ആവശ്യമുണ്ട് (ചെറുകഥ: അമ്മൂസ്)

Published on 04 May, 2022
ആവശ്യമുണ്ട് (ചെറുകഥ: അമ്മൂസ്)

" സംസാരിക്കാൻ ആളെ ആവശ്യമുണ്ട് " പത്രത്തിൽ ഇങ്ങനൊരു  വാർത്ത വന്നാലോ? വായിക്കുമ്പോൾ ചിരി വരുമെങ്കിലും,ഒന്നാലോചിച്ചു നോക്കിയെ. എഴുതിയിരിക്കുന്നത് വളരെ ശരിയാണ്. ആരാ കുറച്ച് നേരം കൂടെയിരുന്നു സംസാരിക്കാനുള്ളത്? എല്ലാവരും തിരക്കിലാണ്, സമയമില്ല അതാണ് കാര്യം.ഒരു ടെൻഷനുമില്ലായിരുന്ന കുട്ടിക്കാലത്ത് കേൾക്കാനും പറയാനും സമയമുണ്ടായിരുന്നു. വീട്ടിലുള്ളവർക്കും, കൂട്ടുകാർക്കും, നാട്ടുകാർക്കും എല്ലാം. ഊണ് കഴിക്കുമ്പോ, പ്രത്യേകിച്ച് അത്താഴം കഴിക്കാനിരിക്കുമ്പോ ആകെ ഒരു ബഹളമാണ്. അയലത്തെ വിശേഷങ്ങൾ അമ്മയും, നാട്ടിലെ വിശേഷങ്ങൾ അച്ഛനും, കോളേജിലെ വിശേഷങ്ങൾ ചേട്ടനും ചേച്ചിയും, ഇതിനിടയിൽ പഴയ കടങ്കഥകളും, പഴം പുരാണങ്ങളുമായി മുത്തശ്ശിയും.....

ഇന്ന് ലോകം വലുതാവുകയും, മനുഷ്യൻ ചെറുതാവുകയുമാണോ എന്നറിയില്ല, ഒക്കെ മാറിപ്പോയിരിക്കുന്നു. ലോകത്തിൻ്റെ മാറ്റമാണോ, അതോ മനുഷ്യർ മാറിപ്പോയതാണോ അതുമറിയില്ല.അപരിചിത നഗരങ്ങളിൽ അന്യരായി ചെന്ന് അവിടുള്ളവരായി മാറിയിരിക്കുന്നു ഏറിയ പങ്കും. കൂടുതൽ ജീവിത സൗകര്യങ്ങൾ, ജീവിക്കാനുള്ള പുതിയ മാർഗങ്ങൾ അതൊക്കെ തേടിപ്പോയതാകാം..പക്ഷേ... വിജ്ഞാനത്തിൻ്റെ പുതിയ മേഖലകൾ തുറന്നു കിട്ടിയപ്പോൾ നമ്മളൊക്കെ എത്തിപ്പെട്ടത് വേറൊരു ലോകത്തല്ലെ?

ചുറ്റിനും ആളുകളാണ്. ഒരു പ്രത്യേകതയുള്ളത് മുഖത്ത് നോക്കാൻ പോലും ആർക്കും  സമയമില്ല എന്നുള്ളതാണ്. എല്ലാവരുടേയും കണ്ണുകൾ ഏതെങ്കിലും മീഡിയയിൽ ആകും. TV, laptop, Mobile... മുൻപ് ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടത് വായു, വസ്ത്രം, ആഹാരം ഇതായിരുന്നുവെങ്കിൽ ഇന്ന് അതു പോലെ ആവശ്യം മറ്റു പലതുമായിരിക്കുന്നു... എന്താല്ലേ?

സൗഹൃദങ്ങളാണ് പലപ്പോഴും തണലാവുക. പക്ഷേ അതിലും തുടക്കത്തിലുള്ള ഒരു പരിഗണന എപ്പോഴും ഉണ്ടാകണമെന്നില്ല, പുതിയ സൗഹൃദങ്ങൾ കിട്ടുമ്പോൾ പഴയ കൂട്ടുകാരെ അവഗണിക്കുന്നു... മനുഷ്യരല്ലേ മാറും സാഹചര്യങ്ങൾക്കനുസരിച്ച്... പിന്നെ ഫോൺ ചെയ്താലും പതിവു ചോദ്യം... 'സുഖമല്ലേ', "അതേ എന്താ ഇപ്പ അസുഖം", അല്ല പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുപോലെ... 

ഒരിക്കലും ഒന്നും പഴയതുപോലെ ആകില്ല എന്ന് ആരോ പറയുന്നതു പോലെ. വളരെ ചുരുക്കം ചിലരുണ്ടാകും, എപ്പഴും ആരേലുമൊക്കെ കൂടെ വേണം എന്നു കരുതി ഇങ്ങോട്ട് സംസാരിച്ചില്ലേലും അങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർ. 

ആരും പറയാനും കേൾക്കാനുമില്ലാതെ വരിക എത്ര വലിയ സങ്കടമാണ്. ഇന്ന് ഒട്ടുമിക്ക പേരും ഏതോ സാങ്കൽപ്പിക ലോകത്തിലാണ്. ചുറ്റും നടക്കുന്നതൊക്കെ കാണാതെ, ചുറ്റിലുമുള്ളവരെ അറിയാതെ എല്ലാവരും ജീവിച്ചു തീർക്കുന്നു.  .. ഇതൊക്കെ നമുക്ക് തരുന്നത് വലിയൊരു തിരിച്ചറിവാണ്, ഒന്നും പഴയതുപോലെ ആകില്ല എന്ന തിരിച്ചറിവ്...

നമുക്ക് ഒരു കാര്യം ചെയ്യാം നമ്മുടെ കൂടെയുള്ളവരോട്, നമ്മുടെ സാമീപ്യം കൊതിക്കുന്നവരോട് നമുക്ക് അടുത്തിരുന്ന്, ചേർത്തു പിടിച്ച് അല്ലെങ്കിൽ അവർക്കായി സമയം കണ്ടെത്താം, ഇല്ലെങ്കിൽ ആ നാളുകൾ വിദൂരമല്ല..... " സംസാരിക്കാൻ ആളെ ആവശ്യമുണ്ട് " എന്ന ഒരു വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കാൻ.......

K.G. Rajasekharan, illinois 2022-05-04 23:47:34
അമേരിക്കയിൽ സംസാരിക്കാൻ ആളെ ആവശ്യപ്പെടാറുണ്ട്. ആളുകൾ ആ പണിക്ക് പോകാറുമുണ്ട്. എത്രയോ വർഷമായി. മീഡിയയുമായി ബന്ധമില്ലാത്ത നമ്മുടെ നാട്ടുകാർ കേട്ടിരിക്കയില്ല. നമ്മുടെ നാട്ടിലെ ക്രമസമാധാന നില ഗുരുതരമായതുകൊണ്ട് അത് അവിടെ നടക്കില്ല. സംസാരിക്കാൻ പോകുന്നവർ വീട് കൊള്ളയടിക്കുകയോ അല്ലെങ്കിൽ അവിടെയുള്ളവരെ ബലാൽസംഗം ചെയ്യുകയോ ചെയ്യും. നല്ല സംസ്കാരം തേഡ് വേൾഡ് കൺട്രീസ് കൺട്രികൾക്ക് പറഞിട്ടുള്ളതല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക