കിഴക്കന്‍ പ്രവിശ്യയിലെ  പ്രവാസികളുടെ ഉത്സവമായി നവയുഗം കുടുംബവേദിയുടെ 'മേടനിലാവ് 2022' അരങ്ങേറി.

Published on 10 May, 2022
കിഴക്കന്‍ പ്രവിശ്യയിലെ  പ്രവാസികളുടെ ഉത്സവമായി നവയുഗം കുടുംബവേദിയുടെ 'മേടനിലാവ് 2022' അരങ്ങേറി.

ദമ്മാം: വിഷു-ഈസ്റ്റര്‍-ഈദ്  ആഘോഷങ്ങളുടെ ഭാഗമായി നവയുഗം സാംസ്‌ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച 'മേടനിലാവ് 2022' പരിപാടി,  സംഗീതത്തിന്റെയും, നൃത്തത്തിന്റെയും,  ചിരിയുടെയും, ദൃശ്യാവിഷ്‌കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീര്‍ത്ത്, സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക്, മറക്കാനാകാത്ത ഒരു ദിനം സമ്മാനിച്ച് വിടവാങ്ങി.


 
ഉമല്‍ ശൈഖില്‍ അരങ്ങേറിയ മേടനിലാവ് 2022 പരിപാടി, ഉച്ചയ്ക്ക് വിളമ്പിയ വിഭവസമൃദ്ധമായ  വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കേക്ക് മേക്കിങ്, മെഹന്ദി മത്സരങ്ങള്‍ നടന്നു.കേക്ക് മേക്കിങ് മത്സരത്തില്‍ ജസ്റ്റി ഒന്നാം സ്ഥാനവും, ആതിര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെഹന്ദി മത്സരത്തില്‍ സലീമ അന്‍വര്‍ ഒന്നാം സ്ഥാനവും, മാഷിദ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് മലബാര്‍ ഗോള്‍ഡ് നല്‍കിയ സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കി.

വൈകുന്നേരം നടന്ന കലാസന്ധ്യയ്ക്ക് സൗമ്യ വിജയ്, സുറുമി നസീം, അലീന കലാം എന്നിവര്‍ അവതാരികമാരായി.  കിഴക്കന്‍ പ്രവിശ്യയിലെ നൂറ്റിഇരുപതോളം കലാകാരന്മാരും, കലാകാരികളും അവതരിപ്പിച്ച വിവിധ ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഒരു ഉത്സവകാലത്തിന്റെ പ്രതീതി ഉണര്‍ത്തി. മനോഹരമായ ഗാനങ്ങള്‍, വിവിധ ശാസ്ത്രീയ, സെമി-ക്ളാസ്സിക്ക്  നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തങ്ങള്‍, തിരുവാതിര, കരകാട്ടം, കെപിഎസി നാടകമായ 'അശ്വമേധ'ത്തിന്റെ ഗാനരംഗാവിഷ്‌കാരം, വിവിധ വാദ്യോപകരണപ്രകടനങ്ങള്‍, മിമിക്രി, കോമഡിനൈറ്റ്, തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികള്‍ കലാസന്ധ്യയെ ആഘോഷമാക്കി.  

നൃത്താദ്ധ്യാപകര്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും, മത്സരവിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ഷാജി മതിലകം, പദ്മനാഭന്‍ മണിക്കുട്ടന്‍, ശരണ്യ ഷിബു, അനീഷ കലാം, മിനിഷാജി, നിസാം കൊല്ലം, ബിജു വര്‍ക്കി, തമ്പാന്‍ നടരാജന്‍, സംഗീത സന്തോഷ്,  മീനു അരുണ്‍, സന്തോഷ് കുമാര്‍, മഞ്ജു അശോക്, ദിനേശ്, ഷെമി ഷിബു, റിയാസ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു,  ആരതി.എം.ജി, ബിജി ഷാഹിദ്, അമീന റിയാസ്, സിന്ധുലാല്‍, സനിതാ സന്തോഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക