27000 ഏക്കറിന്റെ ഡിസ്നിയുടെ രഹസ്യ  ഭൂമിഇടപാട് (മധു കൊട്ടാരക്കര-24  ന്യുസ്)

Published on 08 May, 2022
27000 ഏക്കറിന്റെ ഡിസ്നിയുടെ രഹസ്യ  ഭൂമിഇടപാട് (മധു കൊട്ടാരക്കര-24  ന്യുസ്)

അമേരിക്കയുടെ ചരിത്രത്തിന്റെ ഏടുകളിൽ രണ്ട് സുപ്രധാന സംഭവങ്ങളാണ് 1963 നവംബർ 22-അടയാളപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ടതിനെ തുടർന്ന് നാഥനില്ലാ നാടായി നിമിഷങ്ങങ്ങളെണ്ണി നീങ്ങിയ അമേരിക്കയിൽ അതേദിവസം  തന്നെ  ആയിരുന്നു   വിനോദവ്യവസായത്തിന്റെ  നാഥനായിരുന്ന  വാൾട്ട് ഡിസ്നി ആനന്ദത്തിന്റെ അവസാന വാക്കായ  വാൾട്ട് ഡിസ്നി വേൾഡ് ഫ്‌ളോറിഡയിൽ നിർമ്മിക്കുവാൻ തീരുമാനമെടുത്തതും .

 ഓർലാന്റോയിലെ ചതുപ്പ് നിലത്തിൽ, 25,000-ത്തോളം ഏക്കർ ഭൂമിയിൽ വിസ്മയ  കാഴ്ചകളുമായി പരന്നു കിടക്കുന്ന ഡിസ്നി വേൾഡിനെക്കാളും അമ്പരപ്പിക്കുന്നതാണ് ഈ പദ്ധതി സാക്ഷാത്ക്ക രിക്കാൻ വാൾട്ട് ഡിസ്നി അതീവ രഹസ്യമായി നടത്തിയ ഭൂമി ഏറ്റെടുക്കൽ കഥ. രഹസ്യങ്ങൾ സൂക്ഷിക്കുന്നത്  ദുഷ്‌ക്കരമായ അമേരിക്ക പോലൊരിടത്ത്  ആവശ്യം വേണ്ട ഭൂമി ലഭിക്കും വരെയ്ക്കും സസ്‌പെൻസ് നിലനിർത്തിയ ഒരു land chasing  ത്രില്ലറായിരുന്നു അക്ഷരാർത്ഥത്തിൽ വാൾട്ട് ഡിസ്‌നിയുടെ നീക്കങ്ങൾ. പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം അതിനായുള്ള ഭൂമി തപ്പിയിറങ്ങിയാൽ അത് തന്റെ കൈയ്യിലൊതുങ്ങില്ല എന്നറിയമായിരുന്നതിനാലാണ് വാൾട്ട് ഡിസ്നി തന്റെ നീക്കങ്ങൾ ആരെയും അറിയിക്കാതെ  കരുക്കൾ നീക്കിയത്.

watch the video

27000 ഏക്കറിന്റെ ഡിസ്നിയുടെ രഹസ്യ ഭൂമി ഇടപാട് | AMERICAN TIMES | Epi #21 | 24 News - YouTube

കാലിഫോർണിയയിൽ സ്ഥാപിച്ച ഡിസ്‌നിലാൻഡിന്റെ വാൻ വിജയത്തിനുശേഷമാണ്  അതിനേക്കാൾ വലിയ മറ്റൊരു വെക്കേഷൻ റിസോർട്ട് സ്ഥാപിക്കാൻ വാൾട്ട് ഡിസ്‌നി പ്രൊഡക്ഷൻസ് തീരുമാനിക്കുന്നത്. ആ തീരുമാനത്തിനു പിന്നിൽ രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, അമേരിക്കയിലെ ജനസംഖ്യയുടെ 75 ശതമാനം പേർ വസിക്കുന്ന കിഴക്കൻ  പ്രദേശത്തു നിന്നും കേവലം അഞ്ചു ശതമാനം പേർ മാത്രമാണ് ഡിസ്‌നിലാൻഡിലേക്ക് എത്തിയിരുന്നത്. രണ്ട്, ഡിസ്‌നിലാൻഡിനു ചുറ്റിനും  പടർന്ന് പന്തലിച്ച  മറ്റു പല അനുബന്ധ ബിസിനസുകളും പച്ചപിടിച്ചതും അവർ വലിയ വരുമാനം നേടുന്നതും വാൾട്ട് ഡിസ്‌നിക്ക്  അത്ര രസിച്ചില്ല . പുതിയ പാർക്കിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അവിടെ വാൾട്ട് ഡിസ്‌നി പ്രൊഡക്ഷൻസിനു തന്നെ അനുബന്ധ ബിസിനസുകളും ആരംഭിക്കാനാകുമെന്നും അതിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാകുമെന്നും ഡിസ്‌നി കണക്കുകൂട്ടി.

മധ്യഅമേരിക്കയിലെ ഫ്‌ളോറിഡയിൽ കൂടുതൽ വിശാലമായ സ്ഥലത്ത് പാർക്ക് സൃഷ്ടിക്കുകയാണെങ്കിൽ തന്റെ ലക്ഷ്യങ്ങളെല്ലാം നേടാനാകുമെന്ന് മനസ്സിലാക്കിയ ഡിസ്‌നി അതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്ത്  1963 നവംബർ 22-നായിരുന്നു. ഫ്‌ളോറിഡയിലെ ഓർലാന്റോയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തേക്ക് 'പ്രോജക്ട് എക്‌സ്' എന്ന് കോഡ് നെയിം ചെയ്ത തന്റെ സ്വപ്‌നപദ്ധതിയ്ക്ക് സ്ഥലം കണ്ടെത്താൻ വാടകയ്‌ക്കെടുത്ത ഒരു വിമാനത്തിൽ ഡിസ്‌നി യാത്ര ചെയ്തത് അന്നാണ്. റോഡുകളാൽ ബന്ധിപ്പിക്കപ്പെട്ടതും എളുപ്പത്തിൽ വികസനപ്രവർത്തനങ്ങൾ സാധ്യമായതുമായ ഒരു പ്രദേശത്തിനായുള്ള അന്വേഷണമാണ് ഓർലാന്റോയിലേക്ക് ഡിസ്‌നിയെ എത്തിച്ചത്

വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയ വാൾട്ട് ഡിസ്‌നി കണ്ടത്   സത്യത്തിൽ വാൾട്ട് ഡിസ്‌നി വേൾഡായിരുന്നു!.
  സിൻഡ്രലയുടെ കൊട്ടാരത്തിന്റെ ഗോപുരങ്ങൾ, അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ പുകതുപ്പി നീങ്ങുന്ന  മോണോറെയിൽ, നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഉദ്യാനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആനന്ദിക്കാനാകുന്ന ഒരു അമ്യൂസ്‌മെന്റ് പാർക്ക്. ലോകത്തെല്ലായിടത്തു നിന്നും ജനങ്ങളെത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം . 
തന്റെ സ്വപ്‌നം യാഥാർത്ഥ്യമാകണമെങ്കിൽ അധികം പണം മുടക്കാതെ  വൻതോതിൽ ഭൂമി ഏറ്റെടുത്തേ മതിയാകൂ എന്ന കാര്യം വാൾട്ട് ഡിസ്‌നിക്ക് നന്നായി അറിയാമായിരുന്നു. പലരുടെ കൈവശം, പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുന്ന ഓർലാന്റോയിലെ ഈ പ്രദേശത്തെ ഭൂമി അതീവരഹസ്യമായി ഏറ്റെടുത്തില്ലെങ്കിൽ അവിടത്തെ ഭൂമിവില അതിവേഗം കുതിച്ചുയരുമെന്നും തനിക്കത് അപ്രാപ്യമായി മാറുമെന്നും കണക്കു കൂട്ടിയ  ഡിസ്‌നിയുടെ മനസ്സിൽ എന്നാൽ കൃത്യമായ ഒരു രൂപരേഖ ഉണ്ടായിരുന്നു . 

  നിർദ്ധിഷ്ട സ്ഥലത്തെ ഭൂമികൾ ഒന്നൊന്നായി തുച്ഛ വിലയ്ക്ക് വാങ്ങാനായി  നൂറു കണക്കിനു കടലാസ് കമ്പനികൾ സൃഷ്ടിക്കാനായിരുന്നു വാൾട്ടിന്റെ തീരുമാനം. അതിസമര്തഥനായ വാൾട്ട് ഡിസ്‌നി പ്രൊഡക്ഷൻസിന്റെ അറ്റോർണി പോൾ ഹെല്ലിവെല്ലിനായിരുന്നു പദ്ധതിയുടെ പ്രധാന ചുമതല . ഹെല്ലിവെൽ തന്റെ ലക്ഷ്യത്തിനായി ഓർലാന്റോയിലേക്ക് തിരിച്ചു. ഫസ്റ്റ് നാഷണൽ ബാങ്ക് ഓഫ് ഓർലാന്റോയുടെ പ്രസിഡന്റായ ബില്ലി ഡയലിനെ ഭൂവുടമസ്ഥരുമായുള്ള ചർച്ചകൾക്കായി ഹെല്ലിവെൽ നിയോഗിച്ചു.. പ്രദേശത്ത് വലിയ മുതൽമുടക്ക് കൊണ്ടുവരാൻ പോകുന്ന ഒരു ക്ലയന്റിനെയാണ് താൻ പ്രതിനീധീകരിക്കുന്നതെന്നും മുഴുവൻ ഭൂമിയും ഏറ്റെടുത്തുകഴിയുംവരെ വാങ്ങുന്നയാളുടെ പേര് രഹസ്യമായി വയ്ക്കണമെന്നും ഹെല്ലിവെൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

 ലാറ്റിൻ അമേരിക്കൻ ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കോർപ്പറേഷൻ മുതൽ റീഡി ക്രീക്ക് റാഞ്ച് കോർപ്പറേഷൻ വരെ പല പല കടലാസ് കമ്പനികൾ പൊടുന്നനെ ഒന്നൊന്നായി രൂപം കൊണ്ടു . മയാമിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ റോയ് ഹോക്കിൻസിനെയാണ് പ്രദേശത്തെ ഭൂവുടമകൾക്ക് വാഗ്ദാനങ്ങൾ നൽകാൻ അദ്ദേഹം ചുമതലപ്പെടുത്തിയത്. ആദ്യം വലിയ ഭൂമികൾ സ്വന്തമാക്കുകയും പിന്നീട് അതിനടുത്തുള്ള ചെറിയ സ്ഥലങ്ങൾ ചേർത്തെടുക്കുകയുമായിരുന്നു  ഡിസ്‌നിയുടെ തന്ത്രം .ഒരു തരത്തിലും ഒരാൾക്കും    ഒരു സംശയത്തിനും ഇട നൽകാത്ത വിധം  തുടക്കത്തിൽ രണ്ട് വലിയ ഭൂപ്രദേശങ്ങൾ വാങ്ങാൻ കരാറാകുകയും തുടർന്ന്  ഫ്ളോറിഡ റാഞ്ച് ലാൻഡ്‌സ്  എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മറവിൽ  ഹോക്കിൻസ്   ഭൂമി ഒന്നൊന്നായി  വാങ്ങിക്കൂട്ടി.
 പ്രദേശത്തിനടുത്തുള്ള മറ്റ് കൗണ്ടികളിലെ ഭൂവുടമുകളുമായി താമസിയാതെ മറ്റ് കമ്പനികൾ ഭൂമി കരാറുകളിൽ ഏർപ്പെട്ടു. പല ഭൂവുടമകൾക്കും പൈതൃകമായി ലഭിച്ച ഭൂമിയായിരുന്നു അതെന്നതിനാലും പലരും വിദൂരദേശങ്ങളിൽ വസിക്കുന്നവരായതിനാലും ഏക്കറിന് കേവലം 107 ഡോളറിനു പോലും കച്ചവടങ്ങൾ നടന്നു. ചതുപ്പു പ്രദേശമായതിനാൽ എങ്ങനേയും ഈ ഭൂമി ഒഴിവാക്കിക്കിട്ടാനിരിക്കുന്നവരായിരുന്നു വേറെ ചിലർ. അതെല്ലാം കാര്യങ്ങൾ  അതിവേഗം  തടസങ്ങളില്ലാതെ നീക്കുവാൻ ഡിസ്‌നിയെ സഹായിക്കുകയും ചെയ്തു.

ആദ്യസമയത്ത് വാങ്ങിയ ഭൂമിയുടെ രജിസ്‌ട്രേഷനുകൾ ആ പ്രദേശത്തുള്ള മറ്റ് ഭൂമികൾക്ക് കരാറാകുന്നതു വരെ വൈകിപ്പിക്കുകയായിരുന്നു പ്രധാന  തന്ത്രം. പോരാത്തതിന് പരമാവധി ഭൂമിയും പണമായി തന്നെ തുക നൽകി ഏറ്റെടുക്കുന്നതു വഴി ബാങ്കുകളിലേക്ക് അന്വേഷണം നീണ്ട്, യഥാർത്ഥ ഉടമയിലേക്ക് അത് എത്താതിരിക്കാനും ഡിസ്‌നി ശ്രദ്ധിച്ചു. 

ഏഴു മാസങ്ങൾക്ക് മുമ്പ് നടത്തിയ ഇടപാടായിരുന്നുവെങ്കിലും, 1965 മേയ് മൂന്നിനായിരുന്നു ഫ്‌ളോറിഡ സെനറ്ററായ ഇർലോ ബ്രോൺസണിൽ നിന്നും വാങ്ങിയ 8380 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ. അതായിരുന്നു ആദ്യ ഭൂമി ഇടപാട്. 
ഒരു ഏക്കറിനുള്ള ശരാശരി   182 ഡോളർനൽകി മൊത്തം  51 ഭൂവുടമകളിൽ നിന്നായി 27,443  ഏക്കർ ഭൂമിയാണ് കേവലം 50 ലക്ഷം ഡോളറിന് ഡിസ്‌നി സ്വന്തമാക്കിയത്. ഈ ഇടപാട് പ്രകാരം .

പക്ഷേ ഏതു രഹസ്യവും ഒടുവിൽ പുറത്താകുമല്ലോ. 1965 ഒക്ടോബറിൽ ഓർലന്റോ സെന്റിനെൽ ഫ്‌ളോറിഡ മാഗസീന്റെ എഡിറ്റർ എമിലി baver  ഓർലന്റോയിലെ ഭൂമി വാങ്ങലിനു പിന്നിൽ ഡിസ്‌നിയാണെന്നും അത് ഡിസ്‌നി പാർക്കിനായി വാങ്ങുന്നതാണെന്നും എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എന്നാൽ അതിനോടകം തന്നെ തനിക്കാവശ്യമുള്ള ഭൂമി ഡിസ്‌നി ഏറ്റെടുത്ത് കഴിഞ്ഞിരുന്നതിനാൽ പിന്നീടുള്ള വാങ്ങിക്കൂട്ടൽ അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

രഹസ്യം പുറത്തായതാടെ 1965 നവംമ്പർ 15 നു സഹോദരൻ റോയി ഡിസ്നിയും ഫ്ളോറിഡ ഗവർണ്ണർ ഹെയ്ഡൻ ബെർൺസും ചേർന്ന്  പുതിയ ഡിസ്നി വേൾഡ് വരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 10 കോടി മുതൽ മുടക്കുള്ള ഡോളറിന്റെ  ഡിസ്‌നി വേൾഡ് വരുമ്പോൾ   ഡിസ്‌നിക്ക് 27000 ഏക്കർ വരുന്ന തന്റെ ഭൂമിയുടെ മേൽ    സ്വയം ഭരണാവകാശവും ഗവർണ്ണർ പതിച്ചു നൽകി  . ഫ്ലോറിഡ ഗവണ്മെന്റുമായുള്ള കരാർ പ്രകാരം ഡിസ്‌നിക്ക്  നിർദ്ദിഷ്‍ട സ്ഥലത്തുള്ളവരുടെ നികുതി സ്വികരിച്ച് കൊണ്ട്  മറ്റേതു നഗരങ്ങളിലെ പോലെയുള്ള പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും നൽകണം .അങ്ങനെ ഏവരെയും അമ്പരപ്പിച്ച് കൊണ്ട്  അമേരിക്കയിൽ ഒരു സ്വകാര്യ കമ്പനിയുടെ സംപൂർണ്ണ നിയന്ത്രണത്തിൽ ഒരു നഗരം രൂപം കൊണ്ടു .

പാർക്ക് വരുന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ സമീപ പ്രദേശങ്ങളിൽ  ഭൂമി വില ഏക്കറിന് 80,000 ഡോളർ വരെ കുത്തനെ  ഉയർന്നതു . വാൾട്ട് ഡിസ്‌നിയുടെ ദിര്ഘവിക്ഷണത്തിന്റെയും  കണക്കു കുട്ടലുകളുടെയും തെളിവായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.വെറും  50 ലക്ഷം ഡോളറിന് വാങ്ങിയ ഭൂമി ആ വിലയ്ക്ക് ഡിസ്‌നിക്ക് വാങ്ങേണ്ടി വന്നിരുന്നുവെങ്കിൽ ഭൂമിയ്ക്കു മാത്രം അദ്ദേഹത്തിന് 2.2 ബില്യൺ ഡോളർ മുടക്കേണ്ടി വന്നേനെ.

പക്ഷേ അധികകാലം കഴിയും മുമ്പേ വിധിയുടെ വിളയാട്ടത്തിനു മുമ്പിൽ വാൾട്ട് ഡിസ്‌നി പിടഞ്ഞു വീണു .തൊട്ടടുത്ത   വർഷം അതായത് 1966 ഡിസംബർ 15-ന് ശ്വാസകോശാർബുദ പ്രശ്‌നങ്ങൾ മൂലം അദ്ദേഹം മരണമടഞ്ഞു. എന്നാൽ സഹോദരന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ റോയ് ഡിസ്‌നിമുന്നിട്ടിറങ്ങി . 1971 ഒക്ടോബർ ഒന്നിന് 40 കോടി ഡോളർ ചെലവിൽ നിർമ്മിക്കപ്പെട്ട വാൾട്ട് ഡിസ്‌നി വേൾഡ് എന്ന അത്ഭുതലോകം അദ്ദേഹം ലോകത്തിന് തുറന്നുകൊടുത്തു. ലോകത്തെ ഏറ്റവും വിസ്മയകരമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഈ പാർക്കിൽ നാളിതുവരെ ചെലവാക്കപ്പെട്ടിട്ടുള്ളത് 3.5 ബില്യൺ ഡോളറാണ് .

കാലം മാറി ഗവർണർഉം മാറി . അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴത്തെ ഫ്ലോറിഡ ഗവർണ്ണർ ഉം ആയി ഒരു രാഷ്ട്രീയ വിഷയവുമായി  കൊമ്പ് കോർത്തതിനെ തുടർന്ന് വാൾട്ട് ഡിസ്‌നി വേൾഡിന്റെ സ്വയം ഭരണാവകാശം അവസാനിപ്പിക്കുവാനുള്ള ദൃഢനിശ്ചയവുമായി മുന്നോട്ട് നീങ്ങുകയാണ്   ഗവർണ്ണറും സംഘവും.
വലിയ  സ്വപ്നങ്ങളുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലാതെ റെഡ്‌ക്രോസിന്റെ ആംബുലൻസിലെ ഡ്രൈവർ പണിയുപേക്ഷിച്ച് ഫ്രൻസിൽ നിന്ന് ഇരുപതാം വയസ്സിൽ അമേരിക്കയിലേക്ക് 
കുടിയേറിയ ഒരു സമർത്ഥനായ ചെറുപ്പക്കാരനായിരുന്നു വാൾട്ട് ഡിസ്‌നി.ഒടുവിൽ  ഡിസ്‌നിയുടെ സ്വപ്നങ്ങൾക്കൊപ്പം ന്രത്തം  ചവിട്ടുകയായിരിന്നു അമേരിക്കയുടെ വിനോദ മേഖല. അമേരിക്കയെ വിസ്മയിപ്പിച്ച വാൾട്സ്  ഡിസ്‌നി  വേൾഡിനെക്കാളും അമ്പരിപ്പിച്ചത് അതിനായി നടത്തിയ കരു നീക്കങ്ങൾ തന്നെയാണ് .ഒപ്പം കോടിക്കണക്കിനു ഡോളർ മൂല്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ പിന്നിലെ രഹസ്യം ഉള്ളിലൊളിപ്പിച്ച ഡിസ്നിയുടെ കുശാഗ്ര ബുദ്ധിയും .സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ 
ചതുപ്പ് നിലത്തിൽ പൊന്ന് വിളയിച്ച വാൾട് ഡിസ്‌നിയുടെ നിശ്ചയ ദാർഢ്യത്തിനു ചരിത്രത്തിന്റെ താളുകളിൽ എന്നും പൊൻ തിളക്കമുണ്ടാകും

മധു കൊട്ടാരക്കര

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക