Image

മാനസികഅസ്വാസ്ഥ്യം മൂലം തെരുവിലായ  മഹാരാഷ്ട്രക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 11 May, 2022
മാനസികഅസ്വാസ്ഥ്യം മൂലം തെരുവിലായ  മഹാരാഷ്ട്രക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: മാനസിക രോഗലക്ഷണങ്ങളുമായി തെരുവില്‍ ലക്ഷ്യമില്ലാതെ നടന്ന മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹര്‍ണല്‍ ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു മാസം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മര്‍ദ്ദത്തിലായ അവര്‍, മാനസിക രോഗലക്ഷണങ്ങള്‍ കാണിയ്ക്കാന്‍ തുടങ്ങി.  പിന്നീട്ട് ആ വീട്ടില്‍ നിന്നും പുറത്തു ചാടിയ അവര്‍ തെരുവിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇത് കണ്ട സൗദി പോലീസ് അവരെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി. 

വനിത അഭയകേന്ദ്രത്തില്‍ വെച്ചും ജ്യോതി എത്രയും വേഗം നാട്ടില്‍ പോകണമെന്ന് പറഞ്ഞു  ബഹളമുണ്ടാക്കുകയും, അക്രമാസക്തമായി പെരുമാറുകയും ചെയ്തു. വിഷമസന്ധിയിലായ സൗദി അധികാരികള്‍ അറിയിച്ചത് അനുസരിച്ചു, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ മണിക്കുട്ടനും, നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, സുറുമി നസീം, ഷെമി ഷിബു എന്നിവരും  അവിടെയെത്തി ജ്യോതിയോട് സംസാരിയ്ക്കുകയും,  നാട്ടിലേയ്ക്ക് പോകാന്‍ സഹായിക്കാം എന്ന് പറഞ്ഞു അവരെ ശാന്തയാക്കുകയും ചെയ്തു. അവര്‍ പരസപരവിരുദ്ധമായി സംസാരിച്ചതിനാല്‍ സ്‌പോണ്‌സറെക്കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞില്ല.
 
ഈദ് അവധി കഴിഞ്ഞു സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നാല്‍ ജ്യോതിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കാമെന്നും, അതുവരെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടെ നിര്‍ത്തിയാല്‍ അവരുടെ മാനസിക നില നോര്‍മല്‍ ആകുമെന്നും സൗദി അധികാരികള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന്, ജ്യോതിയെ നവയുഗം കുടുംബവേദി നേതാക്കള്‍ കൂട്ടിക്കൊണ്ടു പോയി മണിക്കുട്ടന്റെ കുടുംബത്തിന്റെ കൂടെ നിര്‍ത്തുകയായിരുന്നു. അത് അവരുടെ മാനസിക നിലയില്‍ ഏറെ പുരോഗതിയും ഉണ്ടാക്കി.

പറഞ്ഞ പോലെ തന്നെ, ഈദ് അവധി കഴിഞ്ഞ ഉടനെ വനിത അഭയകേന്ദ്രം അധികാരികള്‍ ജ്യോതിയുടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാനടിക്കറ്റും എടുത്തു നല്‍കി.

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ദമ്മാം വിമാനത്താവളം വഴി, ജ്യോതി മുംബൈയിലേക്ക് മടങ്ങി.

ഫോട്ടോ: ജ്യോതി (വലത്തേയറ്റം),  മണിക്കുട്ടന്‍, കോബാര്‍ ലേബര്‍ കോടതി ഡെപ്യൂട്ടി ഡയറക്ടര്‍, സുറുമി, ശരണ്യ എന്നിവര്‍ക്കൊപ്പം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക