Image

ദേശദ്രോഹനിയമം തുടരുമോ, തുടച്ചു മാറ്റപ്പെടുമോ?(ദല്‍ഹികത്ത് : പി.വി.തോമസ്.)

പി.വി.തോമസ് Published on 07 May, 2022
ദേശദ്രോഹനിയമം തുടരുമോ, തുടച്ചു മാറ്റപ്പെടുമോ?(ദല്‍ഹികത്ത് : പി.വി.തോമസ്.)

ഇന്‍ഡ്യന്‍ ശിക്ഷാനിയത്തിലെ കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേശദ്രോഹനിയമം(124-എ) തുടരുമോ അതോ തുടച്ചുമാറ്റപ്പെടുമോ എന്ന നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ആണ് കേന്ദ്ര ഗവണ്‍മെന്റും സുപ്രീംകോടതിയും ഇപ്പോള്‍. കേന്ദ്രഗവണ്‍മെന്റ് ഒരു അന്തിമതീരുമാനം എടുക്കുവാന്‍ മാസങ്ങളായി വൈകുന്നതിനാല്‍ ഒടുവില്‍ സുപ്രീംകോടതി മെയ് അഞ്ചിന് കേസ് കേള്‍ക്കുന്നത് മെയ് പത്തിലേക്ക് നിശ്ചയിച്ചിരിക്കുകയാണ്. എന്താണ് ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഥമദൃഷ്ട്യ ഉള്ള നിലപാട് എന്ന് ചീഫ് ജസ്റ്റീസ് എന്‍.വി.രമണ അടങ്ങുന്ന മൂന്നംഗ ബഞ്ച് അറിയുവാന്‍ ശ്രമിച്ചെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമായ ഒരു മറുപടിക്ക് കാത്തിരിക്കണമെന്ന് ആണ് പറഞ്ഞത്. എന്നാല്‍ സുപ്രീം കോടതി സഹായത്തിനായി നിയമിച്ച ഗവണ്‍മെന്റിന്റെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സ്പഷ്ടമായി പറഞ്ഞു ദേശദ്രോഹ നിയമം ഒരു ചീത്ത നിയമം അല്ല. രാജ്യരക്ഷയ്ക്കു വേണ്ടി അത് വേണം. ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂട്ടിചേര്‍ക്കാം. വേണുഗോപാല്‍ സുപ്രീം കോടതിയെ സഹായിക്കുവാനായി നിയമിക്കപ്പെട്ട വ്യക്തി ആണെങ്കിലും അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റിന്റെ അറ്റോര്‍ണി ജനറല്‍ ആണ്. ഗവണ്‍മെന്റിന്റെ നിലപാട് ഇതില്‍ നിന്നും വ്യത്യസ്തം ആകുമോ? അദ്ദേഹത്തിന്റെ അഭിപ്രായം കോടതിയെ ബോധിപ്പിച്ച ശേഷം വേണുഗോപാല്‍ വ്യക്തമാക്കുകയുണ്ടായി. ഈ അഭിപ്രായം വ്യക്തിപരം ആണെന്നും ഗവണ്‍മെന്റിന്റെ അഭിപ്രായം മറ്റൊന്ന് ആകാമെന്നും അതറിയുവാന്‍ മെയ് പത്ത് വരെ കാത്തിരിക്കണം.


ഇതിനിടയ്ക്ക് കേസ് വിശാലമായ ഒരു ബഞ്ചിലേക്ക് -അഞ്ചംഗമോ ഏഴംഗമോ-മാററുവാനും സുപ്രീം കോടതി ആലോചിക്കുന്നത്. കാരണം 1962-ല്‍ സുപ്രീം കോടതിയുടെ ഒരു അഞ്ചംഗ ബഞ്ച് ദേശദ്രോഹനിയമം രാജ്യരക്ഷയെ കരുതി നിലനിറുത്തിയത് ആണ്. ഗവണ്‍മെന്റിന്റെ അന്തിമ തീരുമാനം ഇത് നിലനിര്‍ത്തുവാന്‍ ആണെങ്കില്‍ തുടര്‍ന്ന് ഇതിന്റെ വിചാരണക്ക് ആയി വിപുലമായ ഒരു ബഞ്ച് ആവശ്യം ആണ്. ചീഫ് ജസ്റ്റീസ് രമണ പറഞ്ഞത് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഒരു അഞ്ചംഗ ബഞ്ച് വിധി പറഞ്ഞ കേസ് മൂന്നംഗ ബഞ്ച് കേള്‍ക്കുന്നതോ വിധി പറയുന്നതോ ആയ കീഴ് വഴക്കം ഇല്ല. അങ്ങനെയെങ്കില്‍ കേസിന്റെ വിധി വീണ്ടും നീളും. ഇതിന്റെ അര്‍ത്ഥം ജയിലില്‍ വിചാരണ ഇല്ലാതെ ജാമ്യം ഇല്ലാതെ കിടക്കുന്ന ആയിരക്കണക്കിന് ദേശദ്രോഹികളായ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് നീതി ലഭിക്കുവാന്‍ വീണ്ടും കാലതാമസം ഉണ്ടാകും. നൂറുകണക്കിന വിമര്‍ശകരും, വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും അറസ്റ്റിന്റേയും ജയിലിന്റെയും നിഴലില്‍ ആകും.

ദേശദ്രോഹനിയമം ഒരു കരിനിയമം ആണ്. ഭരണഘടനവിരുദ്ധം ആണ്. അത് ഭരണഘടനയുടെ 14(സമത്വത്തിനുള്ള അവകാശം), 21(ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം), 19-1-എ(അഭിപ്രായ സ്വാതന്ത്ര്യം) എന്നീ ആര്‍ട്ടിക്കിളുകള്‍ക്ക് എതിരാണ്. അത് ജനാധിപത്യവിരുദ്ധം ആണ്. അതിനാല്‍ അത് ശിക്ഷാനിയമത്തില്‍ നിന്നും എടുത്തുമാറ്റേണ്ടിയിരിക്കുന്നു. അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശിച്ചതുപോലെ അത് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ നിലനിര്‍ത്തിയാല്‍ തന്നെയും ദുരുപയോഗത്തിനാണ് സാദ്ധ്യത. ആയതിനാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു വിലയും ഗുണവും ഉണ്ടാവുകയില്ല.

ഏറ്റവും ഒടുവിലായി ഈ കേസിന്റെ വിചാരണകേട്ട 2021 ജൂലൈ 15-ന് സുപ്രീം കോടതി രേഖപ്പെടുത്തിയതാണ് ഈ നിയമത്തിന് അതിരറ്റ അധികാരം ആണുള്ളത്. അത് പൗരന്മാര്‍ക്ക് എതിരായി ദുരുപയോഗപ്പെടുത്തുകയാണ്. സ്വാതന്ത്യസമരം ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി മഹാത്മഗാന്ധിയെയും ബാലഗംഗാതരതിലകനെയും ബ്രിട്ടീഷ്‌കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഈ നിയമം എന്തുകൊണ്ട് ഇല്ലാതാക്കുന്നില്ല എന്ന് കേന്ദ്ര ഗവണ്‍മെന്റ് മറുപടി പറയണം.

സുപ്രീം കോടതിയുടെ നിരീക്ഷണം ഇപ്രകാരം ആയിരുന്നു. ഓര്‍മ്മിക്കുക, എത്ര ആയിരം പേരെയാണ് ദേശദ്രോഹനിയമം അനുസരിച്ച് കുറ്റം ചുമത്തിയിട്ടുള്ളത്? ഒരു വ്യക്തിയെ തെറ്റായി ദേശദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നതില്‍ പോലീസ് ഉദ്യോഗസ്ഥന് ആരോടും കണക്കുകാണിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടി സംസ്ഥാനങ്ങളിലും മറ്റും ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ എതിരാളികളെയും വിമര്‍ശകരെയും അടിച്ചമര്‍ത്തുവാന്‍ 124-എ-പ്രയോഗിക്കുന്നു.


2010 മുതല്‍ 10,938 പേരാണ് 816 കേസുകളിലായി 124-എ-യുടെ ഇരകളായി ജയിലില്‍ കിടക്കുന്നത്. 2014-ല്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം 65 ശതമാനം കേസുകള്‍ വര്‍ദ്ധിച്ചു എന്നാണ് കണക്ക്. 65 ശതമാനം വര്‍ദ്ധനവ് ഉത്തര്‍പ്രദേശ്, ബീഹാര്‍, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2016 നും 2019നും ഇടയ്ക്ക് 124-എ പ്രകാരമുള്ള കേസുകളുടെ വര്‍ദ്ധനവ് 160 ശതമാനം ആണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ 3.3 ശതമാനവും. കേസുകള്‍ വ്യാജം ആണെന്നും 124-എ.യുടെ ദുരുപയോഗം ആയിരുന്നുവെന്നും സാരം. സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിദ്യാര്‍്തഥി നേതാക്കന്മാര്‍, കോളേജ് അദ്ധ്യാപകര്‍, ജനകീയ പ്രക്ഷോഭകര്‍ എന്നിവരൊക്കെയാണ് 124-എയുടെ പ്രധാന ഇരകള്‍.

1962-ലെ സുപ്രീം കോടതിയുടെ വിധിയാണ് ഇതുപോലുള്ള നിയമദുരുപയോഗത്തിന് അധികാരികളെ സഹായിച്ചത്. ദേശദ്രോഹനിയമം രാജ്യരക്ഷയെ സഹായിക്കുമെന്ന് പറഞ്ഞതുപോലെതന്നെ വിധി വിമര്‍ശനം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയവും സംസാരസ്വാതന്ത്ര്യനിയമ നിബന്ധനകള്‍ അനുസരിച്ചും ആയിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കി. ഇതില്‍ രാജ്യരക്ഷയും ന്യായമായ നിയന്ത്രണവും വീല്‍ചെയറില്‍ ടിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുപോലും ജയില്‍വാസം നല്‍കി. ന്യായപരമായ നിയന്ത്രണം എന്ന വിലക്ക് അന്യായമായ കടന്നുകയറ്റത്തിന് വഴി തെളിച്ചു.

124-എ അഥവാ ദേശദ്രോഹനിയമം 1870-ല്‍ കോളനിഭരണക്കാര്‍ ഇന്‍ഡ്യന്‍ ശിക്ഷാനിമയത്തില്‍ കൂട്ടിചേര്‍ത്തത് ആണ്. ഒറ്റ ഉദ്ദേശം മാത്രം ബ്രീട്ടീഷ് ഭരണകൂടത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരസേനാനികളെ അടിച്ചമര്‍ത്തുക. മഹാത്മജിയും ബാലഗംഗാതരതിലകനും മാത്രം അല്ല ഭഗത് സിംങ്ങ്്, സുഖ്‌ദേവ്, രാജഗുരു തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളെ ഈ കരിനിയമം കല്‍തുറങ്കലില്‍ അടച്ചിട്ടുണ്ട്. ഒടുവില്‍ ഇപ്പോള്‍ ഇതാ ഹനുമാന്‍ സ്‌ത്രോത്രം പാടിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഒരു ജനപ്രതിനിധി ദമ്പതികളെ ശിവസേനയും! വിഷയം രാഷ്ട്രീയം ആണ്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഉള്‍പ്പോര്.

ഈ കരിനിയമം ബ്രിട്ടീഷ് ഭരണകാലത്തെ ഇന്‍ഡ്യയില്‍ അവര്‍ക്ക് യോജിച്ചതായിരുന്നു. പക്ഷേ, ഇന്നും ഇന്‍ഡ്യയില്‍ ഇത് നിലനില്‍ക്കുന്നു എന്നതാണ് പരിതാപകരം. 1948-ല്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം ഇത് മിക്കവാറും ഭരണഘടനയില്‍ നിന്നും മാറ്റിയതായിരുന്നു. 1949 നവംബര്‍ 26-ന് ഇത് ഭരണഘടനയില്‍ നിന്നും തുടച്ചു മാറ്റി. ഒപ്പം സമ്പൂര്‍ണ്ണ സംസാരസ്വാതന്ത്ര്യം ഉറപ്പുതരുന്ന ആര്‍ട്ടിക്കിള്‍ 19(1)(എ) ചേര്‍ക്കുകയും ചെയ്തു. 1957-ല്‍ പ്രധാനമന്ത്രി നെഹ്‌റു ആദ്യഭരണഘടന ഭേദഗതിയില്‍ സംസാരസ്വാതന്ത്ര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍്‌പ്പെടുത്തി. 1974-ല്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി 124-എ-തിരിച്ചറിയാവുന്ന കുറ്റം ആക്കുകയും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യുവാന്‍ അധികാരികള്‍ക്ക് അനുമതി നല്‍കുയും ചെയ്തു.
ഈ ദേശദ്രോഹനിയമത്തിന്റെ തമാശ ഇതൊന്നും അല്ല. 2009-ല്‍ ബ്രിട്ടന്‍ ഇത് അവരുടെ രാജ്യത്ത് റദ്ദാക്കി! പക്ഷേ, പഴയ കോളനിരാജ്യം ഇന്നും അത് ശിരസാ വഹിക്കുന്നു!

ദേശദ്രോഹകുറ്റങ്ങള്‍ വര്‍ദ്ധിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ട്. തീവ്രദേശഭക്തിയും അതിതീവ്രദേശീയതയും മതദേശീയതയും എല്ലാം ഇതിന് കാരണം ആണ്. തീവ്ര മത-ദേശീയതയുടെ കാലത്ത് സ്വതന്ത്രചിന്തയും വിയോജിപ്പും ചോദ്യം ചെയ്യലും ദേശദ്രോഹം ആകുന്നതില്‍ അത്ഭുതം ഇല്ലല്ലോ? എന്തായിരിക്കും ദേശദ്രോഹനിയമത്തിന്റെ വിധി? പഴയ കോളനി വാഴ്ചയിലെ അടിയാളന്‍ അങ്ങനെതന്നെ തുടരുമോ? ഭരണാധികാരികള്‍ കാലാകാലമായി ഈ വിധേയത്വം തുടരുകയായിരുന്നിരിക്കാം. കാരണം ഭരണാധികാരിയുടെ ഭാഷയും തൊലിയുടെ നിറവും കൊടിയും ചിഹ്നവും മാറിയാലും സ്വഭാവം മാറുകയില്ല. അധികാരവും അടിച്ചമര്‍ത്തലും ആണ് ഈ വര്‍ഗ്ഗത്തിന്റെ സ്ഥായിയായ സ്വഭാവവും ഭാഷയും. പക്ഷേ, നീതിന്യായപീഠം വേറിട്ട ഒരു വ്യവസ്ഥ ആണ്. ആയിരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക