Image

മിഡില്‍ ഈസ്റ്റ് റെയില്‍: അബുദാബിയില്‍ സമ്മേളനവും പ്രദര്‍ശനവും

Published on 11 May, 2022
 മിഡില്‍ ഈസ്റ്റ് റെയില്‍: അബുദാബിയില്‍ സമ്മേളനവും പ്രദര്‍ശനവും

 

അബുദാബി: വികസന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകളും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവുമായി മിഡില്‍ ഈസ്റ്റ് റെയില്‍ അബുദാബിയില്‍ നടക്കും. മേയ് 17 ,18 തീയതികളില്‍ അബുദാബി എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി.

മധ്യപൂര്‍വ രാജ്യങ്ങളിലെ റയില്‍വേ വികസന സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ദ്വിദിന മിഡില്‍ ഈസ്റ്റ് റെയില്‍ കോണ്‍ഫറന്‍സിന് അബുദാബിയില്‍ തുടക്കമാകുന്നു. 250 പ്രദര്‍ശകര്‍ എത്തുന്ന സമ്മേളനത്തില്‍ 200 പ്രഭാഷകരും ആറായിരം സന്ദര്‍ശകരും എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

യു എ ഇ കാത്തിരിക്കുന്ന എത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമ്മേളന കാലയളവില്‍ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബിയില്‍ നിന്നും ഫുജൈറയിലേക്കു ഒരു മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്ന പാസഞ്ചര്‍ ട്രെയിനാണ് എത്തിഹാദ് റെയില്‍ പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.


യു എ ഇ യില്‍ നിന്നും സൗദിയിലേക്കും മറ്റു ജി സി സി രാജ്യങ്ങളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം സംബന്ധിച്ച തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ട്രെയിന്‍ ഗതാഗത രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും , ഡിജിറ്റല്‍ സിഗ്‌നലിംഗ്, ടണലിംഗ് , ടിക്കറ്റിംഗ് അടക്കമുള്ള പുതുതലമുറ മാറ്റങ്ങളും പ്രദര്‍ശനത്തില്‍ മുഖ്യ ആകര്ഷണമാകും.

പുതിയ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് 100 വിഷയാവതരണങ്ങളും പാനല്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഊര്‍ജ - അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന്റെയും വിനോദ സഞ്ചാര - സാംസ്‌ക്കാരിക മന്ത്രാലയത്തിന്റേയും സഹകരണത്തോടെ എത്തിഹാദ് റെയില്‍ ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും പ്രവേശനം.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക