ശുഭരാത്രി (ആറ്റുമാലി)

Published on 05 May, 2022
ശുഭരാത്രി (ആറ്റുമാലി)

നേരം ഏറെ ഇരുട്ടിയിട്ടും 
കുഞ്ഞു മുല്ലവള്ളി ഉറങ്ങിയില്ല. 
ആകാശത്ത് പൂത്തു നിൽക്കുന്ന 
ചന്ദ്രനെയും നക്ഷത്രങ്ങളെയും 
കണ്ണിമയ്ക്കാതെ നോക്കിക്കിടന്നു.
മുല്ലവള്ളി അമ്മയോട് പറഞ്ഞു;
അമ്മേ, ഈ ചന്ദ്രനോടും 
നക്ഷത്രങ്ങളോടും എനിക്ക് 
എന്തിഷ്ടമാണെന്നോ! ചന്ദ്രൻ 
എന്നെനോക്കി പുഞ്ചിരിക്കുന്നു;
നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു.
എന്തു ഭംഗിയാണവർക്ക്!    
അവർക്ക് എന്നോട് ഇഷ്ടമാണമ്മേ. 
എന്നോടൊത്ത് കളിയ്ക്കാൻ 
അവർ താഴേയ്ക്ക് വരില്ലേ?
അമ്മ മുല്ല പറഞ്ഞു,
നിന്നെ അവർക്ക് പ്രിയമാണ്. 
നീ മണ്ണിൽ കളിക്കുമ്പോഴും 
മഴയിൽ നനയുമ്പോഴും 
കാറ്റിൽ കുളിരുമ്പോഴും  
നിന്നെ നോക്കി നിൽക്കാറുണ്ട്.  
നിന്റെ കുസൃതികൾ എന്നും 
അവർക്ക് കൌതുകമാണ്. 
ഇടിമിന്നലുകളും പേമാരിയും
നിനക്ക് പേടിക്കാനില്ല.  
നേരം പുലർന്ന് സൂര്യനെത്തും വരെ
അവർ നിനക്ക് കൂട്ടാണ്. പുലരിയിൽ   
സൂര്യൻ നിനക്ക് ചൂടും വെളിച്ചവും 
തരുമെന്ന് ഉറപ്പാക്കിയിട്ടേ അവർ ഉറങ്ങൂ.             
പകൽ സൂര്യനും, രാത്രി ചന്ദ്രനും 
നക്ഷത്രങ്ങളും നിനക്ക് കാവൽ!
ഇത്രയും പോരേ? ഇവരെയെല്ലാം 
നിനക്കായൊരുക്കുന്നത് ആരാണെന്നല്ലേ?
അതെന്റെ മകൾ തന്നെ കണ്ടെത്തും. 
നല്ല കുട്ടിയല്ലേ, നല്ല സ്വപ്നങ്ങൾ  
കാണണ്ടേ, ഇനിയും ഉറങ്ങിക്കോളൂ. 
അമ്മ മുല്ല, കുഞ്ഞു മുല്ലവള്ളിയെ 
തന്റെ മാറോടു ചേർത്തു കിടത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക