കെ  ജി.എഫിനും ബാഹുബലിക്കും ശക്തി പകര്‍ന്ന സ്ത്രീ ജനങ്ങള്‍

വസിഷ്ഠ് എം.സി Published on 13 May, 2022
കെ  ജി.എഫിനും ബാഹുബലിക്കും ശക്തി പകര്‍ന്ന സ്ത്രീ ജനങ്ങള്‍

നാളിതുവരെയുള്ള ഇന്ത്യന്‍ മുഖ്യധാര സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളാണ് ബാഹുബലി -2 ഉം, കെ ജി എഫ്-2 ഉം. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബാഹുബലി , മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് കെ ജി എഫ് 2 ആണ്.

  ഈ രണ്ട് ചലചിത്രങ്ങളും നായകാ കഥാപാത്രങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കുന്ന ചലച്ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങളിലും ശക്തി ഉപയോഗിച്ച് വിജയം നേടുന്ന നായകന്മാരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് ചലച്ചിത്രങ്ങളും പുരുഷകേന്ദ്രീകൃതമാണ് എന്ന് നമുക്ക് പറയാം.എന്നാല്‍ ഈ രണ്ട് ചലച്ചിത്രങ്ങളുടേയും പ്രധാന സവിശേഷത ശ്രദ്ധേയമായ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ്.ഈ രണ്ട് സ്ത്രീകള്‍ നായികാ കഥാപാത്രങ്ങള്‍ അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ബാഹുബലിയിലെ ശിവകാമിയും കെ ജി എഫിലെ രമികാ സെന്നുമാണ് ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍.

   ബാഹുബലിയിലെ ശിവകാമിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയതും, കെ ജി എഫിലെ രമികാ സെന്നിന് രൂപം നല്‍കിയതും ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് സജീവമല്ലാത്ത രണ്ട് മുന്‍ നായികമാരായ രമ്യാ കഷ്ണനും, റവീണാ ടാന്റനും ആണ്.
ചലച്ചിത്ര രംഗത്ത് സജീവമല്ലാത്ത രണ്ട് മുന്‍ നായികമാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കാന്‍ രണ്ട് സിനിമകളുടേയും സംവിധായകര്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.
     പ്രാചീന ഇന്ത്യയുടേയും മദ്ധ്യകാല ഇന്ത്യയുടേയും ചരിത്രം പരിശോധിച്ചാല്‍ അധികാരം കയ്യാളിയ, അഥവാ അധികാരസ്ഥാനത്തെത്തിയ സ്ത്രീകളുടെ എണ്ണം തുലോം പരിമിതമാണ്. പ്രാചീന ഇന്ത്യയിലെ രണ്ട് വലിയ രാഷ്ട്രീയശക്തികളായിരുന്ന മൗര്യ (321-184 BCE) ഗുപ്ത(275-467 CE) സാമ്രാജ്യങ്ങളില്‍ അധികാരം കയ്യാളിയ സ്ത്രികളെ നാം കാണുന്നില്ല.

 അധികാരത്തിലെത്തിയ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി, സുല്‍ത്താന്‍മാരുടെ കൂട്ടത്തിലെ റസിയ സുല്‍ത്താനയായിരുന്നു. അടിമ രാജ വംശത്തിലെ അതായത് മാംലൂക്ക് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന റസിയാ സുല്‍ത്താന നാല് വര്‍ഷമാണ് അധികാരം കയ്യാളിയത്.1236 എ.ഡി. മുതല്‍ 1240 എ.ഡി. വരെ. റസിയാസുല്‍ത്താനക്ക് ശേഷം അധികാരത്തിലെത്തിച്ചേര്‍ന്ന മറ്റൊരു വനിത കാകതീയ രാജവംശത്തിലെ രുദ്രമ്മ ദേവി ആയിരുന്നു.
   ഇന്നന്നെ ആന്ധ്രയും തെലുങ്കാനയും ഉള്‍പ്പെടുന്ന ഭൂപ്രദേശത്ത് അധികാരമുണ്ടായിരുന്നവരാണ് കാകതീയ രാജാക്കന്മാര്‍.
കാകതീയ രാജവംശത്തിലെ റാണിയായ രുദ്രമ്മാ ദേവി 1262 മുതല്‍ 1289 എ.ഡി. വരെയാണ് അധികാരത്തിലിരുന്നത്.( രുദ്രമാദേവിയുടെ ജീവിതത്തെ ആധാരമാക്കി അതേ പേരില്‍ ഒരു തെലുങ്ക് ചിത്രവും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്)

     ഈ രണ്ട് സ്ത്രീകള്‍ക്ക് പുറമെ അധികാരത്തിന്റെ പിന്നാം പുറങ്ങളില്‍ നിന്ന് കൊണ്ട് അധികാര കേന്ദ്രത്തിന്റെ കസേരയെ നിയന്ത്രിച്ച രണ്ട് സ്ത്രികളേയും മദ്ധ്യകാല ഇന്ത്യയുടെ ചരിത്രത്തില്‍ നമുക്ക് കാണാം. ഒന്ന്, 1605 നും 1627 എ.ഡി.ക്കും ഇടയില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ പ്രിയ പത്‌നി നൂര്‍ജഹാന്‍, രണ്ടാമത്തേത്, 1700 മുതല്‍ 1740 എ.ഡി. വരെ മറാത്താ രാജ്യത്തെ നിയന്ത്രിച്ച, പേഷ്വ ബാജി റാവുമായി ബന്ധമുണ്ടായിരുന്ന മസ്താനി എന്ന സ്ത്രീയും.

      ബാഹുബലി ഒരു ചരിത്ര സിനിമയോ, ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയോ അല്ല. ബാഹുബലിയിലെ മഹിഷ്മതി രാജവംശവും തികച്ചും സാങ്കല്‍പ്പികമാണ്. അതുകൊണ്ട് തന്നെ മഹിഷ് മതി രാജ്യത്തിലെ കൊട്ടാരകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ശിവകാമിയുടെ കഥാപാത്രവും സാങ്കല്‍പ്പികമാണ്. എന്നാല്‍ ഈ സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഒരുപക്ഷേ സംവിധായകനേയും തിരക്കഥാകൃത്തിനേയും സ്വാധീനിച്ചത് മധ്യകാല ഇന്ത്യന്‍ ചരിത്രത്തില്‍ അധികാരം കയ്യാളിയ അല്ലെങ്കില്‍ അധികാരത്തിന്റെ ഇടനാഴിയിലുണ്ടായിരുന്ന സ്ത്രീകളായിരിക്കാം. ഏതായായും ശിവകാമിയെ അനശ്വരമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലും രമ്യാ കൃഷ്ണന് സാധിച്ചിട്ടുണ്ട്.

 കെ.ജി.എഫിന്റെ ഒന്നാം ഭാഗത്തിലില്ലാത്തതും രണ്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുന്നതുമായ കഥാപാത്രമാണ് പ്രധാനമന്ത്രിയായ രമികാ സെന്‍. ചിത്രത്തിന്റെ അവസാന 45 മിനുട്ടില്‍ ആണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കെ.ജി.എഫ്. 2 ന്റെ പശ്ചാത്തലം വളരെ വ്യക്തമായി ചിത്രത്തില്‍ കാണിക്കുന്നുമുണ്ട്,അത് 1981 എന്ന വര്‍ഷമാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ 1980-84 കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു. 
സ്വതന്ത്ര ഇന്ത്യക്ക് ഒരേയൊരു വനിതാ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ- അത് ഇന്ദിരാഗാന്ധിയാണ് (1966 മുതല്‍ 1977 വരെയും, 1980 മുതല്‍ 1984 വരെയുമായിരുന്നു ഇന്ദിരാഗാന്ധിയുടെ കാലം). 
ചിത്രത്തില്‍ കാണിക്കുന്ന വര്‍ഷം 1981 -ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. കൂടാതെ ചിത്രത്തില്‍ ഇന്ദിഗാന്ധിക്ക് മുമ്പുണ്ടായിരുന്ന മന്ത്രിസഭ അവിശ്വാസ പ്രമേയം നേരിടുന്നതും അവിശ്വാസപ്രമേയത്തില്‍ മന്ത്രിസഭ പരാജയപ്പെടുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുണ്ട്. അപ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നായിരിക്കണം രമികാ സെന്നെന്നു പറയുന്ന ഇന്ത്യന്‍ വനിതാ പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.

ചുരുക്കത്തില്‍ നായകന്‍ ശക്തി ഉപയോഗിച്ച് വിജയം നേടുന്ന രണ്ടു ചലച്ചിത്രങ്ങളില്‍, അങ്ങേയറ്റം പുരുഷാധിപത്യത്തെ പ്രകീര്‍ത്തിക്കുന്ന ചലച്ചിത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള, സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ശിവകാമിയായിട്ടും രമികാ സെന്നായിട്ടും പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് അങ്ങേയറ്റം ശ്രദ്ധേയമായൊരു സംഭവമാണ്. ഈ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിക്കൊണ്ട് മുന്‍കാല നായികാ നടിമാര്‍ ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായ ഇന്ത്യന്‍ മുഖ്യധാരാ സിനിമകളില്‍ സ്ത്രീകളുടെ സ്ഥാനമാണ് വ്യക്തമായും കൃത്യമായും അടയാളപ്പെടുത്തുന്നത്. മുഖ്യധാരാ സിനിമയിലെ സ്ത്രീശക്തിയുടെ പ്രതീകങ്ങളായിട്ട് നമുക്ക് വേണമെങ്കില്‍ ശിവകാമിയെയും രമികാ സെന്നിനെയും വിശേഷിപ്പിക്കാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക