Image

ഫൊക്കാന കൺവെഷനിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും

ഫ്രാൻസിസ് തടത്തിൽ Published on 12 May, 2022
ഫൊക്കാന കൺവെഷനിൽ  മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും

ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവെൻഷനിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യപ്രവർത്തകനും മാജിക്ക് അക്കാദമി ചെയർമാനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുമെന്ന്  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗിസ് അറിയിച്ചു. ഫൊക്കാനയും പ്രൊഫ. മുതുകാടും തമ്മിൽ ഇഴപിരിഞ്ഞ ബന്ധത്തിന്റെയും  ഉദാത്തമായ സ്നേഹത്തിന്റെയും പരിണിത ഫലമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ വച്ച് ഫൊക്കാനയുടെ കേരള കൺവെൻഷൻ നടന്നത്. ഫൊക്കാന കേരളാ കൺവെൻഷന്റെ മുഖ്യരക്ഷാധികാരികൂടിയായിരുന്നു പ്രൊഫ. മുതുകാട്.

മാജിക്ക് പ്ലാനറ്റിലെ 200ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം കേരള ഗവർണർ പ്രൊഫ. ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടയുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ഏകദിന കൺവെൻഷനിൽ ഫൊക്കാന പ്രതിനിധികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമാണ് ഉണ്ടായത്. ഭിന്നശേഷികരായ കുട്ടികളുടെ പരിമിതമായ കഴിവുകളെ പരിപോഷിപ്പിച്ച് ഉന്നത ശേഷിയുള്ള കുട്ടികളെപ്പോലെയും വെല്ലുന്ന വിധത്തിൽ അവർ നടത്തിയ കലാ വിരുന്ന് ആസ്വദിച്ച ഫൊക്കാന നേതാക്കൾ അത്ഭുതപരതന്ത്രരായി. അവർക്കായി തങ്ങൾ നൽകുന്ന സഹായം അൽപ്പം പോലും പാഴായിപ്പോയില്ലെന്നു മനസിലാക്കിയ അമേരിക്കൻ പ്രവാസികളായ ഫൊക്കാന പ്രവർത്തകർക്ക് മാജിക്ക് പ്ലാനറ്റുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ കേരള കൺവെൻഷനിലൂടെ സാധിച്ചു. കേരളാ കൺവെൻഷൻ വേദിയിൽ വച്ച് ഗോപിനാഥ് മുതുകാടിനെ ഫൊക്കാന അവാർഡ് നൽകി ആദരിച്ചിരുന്നു. ഫൊക്കാനയുമായി ഏറെ അടുപ്പം പുലർത്തുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ കഴിഞ്ഞ ഫെബ്രുവരിയിൽ  ഗോപിനാഥ് മുതുകാടിനെ നേരീട്ട് സന്ദർശിച്ച് ഒർലാണ്ടോ കൺവെൻഷനിലേക്ക് ക്ഷണിക്കുകയായിരുന്നു.  ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി. താൻ ഫൊക്കാനയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രൊഫ. മുതുകാട്, ഫൊക്കാന നേതാക്കൾ തനിക്കും മാജിക്ക് പ്ലാനറ്റിനും സാമ്പത്തികമായും ധാർമികമായും നൽകിയ പിന്തുണ നിസ്തുലമാണെന്ന് ചൂണ്ടികക്കാട്ടി. ഫൊക്കാന പ്രവർത്തകരുടെ, പ്രത്യേകിച്ച് ഫൊക്കാന വിമൻസ് ഫോറത്തിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് മാജിക്ക് പ്ലാനറ്റിലെ നിർധനരായ 100ൽ പരം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ജീവിത മാർഗമുണ്ടായത്. അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കരിസ്മ എന്ന പദ്ധതി ചിലവ് ഏറ്റെടുത്ത് നടത്തിയത് ഫൊക്കാനയനയിരുന്നുവെന്നും  അദ്ദേഹം അനുസ്മരിച്ചു.

ഫ്‌ളോറിഡ കൺവെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾക്ക് ഗോപിനാഥ് മുതുകാട് നേതൃത്വം നൽകും. ഫൊക്കാന കൺവെൻഷനിൽ ആദ്യമുതൽ അവസാനം വരെ  ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കൺവെൻഷൻ പ്രതിനിധികൾക്കായി മോട്ടിവേഷൻ ക്ലാസും ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക