യുദ്ധങ്ങളും ജീവന്റെ വിലയും (നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ന്യു ജേഴ്‌സി)

Published on 04 May, 2022
യുദ്ധങ്ങളും ജീവന്റെ വിലയും (നസീർ  ഹുസ്സൈൻ  കിഴക്കേടത്ത്, ന്യു ജേഴ്‌സി)

അമേരിക്കയിൽ ചൂതാട്ടത്തിനു പേര് കേട്ട ലാസ് വെഗാസിൽ ഉള്ള അമേരിക്കൻ എയർഫോർസിന്റെ ഒരു ബേസ് ആണ് Creech Air Force Base. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങൾക്ക് പോർവിമാനങ്ങൾ കാണാൻ കഴിയില്ല. കാരണം ഇവർ ഇവിടെയിരുന്ന് റിമോട്ട് ആയി ഡ്രോണുകൾ പറത്തി വേറെ രാജ്യങ്ങളിൽ യുദ്ധം ചെയ്യുന്നവരാണ്. അഫ്ഗാനിസ്ഥാനിലോ, ഇറാഖിലോ ഉള്ള ഡ്രോണുകൾ ലാസ് വേഗാസിൽ ഇരുന്നു പറത്തി ആളുകളെ കൊല്ലുന്ന ഒരു പട്ടാളവിഭാഗം.

ഇറാഖ്, വിയറ്റ്നാം തുടങ്ങി അമേരിക്ക നേരിട്ട് ഇടപെട്ടിട്ടുള്ള പട്ടാളക്കാർക്ക് അവർ കടന്നുപോയ അനുഭവങ്ങളുടെയും  മാനസിക സമ്മർദ്ദങ്ങളുടെയും  ഫലമായി PTSD (Post-traumatic stress disorder) തുടങ്ങിയ മാനസിക രോഗങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ലാസ് വേഗാസിലെ മേല്പറഞ്ഞ എയർ ബെയ്സിലെ ആളുകൾക്ക് ഈ പ്രശ്നമില്ല, കാരണം അവർ കൊല്ലുന്ന ആളുകളെ അവർ നേരിട്ട് കാണുന്നില്ല.

ഇറച്ചി കഴിക്കുന്ന പലർക്കും ഒരു മൃഗത്തിനെ  കൊല്ലുന്നതു കണ്ടാൽ, പ്രത്യേകിച്ച് വീട്ടിൽ വളർത്തിയ ഒരു മൃഗത്തിനെ,  പിന്നെ ആ ഇറച്ചി കറിവച്ച് കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും, എന്നാൽ വേറെ ഒരാൾ കൊന്ന ഇറച്ചി കറിവച്ചു കഴിക്കാൻ നമുക്കൊരു ബുദ്ധിമുട്ടും തോന്നാറുമില്ല. ഇതിന്റെ ശാസ്ത്രീയ കാരണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷെ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രവുമായി യുദ്ധം ചെയുമ്പോൾ ഏതാണ്ട് ഇതേ അവസ്ഥയാണ്. യുദ്ധം നടക്കുന്നത് സ്വന്തം ദേശത്താണെങ്കിൽ യുദ്ധത്തെ നിങ്ങൾ എങ്ങിനെയാണോ കാണുന്നത് അതുപോലെയാവില്ല നമ്മൾ വേറെയൊരു ദേശത്ത് യുദ്ധം ചെയ്യുന്ന വാർത്തകൾ വായിക്കുന്നവർ മാത്രമാകുന്നത്.

ഞാൻ പറഞ്ഞു വരുന്നത് ഇപ്പോൾ ആളുകളുടെ ആവേശം കെട്ടടങ്ങിയ ഉക്രൈൻ - റഷ്യ യുദ്ധത്തെ കുറിച്ചാണ്. അമേരിക്കയും റഷ്യയും യുദ്ധം തുടങ്ങിയിട്ട് കുറെ വര്ഷങ്ങളായി, പക്ഷെ ഈ യുദ്ധങ്ങൾ ഒന്നും തന്നെ നടക്കുന്നത് അമേരിക്കയിലോ റഷ്യയിലോ അല്ല, മറിച്ച്, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം, സിറിയ തുടങ്ങിയ ഇടങ്ങളിലാണ്. സിറിയയിലെ ആഭ്യന്തര യുദ്ധം മുതൽ ഇന്ത്യയും പാകിസ്ഥാനും വരെ യുദ്ധം ചെയുമ്പോൾ അതിൽ അമേരിക്കയുടെയും റഷ്യയുടെയും ആയുധങ്ങൾ ആണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

ഇതൊന്നും വെറുതെ കിട്ടുന്നതല്ല , ഈ രാജ്യങ്ങളിലെ  സ്കൂളുകൾ റോഡുകൾ ആശുപത്രികൾ എല്ലാം ഉണ്ടാക്കാൻ ഉപയോഗപെടുന്ന പണമാണ് ഇങ്ങിനെ യുദ്ധത്തിന്റെ പേരിൽ ആവിയായി പോകുന്നത്. അതേസമയം രണ്ടാം ലോകമഹായുദ്ധത്തിൽ പരസ്പരം കൊന്നൊടുക്കിയ ജർമനിയോ ബ്രിട്ടനോ തമ്മിൽ ഒന്നും ഇത്തരം യുദ്ധങ്ങൾ ഉണ്ടാകുന്നില്ല താനും.  അവസാനമായി അമേരിക്കൻ മണ്ണിൽ ഒരു യുദ്ധം നടന്നത് എന്ന് പറയാവുന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ ഹവായിയിൽ ജപ്പാൻ നടത്തിയ ആക്രമണമാണ്. ഹവായി പക്ഷെ അമേരിക്കൻ മെയിൻലാൻഡ് അല്ല, അമേരിക്ക പിടിച്ചെടുത്ത് സംസ്ഥാനമാക്കി ചേർത്ത ഒരു പ്രദേശമാണ്, സാംസ്കാരികമായി അമേരിക്കയിൽ നിന്ന് വ്യത്യസ്തമാണ് ഹവായ്.

അമേരിക്കയും റഷ്യയും നേർക്ക് നേർ വന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 1962 ലെ ക്യൂബൻ മിസൈൽ ക്രൈസിസ് അത്തരത്തിൽ ഒരു സന്ദർഭമാണ്. അമേരിക്കയിലെ ഫ്‌ലോറിഡയിൽ നിന്ന് വെറും 90 മൈൽ ദൂരെ മാത്രമുള്ള ക്യൂബയിൽ റഷ്യ ഒരു ന്യൂക്ലെയർ മിസൈൽ വിന്യസിച്ചപ്പോൾ ആണത്. ഒരു ആണവ യുദ്ധത്തിന്റെ വളരെ അടുത്തെത്തിയ ഈ സംഭവം പക്ഷെ, അമേരിക്കയും റഷ്യയും തമ്മിൽ നടത്തിയ ചർച്ചകളുടെ ഫലമായി, അമേരിക്ക ക്യൂബയെ ആക്രമിക്കില്ല എന്ന ജോൺ എഫ് കെന്നഡിയുടെ ഉറപ്പിന്മേൽ റഷ്യ മിസൈലുകൾ പിൻവലിക്കുന്നതിൽ അവസാനിച്ചു. സ്വന്തം ഇറച്ചിയിൽ മണ്ണ് വീഴാൻ അമേരിക്കയും റഷ്യയും ആഗ്രഹിച്ചിരുന്നില്ല എന്ന് സാരം.

ഇതേ അവസ്ഥ അമേരിക്കയുടെയോ റഷ്യയുടെയോ ദൂരെയുള്ള ഒരു രാജ്യത്തായിരുന്നെകിൽ ഇവർ ന്യൂക്ലെയർ ബോംബ് പൊട്ടിച്ച് കളിച്ചേനെ. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യത്തെ ആണവ ബോംബ് ഇട്ടതോടെ തന്നെ കീഴടങ്ങാൻ തയ്യാറായ ജപ്പാനിൽ രണ്ടാമത്തെ ബോംബിട്ടത് രണ്ടാമത്തെ ബോംബിന്റെ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നൊരു സിദ്ധാന്തം കുറേനാളായി  കറങ്ങി നടപ്പുണ്ട്.

ഉക്രൈൻ യുദ്ധം വലിയ ആൾനാശമില്ലാത്ത യുദ്ധമാണ്. ഉക്രൈൻ സർക്കാർ പറയുന്ന പതിനായിരം ജീവനുകൾ നഷ്ടപ്പെട്ടു  എന്ന കണക്കെടുത്താൽ പോലും, അമേരിക്ക ഇറാഖിൽ നടത്തിയ യുദ്ധത്തിൽ നഷ്ടപെട്ട രണ്ടു ലക്ഷം മനുഷ്യ ജീവനുകളുടെ അടുത്തെത്തില്ല. അതും ലോകത്തെ നശിപ്പിക്കാൻ പാകത്തിലുള്ള ആയുധങ്ങൾ ഇറാക്കിന്റെ കയ്യിലുണ്ടെന്ന നുണയുടെ പേരിൽ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ ഫലമായിട്ട്.

സിറിയയിൽ മൂന്ന് ലക്ഷത്തി അമ്പതിനായിരം പേര് മരിച്ചു കഴിഞ്ഞു. റഷ്യയുടെ കൂലി പട്ടാളവും അമേരിക്കയുടെ സൈന്യവും സിറിയയിൽ ഏറ്റുമുട്ടുന്നുണ്ട്, പേര് സിറിയൻ ആഭ്യന്തര യുദ്ധം എന്നാണെങ്കിൽ പോലും.

അഫ്ഗാനിസ്ഥാനിൽ 1979 ൽ റഷ്യ നടത്തിയ അധിനിവേശത്തെ ചെറുക്കാൻ ആണ് അമേരിക്ക ഒസാമ ബിൻ ലാദന് CIA വഴി ട്രെയിനിങ് കൊടുത്ത് അൽ ക്വാഇദ ഉണ്ടാക്കിയത്, അവർ വഴി റഷ്യയെ തുരത്തി കഴിഞ്ഞു തങ്ങളുടെ തന്നെ കുണ്ടിക്ക് വെടി കിട്ടിയപ്പോഴാണ് അമേരിക്കയ്ക്ക് അബദ്ധം മനസിലായത്. അമേരിക്കൻ മണ്ണിൽ അവസാനം  നടന്ന , യുദ്ധമെന്നു പറയാവുന്ന ഒരു സംഭവം ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെന്ററുകൾ തകർന്ന് സംഭവം ആയിരുന്നു. അതിൽ മരിച്ചത് ഏതാണ്ട് മൂവായിരം നിഷ്കളങ്കരായ ആളുകൾ ആയിരുന്നു.

ജീവന്റെ വില എന്നത് പലപ്പോഴും കോടതി മുറികളിലും ഇൻഷുറൻസ് കമ്പനികളിലും ഒക്കെ ചർച്ചയ്ക്ക് വരുന്ന ഒരു കാര്യമാണ്. ഒരു കാർ അപകടത്തിൽ ഒരാൾ മരണപ്പെട്ടാൽ അതിനു ഇൻഷുറൻസ്  കൊടുക്കുന്ന നഷ്ടപരിഹാരം ചിലപ്പോൾ അയാളുടെ ജോലി, ജീവിത നിലവാരം, ഒക്കെ അനുസരിച്ചിരിക്കും. ഒരു കാറിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ പോലും ജീവന്റെ വില ഒരു ഫാക്ടർ ആയി വരുന്നുണ്ട്.  

ഞാൻ ലണ്ടനിൽ ഉണ്ടായിരുന്ന സമയത്ത് ഒരു കൊച്ചു കുട്ടിയെ കാണാനില്ല എന്ന വാർത്ത ബ്രിട്ടനിൽ ഏതാണ്ട് ദേശീയ പ്രാധാന്യമുള്ള പ്രധാന വാർത്തയിൽ ഒന്ന് രണ്ടു ദിവസം കണ്ടു ഞാൻ അത്ഭുതപെട്ടിട്ടുണ്ട്, ഇന്ത്യയിൽ കുട്ടികൾ കാണാതെ പോകുന്ന വാർത്തകൾക്ക് അന്ന് അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം  ബ്രിട്ടനിലെ ഒരു കുട്ടിയുടെ ജീവന്റെ വിലയല്ല ഇന്ത്യയിലെ ഒരു കുട്ടിയുടെ ജീവന് ഉള്ളത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ജീവന്റെ വിലയെ കുറിച്ചുള്ള ട്രോളി പരീക്ഷണത്തെ കുറിച്ച് ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു വെള്ളക്കാരന്റെ ജീവന്റെ വില ഇറാഖിലെയോ സിറിയയിലെയോ ആളുകളുടെ ജീവന്റെ വിലയേക്കാൾ വളരെ കൂടുതലാണെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. അല്ലെങ്കിൽ മൂന്ന് ലക്ഷം പേര് മറിച്ച സിറിയൻ ആഭ്യന്തര യുദ്ധം ആരും ചർച്ച ചെയ്യാതെ ഇരിക്കുകയും, ഉക്രൈനിലെ പതിനായിരം പേരുടെ മരണം മാത്രം വലിയ  ചർച്ചയാവുകയും  ചെയ്യേണ്ട കാര്യമില്ല.

എല്ലാ ജീവനുകളും തുല്യമാണെങ്കിൽ ഈ രണ്ടു യുദ്ധങ്ങളും ഒരേ പോലെ ചർച്ച ചെയ്യപ്പെടണം. അല്ലെങ്കിൽ  ഒരു പക്ഷെ ആളുകൾക്ക് ഇറാഖ് - സിറിയൻ - അഫ്ഗാനിസ്ഥാൻ  യുദ്ധങ്ങൾ ബോറടിച്ചു തുടങ്ങിയിരിക്കണം.  ഞാൻ ആദ്യം പറഞ്ഞ പോലെ നമുക്ക് നേരിട്ട് അനുഭവമുള്ള കാര്യങ്ങളല്ല ഈ യുദ്ധങ്ങൾ ഒന്നും തന്നെ.  ഉക്രൈൻ യുദ്ധം തന്നെ നമ്മുടെ കുട്ടികൾ കുറെ പേർ  അവിടെ പഠിക്കുന്നത് കൊണ്ടാണ്  കേരളത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയത് എന്ന് തോന്നുന്നു.

പക്ഷെ ലോകത്തിലെ എല്ലാ മനുഷ്യരും തുല്യരാണെന്ന് കരുതുന്ന , വെളുത്തവന്റെയും കറുത്തവന്റെയും അറബിയുടെയും യൂറോപ്യന്റെയും  ജീവനു  ഒരേ വിലയാണെന്ന് കരുതുന്ന,  അവരുടെ കുടുംബത്തോട് അവർക്കുള്ള ബന്ധവും സ്നേഹവും  ഒരേപോലെയാണെന്ന് കരുതുന്ന എന്നെപ്പോലുള്ള ആളുകളെ  സംബന്ധിച്ചിടത്തോളം,  എല്ലാ   യുദ്ധങ്ങളും മരണങ്ങളും  വേദനാജനകമാണ്. അതിരുകളില്ലാത്ത , യുദ്ധങ്ങളില്ലാത്ത ഒരു ലോകമാണ് നമ്മൾ സ്വപ്നം  കാണേണ്ടത്. ഇന്ന് കാണുന്ന സ്വപ്‌നങ്ങൾ ആണല്ലോ നാളത്തെ ലോകം. ജോൺ ലെനൻ എഴുതിയ പോലെ സ്വർഗ്ഗവും നരകവുമില്ലാത്ത, അതിരുകളില്ലാത്ത, രാജ്യങ്ങൾ  ഇല്ലാത്ത, മതങ്ങൾ ഇല്ലാത്ത, എല്ലാ ജീവനും ഒരേ വിലയുള്ള  ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം.

 

കാലഹരണപ്പെട്ട ദൈവങ്ങൾ 2022-05-06 15:15:32
കാലഹരണപ്പെട്ട ദൈവങ്ങൾ : ദൈവങ്ങൾ ഉണ്ടായ കാലം ഏതാണ് എന്ന് അറിയുവാൻ അവർ ഉപയോഗിക്കുന്ന ആയുധം, അവയുടെ വസ്ത്രം; എന്താണ് എന്ന് നോക്കിയാൽ മതി. മരവുരിയും അമ്പും വില്ലും ഒക്കെയുള്ള ദൈവങ്ങളെ സൃഷ്ട്ടിച്ചത് അവ ഉപയോഗിച്ച പുരാതന മനുഷർ ആണ്. അത് അവരുടെ ദൈവം. 2022 ൽ ജീവിക്കുന്ന ആധുനിക മനുഷ്യനു യോജിച്ചതല്ല ഇത്തരം ദൈവങ്ങളും അവയുടെ മതങ്ങളും. ശാസ്ത്രം തുറന്നു നൽകുന്ന പുതിയ അറിവുകൾ അനുസരിച്ചു ജീവിക്കുന്ന മനുഷ്യരാണ് ഇന്ന് നമുക്ക് ആവശ്യം. ഇന്നത്തെ മനുഷ്യന് ഇത്തരം ദൈവങ്ങളെ ആവശ്യം ഇല്ല, അവയെകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഇവയെ മ്യൂസിയത്തിൽ വെക്കേണ്ടത് മാത്രമാണ്. മനുഷ്യ ചരിത്രം പഠിക്കുന്നവർക്കു ഉപകാരപ്പെടും. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക