ജ്ഞാനമനശ്വരം, ദിവ്യം (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 07 May, 2022
ജ്ഞാനമനശ്വരം, ദിവ്യം (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാരിന്‍ പരംപൊരുളായ,
മാനവനുള്‍പ്പൊരുളായ,
ആത്മീയചൈതന്യമായ,
ജ്ഞാന, മനശ്വരം, ദിവ്യം,
ശൂന്യപ്രപഞ്ചത്തിലാരോ-
ആദിയില്‍ നാദം മുഴക്കി
മാറ്റൊലി വിസ്മയമായി,
സൃഷ്ടിസ്ഥിതിലയമായി,
വ്യത്യസ്തരാഗങ്ങളോടെ,
കാലമതേറ്റേറ്റുപാടി,
സര്‍വചരാചരങ്ങള്‍ക്കും,
സ്വത്വം പകരുകയായി,
ജീവനുണര്‍വേകിടുന്ന,
ആ വയനാമൃതധാര,
ജന്മാന്തരങ്ങളിലൂടെ,
ജന്മമുദാത്തമാക്കുമ്പോള്‍,
ബുദ്ധിവെളിച്ചത്തിലൂടെ,
ഉള്‍ക്കരുത്താര്‍ജ്ജിച്ചിടുമ്പോള്‍,
ചിന്താപഥങ്ങളില്‍ നിന്ന്,
അന്ധതമായിച്ചിടുമ്പോള്‍,
ജ്ഞാനം മനനമാകുന്നു,
ജ്ഞാനം മകുടമാകുന്നു,
ജ്ഞാനം വിവേകമാകുന്നു,
ജ്ഞാനം വിശുദ്ധമാകുന്നു.
താഴ്ചയില്‍, വീഴ്ചയിലൊപ്പം,
കാഴ്ചകള്‍ ശാന്തിയേകുന്ന!
സത്യധര്‍മ്മാദിയിലൂടെ-
നിത്യവും യാത്രയാക്കുന്നച
മനസ്സില്‍ നിറദീപമായ്,
ജീവിതമാനയിക്കുന്ന,
മൃത്യു വഴിത്തിരിവാക്കി,
മുക്തിവാതില്‍ തുറക്കുന്ന,
ജ്ഞാനം മഹാധനമായി-
മന്നില്‍ വരമായതാര്‍ക്ക്?
എത്ര മഹത്താം നിയോഗം!
മര്‍ത്ത്യാ, നിനക്കായി മാത്രം.

Sudhir Panikkaveetil 2022-05-09 20:58:03
ശ്രീമതി മാർഗരറ്റ് ജോസഫിന്റെ ഈ കവിതയിൽ ജ്ഞാനത്തിന്റെ മഹത്വവും പ്രാമാണ്യവും വിശദീകരിച്ചിരിക്കുന്നു. ബൈബിളിലെ സാദൃശ്യവാക്യങ്ങൾ അധ്യായം നാല് - അഞ്ചു മുതൽ ഒമ്പത് വരെ വാക്യങ്ങൾ ജ്ഞാനത്തെപ്പറ്റി പറയുന്നത് നോക്കുക. 5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.8 അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.ഒരാൾക്ക് എത്രവേണമെങ്കിലും അറിവ് നേടാം പക്ഷെ ജ്ഞാനം ഉണ്ടാകണെമങ്കിൽ അറിവ് ശരിയായി ഉപയോഗിക്കണം. നമ്മുടെ അനുഭവങ്ങളിലൂടെ നാം നേടുന്നതാണ് ജ്ഞാനം. ഈ കവിതയിൽ ആദിയിൽ നാദം മുഴക്കി എന്നുള്ളത് "ആദിയിൽ വാക്കുണ്ടായി" എന്നനുമാനിക്കുമ്പോൾ തന്നെ ആദ്യമായി "ഓം" എന്ന ശബ്ദമുണ്ടായി അതിലൂടെ സൃഷ്ടി, സ്ഥിതി, സംഹാരമുണ്ടായി എന്ന ഉപനിഷത്തുക്കാളും ചേർത്ത് വായിക്കാം. ജ്ഞാനമെന്ന മഹാധനം ഈശ്വരൻ മനുഷ്യർക്ക് മാത്രമേ കൊടുത്തിട്ടുള്ളു. ആ ജ്ഞാനത്തിലൂടെ അവനു ബ്രഹ്മജ്ഞാനമുണ്ടാകുന്നു. (പരംപൊരുൾ). അത് മനുഷ്യർ തിരിച്ചറിഞ്ഞു ആ പുണ്യം നേടുന്നുണ്ടോ എന്ന് കവയിത്രി ശങ്കിക്കുകയാണ്. അമേരിക്കൻ മലയാളസാഹിത്യമില്ലെന്നു ഇവിടത്തെ എഴുത്തുകാർ തീരുമാനിച്ചിരിക്കെ ഇത്തരം കവിതകൾ ശ്രദ്ധിക്കപ്പെടാതെ പോകും. കാരണം നാട്ടിൽ എഴുതുന്നവരുടേത് മാത്രമല്ലേ സാഹിത്യം. കഷ്ടം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക