കൊട്ടിൻ്റെ കുലപതി (വിജയ് സി. എച്ച്)

Published on 08 May, 2022
കൊട്ടിൻ്റെ കുലപതി (വിജയ് സി. എച്ച്)
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ വന്നെത്തുന്ന പൂരത്തിൻ്റെ ആവേശത്തിലാണ് സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനം. ഭൂമിയിൽ നടക്കുന്ന ഏറ്റവും വർണ്ണശബളമായ ഉത്സവമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ വിശേഷിപ്പിച്ച തൃശ്ശൂർ പൂരം മെയ് 10-ആം തീയതി ചൊവ്വാഴ്‌ച അരങ്ങേറുന്നു!
മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ജനപങ്കാളിത്തത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് അധികൃതർ വെളിപ്പെടുത്തിയതിനാൽ, പൂരനഗരിയിൽ വൻതിരക്ക് മുന്നിൽ കണ്ടുകൊണ്ടാണ് തയ്യാറെടുപ്പുകളെല്ലാം നടന്നുകൊണ്ടിരിയ്ക്കുന്നത്.
പൂരങ്ങളുടെ പൂരമെന്ന് അറിയപ്പെടുന്ന ഈ മഹാമഹത്തിലെ അത്യാകർഷകമായ ഇനങ്ങളിലൊന്നായ ഇലഞ്ഞിത്തറ മേളത്തിന് ഇക്കുറിയും പെരുവനം കുട്ടൻ മാരാർ പ്രാമാണിത്വം വഹിക്കുന്നു. വാദ്യകലാ ശാഖയിലെ ഇതിഹാസ താരമായ മാരാർ ഇലഞ്ഞിച്ചുവട്ടിൽ ഇത് നാൽപ്പത്തിനാലാമത്തെ വർഷം. ഇരുപത്തിനാലാം തവണ മേളപ്രമാണിയാകാനാണ് മറ്റന്നാൾ അദ്ദേഹം ചെണ്ട തോളിലിടുന്നത്.
തൃശ്ശൂർ പൂരത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെണ്ട കലാകാരൻ രണ്ടു ദശാബ്ദത്തിനുമേൽ തുടർച്ചയായി മേളപ്രമാണി സ്ഥാനം അലങ്കരിക്കുന്നത്. പത്മശ്രീ എം. ശങ്കരനാരായണൻ എന്ന പെരുവനം കുട്ടൻ മാരാർ തൻറെ വൈവിധ്യമാർന്ന കൊട്ടനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു:
🟥 മഹാമാരി വഴിമാറിയതിനാൽ നിയന്ത്രണങ്ങളും ബാരിക്കേഡുകളുമില്ലാതെ കൊണ്ടാടാൻ പോകുന്ന ഇക്കൊല്ലത്തെ പൂരത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
🟩 ഞങ്ങളെല്ലാവരും വളരെ ആവേശത്തിലാണ്! ചെണ്ട തോളിൽനിന്ന് ഇറക്കിയിട്ട് രണ്ടു കൊല്ലത്തിലേറെയായി. എൻറെ കൊട്ടുജീവിതത്തിൽ ആദ്യമായാണ് ഉത്സവങ്ങളൊന്നുമില്ലാത്തൊരു കാലം കടന്നുപോയത്. സകല പൂരങ്ങൾക്കും, താലപ്പൊലികൾക്കും, എഴുന്നള്ളത്തുകൾക്കും കാലൻ കൊറോണ തടസം നിന്നു. അതിനാൽ ഈ പൂരത്തിന് ഇരട്ടി മധുരമാണ്! കോവിഡിൻറെ പിരിമുറുക്കം കുറഞ്ഞതിനാൽ എല്ലാവരും ആഹ്ളാദത്തിലാണ്. ആർക്കും കൊട്ടില്ലാത്തൊരു കാലം സങ്കൽപിക്കാൻ വയ്യ. രണ്ടു നൂറ്റാണ്ടു കാലം പഴക്കമുള്ള തൃശ്ശൂർ പൂരം, ഇതിനു മുന്നെ, ഇന്ത്യ-ചൈന യുദ്ധ സമയത്തെ ബ്ലേക്കൗട്ടിനു വേണ്ടി 1962-ൽ മാത്രമേ കൊണ്ടാടാതിരുന്നിട്ടുള്ളൂ.
🟥 കൊറോണയെത്തും മുമ്പെ, ഒരുവർഷം എത്ര പ്രാമാണിത്വം വഹിക്കാറുണ്ടായിരുന്നു?
🟩 പല ക്ഷേത്രങ്ങളിലുമായി ഒരുവർഷം ശരാശരി മുന്നൂറ് പ്രാമാണിത്വം വരെ വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇലഞ്ഞിത്തറയിലെ അമരക്കാരൻ എന്നതാണ് ഒരോ വർഷത്തേയും പരമോന്നത പദവി. കൊറോണ കൊണ്ടുപോയ രണ്ടു വർഷം മാത്രമാണ് അതിന് തുടർച്ചയായ വിഘ്‌നം വന്നത്.
🟥 കുട്ടൻ മാരാരുടെ പേരു കേട്ടാൽ തന്നെ പൂരപ്രേമികൾ പ്രകമ്പനം കൊള്ളുന്നു! കൊട്ടിക്കയറുന്ന ഈ ആവേശത്തിനു പുറകിലെ രഹസ്യമെന്താണ്?
🟩 കൊള്ളാം, കൊട്ടിൻറെ കഥ അതു തന്നെയല്ലേ! ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്ത് ഓടിച്ചെല്ലാത്ത മലയാളിയുണ്ടോ? ഇല്ല, അത്ര കണ്ട് ത്രസിപ്പിക്കുന്നതല്ലേ പണ്ടു മുതലേ ഈ തകൃത കൃതകൃതാ...
ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നല്ലൊ നമ്മുടെ രീതി. വിളംബരം വരെ ചെയ്തിരുന്നത് ചെണ്ട കൊട്ടിയല്ലേ! അതിനാൽ, ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അവിടെ ഓടി എത്തുന്നതും, ചുറ്റും കൂടിനിന്ന് താനെ മറന്നു താളംപിടിക്കുന്നതുമെല്ലാം മലയാളികളുടെ പ്രത്യേക പൈതൃകം. അതുകൊണ്ടു തന്നെയാണ് ഈ ചൊല്ല് -- പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെ! സർവ്വോപരി, ചെണ്ട പച്ച മലയാളിയാണ്. വാദ്യോപകരണങ്ങളിൽ ഏറ്റവും ജനകീയൻ! ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല ഈ ലോകത്തു തന്നെ.
 
🟥 കുടുംബ പശ്ചാത്തലവും കൊട്ടിലേയ്ക്കുള്ള വരവുമൊക്കെ?
🟩 തൃശ്ശൂർ നഗരത്തിനു തെക്കുള്ള പെരുവനത്തെ ഒരു ചെണ്ട കലാകാരന്മാരുടെ കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. മുത്തച്ഛൻ പെരുവനം നാരായണ മാരാരും, അച്ഛൻ പെരുവനം അപ്പു മാരാരും പ്രസിദ്ധരായ ചെണ്ടമേളക്കാരായിരുന്നു. പെരുവനം അതിപുരാതനമായ ഒരു സാംസ്കാരിക കേന്ദ്രമാണ്. കൊച്ചി രാജ്യത്തിൻ്റെ 'മേള തലസ്ഥാന'മായിരുന്നല്ലൊ പെരുവനം. നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനം തൃശ്ശൂർ ആയിരുന്നപ്പോഴും, അതു പിന്നീട് തൃപ്പുണിത്തുറയിലേക്ക് മാറ്റിയപ്പോഴും, ഇതിനെല്ലാം ഒരുപാടു മുന്നെയും മേളത്തിൻ്റെ ഈറ്റില്ലമായിരുന്നു പെരുവനം. പഞ്ചാരിമേളം ഇവിടെയാണ് പെറ്റു വീണത്. പെരുവനം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പൂരത്തിലാണ് പഞ്ചാരി ആദ്യമായി അരങ്ങേറിയതു തന്നെ! ഇവിടെ ജീവിച്ചിരുന്ന മഹാപ്രതിഭകളായ ആചാര്യന്മാർ ഘട്ടം ഘട്ടമായി മേള രീതികൾ ചിട്ടപ്പെടുത്തി. മഴമംഗലം നാരായണൻ നമ്പൂതിരിയും, പണ്ടാരത്തിൽ രാമ മാരാരും മുതൽ, മുത്തച്ഛനും അച്ഛനും വരെയുള്ളവർ അവരവരുടെ ശൈലികളും മനോധർമ്മ പ്രയോഗങ്ങളും മുന്നോട്ടു വച്ചപ്പോൾ മേളങ്ങൾ കൂടുതൽ ദീപ്തമായി. അച്ഛനാണ് ചെണ്ട കൊട്ടിൻ്റെ ബാലപാഠം എന്നെ പഠിപ്പിച്ചത്. പിന്നീട് മറ്റു ഗുരുക്കന്മാരും മേള രീതികൾ എന്നെ അഭ്യസിപ്പിച്ചു. പത്താം വയസ്സിൽ പെരുവനം മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറി. തുടർന്ന് സമീപത്തുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ കൊട്ടാൻ തുടങ്ങി. മകൻ കാർത്തിക് തായമ്പകയിൽ പ്രതീക്ഷ തരുന്നു. സമൂഹ മേളങ്ങളിലും പങ്കെടുക്കുന്നു.
 
🟥 ഇലഞ്ഞിത്തറ മേളത്തിൻ്റെ വിന്യാസവും വിധാനവും വിവരിക്കാമോ?
🟩 ലോകത്തെ ഏറ്റവും ആകർഷകമായ സമൂഹമേളമാണ് ഇലഞ്ഞിച്ചുവട്ടിൽ അരങ്ങേറുന്നത്. മുന്നോറോളം വാദ്യകലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നു. മേളപ്രമാണിയുടെ ഇടത്തും വലത്തും മുന്നിലുമായി അവർ വിന്യസിക്കപ്പെടുന്നു. രണ്ടര മണിക്കൂറുനേരം നീണ്ടുനിൽക്കുന്ന പാണ്ടിമേളമാണ് തൃശ്ശൂർ പൂരത്തിന് അവതരിപ്പിക്കപ്പെടുന്നത്. കൊട്ടിക്കൊണ്ടിരിക്കുന്ന മേളത്തിനിടയിൽ ദൃഷ്ടി കൊണ്ടാണ് കാലങ്ങൾ മാറുന്നതും മറ്റുമായ നിർണ്ണായകമായ വിവരങ്ങൾ മേളപ്രമാണി സഹകാരികളെ അറിയിക്കുന്നത്. ക്ഷേത്ര മതിൽകെട്ടിനകത്തുള്ള ഇലഞ്ഞി മരത്തിനടിയിൽ നടക്കുന്നതിനാലാണ് ഇലഞ്ഞിത്തറമേളമെന്ന പേർ ലഭിച്ചത്. നിരവധി മേളങ്ങൾക്ക് സാക്ഷ്യം വഹിച്ച വൻ ഇലഞ്ഞിമരം കടപുഴകി വീണതിനു ശേഷം യഥാസ്ഥാനം നട്ടുവളർത്തിയതാണ് ഇപ്പോഴുള്ള വൃക്ഷം.
🟥 സംഗീത ഉപകരണങ്ങൾ?
🟩 ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ മുതലായവയാണ് പ്രധാന സംഗീത ഉപകരണങ്ങൾ. ഏറ്റവും കുറഞ്ഞത് 100 ചെണ്ടകളും, 75 ഇലത്താളങ്ങളും, 25 കൊമ്പുകളും, 25 കുറുങ്കുഴലുകളുമുണ്ടാകണം ഇലഞ്ഞിത്തറ മേളത്തിന്.
സമൂഹമേളങ്ങളിൽ പരമോന്നതമായതെന്നാണ് സംഗീതജ്ഞർ ഇലഞ്ഞിത്തറ മേളത്തെ വിലയിരുത്തുന്നത്.
🟥 ഇലഞ്ഞിച്ചുവട്ടിലേത് പാണ്ടിമേളം. ഒരുമിച്ചു നിൽക്കുന്ന പഞ്ചാരിമേളവുമായി ഇതിനെ എങ്ങനെയാണ് താങ്കൾ താരതമ്യപ്പെടുത്തുക?
🟩 തങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് പാണ്ടിയാണോ പഞ്ചാരിയാണോയെന്ന് ശ്രോതാക്കൾക്ക് തിരിച്ചറിയണമെങ്കിൽ, കൊട്ടിൻറെ ശാസ്‌ത്രീയ വശങ്ങൾ അറിഞ്ഞേ മതിയാകൂ. പെട്ടെന്നു വഴങ്ങാത്ത ചിട്ടകളും താളവിന്യാസങ്ങളും ഉള്ളതുകൊണ്ടാണിത്. ധാരാളം കേട്ടു ശീലമുള്ള ചിലർക്ക് കൊട്ട് അവസാന ഘട്ടമെത്തുമ്പോൾ മേളമേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നുമിരിയ്ക്കും. താളങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനു അവലംബമായി ഗണിക്കുന്ന അടിസ്ഥാന താളമായ ചെമ്പടയെ മുഴുവനായോ, ഭാഗികമായോ അഞ്ചുകാലത്തിൽ കൊട്ടുകയാണ് പഞ്ചാരിയിൽ ചെയ്യുന്നത്. മേളത്തിൻറെ കാല മാറ്റം നടക്കുന്നത് 96, 48, 24, 12, 6 എന്ന ക്രമത്തിലാണ്. ഓരോ കാലത്തിനും ഘട്ടങ്ങളുണ്ട്, കലാശമുണ്ട്, കൊട്ടുന്ന സമയത്തിനു അനുപാതവുമുണ്ട്. അങ്ങനെ, അഞ്ചു കാലങ്ങൽ ക്രമമായി കൊട്ടുന്നതുകൊണ്ടാണ് 'പഞ്ചാരി' എന്ന പേരു വന്നത്. പഞ്ചാരിക്ക് ചെമ്പടയാണെങ്കിൽ, പാണ്ടിയുടെ അടിസ്ഥാന താളം അടന്തയാണ്. തുടക്കം മുതലേ അടന്തയിലാണ് പാണ്ടി. ഇതിൽ കാലങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല. തുടർച്ചയായ ആരോഹണം മാത്രമാണ്. അങ്ങോട്ടു കൊട്ടികയറുകയാണ്. വച്ചടിവച്ചടി കയറ്റം! രൗദ്രമാണ് ഇതിൻറെ ആവിഷ്കാരം. ഭാവം രൗദ്രമായതിനാൽ, പാണ്ടിമേളത്തിൻറെ പ്രത്യേകത ശബ്ദഗാംഭീര്യമാണ്. വിദൂരതയിൽ നിന്നുപോലും, കൊട്ടിനെക്കുറിച്ചു അറിയാവുന്നവരാണെങ്കിൽ പറയും, പാണ്ടിയാണ് ആ മുഴങ്ങുന്നതെന്ന്. അത്രയും പ്രത്യേകതയും, വശീകരണ ശക്തിയുമാണ് പാണ്ടിക്ക്! ഇലഞ്ഞിത്തറയാണ് പാണ്ടിക്കു കിട്ടുന്ന ഏറ്റവും ബൃഹത്തായ സദസ്സ്‌. കൊട്ടും പോലെ കൊട്ടിയാൽ, ചെണ്ടയിൽ പാണ്ടി കനത്ത നാദം പടുത്തുയർത്തും. ഇതിനു താരതമ്യങ്ങളില്ല. ഇത് അത്യാകർഷണമാണ് ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതും. കണ്ടും കേട്ടും, അവർ ആവേശഭരിതരാകും, രോമാഞ്ചമണിയും! ഇലഞ്ഞിത്തറ മേളം ഒരിക്കൽ കേട്ടവർ വീണ്ടും വീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും അതുകൊണ്ടാണ്.
🟥 പാണ്ടിമേളത്തിൻറെ പ്രത്യേകത ശബ്ദ ഗാംഭീര്യം. പഞ്ചാരിയുടേതോ?
🟩 പഞ്ചാരിയുടെ പ്രത്യേകത മാധുര്യമാണ്. അതിനു കാരണം, ഈ മേളത്തിൻറെ രാഗഘടന കർണ്ണാടക സംഗീതത്തിലെ 'രൂപകതാളം' പോലെയുള്ള ഒന്നായതുകൊണ്ടാണ്. അതിനാൽ പഞ്ചാരിയുടെ അടിത്തറ വിപുലമാണ്. പഞ്ചാരിക്ക് ഒരു ക്ലാസ്സിക്കൽ ടച്ചുണ്ടെന്ന് സംഗീതം അറിയാവുന്നവർ പറയുന്നത് ഇക്കാരണത്താലാണ്. പഞ്ചാരി നന്നായി അറിയുന്ന ഒരു കലാകാരന്, പാണ്ടി ഒഴിച്ചുള്ള മേളങ്ങളെല്ലാം നിഷ്പ്രയാസം അഭ്യസിക്കാൻ കഴിയും. അതിനാൽ, ചെണ്ടമേളങ്ങളിൽ മാതൃകാ സ്ഥാനത്തായി പഞ്ചാരിയെ കാണുന്നു.
🟥 കൊട്ടിൻറെ ശാസ്‌ത്രീയ വശങ്ങൾ അറിയാത്തൊരു ശ്രോതാവിന് താൻ കേട്ടുകൊണ്ടിരിക്കുന്നത് പാണ്ടിയാണോ പഞ്ചാരിയാണോയെന്ന് തിരിച്ചറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അകമ്പടി വാദ്യം രണ്ടിലും കൊമ്പും, കുഴലും, ഇലത്താളവുമല്ലേ?
🟩 പാണ്ടിയും പഞ്ചാരിയും കാഴ്ച്ചയിൽ തിരിച്ചറിയാൻ ഒരു വഴിയേയുള്ളൂ. രണ്ടു കൈകളിലും കോൽ ഉണ്ടെങ്കിൽ, അതു പാണ്ടി ആയിരിക്കും. രൗദ്രമാണെന്നു പറഞ്ഞില്ലേ, ചെണ്ടയുടെ ഇടന്തലയിലും (left side) വലന്തലയിലും (right side) കോലുകൾ ഉപയോഗിച്ചു അങ്ങോട്ടു കൊട്ടികയറണം. വലതു കയ്യിൽ കോലും, ഇടതു കയ്യുമാണ് ചെണ്ടയിൽ പ്രയോഗിക്കുന്നതെങ്കിൽ അതു പഞ്ചാരി ആയിരിക്കും. അപവാദമുണ്ടെങ്കിലും, പൊതുവെ ഇങ്ങിനെ കരുതാം. തായമ്പക കൊട്ടാൻ ഒരു കൈയിലേ കോൽ ഉപയോഗിക്കാറുള്ളു. തായമ്പക മിഴാവിലും കൊട്ടാറുണ്ട്. അപൂർവ്വമാണെങ്കിലും, വടക്കൻ കേരളത്തിൽ രണ്ടു കോലുകൾ ഉപയോഗിച്ചു പഞ്ചാരി കൊട്ടുന്ന രീതിയുമുണ്ട്. കഥകളിക്ക് ചെണ്ട കൊട്ടുമ്പോൾ, മിക്കവാറും ഇരു കൈയിലും കോൽ ഉണ്ടാകും. എന്നാൽ, വലിപ്പം കൂടിയതാണ് കഥകളിച്ചെണ്ട. പക്ഷെ, തായമ്പകയും, പഞ്ചവാദ്യവും, കഥകളിയുമൊന്നും പാണ്ടിയും പഞ്ചാരിയുമായി തെറ്റിദ്ധരിക്കപ്പെടില്ലല്ലൊ!
🟥 പഞ്ചാരിയെപ്പോലെ തായമ്പകയിലും ഒരു കോൽ പ്രയോഗമാണല്ലൊ. ചരിത്രപരമായി ഇവ തമ്മിൽ എന്തെങ്കിലും ബന്ധം?
🟩 നേരിട്ടൊരു ബന്ധവും കാണുന്നില്ല. യഥാർത്ഥത്തിൽ, തായമ്പക പഞ്ചാരിയിൽ നിന്നോ പാണ്ടിയിൽ നിന്നോ രൂപം കൊണ്ടതാണെന്നു സ്ഥിരീകരിക്കാൻ പറ്റില്ല. പൊതുവെയുള്ള ചെണ്ടമേളത്തിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാവാം എന്നു പറയുന്നതാണു കൂടുതൽ ശരി. സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കുന്നതാണ് തായമ്പക. ആറു ഘട്ടങ്ങളിലായി, ചമ്പക്കൂറും, അടന്തക്കൂറും, പഞ്ചാരിക്കൂറും, ദ്രുതകാലവുമെല്ലാം ഇതിലുണ്ട്. മൗലികമായി നോക്കിയാൽ, പാണ്ടിയേയും പഞ്ചാരിയേയും പോലെ, സമ്പൂർണ്ണമായൊരു സമൂഹമേളമെന്നു തായമ്പകയെ വിളിക്കാനൊക്കില്ല. എന്നാൽ, ഒരു ക്ഷേത്രകല എന്ന നിലയിൽ തന്നെയാണ് തായമ്പകയുടേയും തുടക്കം. അടിസ്ഥാനപരമായി തായമ്പകയൊരു സോളോ പെർഫോർമൻസാണ്. മറ്റു ചെണ്ടക്കാരും ഇലത്താളക്കാരും തായമ്പകക്കാരന് താളം നൽകുന്നവർ മാത്രമാണ്. വ്യക്തിഗത കലാരൂപമായതിനാൽ, പ്രധാന ചെണ്ടവാദ്യക്കാരന് തൻറെ കഴിവുകൾ പ്രകടമാക്കാൻ ഈ ശാഖയിൽ കൂടുതൽ അവസരം ലഭിക്കുന്നു. തായമ്പകക്ക്, പ്രധാന കലാകാരനെ കൂടാതെ, രണ്ട് ഇടന്തലക്കാരും, രണ്ടു വലന്തലക്കാരും, രണ്ട് ഇലത്താളക്കാരുമാണ് കുറഞ്ഞ അംഗസംഖ്യ. പിന്നെ, ഡബിൾ തായമ്പകയും, ട്രിപ്പ്ൾ തായമ്പകയുമെല്ലാമുണ്ട്.
🟥 ചെണ്ടയില്ലെങ്കിലും, പഞ്ചവാദ്യവും നമ്മുടെ ഒരു തനതായ വാദ്യകലാരൂപമല്ലേ? എഴുന്നള്ളത്തുകളുടെ സ്ഥിരം അകമ്പടി...
🟩 അതെ. മദ്ദളം, ഇടയ്ക്ക, തിമില, ഇലത്താളം, ശംഖ് മുതലായ അഞ്ചിനങ്ങളുടെ സ്വര സമ്മേളനമാണ് പഞ്ചവാദ്യം. ചിലയിടങ്ങളിൽ മൃദംഗം, കുഴൽ, ഓടക്കുഴൽ എന്നിവയും ഉപയോഗിക്കാറുണ്ട്. തൃശ്ശൂർ പൂരത്തിൻറെ എഴുന്നള്ളത്തുകൾക്കാണ് കേരളത്തിൽ പഞ്ചവാദ്യം ഏറ്റവും ഗംഭീരമായി അവതരിപ്പിക്കപ്പടുന്നത്. പിന്നെ, തൃപ്പൂണിത്തുറയിലും.
🟥 പാണ്ടിയും പഞ്ചാരിയുമല്ലാത്ത മേളങ്ങളുടെ രാഗഘടന എങ്ങനെയാണ്?
🟩 പാണ്ടി അല്ലാത്ത മേളങ്ങളെ ചെമ്പടമേളങ്ങൾ എന്നാണ് പൊതുവെ വിളിക്കുന്നത്. കാരണം, അവ ചെമ്പട വട്ടങ്ങളുടെ രൂപരേഖയാണ് തുടക്കത്തിലേ വരച്ചു കാട്ടുന്നത്. ഓരോ കാലവും ക്രമമായി കൊട്ടിത്തീർത്ത്, അടുത്ത കാലം തുടങ്ങുന്നു. അതിനാൽ, അവയിലെല്ലാം ആരോഹണവും അവരോഹണവുമുണ്ട്. പാണ്ടിയൊഴിച്ചുള്ള മേളങ്ങളിൽ, പഞ്ചാരിമേളത്തിൻറെ രാഗമായ ചെമ്പടയുടെ സ്വാധീനമാണുള്ളതെന്ന് മേളപ്രേമികൾ തിരിച്ചറിയുകയും ചെയ്യുന്നു. ചെണ്ടമേളങ്ങളിൽ മാതൃകാസ്ഥാനത്താണ് പഞ്ചാരിയെന്ന് മുന്നെ പറഞ്ഞുവല്ലൊ.
🟥 ഇലഞ്ഞിത്തറ മേളത്തോടൊപ്പം, പഞ്ചാരിയും, പഞ്ചവാദ്യവും, തായമ്പകയും മത്സരിച്ചു അരങ്ങേറുന്ന പൂരവേദിയാണ് തൃശ്ശൂർ. എല്ലാം ഒരുമെച്ചെത്തുമ്പോൾ ശ്രോതാക്കൾ എങ്ങനെ പ്രതികരിക്കുന്നു?
🟩 വ്യത്യസ്തമായ കലാരൂപങ്ങളാണെങ്കിലും, പഞ്ചവാദ്യമൊഴിച്ച് മറ്റുള്ളവയിലെല്ലാം ചെണ്ടകൊണ്ടുതന്നെയാണ് പ്രധാന വാദ്യം. രൂപമേതായാലും, സ്വാഭാവികമായും ചെണ്ടമേളത്തിൻറെ ശ്രോതാക്കൾ അതിൻറെ വളരെ ആത്മാർത്ഥമായ ആരാധകരാണ്. താളവട്ടങ്ങളുടെ സൂക്ഷ്മമായ ദ്രുത-ലാസ്യ ഭാവങ്ങൾ വരെ അവർ ആസ്വദിക്കുന്നുമുണ്ട്. എന്നിരുന്നാലും, പൂരത്തിൻ്റെയന്ന് ഒരു ശ്രോതാവിൻറെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ പാണ്ടി തന്നെയാണ്.
🟥 പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം എന്ന വർണ്ണനയ്ക്കപ്പുറത്ത്, ഇലഞ്ഞിത്തറ മേളത്തിൻറെ സാർവ്വദേശീയ സ്ഥാനമെന്താണ്?
🟩 ഇത്രയും കലാകാരന്മാർ ഒരുമിച്ചണിനിരക്കുന്ന ഒരു symphony, അല്ലെങ്കിൽ orchestra, ലോകത്ത് മറ്റൊരിടത്തുമില്ലെന്ന രാജ്യാന്തര വിശേഷണം ഇലഞ്ഞിത്തറ മേളത്തിനുണ്ട്. യൂറോപ്പിലോ, അമേരിക്കയിലോ നൂറിൽ കൂടുതൽ instrumentalists പങ്കെടുക്കുന്നൊരു annual concert ഇതുവരെ നടന്നിട്ടില്ല. ഇവിടെ, ഇലഞ്ഞിത്തറയിൽ, മുന്നൂറിൽപരം വാദ്യകലാകാരന്മാർ എൻറെ കൂടെ. ശീതീകരിച്ച മുറിയിലല്ല, എരിപൊരി കൊള്ളുന്ന മേട പുഴുക്കത്തിലാണ്.
🟥 നേരിട്ടും, ദൃശ്യമാധ്യമങ്ങൾ വഴിയും, ലക്ഷോപലക്ഷം കണ്ണുകളാണ് പൂരത്തിൻ്റെയന്ന് താങ്കളുടെമേൽ! ഇലഞ്ഞിത്തറയിലെ രണ്ടര മണിക്കൂർ നേരം താങ്കൾ അനുഭവിക്കുന്ന ആ നിർവൃതി പങ്കുവെക്കാമോ?
🟩 അതു വാക്കുകളാൽ പറയാൻ പറ്റുന്നതല്ല! പാണ്ടിമേളത്തിനു സാക്ഷ്യം വഹിക്കുന്ന ലക്ഷക്കണക്കിനു പ്രേക്ഷകർ, ഓരോരുത്തരായി അനുഭവിക്കുന്ന നിർവൃതിയുടെ ആകെത്തുക, ഞാൻ ആ മേളപ്പെരുക്കത്തിൽ ഒറ്റക്ക് അനുഭവിച്ചറിയുന്നു! ഒരു പൂരം കഴിഞ്ഞാൽ, അടുത്ത പൂരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും. അടുത്ത വർഷത്തെ പൂരം വരെയും ഈ വർഷത്തെ ആ രണ്ടര മണിക്കൂർ നേരത്തെ പരമാനന്ദം ജീവനോടെ നിലനിൽക്കും. അത്രക്കു ഹരം കൊള്ളിക്കുന്നതാണ് ആ അനുഭൂതി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക