Image

നന്ദി മകളെ നന്ദി... (ജോളി അടിമത്ര)

Published on 08 May, 2022
നന്ദി മകളെ നന്ദി... (ജോളി അടിമത്ര)

കാലവര്‍ഷം അരങ്ങു തകര്‍ത്ത ഒരു പാതിരാത്രിയിലായിരുന്നു അവളുടെ വരവ്. ഒരു ജൂണ്‍ 24ന്. ഞങ്ങളുടെ രണ്ടാമത്തെ അതിഥി. പെണ്‍കുഞ്ഞിനായി കാത്തുകാത്തിരുന്ന ഞാന്‍ ഭാവനയുടെ ഒരു പാടു കുഞ്ഞുടുപ്പുകള്‍ തുന്നി വച്ചിരുന്നു. ഒരുപാടു ഫ്രില്ലുകള്‍ തയ്ച്ചു പിടിപ്പിച്ച് ലെയ്‌സി ഡെയ്‌സിപ്പൂവുകള്‍ തുന്നിച്ചേര്‍ത്ത പല തരം കുഞ്ഞുടുപ്പുകള്‍.  സ്‌ട്രോക് വന്ന് ഒരു വശം തളര്‍ന്ന , സംസാരശേഷിയും നഷ്ടപ്പെട്ട് അഞ്ചര വര്‍ഷമായി കിടപ്പിലായിരുന്ന ഒരമ്മയുടെ മരുമകളുടെ ഗര്‍ഭകാലം അത്ര സന്തുഷ്ടമായിരുന്നില്ല. മൂന്ന്  മാസം കഴിഞ്ഞതോടെ അമ്മയ്ക്ക് രണ്ടാമത്തെ സ്‌ട്രോക്ക്. അതോടെ അമ്മ പൂര്‍ണ്ണമായും തളര്‍ന്ന് മരണാസന്നയായി . കുഞ്ഞുമോളുടെ പ്രസവശേഷം 10-ാം നാള്‍ അമ്മ പോയി. ജനനവും മരണവും ഒപ്പം വിരുന്നിനെത്തിയ ആ വീട്ടിലെ കുഞ്ഞിക്കരച്ചിലുകള്‍ സങ്കടങ്ങളെ ആട്ടിപ്പായിച്ചു. കുഞ്ഞിന്റെ കളിചിരികള്‍ ദുഃഖങ്ങള്‍ക്കു മേല്‍ മഴവില്ലായി.

കോട്ടയത്തെ ഗിരിദീപം സ്‌കൂളില്‍ നഴ്‌സറിക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ക്രിസ്മസ് ആഘോഷത്തിന് കുഞ്ഞിച്ചിറകുകള്‍ വച്ചുകെട്ടി മാലാഖ വേഷത്തില്‍ അവള്‍ നില്‍ക്കെ അമ്മമനസ്സ് നിറഞ്ഞു. മൗനമായി  കൊഞ്ചിച്ചു മനം പറഞ്ഞു, 'മകള്‍, എന്റെ പൊന്നുമോള്‍ .. '.ചെറിയൊരു നുണക്കുഴിയുള്ള അവളെ ഞാന്‍ നുണച്ചീ, കള്ളീ എന്നൊക്കെ വിളിച്ച് അരുമയോടെ പ്രകോപിപ്പിച്ചു.പിന്നെ ഒരു നാള്‍  അവളും ഞാനും ഒരുമിച്ചു പഠിക്കാന്‍ പോയി.

അവള്‍ ഒന്നില്‍. ഞാന്‍ ഡിഗ്രിക്ക് ഒന്നാം വര്‍ഷം. രാത്രിയില്‍ ഒരു വശത്ത് അവള്‍ , മറുവശത്ത് അവളെക്കാള്‍ രണ്ടര വയസ്സ് മൂത്ത മകന്‍. ഞങ്ങള്‍ മൂന്നാളും ചേര്‍ന്നിരുന്ന് പഠിച്ചും പഠിപ്പിച്ചും കാലത്തെ നേരിട്ടു. അവള്‍ എട്ടാം ക്ലാസ്സിലായപ്പോഴേക്കും ഞാന്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി ജി ബിരുദവും നേടി ഫ്രീലാന്‍സറായി. അപ്പോഴാണ് 'മാതൃഭൂമി'യില്‍ ട്രെയ്‌നിയായി ചേരാനുള്ള സുവര്‍ണ്ണാവസരം എനിക്ക് കിട്ടുന്നത്. പക്ഷേ, എന്തിനും ഒരു മറുവശമുല്ലോ. കോഴിക്കോടിന് പോയാലേ കരിയറില്‍ പ്രവേശിക്കാനാവൂ. രണ്ടു മക്കളെയും ഭര്‍ത്താവിനെയും കോട്ടയത്തു വിട്ടിട്ടു മലബാറിനു വണ്ടി കയറുക  എന്നത് വലിയൊരു സംഭവമല്ല ഇന്ന്. ഒരുപാട് മോഹിച്ച ജോലി കിട്ടുക എന്നത് അത്ര ചെറിയ കാര്യമല്ല. ഞാനാകെ ചിന്താക്കുഴപ്പത്തിലായി.

കൗമാരപ്രായക്കാരായ മക്കളെ  നാട്ടില്‍ വിട്ടിട്ട് ജോലിക്ക് ദൂരേക്ക് പോകുന്നതില്‍ എന്റെ അച്ഛനമ്മമാര്‍ ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചു.. വല്ലാതെ  ധര്‍മ്മസങ്കടത്തിലായ ആ ദിവസങ്ങളില്‍ ഒന്നില്‍ മകള്‍ , ആ എട്ടാം ക്ലാസ്സുകാരി എന്റെ അടുത്തേക്കു വന്നു.' എന്നെ കെട്ടിപ്പിടിച്ചിട്ട് അവള്‍ പറഞ്ഞു, അമ്മ ഒത്തിരി കൊതിച്ച ജോലിയല്ലേ, അമ്മ പൊയ്‌ക്കോ, വീട്ടിലെ കാര്യം ഞാന്‍ നോക്കാം '.
പത്തില്‍ പഠിക്കുന്ന മകനും അവന്റെ അച്ഛനും എനിക്ക് ധൈര്യം പകര്‍ന്നു. വീട്ടിലെ സഹായിയായ പെണ്‍കുട്ടിയുടെ കൂടെ പിന്‍ബലത്തില്‍ ഞാന്‍ അങ്ങനെ കോഴിക്കോടിന് തീവണ്ടി കയറി. അതോടെ അമ്മ വെറും ആഴ്ചാവസാന വിരുന്നുകാരിയായി മാറി. ശനിയാഴ്ച അര്‍ധരാത്രി വീട്ടിലെത്തി ഞായറാഴ്ച പാതിരാട്രെയിനിന് മടങ്ങുന്ന ഒരമ്മ. ഒരാഴ്ചത്തേക്കു വേണ്ട മീന്‍ കറിയും ഇറച്ചി ഉലര്‍ത്തിയതും പലപല പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ വച്ച്, അച്ചാറും ചമ്മന്തിപ്പൊടിയും കുപ്പികളിലാക്കി ഏല്‍പ്പിച്ച് ഒത്തിരി ഖേദത്തോടെ മടക്കയാത്രകൾ.

ഒപ്പമുള്ള അമ്മമാർ അവധിയെടുത്ത് മക്കളെ പഠിപ്പിച്ച് 10-ാം ക്ലാസ്സും പ്ളസ്ടുവും കടമ്പ കടത്തിയപ്പോൾ എൻ്റെ പാവം മക്കൾ തനിയെ പഠിച്ചു. വീട്ടിൻ്റെ ചുമതലകൾക്കൂടി ഏറ്റെടുത്ത കുട്ടി മികച്ച മാർക്കു വാങ്ങി  .
എട്ടു വര്‍ഷം ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും മകന്‍ എം.എക്കാരനും മകള്‍ ബി എസ് സിക്കാരിയുമായി.

മക്കള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ജേണലിസത്തിനും എം എസ് സി ക്കുമായി  യാത്രയായപ്പോള്‍ ഞാന്‍ ട്രാന്‍സ്ഫര്‍ വാങ്ങി വീട്ടിലെത്തി. ജീവിതം അതിന്റെ പ്രധാന വഴിത്തിരിവിലെത്തിയെന്ന തിരിച്ചറിവ് എന്നെ വിഴുങ്ങി. കിളികളില്ലാത്ത കൂടായി മാറിയ എന്റെ വീട് നിശബ്ദമായി എന്നെ കാത്തു കിടന്നു. മക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്ന മുറികളില്‍ കണ്ണീരടക്കി ഞാന്‍ നിന്നു.  പ്രളയത്തിരയില്‍ ആടിയുലയുന്ന ആറ്റുവവഞ്ചി പോലെ, ഓര്‍മകളുടെ തിരയിളക്കത്തില്‍ ഞാന്‍ അടിപതറി. നഷ്ടബോധം എന്നെ ഉലച്ചു. എനിക്കറിയാം, ആ പഴയ  കാലം ഇനി ഒരിക്കലും തിരികെ വരില്ലെന്ന്.. മക്കള്‍ പറക്കാന്‍ പഠിക്കുകയായി. ചിറകിനു ശക്തി വച്ചാല്‍ പിന്നെ അവര്‍ പറന്നു പറന്ന്, അങ്ങ് വിദൂരത്തേക്കു പോകുകയായി..

കുട്ടികള്‍ മിടുക്കരാവണം. അതിനു വേണ്ടിയാണ് നമ്മള്‍ മാതാപിതാക്കള്‍ അദ്ധ്വാനിക്കുന്നത്. എന്നാലും എന്തോ ഒരു നഷ്ടബോധം നമ്മളെ വേട്ടയാടാതിരിക്കില്ല.

അലമ്പിപ്പോകാതെ, നന്നായി പഠിച്ചാല്‍ കേരളത്തിന് പുറത്തുവിട്ടും ഏറ്റവും നല്ല വിദ്യാഭ്യാസം  തരാം എന്ന് അവര്‍ക്കു കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു. പക്ഷേ,എന്റെ മക്കളുടെ കൗമാരം കടന്നു പോയത് ഞാനറിഞ്ഞില്ല. അവരുടെ കൗമാരകാല സമ്മര്‍ദ്ദങ്ങള്‍ പങ്കിടാന്‍  ഞാന്‍ അടുത്തില്ലായിരുന്നു. അവരെ കേള്‍ക്കാന്‍  അരികിലില്ലായിരുന്നു. അവര്‍ യൗവ്വനത്തിലെത്തിയത് അടുത്തറിയാനും എനിക്കായില്ല. കുടുംബത്തെ വിട്ട് വിദൂരത്തില്‍പ്പോയി അവര്‍ക്കായി ജീവിതം ഹോമിക്കുന്ന എല്ലാ അച്ഛനമ്മമാര്‍ക്കും നേരിടേണ്ടി വരുന്ന മാനസ്സിക സമ്മര്‍ദ്ദങ്ങളാണിത്.  വെല്ലുവിളികള്‍ നേരിട്ട് നമ്മള്‍ പലതും നേടി ജീവിതത്തില്‍ വിജയിക്കും. പക്ഷേ,അതിനിടെ നഷ്ടങ്ങളുടെ ചില മുറിപ്പാടുകളുമുണ്ടെന്നത് നമ്മുടെ മാത്രം  വലിയ തിരിച്ചറിവാണ്.

മകള്‍ എം ഫില്‍ നേടി തിരിച്ചെത്തുമ്പോഴേക്കും മകന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ജേണലിസ്റ്റായി നാട്ടിലെത്തി. എന്റെ സങ്കടം ദൈവം കണ്ടിട്ടാവണം ഒരു വര്‍ഷം മകള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. അവള്‍ പഠിച്ച, കോട്ടയത്തെ പ്രശസ്തമായ സിഎംഎസ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത ഒരു വര്‍ഷം ഞങ്ങള്‍ പരസ്പരം ചേര്‍ത്തു പിടിച്ചു, സ്‌നേഹിച്ചു, കലമ്പി.. പിണങ്ങിയും ഇണങ്ങിയും ഒരുപാട് ചിരിച്ചും യാത്രകള്‍ ചെയ്തും ആഹ്‌ളാദിച്ചു. പിന്നെ, വിവാഹിതയായി , അമേരിക്കയിലേക്ക് വിമാനം കയറാന്‍ വിങ്ങലോടെ ഉമ്മ തന്ന് യാത്ര പറയുന്ന  അവളെ നോക്കി നിന്നപ്പോള്‍  ഞാനോര്‍ത്തത് അവളെ നഷ്ടമായ ആ പഴയ എട്ടു വര്‍ഷങ്ങളെപ്പറ്റിയായിരുന്നു.

എന്തിനായിരുന്നു എന്റെ കുഞ്ഞുമോള്‍ അന്ന് എട്ടാം ക്ലാസ്സില്‍ വച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തം  സ്വയം ഏറ്റെടുത്തത്? തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ച ഒരമ്മയെന്ന കുറ്റബോധം തോന്നാതിരുന്നിട്ടില്ല. പക്ഷേ പിന്നീട് മനസ്സിലായി അതൊരു നിയോഗമായിരുന്നുവെന്ന്. ജീവിതത്തിന്റെ പാതകള്‍ വെല്ലുവിളി നിറഞ്ഞതും കഠിനവുമാവുമ്പോള്‍ പിന്നിട്ട കാലങ്ങള്‍ പലപ്പോഴും  നമ്മള്‍ക്ക് കരുത്തേകും. കുഞ്ഞിളം പ്രായത്തില്‍ വലിയ ചുമട് തോളിലേറ്റിയവര്‍ക്ക് യൗവ്വനത്തില്‍ ഒരു ശിശുവിന്റെ ഭാരം തൂവല്‍ കനമായി തോന്നാം. ജീവിതമേല്‍പ്പിച്ച കനത്ത പ്രഹരങ്ങളെ സമചിത്തതയോടെ ഒറ്റയ്ക്ക് നേരിടാനുള്ള  ധൈര്യം അവള്‍ക്കു പകര്‍ന്നത് ആ പഴയ എട്ടുവര്‍ഷങ്ങളായിരിക്കാം.  എല്ലാം നല്ലതിന്..
നമ്മള്‍ക്കു സംഭവിച്ചതും സംഭവിക്കുന്നതും ഇനി സംഭവിക്കാന്‍ പോകുന്നതും എല്ലാം നല്ലതിന്.

  നന്ദി മകളേ,നീ എന്റെ വയറ്റില്‍ പിറന്നതിന്, ജീവിതത്തിന്റെ പ്രത്യക വഴിത്തിരിവില്‍  എനിക്ക് തുണയായതിന്.. ഞാനൊരു പത്രപ്രവര്‍ത്തകയായതിനു പിന്നില്‍ നിന്റെ അര്‍പ്പണമുണ്ട്, കഷ്ടപ്പാടുകളുണ്ട്.  ഈ ദിവസത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കാണ് ഞാന്‍ നന്ദി പറയുക.

Join WhatsApp News
Blessed memories , in the Flame of Love 2022-05-08 18:56:49
Thank you for the sharing of the memories - memory , a gift that the Holy Spirit loves to adorn and anoint with grace , in reminders of the errors of the past of oneself or of others , to either repent, be forgiven and set free or to extend compassion .. to thus transform same as occasions of gratitude ..memories of the good moments to relish again and again, with deepening wonder and gratitude ..beautiful meditations on same at the Catholic News Agency site ( CNA ) by Pope Francis on May 24 , 2017 - how Jesus walks with us to give us hope and warm the heart ..He , who with heroic Love , embraces the exile as bilocation from the glory of the heavens in the mystery of the Incarnation , while still being in the Eternal glorious Oneness in The Trinity .. Hope to read the related book by the Pope - 'Walking with Jesus ' , trusting that same would be as good as another one of his books blessed to be reading recently , under the title - ' Let us dream' - to bring hearts closer together in seeing the issues of our times in the love and wisdom of a good Father's heart ..hope families would be blessed to make up for the past divides/ privations of absence of dear ones around , in the efforts to use our gift of time , to bring those moments/persons again and again , unto The Lord of Life to deepen us in The Spirit ... bridging distances of the hearts by the Flame of Love of the Immaculate Heart - a timely devotion given esp. for our times , with many on line resources also under same title . God bless !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക