ഒരു പ്രൊജക്റ്റ് പോലും കേരളത്തിൽ കേസില്ലാതെ തുടങ്ങാൻ സാധിച്ചിട്ടില്ല: യൂസഫലി

Published on 07 May, 2022
ഒരു പ്രൊജക്റ്റ് പോലും കേരളത്തിൽ കേസില്ലാതെ തുടങ്ങാൻ സാധിച്ചിട്ടില്ല: യൂസഫലി

നെഗറ്റീവ് ആയ കാര്യങ്ങൾ പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് സമാധാനം നൽകുക എന്ന ശ്രീബുദ്ധന്റെ വാക്കുകൾ ഓർക്കുക."

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഇന്ന് ഫോമയ്ക്ക്  അഭിമാനകരമായ ഒരു പേരുണ്ടെന്ന ആമുഖത്തോടെയാണ് എം.എ. യൂസഫലി സംസാരിച്ചുതുടങ്ങിയത്. നമ്മുടെ പാരമ്പര്യം നിലനിർത്താനും നമ്മുടെ സംസ്കാരം യുവതലമുറയ്ക്ക് പകർന്നു നൽകാനും ഫോമാ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കയിലെ മലയാളികൾക്ക് നിരന്തരമായ പിന്തുണ നൽകുന്നതിന് സംഘടനയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

ഫോമാ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പ്രകീർത്തിച്ചുകൊണ്ടാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ഫോമായുടെ ഏഴാമത് എംപവർ കേരളം ബിസിനസ് മീറ്റ് 2022 ന്റെ ഉദ്ഘാടനകർമ്മം അദ്ദേഹം നിർവ്വഹിച്ചത്. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് സ്വാഗതമാശംസിച്ചു.    ഫോമായുടെ അവാർഡ് ചടങ്ങിൽ ട്രഷറർ തോമസ് ടി. ഉമ്മനും ജോ. സെക്രട്ടറി ജോസ് മണക്കാട്ടും ചേർന്ന് അദ്ദേഹത്തിന് സമ്മാനിച്ചു .


എം.എ .യൂസഫലിയുടെ വാക്കുകൾ...
കഴിഞ്ഞ രണ്ടുവർഷതിലധികമായി നമ്മൾ വളരെ ബുദ്ധിമുട്ടിലും വിഷമം നിറഞ്ഞ പരിതസ്ഥിതിയിലും ആയിരുന്നു. നമ്മൾക്ക് കൂടിക്കാണാനോ കൂടിച്ചേരാനോ സന്തോഷം പങ്കിടാനോ സാധിക്കുന്നില്ലായിരുന്നു... എല്ലാംകൊണ്ടും വിഷമിച്ച് അവശരായി ജീവിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ടുകൊല്ലം. അതിൽനിന്ന് നൂറുശതമാനം മുക്തി നേടിയെന്ന് നമുക്ക് പറയാൻ സാധിക്കുന്നില്ലെങ്കിലും മുക്തി നേടിക്കൊണ്ടിരിക്കുന്നു എന്ന് പറയാം. നമ്മളെല്ലാം വിശ്വാസികളാണ്. അതിനുവേണ്ടി നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നു.

വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം ഫോമാ വളരെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ലോകം മുഴുവൻ ആദരിക്കപ്പെടുന്ന ഒരു സംഘടനയാണ്. ഞാനൊരിക്കൽ ന്യൂയോർക്കിൽ കച്ചവടാവശ്യാർത്ഥം ചെന്നപ്പോൾ, എന്നെ വിളിച്ചുകൊണ്ടുപോയി എനിക്ക് സ്വീകരണം നൽകുകയും സ്നേഹിക്കുകയും ചെയ്ത ഈ സംഘടനയോടുള്ള നന്ദി അതിന്റെ ഭാരവാഹികൾക്ക് ഈ അവസരത്തിൽ നിങ്ങളെ സാക്ഷിനിർത്തി ഞാൻ പ്രകടിപ്പിക്കുന്നു.

ഇന്ന് കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് വിദേശമലയാളികളുടെ അകമഴിഞ്ഞ സംഭാവനകൊണ്ടു കൂടിയാണ്. നമ്മുടെ കേരളത്തിൽ ഒരു സാംസ്കാരിക സൗധം പടുത്തുയർത്തുകയാണെങ്കിൽ, ഒരു അമ്പലമോ പള്ളിയോ മസ്ജിദോ പടുത്തുയർത്തുകയാണെങ്കിൽ, ഒരു സ്‌കൂളോ വിദ്യാഭ്യാസ സ്ഥാപനമോ പടുത്തുയർത്തുകയാണെങ്കിൽ, അതിന്റേതായ രൂപത്തിലും ഭാവത്തിലും എത്തുന്നതിൽ വിദേശമലയാളിയുടെ ഒരു ചെറിയ കൈയുണ്ടാകും. അമേരിക്കയിൽ നിന്നായാലും ശരി, കാനഡയിൽ നിന്നായാലും ശരി, ഗൾഫിൽ നിന്നായാലും ശരി, ലോകത്തെമ്പാടുമുള്ള വിദേശമലയാളികളിൽ നിന്ന് ഒരു സംഭാവനയുണ്ടാകും. 

ഒരുകാലത്ത്, ഇന്ത്യയുടെ സമ്പദ്ഘടന,വളരെ പരിതാപകരമായൊരു അവസ്ഥയിലേക്ക് നീങ്ങിയപ്പോൾ, ഇന്ത്യയുടെ കരുതൽ സ്വർണ്ണം അന്യരാജ്യത്തുകൊണ്ടുപോയി പണയം വച്ച് കാശ് വാങ്ങേണ്ട ഗതികേടുണ്ടായപ്പോൾ, രാജ്യത്തെ രക്ഷിച്ചത് വിദേശമലയാളികളായിരുന്നു എന്ന് അഭിമാനപൂർവം ഞാൻ പറയട്ടെ. ഇത് ഞാൻ പറഞ്ഞതല്ല. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തികശാസ്ത്രജ്ഞരിൽ ഒരാളായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാർലമെന്റിൽ പറഞ്ഞതാണ്. വിദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് എല്ലാമാസവും ഇന്ത്യയിലേക്ക് അയയ്ക്കുക വഴി നമ്മുടെ വിദേശനാണ്യം കൂടി. ഈ സംഭാവനകൾ ആർക്കും നിഷേധിക്കാൻ സാധിക്കില്ല. നമ്മളൊരു നിക്ഷേപം തുടങ്ങുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ ചിന്തിക്കും കേരളമല്ലേ എന്ന്. 

എന്റെ ഒരു പ്രൊജക്റ്റ് പോലും കേരളത്തിൽ കേസില്ലാതെ തുടങ്ങാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും അവയെല്ലാം ധീരമായി നേരിട്ടുകൊണ്ട്, കേരളമല്ലേ എന്ന് മനസ്സിലാക്കിക്കൊണ്ട് നാം ഈ സംസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഞാൻ ഉത്തർ പ്രദേശിൽ വലിയൊരു പ്രൊജക്റ്റ് കെട്ടിപ്പൊക്കിയത് യാതൊരുവിധ ബുദ്ധിമുട്ടോ തടസ്സങ്ങളോ കൂടാതെയാണ്. ഒരു കേസുപോലുമുണ്ടായില്ല. 

അതേസമയം തിരുവനന്തപുരത്ത് ഒരു ഡസൻ കേസുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ നെടുംതൂൺ ജുഡീഷ്യറിയാണ്. അതിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. ഏത് രാജ്യത്ത് എന്ത് ചെയ്താലും അവിടത്തെ നിയമങ്ങൾ അനുസരിച്ചേ ചെയ്യാൻ പാടുള്ളു. അപ്പോൾ നമ്മൾ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. കേരളത്തിന്റെ ഉന്നമനത്തിനും ഭാവിതലമുറയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ട ചുമതലയും ബാധ്യതയും ഗവണ്മെന്റിന്റെ തലയിൽ കെട്ടിവയ്ക്കാതെ നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം. 

അമേരിക്കയിൽ സാമ്പത്തികമായി വളരെ നല്ല നിലയിലെത്തിയ ധാരാളം മലയാളിസുഹൃത്തുക്കളെ എനിക്കറിയാം. പ്രവാസി ഭാരതീയ ദിവസിന് ദുബൈയിൽ വച്ച് നിങ്ങൾക്ക് പേരുപറഞ്ഞാൽ അറിയാവുന്ന ഒരു സുഹൃത്തിനെ ഞാൻ കണ്ടു. വീട്ടിൽ ഹെലിപ്പാഡുണ്ടെന്നും നാനൂറേക്കർ സ്ഥലമുണ്ടെന്നും ആ ബിസിനസുണ്ട് ഈ ബിസിനസുണ്ട് എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. നമ്മൾ ജനിച്ചുവളർന്ന കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. എന്തൊക്കെ ചെയ്താലും ജീവിതം പൂർണമാകണമെങ്കിൽ കേരളത്തിനൊരു സംഭാവന വേണമെന്ന് അദ്ദേഹത്തെ ഞാൻ ഓർമ്മിപ്പിച്ചു. സ്വന്തം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാതെ മറ്റെന്തുനേടിയാലും നമ്മൾ ഉയരുകയില്ല. അഞ്ചാളുകൾക്കെങ്കിലും ജോലി കൊടുക്കാവുന്ന ഒരു സംരംഭമോ, നിരാലംബരും അശരണരുമായ പാവപ്പെട്ടവരെ സഹായിക്കുന്ന സംവിധാനമോ തുടങ്ങുന്നത് നമ്മുടെ ബാധ്യതയോ ചുമതലയോ ആണ്. 

ഫോമാ അത്തരത്തിൽ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. കോവിഡ് സമയത്ത് കേരളത്തിലെയും അമേരിക്കയിലെയും ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി ധാരാളം സഹായങ്ങൾ ഈ സംഘടന നടത്തി. വർച്വലായി നടന്ന ഫോമാ മീറ്റിങ്ങിൽ ഞാനവരെ അഭിനന്ദിക്കുകയും ചെയ്തു.

ബിസിനസിന്റെ പാഠങ്ങൾ ഏത് കോഴ്സ് ചെയ്താലും അനുഭവപരിചയത്തിൽ നിന്നുള്ള പാഠങ്ങൾ വലുതാണ്. എന്റെ സഹോദരൻ അഷ്‌റഫ് അലിയുടെ മകൻ യു കെ യിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റ് പഠിച്ചിട്ട് ഞങ്ങളുടെ ഹൈപ്പർമാർക്കറ്റ് നോക്കിനടത്താൻ  എത്തിയപ്പോൾ ഞാൻ  ഉപദേശിച്ചത് ആദ്യം ഫ്ലോറിൽ നിൽക്കാനാണ്. എന്നാലേ അവിടത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയൂ. ഞാൻ അബുദാബിയിൽ ചെന്നപ്പോൾ ആദ്യം ചെയ്തത് കാർട്ടൺ ചുമക്കലായിരുന്നു. കാർട്ടൻ ചുമക്കുന്ന ആളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും ഫ്ലോറിൽ എന്ത് നടക്കുന്നു എന്ന് അറിയുകയും ചെയ്യുന്നത് ബിസിനസിൽ സഹായകമാകുമെന്നാണ് കരുതിയിരുന്നത്. ഇപ്പോൾ ആ കാലം മാറി.

യങ് ജനറേഷൻ പുതിയ ഐഡിയകളുമായാണ് വരുന്നത്. അവർ പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നു. അതിന്റെ കൂടെ നിന്ന് നമ്മൾ പണം ഇൻവെസ്റ്റ് ചെയ്തു കൊടുക്കേണ്ട സമയം സംജാതമായിരിക്കുന്നു. പുതിയ കാര്യങ്ങളുമായി പുതുതലമുറ മുന്നോട്ട് വന്നാൽ, ഞങ്ങൾ കൂടെയുണ്ട് എന്നതാണ് നൽകാൻ കഴിയുന്ന വാക്ക്. അമേരിക്കയിലെ പുതുതലമുറയ്ക്ക് കേരളത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും കുറിച്ചും പറഞ്ഞുകൊടുക്കണം. സാംസ്കാരികമായി ഉന്നതിയിലെത്തിയവരാണ് നമ്മൾ. അതും പകർന്നുകൊടുക്കണം. മാതാ പിതാ ഗുരു ദൈവം എന്നതും ഓർമ്മപ്പെടുത്തണം. നമ്മൾ ശീലിച്ചമൂല്യങ്ങൾ അവരിലും ഉണ്ടാകണം.

കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ എത്തുമ്പോൾ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അവയെ നേരിടാനുള്ള ആർജ്ജവവും ഊർജ്ജവും കരുതിവച്ചുകൊണ്ട് നമ്മൾ മുന്നോട്ട് പോകണം. നെഗറ്റീവ് ആയ കാര്യങ്ങൾ പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് സമാധാനം നൽകുക എന്ന ശ്രീബുദ്ധന്റെ വാക്കുകൾ ഓർക്കുക."
 

Dr.G.GOPA KUMAR 2022-05-08 14:12:36
Very true ! Yusuf Ali is right. His contributions are really appreciable. He must also advice us as to how the negative mindset of the people inside Kerala towards industrial development and growth can be removed. Even the Gulf Returnees could not become role models in Kerala society and economy. Political culture remains the same, if not worse !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക