Image

കിണർ (കഥ: സുനിൽ അടൂർ)

Published on 08 May, 2022
കിണർ (കഥ: സുനിൽ അടൂർ)

സൂര്യൻ എവിടെയോ പോയി ഒളിച്ചെന്ന് തോന്നിപ്പിക്കുന്ന ഒരു തോരാ മഴക്കാലം.
ആളുകളൊക്കെ മഴയെ ശപിച്ചു തുടങ്ങി.  സമ്മിശ്രവികാരങ്ങളുടെ ഒരു കേന്ദ്രമാണ് മഴ സമ്മാനിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കാമുകിയോ കാമുകനോ കൂടെയുള്ളപ്പോൾ പ്രണയമഴ. കർഷകർക്ക് ആശ്വാസമഴയും ചിലപ്പോഴൊക്കെ നാശം പിടിച്ചമഴയുമാകും. യാത്രക്കാർക്ക് ശല്യമഴ. വെറുതെ വീട്ടിലിരിക്കുന്നവർക്കു മഴയത്തു കട്ടനും ജോൺസൺ മാഷിന്റെ പാട്ടും കേൾക്കാൻ തോന്നും. ഇതൊന്നുമല്ലാതെ മഴ ജീവവായുവിന് തുല്യമാകും ചിലപ്പോഴെങ്കിലും മനുഷ്യജീവിതത്തിൽ.

ഇടയ്ക്കൊന്നു തുള്ളി തോർന്നപ്പോൾ  കൈപ്പത്തി കുടയാക്കി ആദിത്യൻ കാറിനടുത്തേയ്ക്ക് ഓടി.

കാർ സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞാൽ ആദിത്യൻ എപ്പോഴും ഇങ്ങനെ വിളിക്കും,

"എടീ, സമയം പോകുന്നു. വേഗം വാ. നമ്മൾ ലേറ്റ് ആകും. എന്താ ഇതിനും വേണ്ടി ഒരുങ്ങാൻ.  നിന്നെ ആരും പെണ്ണ് കാണാനൊന്നും പോകുന്നില്ല.

"ആഹാ ആദിയേട്ടനും പിള്ളേർക്കും പാന്റും ഷർട്ടും ഇട്ടു വണ്ടിയിൽ കേറിയിരുന്നാൽ മതിയല്ലോ. ഈ വീട്ടിലെ എന്തെല്ലാം കാര്യങ്ങൾ ഒതുക്കിയിട്ടു വേണം എനിക്കിറങ്ങാൻ" ഭാര്യ അമ്മുവിന്റെ പരിവേദനം.

പക്ഷെ ഇന്നത്തെ യാത്രയ്ക്ക് വീട്ടിൽ ഒന്നും ഒതുക്കി വയ്ക്കാനില്ലെന്ന് അവർക്കറിയാം. കാരണം ഇന്നവർ വാടക വീട്ടിൽ നിന്ന് പുതിയ വീട്ടിലയ്ക്ക് താമസം മാറുകയാണ്.

കൈയിൽ പത്ത് പൈസ എടുക്കാനില്ലാത്ത അവസ്ഥയിൽ ആദിത്യന്റെ വീടെന്ന സ്വപ്നത്തിലേക്കുള്ള ദൂരം അതികഠിനമായിരുന്നു. ഹൗസിങ് ലോൺ അപേക്ഷ നാലഞ്ചു ബാങ്കുകൾ പല കാരണങ്ങളാൽ തള്ളിക്കളഞ്ഞെങ്കിലും നിരാശനാകാതെ അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം ഒരു ബാങ്ക് രക്ഷയ്ക്കെത്തി.  സ്വന്തം വീട് എന്ന ഏറെ നാളത്തെ സ്വപ്നം സഫലീകരിച്ചു.

പുതിയ വീടായതിനാൽ സാധനങ്ങൾ എല്ലാം പുത്തൻ ആകണമെന്നു ആദിത്യന് നിർബന്ധം. കടമാണെങ്കിലും എല്ലാ പണികളും തീർക്കണമെന്ന ഉപദേശം പലരുടെയും പക്കൽ നിന്നും സ്വീകരിച്ചെങ്കിലും കിണറു മാത്രം പല കാരണങ്ങളാൽ കുഴിക്കാൻ പറ്റിയില്ല. തൊട്ടടുത്ത പുരയിടക്കാരന്റെ വെറുതെ കിടക്കുന്ന കിണറിൽ നിന്ന് വെള്ളം എടുത്ത് വീടുപണിഞ്ഞു. ആൾതാമസമില്ലാത്തതിനാലാകാം വെള്ളം എടുത്തുകൊള്ളാൻ അനുമതി കിട്ടി.

ആദിത്യനും പിള്ളേരും വണ്ടിയിൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറേ നേരമായി. ഏതാനും മിനിറ്റുകൾക്കകം അമ്മു കയ്യിലൊരു തുളസിച്ചെടി ചട്ടിയോടെ എടുത്തുകൊണ്ടു കാറിൽ കയറി.

" എന്നും ഇല മാത്രമാണല്ലോ, ഇന്നെന്താ ചട്ടിയോടെ?" ആദിത്യന്റെ അന്വേഷണം.
ഒരു തുളസികതിർ നുള്ളി വണ്ടിയിൽ ഗണപതി ഭഗവാന്റെ ചെറിയ രൂപത്തിന് മുന്നിൽ സമർപ്പിക്കും.
അത് അമ്മുവിന്റെ ഒരു വിശ്വാസമാ...പോകുന്ന കാര്യം ശുഭമാകുമത്രേ.
ആളൊരു കമ്മ്യൂണിസ്റ്റ്കാരനാണെങ്കിലും ആദിത്യനും ഒരു വിശ്വാസം ഇല്ലാതില്ല.
ഇനിയിപ്പോ നമ്മുടെ വീട്ടിൽ കൊണ്ട് വയ്ക്കാമല്ലോ. അമ്മു ഡോർ അടച്ചതും അയാൾ വേഗം വണ്ടി മുന്നോട്ടെടുത്തു. വീണ്ടും മഴ ശക്തമായി. വൈപ്പർ ഫുൾ സ്പീഡിൽ ഇട്ടിട്ടും റോഡ്‌ കാണാൻ കുറച്ചു ബുദ്ധിമുട്ടാണ്. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ ആദി വണ്ടിക്കു വേഗം കൂട്ടി. 

"ആദിയേട്ടാ, നമുക്ക് ഒരു തിരക്കുമില്ലല്ലോ സ്പീഡ് വേണ്ട...ട്ടോ .... " അമ്മുവിന്റെ ശാസന...

അവൾ കൂടെയുണ്ടെങ്കിൽ തന്റെ വണ്ടിക്ക് ഇടത് വശത്തു ഒരു ബ്രേക്ക് കൂടി ഉണ്ടാവുമെന്ന് ആദിത്യൻ എപ്പോഴും ഓർക്കും.

അര മണിക്കൂറിനുള്ളിൽ അവർ പുതിയ വീട്ടിലെത്തി. നല്ല സമയം നോക്കി പാലുകാച്ചി സാധനങ്ങൾ എല്ലാം നേരത്തെ എത്തിച്ചത് കൊണ്ട് ടെൻഷൻ ഒഴിവായി.

ഒന്നു രണ്ടു മാസങ്ങൾ കടന്നുപോയി. മഴയ്ക്ക് ശമനമായെങ്കിലും കടുത്ത സാമ്പത്തിക ഞെരുക്കം കാരണം അക്കാലയളവിലും ആദിത്യന് കിണർ കുഴിപ്പിക്കാൻ പറ്റിയില്ല. വീടിന്റെ കുറച്ചു താഴെ പാടം ആയതിനാൽ എപ്പോഴും നല്ല കാറ്റ് കിട്ടും. ആ കാറ്റിന്റെ ശീതളിമയിൽ അവർ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.

ആ നാട്ടിൽ എല്ലാ വീട്ടിലും കിണറുണ്ടെങ്കിലും വേനൽക്കാലത്തു വെള്ളത്തിന് ദൗർലഭ്യമാണ്.

കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള വേനൽക്കാലം. കിണറുകൾ വറ്റിവരണ്ടു. ആൾക്കാർ വെള്ളം അന്വേഷിച്ച് പരക്കം പാഞ്ഞു തുടങ്ങി. ആ അന്വേഷണം ചെന്നെത്തിയത് ഒരു പാടത്തിനടുത്തു വറ്റാത്ത കുളത്തിൽ. ആരും അങ്ങോട്ട്‌ പോകാറില്ല. പണ്ട് കാലത്ത് ആരൊക്കെയോ അവിടെ മുങ്ങി മരിച്ചിട്ടുണ്ടത്ര.

കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോൾ നാട്ടിലെ കുറേ ചെറുപ്പക്കാർ മുൻകൈ എടുത്ത് ആ കുളം വൃത്തിയാക്കി. പക്ഷെ ഇത്രയും ദൂരം വന്നു വെള്ളം എടുത്തുകൊണ്ടു പോകാൻ ബുദ്ധിമുട്ടാണ്. അതിനു പമ്പുസെറ്റും വാട്ടർ ടാങ്കും വെള്ളമെത്തിക്കുന്നതിനായി പൈപ്പും വേണം. പണമില്ലാത്തതിനാൽ പഞ്ചായത്തിന്റെ സഹായത്തോടെ ഒരു പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ആ കാര്യം നടത്തി. പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾക്കാണ് ഈ പദ്ധതിയുടെ അവകാശമെങ്കിലും കുടിവെള്ള പ്രശ്നമായതിനാൽ ഇതര വിഭാഗത്തിൽ പെട്ടവർക്കും പരാതിയില്ലാതെ വെള്ളത്തിന്റെ കണക്ഷൻ കിട്ടി.  

പക്ഷെ ആ വാട്ടർ കണക്ഷന് വേണ്ടി കുറേ പുതിയ വീട്ടുകാർ ചോദിച്ചപ്പോൾ ഒരു പ്രത്യേക വിഭാഗത്തിന്റെ പദ്ധതിയായതിനാൽ അതെല്ലാവർക്കും കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു ചിലർ എതിർത്തു.  ചില്ലറ വാക്ക് തർക്കങ്ങൾ ഉണ്ടായെങ്കിലും അവർ അവസാനം കുഴൽക്കിണർ കൊണ്ട് വെള്ളത്തിനു പരിഹാരം കണ്ടെത്തി.

ഈ പ്രശ്നങ്ങൾ നിലനിൽക്കെയാണ് ആദിത്യന്റെ അവിടെയ്ക്കുള്ള വീടുമാറ്റം. കിണറില്ലാത്തതിനാൽ ആദിത്യനും വാട്ടർ കണക്ഷൻ ആവശ്യപ്പെട്ടു.
ഇത്തവണയും ചിലർ ശക്തിയുക്തം എതിർത്തു. കൂടുതലാളുകൾക്ക് കൊടുത്താൽ ഉള്ളവർക്ക് തന്നെ വെള്ളം കിട്ടാതെയാകും എന്നതാണ് അവരുടെ ഉൽഘണ്ഠ.

"ഇനിയും ഇവിടെ വെറുതെ കിടക്കുന്ന പുരയിടത്തിലൊക്കെ വീടുകൾ വരും. എല്ലാവർക്കും കൊടുക്കാൻ പറ്റുമോ"
ഒരു വിദ്വാന്റെ ധാർഷ്ട്ര്യം നിറഞ്ഞ വാദം.

പൊട്ടക്കിണറ്റിലെ തവളയുടെ ചിന്താഗതിയുള്ള ഇവരോടൊക്കെ എന്ത് സംസാരിക്കാൻ. ജനസംഖ്യാനുപാതികമായി വീടുകളും മറ്റു സൗകര്യവും വർധിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവർ. നാട്ടിലെന്തെങ്കിലും പുതുതായി വരുന്നു എന്നറിഞ്ഞാൽ ഇക്കൂട്ടർ കണ്ണുംപൂട്ടിയെതിർക്കും. എന്നിട്ട് വികസിതരാജ്യങ്ങളിലെ സൗകര്യങ്ങളെകുറിച്ച് വാനോളം പുകഴ്ത്തും. അമേരിക്കയിലെ റോഡുകളൊക്കെ എത്രമാത്രം വൃത്തിയാണെന്ന് മാലിന്യം വഴിയരികിൽ തള്ളിയിട്ടു പറയും. 

ആദിത്യൻ അവിടെ പുതിയ ആളായതിനാൽ എതിർത്തൊന്നും പറഞ്ഞില്ല.

രാത്രിയിൽ മഞ്ഞും തണുപ്പുമാണെങ്കിലും പകൽ സൂര്യൻ കത്തിജ്വലിച്ച് ചൂട് മുഴുവൻ ഭൂമിയിലേക്ക് മാത്രം ആവാഹിച്ചു. 

"ഇപ്രാവശ്യം വേനൽ കടുക്കുമെന്നാ തോന്നുന്നേ."

അടിത്തട്ട് കാണാറായ കിണറ്റിലേക്ക് നോക്കി ആദിത്യൻ തൊട്ടടുത്തു നിന്ന അമ്മുവിനെ നോക്കി പറഞ്ഞു.

"ഒരുപാടു ആഗ്രഹിച്ചു വച്ച വീടാണ്. ഇനിയെന്ത് ചെയ്യും"
സദാ പുഞ്ചിരി തൂകുന്ന അവളുടെ സുന്ദരമുഖം മങ്ങി.

കലണ്ടറിലെ ദിവസങ്ങൾക്കൊപ്പം കിണറ്റിലെ വെള്ളത്തിന്റെ അളവും കുറഞ്ഞു വന്നു. അതികഠിനമായ വേനലിൽ ആ ഭാഗത്തെ കിണറുകളെല്ലാം വറ്റി.  പൂക്കളും പുൽനാമ്പുകളും കരിഞ്ഞുണങ്ങി.
ദേശാടനപക്ഷികൾ പറ്റിയ സ്ഥലം നോക്കി പറന്നു പോയി. 

വാട്ടർ കണക്ഷൻ ഉള്ളവർ കുറേനാൾ കൂടി പിടിച്ചു നിന്നെങ്കിലും അതിനധികം ആയുസ്സുണ്ടായില്ല.

ധാർഷ്ട്ര്യത്തോടെ മറ്റാർക്കും കൊടുക്കാതെ കുറച്ചാൾക്കാർ മാത്രം കൈയടക്കി വച്ചിരുന്ന ഒരു വേനലിലും വറ്റാത്തതെന്ന് അഹങ്കരിച്ചിരുന്ന ആ കുളവും കൊടുംവേനലിൽ വറ്റി വരണ്ടു.

കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യ സാധാരണമായിരുന്നെങ്കിൽ ഓരോരോ കമ്പനികൾ വീട്ടിൽ മഴ പെയ്യിച്ചു തരുന്ന ഓഫറുമായി വിളിച്ചു നാട്ടുകാരെ ബുദ്ധി മുട്ടിക്കുന്ന സമയമായിരുന്നേനെ.

കൂടാതെ ഓരോ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ  പതിച്ചേനെ. 
"കുറഞ്ഞ ചെലവിൽ മഴ പെയ്യിച്ചു തരും "

പക്ഷെ നാട്ടിൽ വെള്ളമുള്ളത് പാടത്തിനു നടുവിൽ കുറച്ചകലെയായി ആരോ കുത്തിയ ഒരു കുഞ്ഞു കിണറ്റിൽ മാത്രം.

ആദിത്യന്റെ വീടിന്റെ മുന്നിൽ കൂടി പാടത്തേയ്ക്കുള്ള കാടു പിടിച്ച വഴിയായതിനാൽ അവൻ സ്വന്തം പുരയിടത്തിൽ കൂടി താത്കാലിക വഴി ശരിയാക്കി കൊടുത്തു. ഒരിറ്റു കുടിനീരിനു വേണ്ടി അതുവഴി കുടവും ബക്കറ്റുമൊക്കെയായി നടന്നു പോകുന്ന നിരാശ നിറഞ്ഞ മുഖങ്ങൾ. 

വെള്ളമെടുത്തു നടന്നു വന്ന ചില മുഖങ്ങൾക്ക് എതിർപ്പിന്റെ ധാർഷ്ട്ര്യം അപ്പോഴും ഉണ്ടായിരുന്നുവോ.

ജൂണിലെ മഴ പെയ്യുന്നത് വരെ ഏകദേശം രണ്ടു മാസത്തോളം ജലക്ഷാമം രൂക്ഷമായി തുടർന്നു.  കാത്തിരിപ്പിനോടുവിൽ മഴയെത്തിയതിനാൽ നാട്ടിൽ ആവശ്യത്തിന് വെള്ളമായി. 

പഴയതൊക്കെ നാട്ടുകാർ മറന്നു തുടങ്ങി. ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു പ്രഭാതത്തിൽ തന്റെ വീടിനെ ലക്ഷ്യമാക്കി രണ്ടുമൂന്നു പേർ നടന്നു വരുന്നത് മുറ്റത്തു നിൽക്കുകയായിരുന്ന ആദിത്യൻ ശ്രദ്ധിച്ചു. പഞ്ചായത്ത്‌ മെമ്പരോടൊപ്പം വന്ന എതിർപ്പ് കക്ഷികളായ രണ്ടു പേരെ കണ്ട മാത്രയിൽ അവൻ തിരിച്ചറിഞ്ഞു.

"ആദിത്യൻ ക്ഷമിക്കണം, ഞങ്ങൾ എതിർക്കാൻ പാടില്ലായിരുന്നു. ജലദൗർലഭ്യം ഭീകരമായ അവസ്ഥയാണെന്ന് അറിയാമെങ്കിലും സ്വാർത്ഥ താല്പര്യത്താൽ നിങ്ങൾക്ക് നിഷേധിച്ചു"

"കുഴപ്പമില്ല, നിങ്ങൾ തിരിച്ചറിഞ്ഞല്ലോ" ആദിത്യന് സന്തോഷം അടക്കാനായില്ല.

"എത്രയും വേഗം കണക്ഷൻ തരാൻ ഏർപ്പാട് ചെയ്യാം." അയാൾ ആദിത്യന് നേരെ ഹസ്തദാനത്തിനായി കൈനീട്ടി.

തിരിച്ചു കൈനീട്ടിയപ്പോൾ ഒരു ചില്ല് വീണുടയുന്ന ശബ്ദം കേട്ട് ആദിത്യൻ ഞെട്ടിയുണർന്നു. എഴുന്നേറ്റ് താഴെ വീണു പൊട്ടിയ ചായ ഗ്ലാസ്‌ എടുത്തു മാറ്റി വച്ചു. 

നല്ല തണുപ്പ്. ജനാല തുറന്നു പുറത്തേക്കു നോക്കി. 

മഴ ശക്തിപ്രാപിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക