പിണറായി സഖാവ് തിരക്കിലാണ് - മോദിജി വായ്പ തടഞ്ഞു വച്ചിരിക്കുന്നു , തൃക്കാക്കരയിലെ എല്ലാം തോമസ് മാഷിനെ ഏല്പിച്ചിരിക്കുകയാണ് മാഷും മറ്റും ചേര്‍ന്ന് രണ്ടു തവണ പി.ടിയെ ജയിപ്പിച്ച അബദ്ധം മാഷ് തന്നെ തിരുത്തട്ടെ മാഷിന്റെ 'അമ്മ വീട് തൃക്കാക്കരയിലാണല്ലോ
ആനവണ്ടിക്കാര്‍ക്ക് മാത്രമായിരുന്നു മുറക്ക് ശമ്പളം കിട്ടാത്തത് . കടം കൊണ്ട് മാത്രം ഓടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും കേന്ദ്രത്തിന്റെ കടമെടുപ്പ് വിലക്ക് തുടര്‍ന്നാല്‍ അവതാളത്തിലാകും . ആനവണ്ടിക്കാര്‍ക്ക് ശമ്പളം നല്കാന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിട്ടും ആ ഫയല്‍ 'സ' മട്ടിലിട്ട സെക്രട്ടറിയേറ്റ് തമ്പുരാക്കന്മാരുടെ ശമ്പളം രണ്ടു ഗഡുക്കളാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങുന്നു മാത്രവുമല്ല ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിച്ചു വെക്കുന്ന കാര്യവും പരിഗണനയിലുണ്ട് . സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്ക പോലും ചെയ്തത് അങ്ങനെയാണ് (പിണറായി ചികിത്സക്ക് പോയപ്പോള്‍ കേട്ടതാകും) .
കേരളസര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരും ഓടുന്നത് കടത്തിലാണ് . അങ്ങനെ കേരളത്തില്‍ ഓരോ കുഞ്ഞും ഏതാണ്ട് ഒരു ലക്ഷം രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത് . ഡോ. ജോ ജോസഫും തോമസ് മാഷും ജോര്‍ജേട്ടനും ഉള്‍പ്പെടെയുള്ള കത്തോലിക്കര്‍ക്ക് വേറെയും ഒരു കടമുണ്ട് - ജന്മപാപകടം . പിണറായി സഖാവിന് പ്രായത്തില്‍ ഇളവ് കൊടുത്തത് പോലെ കത്തോലിക്ക സഭ പരിശുദ്ധ കന്യാമറിയത്തെ മാത്രമേ ആ കടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു . അത് കൊണ്ട് തന്നെ തൃക്കാക്കരക്കാരുടെ 'അബദ്ധ സ്ഥാനാര്‍ത്ഥി'യായിരുന്ന പി.ടി തോമസിനും ഈ കടമുണ്ട് . ഭര്‍ത്താവിന്റെ സഭയിലേക്ക് ദൈവഹിതം കൊണ്ട് ഇനിയും മാറാത്ത ഉമ തോമസിനാകട്ടെ , അങ്ങനെ ഒരു കടമോ ഋണബാധ്യതയോ ഇല്ല !
പി.ടിയെ തുടര്‍ച്ചയായി രണ്ടു തവണവലിയ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുക വഴി അങ്ങനെയൊരു 'അബദ്ധം' ചെയ്തുവെന്നാണ് പിണറായി പ്രസംഗത്തില്‍ ഒരലങ്കാരമായി പറഞ്ഞതെന്ന് ഉമക്ക് മനസിലായില്ല . പൂഞ്ഞാര്‍ സഭയിലുള്ളവര്‍ക്ക് ജോര്ജേട്ടന് കന്യാമറിയത്തിന് നല്കിയ ഇളവ് കൊടുത്തതിനാല്‍ ജോ ജോസഫിനും ഇങ്ങനെയൊരു കടമുള്ളതായി പിണറായി സഖാവ് കാണുന്നില്ല . അതിന് പിണറായിക്കാണ് അബദ്ധം പറ്റിയതെന്ന് ഉമ ക്ഷോഭിച്ചത് ശരിയായില്ല , അതെ സമയം മലപ്പുറത്ത് മുസ്ല്യാര്‍ ചെയ്തത് പാപമാണെന്നും ഉമ പറയുന്നുമില്ല അതല്ലേ ഇരട്ടത്താപ്പ് . മാത്രമല്ല പിണറായി ഇപ്പോള്‍ ബേജാറിലാണ് കഴിഞ്ഞ മാസം 1000 കോടിയും ഈ മാസം 3000 കോടിയും വായ്പയെടുക്കാന്‍ ശ്രമിച്ചതാണ് . മോദി ഭായ് തടഞ്ഞു വച്ചിരിക്കുന്നു . 3,77,065 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 1,38,574 എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും ഒന്നാം തിയ്യതി ശമ്പളം എണ്ണി കൊടുത്തില്ലെങ്കില്‍ ജീവനക്കാരുടെ വേഷം മാറും , സുരേഷ്കുമാര്മാര് കൊടി പിടിക്കും ഇതിന് പുറമെയാണ് 4,38,536 പെന്‍ഷന്‍കാരുടെ വേതനം . അതിനിടെ 'മേരാ ആദ്മി' എന്ന് പറഞ്ഞു തോളത്തു കയ്യിടുന്ന മോദി ഭായ് കോവിഡ് കാലത്ത് വാങ്ങിയ കടവും കിഡിബിയിലൂടെ വാങ്ങിയ കടവും ട്രഷറി വാര്‍ഷിക നീക്കിയിരുപ്പ് മാറ്റിയതും എല്ലാം പൊരുത്തപ്പെടുന്നില്ലല്ലോ എന്നാണ് ചോദിക്കുന്നത് . ഇവിടെ ഒരു ഇലക്ഷന് നടത്തുന്നതും തോമസ് മാഷ് വാശിയോടെ ബാറ്റിങ് തുടങ്ങിയതും 'മേരാ പ്യാരേ ദോസ്ത്' മറന്നു പോയോ? അത് കൊണ്ട് തൃക്കാക്കര ഇലക്ഷന്റെ സര്‍വ ചുമതലയും ജന്മം മുതലും മരണം വരെയും കോണ്‍ഗ്രസായി മാത്രം ജീവിക്കുന്ന മാഷിനെ ഏല്പിച്ചിരിക്കുകയാണ് . മാഷായി മാഷ്ടെ പാടായി . തോറ്റാല്‍ മാഷ്ടെ പരാജയം , ജയിച്ചാല്‍ പതിവ് പോലെ .
വാല്‍ക്കഷ്ണം : പിണറായി സഖാവ് തമാശ പറയും ! തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പിണറായി പറയുന്നു; 'ജോ ജോസഫ് സഭയുടേത് തന്നെ .... കേരളാ നിയമസഭയുടെ' ! (നൂറടിച്ചാല്‍ ജോയും സഭയുടേതാകും എന്ന് തമാശ)
കെ.എ ഫ്രാന്‍സിസ്