Image

ഇന്ത്യൻ നിലപാട് അംഗീകരിക്കില്ല; അമേരിക്കയിലെ ഇന്ത്യാക്കാർ റഷ്യക്കെതിരെ

Published on 11 May, 2022
ഇന്ത്യൻ നിലപാട് അംഗീകരിക്കില്ല; അമേരിക്കയിലെ ഇന്ത്യാക്കാർ  റഷ്യക്കെതിരെ

അമേരിക്കയിലെ ഇന്ത്യൻ സമൂഹം സ്വന്തമായ നിലയ്ക്ക്
റഷ്യയുടെ യുക്രൈൻ ആക്രമണത്തെയും  അധിനിവേശത്തെയും  അപലപിക്കാൻ തീരുമാനിച്ചു. റഷ്യൻ നടപടിയെ വിമർശിക്കാൻ ഇന്ത്യ മടിച്ചു നിൽക്കെ, അത്തരമൊരു സമീപനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്താണ് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഈ നീക്കം. 

ഏറെ സ്വാധീനമുള്ള, രണ്ടു മുഖ്യ  പാർട്ടികളിലും പെട്ട, ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകരുടെ ഒരു ഗ്രൂപ്പ് ക്യാപിറ്റോൾ ഹില്ലിൽ ഒരു സെമിനാർ നടത്തും. ജൂൺ 22നു  എന്ന് ഉദ്ദേശിച്ചിട്ടുള്ള സെമിനാറിന്റെ വിഷയം 'യുക്രൈനിലെ വംശഹത്യക്ക് എതിരെ ഇന്ത്യൻ-അമേരിക്കൻ സമൂഹം' എന്നതായിരിക്കും. 

യു എസ് നിയമനിർമാണ സഭാംഗങ്ങൾ പങ്കെടുക്കുന്ന സെമിനാറിൽ മുഖ്യാതിഥി അറിയപ്പെട്ട യോഗ ഗുരു ആയിരിക്കുമെന്നു സംഘാടകർ അറിയിച്ചു. യു എസ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സിലെ ഇന്ത്യൻ-അമേരിക്കൻ അംഗങ്ങളായ ആമി ബേറ, പ്രമീള ജയ്പാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി എന്നിവർ സംസാരിക്കും. ഇവരെല്ലാം റഷ്യൻ ആക്രമണത്തെ ശക്തമായി എതിർക്കുന്നവരാണ്. രഹസ്യമായും പരസ്യമായും ഇന്ത്യൻ നിലപാടിനെ വിമർശിക്കുന്നവരുമാണ്. 

നിശിതമായ ഭാഷയിൽ തന്നെ റഷ്യയെ അപലപിക്കാനാണ്  തീരുമാനം. യു എസ് നയരൂപീകരണ വൃത്തങ്ങൾ ഇന്ത്യ തുടർന്നു പോകുന്ന നിശബ്ദതയെ വ്യാപകമായി വിശകലനം ചെയ്യുകയും വിമർശിക്കയും ചെയ്‌തിട്ടുണ്ട്‌. 

ഇന്ത്യ-യു എസ് ബന്ധങ്ങളിൽ സുപ്രധാന പങ്കു വഹിക്കുന്നവരാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹം. 1998 ൽ പൊക്കാറനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ശേഷം അമേരിക്കയിൽ നിന്നുണ്ടായ രോഷം അടക്കാൻ അവർ ഗണ്യമായ പങ്കു വഹിച്ചു. അതിന്റെ പേരിൽ ഇന്ത്യ ഒറ്റപ്പെട്ടപ്പോൾ 2008ൽ ആ അവസ്ഥ അവസാനിപ്പിച്ച നിയമം കൊണ്ടു  വരാൻ യു എസ് ജനപ്രതിനിധികളെ പ്രേരിപ്പിച്ചതും അവരാണ്. 

ജന്മ നാടിനൊപ്പം നിൽക്കുമ്പോൾ തന്നെ വിസ്മയാവഹമായ രീതിയിൽ അമേരിക്കയോടും ചേർന്നു നിന്നു അവർ. 

റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റ്സിലും അംഗങ്ങളായ ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കു ഒന്നു പോലെ ഇഷ്ടപ്പെട്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങിനെയൊരു സമൂഹം യുക്രൈൻ വിഷയത്തിൽ അദ്ദേഹവുമായി ഇത്ര പരസ്യമായി ഭിന്നത പ്രകടിപ്പിക്കുമ്പോൾ അത് ഇന്ത്യൻ ഗവൺമെന്റിൽ അസ്വസ്ഥത ഉളവാക്കും. 

ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ ആക്രമണം അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളെ എന്ന പോലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും ഞെട്ടിച്ചു. യുദ്ധഭൂമിയിൽ നിന്നു  വരുന്ന മരണത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ കണ്ട് മനസുലഞ്ഞു പോവുകയാണ് അവർക്കും.

മോദി സർക്കാർ ഈ ആക്രമണത്തെ അപലപിക്കാൻ മടിച്ചു നിൽക്കുന്നതിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനു വർധിച്ചു വരുന്ന അസ്വസ്ഥതയുണ്ട്. അതിനെ ന്യായീകരിക്കാനോ അതിന്റെ പേരിൽ മറ്റുള്ളവരുടെ കോപം നേരിടാനോ നിർബന്ധിതരാവുന്നതിൽ അവർക്കു കഠിനമായ രോഷമുണ്ട്.  

ഇന്ത്യ എന്തു കൊണ്ട് റഷ്യൻ ആക്രമണത്തെ പിന്തുണയ്ക്കുന്നു എന്ന് അടുത്തിടെ പെൻസിൽവാനിയയിലെ ഒരു രാഷ്ട്രീയ നേതാവ് ചോദിച്ചതായി ഒരു ഇന്ത്യൻ-അമേരിക്കൻ പറയുന്നു. യഥാർത്ഥത്തിൽ ഇന്ത്യ ഈ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. അപലപിക്കാൻ തയാറായിട്ടില്ല എന്നതു ശരിയാണ്. എന്നാൽ അതിനോടുള്ള എതിർപ്പു വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം ഉടൻ അവസാനിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ പറഞ്ഞിട്ടുണ്ട്. 

എന്നാൽ നിർണായകമായ യു എൻ വോട്ടിങ്ങിൽ ഇന്ത്യ മാറി നിന്നപ്പോൾ ഈ സത്യമൊക്കെ വിസ്‌മരിക്കപ്പെട്ടു. 

അമേരിക്കൻ ഹിന്ദു കൊയലീഷൻ ചെയർമാനായ റിപ്പബ്ലിക്കൻ നേതാവ് ശേഖർ തിവാരി പറഞ്ഞു: "യുക്രൈനിൽ റഷ്യൻ പട്ടാളം നടത്തുന്നത് വ്യക്തമായും വംശഹഹത്യ ആണ്." പല ഉന്നത ബി ജെ പി നേതാക്കളുടെയും കൂടെ അടുത്തു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കൂട്ടിച്ചേർത്തു: "ഹിന്ദുവും ഗാന്ധിയന്റെ പുത്രനുമായ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല."

ഇന്ത്യൻ ഗവൺമെന്റിനെ വിമർശിക്കാതിരിക്കാൻ ഇന്ത്യൻ-അമേരിക്കൻ സമൂഹം ശ്രദ്ധ വയ്ക്കുന്നുണ്ട്. യുക്രൈനിൽ നടക്കുന്ന 'വംശഹത്യ' യെ -- പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയ പോലെ -- കുറിച്ചുള്ള വേദന പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രം. ഒന്നാമത്, റഷ്യയെ പരസ്യമായി അപലപിക്കുമ്പോൾ അമേരിക്കയിലെ മറ്റു സമൂഹങ്ങളെ പോലെ തങ്ങളും രോഷാകുലരാണ് എന്നു തെളിയിക്കാൻ കഴിയും. രണ്ടാമത്, ഒരു ഇന്ത്യൻ അമേരിക്കൻ പറഞ്ഞതു പോലെ "നമ്മൾ എംബസിയുടെ പോക്കറ്റിലല്ല" എന്നും തെളിയിക്കാം.  

ബൈഡന്റെ പ്രചാരണത്തിൽ അടുത്തു പ്രവർത്തിച്ച രമേശ് കപൂർ ചൂണ്ടിക്കാട്ടുന്നത്, റഷ്യയെ ഇന്ത്യ അപലപിച്ചില്ലെങ്കിൽ ചൈനയുമായി ഇന്ത്യയ്‌ക്കൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ യു എസ് പിന്തുണ കിട്ടാൻ ബുദ്ധിമുട്ടും എന്നാണ്. ഡെമോക്രാറ്റിക് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന അദ്ദേഹം പറയുന്നത് റഷ്യയെ നേരിടുമ്പോൾ അമേരിക്കയ്ക്കു ഇന്ത്യൻ പിന്തുണ കിട്ടിയില്ലെങ്കിൽ ചൈനയുമായി പ്രശ്നമുണ്ടായാൽ യു എസ് ഇന്ത്യയ്ക്കു പിന്തുണ നൽകുമെന്ന് ഉറപ്പില്ല എന്നു തന്നെ. 

കോൺഗ്രസ് അംഗമായ റോ ഖന്ന മാർച്ചിൽ ഫോക്സ് ന്യൂസിനോട് പറഞ്ഞത് ഇന്ത്യ റഷ്യയെ അപലപിക്ക തന്നെ വേണം എന്നാണ്. "പക്ഷം പിടിക്കുക തന്നെ വേണമെന്ന് അവർ മനസിലാക്കണം. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ യു എസ് അവരുടെ കൂടെ നിന്നിരുന്നു. പുട്ടിൻ ഉണ്ടായിരുന്നില്ല സഹായിക്കാൻ. 

"അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ അവർ ശീലിക്കണം, റഷ്യയിൽ നിന്നല്ല. ചൈനയെ നേരിടാൻ നമുക്ക് കൂട്ടായി ഇന്ത്യയെ വേണം."


  

Join WhatsApp News
Kunnappallil Rajagopal 2022-05-11 16:43:34
മോദിക്ക് Visa നിഷേധിക്കണമെന്നുള്ള പ്രമേയത്തിൽ കൈയ്യുപ്പിട്ട teams ആയിരിക്കും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക