശാന്തിയുമെങ്ങും പരസ്പര സ്‌നേഹവും 
കാന്തിയോടെന്നും രമിയ്ക്കണമേ!

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക