ഇന്നലെ ഞാൻ മരിച്ചു (എം.കെ. മത്തായി)

Published on 08 May, 2022
ഇന്നലെ ഞാൻ മരിച്ചു (എം.കെ. മത്തായി)

ഇന്നലെ ഞാൻ മരിച്ചു 
മക്കൾ ശഠിച്ചു നാളെ മതിയെന്ന് 
അന്ത്യകർമങ്ങൾക്കു വാരാന്ത്യം തന്നെ നല്ലത്

കഴിഞ്ഞ ആഴ്ച ആയിരുന്നു എന്റെ മരണം 
അടുത്ത ആഴ്ച പോരേയെന്നു ബന്ധുക്കൾ 
രാജ്യാന്തര യാത്രക്ക് ടിക്കറ്റ് കിട്ടാൻ 
അന്ത്യ യാത്രയേക്കാൾ ബുദ്ധിമുട്ടെന്ന് 

ഞാൻ മരി ച്ചിട്ടു മാസം ഒന്ന്‌
രണ്ടു മാസം കൂടി കഴിയട്ടെ എന്നു ഡോക്ടർ 
ഹോസ്പിറ്റൽ ഉടമക്ക് മനസ്സിലാകുന്നില്ലെന്ന് 
എന്തേ അൻപത്തേഴു ടെസ്റ്റുകൾ ബാക്കിയെന്ന് 
എങ്ങനെ വെന്റിലേറ്റർ ഒഴിച്ചിടാൻ മനസ്സു വന്നെന്ന്

ഒരു വർഷമായി ഞാൻ മരിച്ചിട്ട് 
ഒരു വർഷം കൂടി ജീവിക്കാൻ സഹായിക്കാമെന്ന്
 എന്റെ കാലിലെ നീരിന് മരുന്നു കണ്ടുപിടിച്ചെന്ന് 
ആഴ്ചയിൽ മൂന്നു ദിവസം തിരിച്ചു മറിച്ചു കിടത്താൻ അധികം നേഴ്‌സ്മാരെ നിയമിച്ചു കഴിഞ്ഞെന്ന് 
തൊണ്ട തുളച്ചിട്ട ശ്വസന കുഴൽ മാറ്റി imported ഇടാമെന്ന്  
വയറ്റിലേക്ക് നേരെ പോകുന്ന ഭക്ഷണ കുഴലിന് വ്യാസം കൂട്ടാമെന്നു 
വെന്റിലേറ്റർ വാടക വാർഷികാടിസ്ഥാനത്തിൽ കുറച്ചു തരാമെന്ന്

എന്റെ കണ്ണുകൾ തുറന്നു വയ്ക്കാൻ മയമുള്ള ക്ലിപ്പുകൾ തയ്യാറായിട്ടുണ്ടെന്ന്
എന്റെ തലച്ചോറിലെ നേരിയ കിരണങ്ങൾ പോലും പിടിച്ചെടുത്തു ജീവൻ നിലനിൽക്കുന്നത് തിരിച്ചറിയാൻ സംവിധാനമുണ്ടെന്നു
തലയും ഉടലും വേറെ ആയാലും ജീവൻ പിടിച്ചു നിർത്താനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു ആശ കൈവെടിയരുതെന്നു

ഞാൻ മരിച്ചതു നൂറു വർഷം മുൻപ്
മരിച്ചു ജീവിക്കാനുള്ള സംവിധാനങ്ങൾ പ്രബലമാകുന്നതിനു മുൻപ്
പിന്നെയാരും മരിച്ചതായി കണക്കിലില്ല കൊന്നതായും രേഖകളില്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക