ടൂവൂമ്പ മലയാളി അസോസിയേഷന്‍ 'മധുരം മലയാളം' ക്ലാസുകള്‍ ആരംഭിച്ചു

Published on 04 May, 2022
 ടൂവൂമ്പ മലയാളി അസോസിയേഷന്‍ 'മധുരം മലയാളം' ക്ലാസുകള്‍ ആരംഭിച്ചു

 

ടൂവൂമ്പ (ഓസ്‌ട്രേലിയ): വരും തലമുറക്ക് കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും മലയാള ഭാഷാ പരിജ്ഞാനവും പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ടുവൂമ്പ മലയാളി അസോസിയേഷന്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിവരുന്ന 'മധുരം മലയാള'ത്തിന്റെ ഈ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

ഏപ്രില്‍ 30നു ടുവുമ്പ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്വീന്‍സ്ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രസാദ് ജോണ്‍, സെക്രട്ടറി അനില സുനില്‍, കമ്മിറ്റി അംഗവും മധുരം മലയാളത്തിന്റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവര്‍ സംസാരിച്ചു.


പുതിയ വിദ്യാര്‍ഥികളെ മോഹനകുറുപ്പ് മലയാളത്തിന്റെ ആദ്യാക്ഷരം കുറിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകളും പാഠ്യേതര പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചു നടത്തുന്ന ക്ലാസുകളില്‍ പങ്കെടുത്തുകൊണ്ട് മുപ്പതോളം വിദ്യാര്‍ഥികള്‍ മലയാള ലിപിയുടെ ആദ്യാനുഭവങ്ങള്‍ സ്വായത്തമാക്കി.

ടൂവുമ്പ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരുടെ സമര്‍പ്പണവും കുട്ടികളുടെ ഉത്സാഹവും പ്രശംസിക്കുന്നതിനോടൊപ്പം രക്ഷകര്‍ത്താക്കളുടെ പൂര്‍ണമായ പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക