Image

മലയാളി യുവതി ലണ്ടനില്‍ മരിച്ചു

Published on 04 May, 2022
 മലയാളി യുവതി ലണ്ടനില്‍ മരിച്ചു

 

എന്‍ഫീല്‍ഡ്: മലയാളി യുവതി ലണ്ടനില്‍ പൊള്ളലേറ്റു മരിച്ചു. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയില്‍ മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പാചകം ചെയ്യുന്നതിനിടയില്‍ തിളച്ച എണ്ണ ദേഹത്തു വീണതാണ് മരണത്തിനു കാരണമായതെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മലയാളി കമ്മ്യുണിറ്റികളിലും പാരീഷിലും വളരെയേറെ അടുപ്പം പുലര്‍ത്തിയ കുടുംബമായിരുന്നു ശാന്തകുമാറിന്റേത്. എന്‍ഫീല്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി കൂടെയുണ്ട്.


എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായ നിഷ കുട്ടികള്‍ക്കും വീട്ടുകാര്യങ്ങള്‍ക്കുമായി സമയം കണ്ടെത്താനായി ജോലിക്കു പോയിരുന്നില്ല. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എംആര്‍ ഐ സ്‌കാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയാണ്. സ്‌നേഹ (പ്ലസ് വണ്‍), ഇഗ്ഗി (ഒമ്പതാം ക്ലാസ്) എന്നിവരാണ് മക്കള്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടില്‍ നിന്നും എത്തിക്കുവാനും അന്ത്യോപചാര ശുശ്രൂഷകള്‍ നടത്തി എന്‍ഫീല്‍ഡില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കുവാനുമാണ് കുടുംബത്തിന്റെ ആഗ്രഹം.

അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക