നഴ്സിങ് എന്നെ തിരഞ്ഞെടുത്തു : സുഭദ്ര പടിഞ്ഞാറേക്കളം

Published on 12 May, 2022
നഴ്സിങ് എന്നെ തിരഞ്ഞെടുത്തു : സുഭദ്ര പടിഞ്ഞാറേക്കളം
 
 
കാലങ്ങൾക്ക് മുന്നേ ...,
ഏതാണ്ടൊരു ഉച്ച ഉച്ചരയോടെ,
ഡിഗ്രിക്ക് സുവോളജി ലാബില്‍ തവളയെ കീറിമുറിക്കുന്ന തിരക്കിലായിരുന്നു ഞാന്‍.
 
അപ്പോഴാണ്‌ അവളെന്‍റെ കാതിലാ രഹസ്യം പറയാന്‍ വന്നത്.അവളെന്ന് പറഞ്ഞാല്‍ എന്‍റെ കൂട്ടുകാരിയാ ...
 
കോളേജിലൊക്കെ എത്തിയെങ്കിലും അമ്പഴങ്ങയും 
പച്ചമാങ്ങയും എന്‍റെ വീക്ക്നെസ് ആയിരുന്നു.
അതെന്‍റെ മുമ്പില്‍ കൃത്യമായി എത്തിക്കുക എന്നതായിരുന്നു അവളുടെ ജോലി.
 
പകരം, നെല്ല് ഒരുപാട് ഉണക്കി സൂക്ഷിക്കുന്ന എന്‍റെ വീട്ടില്‍ നിന്നും സുവോളജിയിലെ അവിഭാജ്യഘടകമായ തവള,പാറ്റ
എന്നിങ്ങനെയുള്ള ജീവികളെ പിടിച്ച് അവൾക്ക് സമർപ്പിക്കാൻ പ്രത്യേകിച്ച് അറപ്പൊന്നും ഇല്ലാത്ത ഞാന്‍,എപ്പോഴും തയ്യാറായി നിന്നു . 
 
അങ്ങനെയുള്ള,എന്നെക്കാള്‍ ഇത്തിരി ഉയരം കുറഞ്ഞ ആ കൂട്ടുകാരി പതിവില്ലാതെ ഒരു രഹസ്യം ചുരുളഴിക്കാന്‍ എന്നെത്തേടി വന്നപ്പോള്‍ ഞാനും കുറച്ചു നേരത്തേക്ക് ആ ഒട്ടോപ്സി മാറ്റി വെച്ച്‌ അവള്‍ക്കരികിലേക്ക് ചെന്നു.
 
കാര്യം ഇതായിരുന്നു.
ഡിഗ്രീ മതിയാക്കി ലെവള് നേഴ്സിംഗിനു ചേരാന്‍ പോണൂത്രെ .
 
എന്‍റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു.നഴ്സിങ്ങോ ..! ന്താത് ? 
 
വല്ല ടി ,ടി എടുക്കാനോ മറ്റോ ജില്ലാ ആശുപത്രിയില്‍ പോകുമ്പോ ''ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവൂ ട്ടോ '' എന്ന് പച്ചക്കള്ളം പറഞ്ഞ്,വല്യ സ്റ്റീലിന്‍റെ സൂചി എന്‍റെ കുഞ്ഞികൈത്തണ്ടയില്‍ കുത്തിക്കയറ്റുന്ന ആ 
വെള്ളസ്സാരി ഉടുത്ത പെണ്ണുങ്ങളോട് എനിക്ക് വലിയ പ്രതിപത്തിയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇവളീ നേഴ്സിംഗിനു  ചേരുന്നു എന്ന് പറഞ്ഞപ്പോ എനിക്കതിന്‍റെ ഗുട്ടന്‍സ് ഒന്നും പിടി കിട്ടിയില്ല. ഒടുവില്‍ ആ ഇത്തിരിപ്പോന്ന പെണ്‍കുട്ടി പറഞ്ഞാണ്,ഇതൊരു ഒന്നൊന്നര ജോലിയാണ് എന്നും മാലാഖമാര്‍ എന്നൊക്കെ വിളിപ്പേരുണ്ടെന്നും ഒക്കെ നുമ്മ അറിഞ്ഞത്.അതിലും നോം വീണില്ല കേട്ടോ.
 
ഒടുവില്‍ പറഞ്ഞത് കേട്ടപ്പോഴാണ് വീണത്‌ .
വേഗം സര്‍ക്കാര്‍ ജോലി കിട്ടും ന്ന്.
ഓഹോ ..എന്നിപ്പിന്നെ 
എനിക്കും കൂടി ഒന്ന് വാങ്ങിക്കോ അപേക്ഷാ ഫോം എന്നും പറഞ്ഞ് ഞാനവളെ യാത്രയയച്ചു.
സുവോളജി ലാബില്‍ അപ്പോഴേക്കും എന്‍റെ തവളയുടെ മേല്‍ ഉറുമ്പരിക്കാന്‍ തുടങ്ങിയിരുന്നു ..
 
പിന്നീട് രണ്ടു നാള്‍ കഴിഞ്ഞാണ് ഫോം എല്ലാം സ്വന്തമായി പൂരിപ്പിച്ചയച്ചത്.ഒടുവില്‍ കൂടിക്കാഴ്ചക്ക് ചെല്ലാന്‍ പറഞ്ഞ് അറിയിപ്പ് വന്നപ്പോളാണ് പൂരം,
വീട്ടില്‍ നിന്നും സമ്മതമില്ല .
അക്കാലത്ത് നഴ്സിംഗ് എന്ന് പറഞ്ഞാല്‍ കഞ്ഞികുടിക്കാന്‍ വകയില്ലാത്തവരുടെ വയറ്റുപിഴപ്പ് ജോലി മാത്രമായിരുന്നു.
 
നിനക്കിവിടെ എന്തിന്‍റെ കുറവാണ്,മര്യാദക്ക് ഡിഗ്രി മുഴുവനാക്കാന്‍ നോക്ക് എന്നായിരുന്നു അന്ത്യശാസനം.
 
ഉവ്വ ..
ഒറ്റപ്പെട്ട ബാല്യം എങ്ങനെയോ പിന്നിട്ട്
നരകതുല്യമായ കൗമാര
നൂൽപ്പാലത്തിലൂടെ യൗവനത്തിലേക്ക് കടന്ന,
സ്നേഹമെന്നത് എന്താന്നു പോലും അനുഭവിച്ചിട്ടില്ലാത്ത, എങ്ങനെ എങ്കിലും ഈ വീട്ടിൽ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന് പ്രാർത്ഥിച്ചു നടക്കുന്ന ഞാനുണ്ടോ വിടുന്നു .
തർക്കിക്കാനൊക്കെ ഉള്ള
ഹോർമോണുകൾ പച്ചപിടിച്ച് വരുന്ന സമയമാണ് .
 
അങ്ങനെ ജീവിതത്തിൽ ആദ്യമായി കോഴിക്കോട് കണ്ടു, കടല് കണ്ടു.
കടൽ തീരത്തെ നഴ്സിംഗ് സ്കൂൾ കണ്ടു.
Love At First Sight ..
കോഴിക്കോടിനെ ഞാൻ
പ്രേമിക്കാൻ തുടങ്ങി.
ഒടുവിൽ, ഞാൻ സ്റ്റുഡന്റ് നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു .
 
വീട്ടില്‍ ഞാനേതോ അന്യമതസ്ഥന്‍റെ കൂടെ 
ഓടിപ്പോയപോലെ പ്രക്ഷുബ്ധമായ അന്തരീക്ഷം.
അമ്മയ്ക്ക് കരച്ചിൽ..
ഏട്ടൻമാർക്ക് ഇടയ്ക്കിടെ
ചെണ്ട കൊട്ടുമ്പോലെ
അടി തരാൻ ഒരു ഇര പോകുന്ന വിഷാദം ;
അച്ഛൻ മാത്രം പറഞ്ഞു
'പോയി രക്ഷപ്പെട് ...'
 
അങ്ങനെ കോഴിക്കോട്ടേക്ക് വീണ്ടും വണ്ടികയറി .
എന്‍റെ ഒപ്പം നിന്ന ആ സുഹൃത്തിന് ഉയരക്കുറവിന്‍റെ പേരില്‍ പുറത്താകേണ്ടി വന്നു.
കരച്ചിലും പിഴിച്ചിലും നടന്നു
സങ്കടത്തോടെ ഞങ്ങൾ പിരിഞ്ഞു. പിന്നീട് പതിയെ പുതിയ കൂട്ടുകാരികളെ കിട്ടിയ ഞാൻ അവളെ മറന്നു .
 
അങ്ങനെ ഞാന്‍ നഴ്സിംഗ് നെ തിരഞ്ഞെടുത്തുവോ അതോ 
നഴ്സിംഗ് എന്നെ തിരഞ്ഞെടുത്തോ
ആ ...!
 
അറിയില്ല .
 
ഞാന്‍ പഠനം തുടങ്ങി.
ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മടുത്തു തുടങ്ങി.
 
ആകെ ഇഷ്ട്ടമായത് നഴ്സിംഗ് സ്കൂളിനു മുന്നിലെ നീണ്ടു പരന്നുകിടക്കുന്ന അറബിക്കടലിനെ മാത്രം.
 
ഹോസ്റ്റലിലെ സീനിയേര്‍സിനെയൊക്കെ മനസ്സ് കൊണ്ട് ചീത്ത വിളിക്കാന്‍  തുടങ്ങി.എറിഞ്ഞാല്‍ ചുമരു തുളച്ചു കയറുന്ന ഇഡലിയും,കഷണങ്ങള്‍ക്ക് വേണ്ടി മുങ്ങിത്തപ്പേണ്ടിയിരുന്ന സാമ്പാറും എനിക്ക് മതിയായി.
 
കൂടാതെ ക്ലാസ്സില്‍ ഒടുക്കത്തെ ചോദ്യം ചോദിക്കലും പരീക്ഷയും.
 
പിന്നീട് ആറുമാസം കഴിഞ്ഞു രോഗികള്‍ക്കിടയിലേക്ക് ഇറക്കി വിട്ടു ഞങ്ങളെ .
 
അവിടെ ലോകം ഒന്ന് കൂടി വിചിത്രമായിരുന്നു.
ഡെറ്റോളും ഫീനോയിലും കലര്‍ന്ന വൃത്തികെട്ട ആശുപത്രി മണം.
 
വെച്ചു കെട്ടലും തുന്നിക്കെട്ടലുമായി,നടക്കുന്ന രോഗികള്‍.
 
കുഞ്ഞിസുഭദ്രക്ക് ഓക്കാനം വന്ന ദിനങ്ങളായിരുന്നു അവ.
 
പഴുത്തൊലിക്കുന്ന,പുഴുവരിക്കുന്ന വ്രണങ്ങളുമായി വരുന്നവരെ കണ്ടു മുഖം ചുളിച്ചു മാറി നിന്നിട്ടുണ്ട്.
 
എല്ലാം നിര്‍ത്തി പഴയ സുവോളജിയിലേക്ക് തന്നെ ഓടിപ്പോയാലോ എന്ന് കൂലംകഷമായി ചിന്തിച്ച നാളുകള്‍ ഉണ്ടായിട്ടുണ്ട് .
 
വര്‍ഷം ഒന്ന് കഴിഞ്ഞു,പിന്നാലെ രണ്ടു കഴിഞ്ഞു,വീണ്ടും ഒന്നും കൂടെ, പിന്നെ ഒരു അരക്കൊല്ലവും .
 
തിയറിയും പ്രാക്റ്റിക്കലും വാള്‍പ്പയറ്റും,ചുരികയേറും മാതിരി .
ഒടുവില്‍ ബാക്കിവന്ന ആറുമാസത്തിന്റെ ഒടുവിൽ ഊതിക്കാച്ചിയെടുത്ത പൊന്ന്
മാതിരി ഞാനും
 ഒരു നഴ്സ് ആയി .
 
ഇന്നത്തെപ്പോലെയുള്ള വലിയ ആയാസം കൂടാതെ ഞാന്‍ ഗവര്‍മ്മെന്റ് ജോലിയിലും പ്രവേശിച്ചു.
 
തിരിഞ്ഞു നോക്കുമ്പോള്‍,അന്ന് ഞാന്‍ ചോദിച്ച വിഡ്ഢിച്ചോദ്യത്തിന് ,( നഴ്‌സിങ്ങോ എന്താത് ? )
എന്നില്‍ നിന്നു തന്നെ ഉത്തരം കണ്ടെത്താന്‍ എനിക്ക് സാധിക്കാറുണ്ട്.
അന്നെന്നെ സൂചി കുത്തിയ സിസ്റ്റര്‍മാര്‍ ''ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ ''എന്ന് ''കള്ളം ''പറഞ്ഞത് എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴറിയാം.
നിങ്ങളില്‍ ഓരോരുത്തരും വേദനയോടെ മുന്നില്‍ വരുമ്പോള്‍ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ നഴ്സ്മാര്‍ ഇത്തരം ''കള്ളങ്ങള്‍ ''പറയാറുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു കൂടുതല്‍ നോവും.
 
ജീവനും മരണത്തിനും ഇടയിലൊരു നൂല്‍പ്പാലമുണ്ട്,അതിന്മേൽ ഞാണിന്മേല്‍ക്കളി കളിച്ച് ഓരോ ജീവനേയും തിരികെയെത്തിക്കുമ്പോള്‍, ആ പ്രക്രിയയില്‍ ഡോക്റ്ററുടെ വലം കയ്യായി പ്രവര്‍ത്തിക്കുമ്പോള്‍,കിട്ടുന്ന ആശ്വാസം ചില്ലറയല്ല.
 
എത്രയൊക്കെ ആഞ്ഞു ശ്രമിച്ചിട്ടും തിരികെ കിട്ടാത്തവരെ ,താടിയും തലയും കൂട്ടിക്കെട്ടി,ഒടുവില്‍ കാലിന്‍റെ രണ്ടു തന്തവിരലും 
ഒന്നിച്ചു കെട്ടി,ലേബലും ചെയ്തു മോര്‍ച്ചറിയിലേക്ക് 
യാത്രയാക്കുമ്പോള്‍,അലമുറയിടുന്ന ബന്ധുക്കളുടെ കൂടെ ഞങ്ങളുടെ നെഞ്ചും തേങ്ങുന്നുണ്ടാവും.
 
പുച്ഛമാണ് സമൂഹത്തിനു ഞങ്ങളോടെന്നും.
''ഡോക്റ്ററൊന്നും അല്ലല്ലോ നഴ്സല്ലേ '' എന്ന് ചോദിക്കുന്നവന്‍റെ അറിവില്ലായ്മയെക്കുറിച്ച് ഞാനെന്തു പറയാന്‍?
 
സുഹൃത്തെ,നീ അബോധാവസ്ഥയില്‍ ഐ .സി.യൂ വില്‍ കിടക്കുമ്പോള്‍ മലമൂത്രാദികള്‍ മാറ്റി ദേഹം തുടച്ചു വൃത്തിയാക്കാന്‍ ഡോക്റ്റര്‍ വന്നിരുന്നോ, ഇല്ലല്ലോ ?
അദ്ദേഹം എഴുതി വെച്ചിട്ട് പോയ മരുന്നുകള്‍ യഥാ സമയം,അണുവിമുക്തമാക്കി ഞരമ്പുകളില്‍ കുത്തി വെച്ചിരുന്നത്,മൂക്കിലെ ട്യൂബിലൂടെ ആമാശയത്തിലെത്തിച്ചിരുന്നത് ആരാണ്,ഓര്‍ത്ത്‌ നോക്കുക (ബോധം ഉണ്ടായിട്ട് വേണ്ടേ, അല്ലെ .
 
പക്ഷെ,പൊതുവെ നഴ്‌സുമാർ തീയില്‍ കുരുത്തവരാണ്,വാടില്ല വെയിലത്തും.
 
ഞങ്ങളില്‍ കള്ളനാണയങ്ങള്‍ ഇല്ലെന്നല്ല,ഏതു കാറ്റഗറിയിലും ഉള്ളപോലെ പേര് കളയിക്കാന്‍
ഉണ്ടാവും,എങ്കിലും തൊണ്ണൂറു ശതമാനവും തൊഴിലിനോട് മാന്യതയും രോഗികളോട് കരുണയും കാണിക്കുന്നവരാണ് എന്നാണ് എന്‍റെ വിശ്വാസം.
 
ഇന്ന് ഞാന്‍ പഠിച്ച ജനറല്‍ നഴ്സിങ്ങില്‍ നിന്നും 
ഡോക്റ്ററെറ്റ് വരെ എത്തി നില്‍ക്കുന്നു നഴ്സിംഗ്.
അമേരിക്ക മുതല്‍ കാസര്‍ഗോഡ് വരെ തിളങ്ങി നില്‍ക്കുന്നു നമ്മുടെ മലയാളി നഴ്സുമാര്‍ !!
 
സുവോളജി ലാബില്‍ ചുമ്മാ വെട്ടി നുറുക്കി നിന്നിരുന്ന ഈ എന്നെ നഴ്സിന്റെ യൂണിഫോം ഇടുവിച്ച 
ജീവിതമേ ...
ഒരായിരം നന്ദി.
 
ഒരുപാട് അന്വേഷിച്ചു നടന്നു ഞാനെന്റെ പഴയ
കൂട്ടുകാരിയെ... കാരണഭൂതയെ 
പക്ഷേ കിട്ടിയില്ല.
ഇന്നിപ്പോൾ നഴ്സിംഗ്
മൂന്ന് പൂച്ചക്കുട്ടികളിലേക്ക്
ഒതുക്കി ചുമ്മാ ഇങ്ങനൊക്കെ എഴുതുമ്പോഴും
അന്ന് തറവാട്ടിലെ ശ്വാസംമുട്ടിക്കുന്ന, വേദനിപ്പിക്കുന്ന
ഇരുട്ടിൽ നിന്നും നാല്കാലോടെ രക്ഷപ്പെട്ട ഒരു പതിനെട്ടുകാരി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് എല്ലായ്പ്പോഴും ...
 
സ്വർഗ്ഗരാജ്യം.. 2022-05-13 09:55:31
ചൂഷിതരേ പീഡിതരേ നിങ്ങൾ ഗൾഫിൽ പോകൂ.. നിർദ്ധനരേ മർദ്ദിതരേ നിങ്ങൾ UK യിൽ പോകൂ.. നിങ്ങൾക്കവിടെ സ്വർഗ്ഗരാജ്യം സ്വർഗ്ഗരാജ്യം.. വർഷത്തിലൊരിക്കൽ കിട്ടുന്ന മാലാഖ status ഉം പുകഴ്ത്തലും മാത്രമേ നാട്ടിൽ ഉണ്ടാവൂ.എല്ലാ കാലത്തും. പ്രിയ സഹപ്രവർത്തകർക്ക് Nursing Day ആശംസകൾ.❤️-naradhan
Blessings ! 2022-05-13 14:41:17
Thank you for the sharing ; our culture based on the caste system , division in labor ,related prestige has been blessed slowly to take in the truth - of the dignity of all human life , sacredness of service as brought into the world through the Incarnation of The Lord , the model of the Holy Family dignifying labor by their own lives ..Such values thank God are taking root ever more deeply in our land too and hoping that same would bring more blessings as respect and gratitude for all of jobs , esp. in nursing that as the author notes has very many 'angelic' souls in all places . May many be blessed to live and thrive in own homelands too . God bless !
J.V. Brigit 2022-05-18 01:50:04
it's poignant! Thank you for sharing. Nursing is the top most honest and ethical profession! Your touch, your compassionate words, your comforting must have relieved so many. You, as a nurse, are well respected by your patients and families. Don't worry about the Malayalee men that look at nursing down. Their brain is a shrunken one! They probably have no insight; they probably are not part of the society they live in. They probably have not experienced a nurse's role in their health yet. A time will come! The world respects you; honor you!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക