Image

സിബി.ഐ-5: പ്രതിഭ ശോഷിച്ചു പോയവരുടെ കുറ്റാന്വേഷണ സാഹസം  (പി പി മാത്യു)

പി പി മാത്യു  Published on 11 May, 2022
സിബി.ഐ-5: പ്രതിഭ ശോഷിച്ചു  പോയവരുടെ കുറ്റാന്വേഷണ സാഹസം  (പി പി മാത്യു)

കുറ്റാന്വേഷണ കഥകൾ ഇപ്പോഴും ജനം ആസ്വദിക്കുന്നു എന്നതാണ് സിനിമയിലെ പ്രവണത. മലയാളത്തിൽ ഈ ഗണത്തിൽ ഏറ്റവും മുന്തിയ ബ്രാൻഡാണ് സി ബി ഐ. അഞ്ചാം ഭാഗം എത്തിയപ്പോഴും അതു കൊണ്ടു വൻ ആവേശവുമുണ്ടായി. പക്ഷെ ചിത്രം അതനുസരിച്ചു നന്നായെന്നു തോന്നിയില്ല. 

ആദ്യ ഭാഗവും അഞ്ചാം ഭാഗവും തമ്മിൽ 34 വർഷത്തെ അകലമുണ്ട്. ഈ കാലയളവിൽ എസ് എൻ സ്വാമി എന്ന എഴുത്തുകാരന്റെ പ്രതിഭ എത്ര ശോഷിച്ചു എന്നതു ചിത്രം കാണുന്നവർക്കു പെട്ടെന്നു തിരിച്ചറിയാം. സംവിധായകൻ കെ. മധു ആവട്ടെ, പഴയ സങ്കേതങ്ങളിൽ നിന്നോ ആഖ്യാന ശൈലിയിൽ നിന്നോ ഒരു പുരോഗതിയും നേടിക്കാണുന്നില്ല. 34 വർഷം കൊണ്ടു സിനിമ എത്ര മാറി എന്നതു  തിരിച്ചറിയാൻ കഴിയാത്തവർ ആ സാഹസത്തിനു വീണ്ടും തുനിയുമ്പോൾ ഉണ്ടാവുന്ന പോരായ്മാകളൊക്കെ ഈ ചിത്രത്തിനുണ്ട്. 

പശ്ചാത്തല സംഗീതമാവട്ടെ അത്യന്തം അരോചകം. 

'ദ ബ്രെയിൻ' എന്ന പേര് തന്നെ ബാലിശമാണ്. 'ദ കിഡ്നി' എന്നായാലും കുഴപ്പമില്ല എന്നേ പറയാനാവൂ. ബാസ്‌കറ്റ് കില്ലിങ്സ് എന്നൊരു കൊല പരമ്പര അന്വേഷിക്കാൻ മഹാബുദ്ധിമാനായ സേതുരാമയ്യർ വീണ്ടും കേരളത്തിൽ എത്തുന്നതാണ് കഥ. അതങ്ങനെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകുമ്പോൾ കണ്ടിരിക്കുന്നവരെ ആകെ ചിന്താക്കുഴപ്പത്തിലാക്കി പറഞ്ഞു വിടുന്ന രീതിയാണ്‌. 

ചായ കുടിക്കാനെങ്കിലും സേതുരാമയ്യർ കൈയ്യൊന്നു പിന്നിൽ നിന്നെടുക്കുന്നത് ആശ്വാസം. മഹാബോറാണ് അസ്ഥാനത്തു നിരന്തരം ആവർത്തിക്കുന്ന അത്തരം കൈകെട്ടി നടപ്പ്. സേതുവിനു മാതൃകയാവുന്ന എൻ ഐ എ മേധാവിയായിരുന്ന രാധാ വിനോദ് രാജുവിനെ കോളജ് കാലങ്ങൾ മുതൽ അറിഞ്ഞിരുന്ന എനിക്ക് ഒരിക്കലൂം അങ്ങിനെയൊരു ശീലം രോഗാവസ്ഥയിലേക്കു എത്തിയതായി തോന്നിയിട്ടില്ല എന്നും സാന്ദർഭികമായി പറയട്ടെ. 

എങ്കിലും മമ്മൂട്ടി നിറഞ്ഞു നിൽക്കുന്നു ചിത്രത്തിൽ. പിന്നെ രഞ്ജി പണിക്കരും അനൂപ് മേനോനും ഒഴികെ മറ്റെല്ലാവരും ഇസ്പേഡ് ഏഴാം കൂലികൾ മാത്രം. ജഗതിയെ ഉപയോഗിച്ച രംഗം നന്നായി. അനൂപ് മേനോന് ഒന്ന് കത്തിക്കയറാൻ കൊടുത്ത രംഗം അദ്ദേഹം ഭംഗിയാക്കുകയും ചെയ്തു. പക്ഷെ മുകേഷിനും ഫാഷൻ പരേഡിന് എന്ന മട്ടിൽ തെക്കു വടക്കു നടന്നു ചില ഫയലൊക്കെ എടുത്തു നോക്കി കുറ്റാന്വേഷണം നടത്തുന്ന മറ്റുള്ളവർക്കും ഒന്നും ചെയ്യാനില്ല. 

സുകുമാരന്റെ സംഭാഷണ രീതി അനുകരിക്കാൻ ശ്രമിച്ചു സായി കുമാറും ഒരു വഴിക്കായി. 

നിരാശപ്പെടുത്തുന്ന ചിത്രമാണ് സി ബി ഐ അഞ്ചാം ഭാഗം എന്ന് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു വയ്ക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക