Image

ഭ്രമം 2 (അധ്യായം 9: മുരളി  നെല്ലനാട്)

Published on 14 May, 2022
ഭ്രമം 2 (അധ്യായം 9: മുരളി  നെല്ലനാട്)

ജീവിതത്തിന്റെ മധ്യാഹ്‌നത്തിൽ രവികുമാറിനും പൂർണിമക്കും ജനിച്ച മകളാണ് അനൂട്ടി. മൂത്ത മകൻ അഖിൽ വിവാഹിതനായിരുന്നു . മകൾ നിഖില ഡിഗ്രി സ്റ്റുഡന്റും. ആ കുഞ്ഞിനെ വളർത്താൻ പറ്റില്ലെന്ന്‌ നിഖില വാശി പിടിക്കുന്നു. അവൾ വീട് വിട്ടു പോകുമെന്ന് ഭീഷണി മുഴക്കുന്നു. രഹസ്യമായി ഡെലിവറി നടന്നത് ബാംഗ്ലൂർ വച്ചായിരുന്നു. പൂർണിമ പ്രസവിച്ച വിവരം പുറത്ത് ആർക്കും അറിയില്ല. പൂർണിമക്ക്‌  കോളേജ് കാലത്ത് ജയദേവനുമായി അടുപ്പം ഉണ്ടായിരുന്നു. ഏട്ടൻ പ്രഭാചന്ദ്രൻ രവികുമാറുമായി പൂർണിമയുടെ വിവാഹം നടത്തുകയായിരുന്നു. പ്രണയ നിരാശയിൽ കഴിഞ്ഞ ജയദേവൻ നിരുപമയെ വിവാഹം ചെയ്‍തത് അവൾ ട്രാൻസ്ജന്റെർ വുമൺ എന്നറിഞ്ഞാണ്. സുഹൃത്ത് ഹരിബാബുവിന്റെ അഭിപ്രായം മാനിച്ചു പതിനാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ജയദേവനും നിരുപമക്കും കൈമാറി. അനൂട്ടിക്ക് നാല് വയസുപ്രായമുള്ളപ്പോൾ ജയദേവൻ മരിച്ചു. അതുവരെ  പൂർണിമയുടെ കൺവെട്ടത്താണ്  അനൂട്ടി വളർന്നത്. ഫിലിം സ്റ്റാർ ആയ നിരുപമ നാല് വയസു പ്രായമുള്ള മകളുമായി മുംബെയിൽ പോയതോടെ അനൂട്ടിയെപറ്റി ആർക്കും ഒരു വിവരവും ഇല്ലാതെ ആയി.
അനൂട്ടിക്ക് പതിനെട്ടു വയസായപ്പോൾ നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തി. നിരുപമയുടെ തിരക്ക് പിടിച്ച സിനിമ ജീവിതത്തിനിടയിൽ അനുട്ടി മയക്കുമരുന്നിനു അടിമപ്പെടുന്നു. നിരുപമയും മകളും കൊച്ചിയിൽ വന്ന വിവരം പൂർണിമ അറിയുന്നു. കൊച്ചിയിൽ എത്തിയ ശേഷം അനൂട്ടിയെ ചേർത്ത കോളേജിലെ ലെക്ച്ചറർ  ആയിരുന്നു നിഖില. നിഖില അനുട്ടിയെ തിരിച്ചറിയുന്നു. അനൂട്ടി അവൾക്കൊരു ശല്യം ആവുന്നു. ഇതിനിടെ പൂർണിമയുടെ മകൻ അഖിലും മരുമകൾ മാളവികയും ഡൽഹിയിൽ നിന്ന് ട്രാൻസ്ഫർ ആയി കൊച്ചിയിൽ വരുന്ന വിവരം പൂർണിമയിൽ മകളെ കാണാനുള്ള പ്രതീക്ഷ ഉണ്ടാക്കുന്നു. ക്ലാസ്സിൽ വച്ച് അനൂട്ടിയും നിഖിലയും കോർക്കുന്നു. നിഖില നിരുപമയെ കണ്ട് മകളുമായി സ്ഥലം വിടാൻ ആവശ്യപെടുന്നു. നിരുപമ അതിനു തയ്യാറല്ലെന്ന് പറയുന്നു. അഖിലും മാളവികയും കുട്ടിയും നിരുപമയുടെ വീടിന്റെ അടുത്ത് വാടകവീട് എടുക്കുന്നു. പാൽ  കാച്ചൽ ചടങ്ങിന് എല്ലാവരും എത്തുന്നു. അഖിലിന്റെ മകൾ അമയ സൈക്കിളിൽ റോഡിൽ ഇറങ്ങുമ്പോൾ ആ വഴി വന്ന അനൂട്ടിയുടെ കാർ തട്ടുന്നു. അനൂട്ടിയെ എല്ലാവരും വീട്ടിലേക്ക് കൂട്ടി കൊണ്ട് സൽക്കരിക്കുന്നു. അവളോട് എല്ലാവരും സ്വന്തം പേരുകൾ മാറ്റി പറഞ്ഞ് പരിചയപ്പെടുന്നു. ആ കുടുംബത്തോടും പൂർണിമയോടും വൈകാരികമായ ഒരടുപ്പം അനൂട്ടിക്ക് ഉണ്ടാകുന്നു.

(തുടർന്നു വായിക്കാം)

 "ഞാനിപ്പോൾ തന്നെ നിരുപമയെ കാണാൻ പോകും. ഈ ലൈനിൽ തന്നെയാ നിരുപമയുടെ വീട് . ആ പെണ്ണ് പറയുന്നത് ഞാൻ കേട്ടതാ."
അപ്പു വെല്ലുവിളിയോടെ പറഞ്ഞു.
 "നീ എന്തു ചെയ്യും എന്നാണ് പറയുന്നത്? നിരുപമയെ കണ്ടിട്ട് ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടെന്ന് അവളോട് പറയുമോ?"
 ഇടഞ്ഞുനിന്ന അപ്പുവിനു  നേരെ മാളവിക ചെന്ന് ചെവിക്കു പിടിച്ചു.  അവൻ അവളുടെ കൈ തട്ടി മാറ്റി.
 "നിങ്ങളെന്തിന് നിരഞ്ജനയോടു എല്ലാവരുടെയും പേര് മാറ്റി പറഞ്ഞു? അതിനുള്ള ഉത്തരം തന്നാൽ മതി. എനിക്ക്  ഏറ്റവും സങ്കടം എൻറെ അച്ഛനെ ജോസ് പ്രകാശ് ആക്കിയത് കേട്ടിട്ടാ."
ഹരി ബാബു ഊറി ചിരിച്ചു.  
"ലോകം മുഴുവനും അറിയുന്നതാ എൻ്റെ അച്ഛനെ. ഡയറക്ടർ ഹരി ബാബുവിനെ അറിയാത്ത ആരെങ്കിലുമുണ്ടോ? അച്ഛൻ സിനിമയിൽ കൊണ്ടുവന്നതാ ആ പെണ്ണിൻറെ അമ്മയെ."
അപ്പു വീറോടെ നിന്നു.

"അവൻ ഈ വീറു കാണിക്കുന്നതിൻ്റെ കാരണം നിങ്ങൾക്ക് അറിയണ്ടേ. ടിവിയിൽ നിരുപമയെയും മോളെയും കണ്ടപ്പോൾ ,അവളുടെ മോളെ വച്ച് സിനിമ പിടിക്കണമെന്ന്..."
സുമലത പറഞ്ഞു. എല്ലാവരും ചിരിച്ചു.
"പതിനെട്ട്  തികഞ്ഞിട്ടില്ല, അവൻ സിനിമ പിടിക്കാൻ നടക്കുന്നു.അവള് സിനിമാക്കാരി ആയില്ലെങ്കിൽ നീ എന്ത് ചെയ്യും? കേറി പോടാ "
 മാളവിക കൈയോങ്ങി. അഖിൽ വന്ന് അപ്പുവിന്റെ തോളിൽ കയ്യിട്ടു.
"മോനെ അപ്പു...നിരുപമയുമായി നമ്മൾ ഇപ്പോൾ നല്ല ടേംസിലല്ല. അങ്കിൾ തന്നെയാ അവളെ സിനിമയിൽ കൊണ്ടുവന്നത്. പക്ഷേ അങ്കിളിനെ അവൾ തള്ളിപ്പറയുകയും ചെയ്തു.  പിന്നെ അപ്പു ഒരു കാര്യം ശ്രദ്ധിച്ചോ.. അവൾ അമ്മയുടെ  പേര് പറഞ്ഞെങ്കിലും തൊഴിൽ എന്താണെന്ന് പറഞ്ഞില്ല. അച്ഛൻ ആരാന്ന് പറയാത്തതിൻ്റെ ദേഷ്യാ അപ്പുന്. അപ്പുൻ്റെ  അച്ഛൻ മലയാളികൾ  മാത്രം അറിയുന്ന ആളാണ്. നിരുപമയോ ...അവളെ ഇന്ത്യ മുഴുവനും അറിയാം. ബോളിവുഡ് നടിയാ നിരുപമ. എന്നിട്ടും അവൾ അത് പറയാൻ മടിക്കുന്നു. പിന്നെന്തിനാ നമ്മൾ ആരാണെന്ന് അവളോട് പറയണം."

"പക്ഷേ നമ്മൾ ആൾമാറാട്ടക്കാരായി അവരുടെ മുന്നിൽ നിൽക്കേണ്ട കാര്യം എന്താ.? അത് അക്കുവേട്ടൻ പറ."
"നിരുപമയുമായി നമുക്ക് ഒരു ബന്ധവും വേണ്ടാത്തതു കൊണ്ടാ മാളു അങ്ങനെ പറഞ്ഞത്. പിന്നെ നിരഞ്ജന സിനിമ കമ്പം ഉള്ള കുട്ടിയല്ല. പഠിച്ച് ജോലി നേടി ജീവിക്കണമെന്നാ അവൾ ആഗ്രഹിക്കുന്നത്. മമ്മി ചെയ്യുന്ന ജോലിയോട് അവൾക്ക് മതിപ്പില്ല എന്നല്ലെ മനസ്സിലാക്കാൻ. അവർ അവളുടെ വഴിക്ക് പോട്ടെ.."
അഖിൽ പറഞ്ഞു.
"നിങ്ങൾ വരൂ..കാപ്പി കഴിക്കാം."

കാപ്പി കുടി കഴിഞ്ഞു അപ്പുവിനെയും കൂട്ടി അഖിൽ  പർചേസിന് പോയി. മഴ പെയ്ത പ്രഭാതം പോലെ പൂർണിമ എല്ലാവരുടെയും മുന്നിലിരുന്നു.
" എത്ര ദിവസം ഈ ഒളിച്ചുകളി തുടരാൻ പറ്റുമെന്ന് അറിയില്ല. നിങ്ങൾ  ഇവിടെയുണ്ടെന്ന് വിവരം നിരുപമ അറിയാനിടയായാലോ. ഇവിടെ ആരുമായും അവൾക്ക് ഒരു കോൺടാക്ട് ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം. പക്ഷേ സ്ട്രീറ്റിൽ വച്ച്  അവൾ നിങ്ങളെ കാണാൻ സാധ്യതയില്ലേ.."
ഹരി ബാബു തുടങ്ങിവച്ചു.

"എനിക്ക് തോന്നുന്നത് ഇനി ആരും ക്ഷണിക്കാതെ തന്നെ വീണ്ടും അനുട്ടി ഇങ്ങോട്ട് വരും എന്നാ. ഒരു കുട്ടി കൂടി  ഇവിടെ ഉണ്ട്. ആരുടെ വീടാണ് എന്ന് അന്വേഷിക്കാതെ ഇരിക്കുമോ നിരുപമ. പൂർണ്ണിമ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ മോളെയും കൊണ്ട് അവൾ സ്ഥലം വിടും. ഈ മഹാരാജ്യത്ത് അവൾക്ക് എവിടെ പോയി താമസിച്ചു കൂടാ. അല്ലെങ്കിൽ ദുബായിലേക്ക് മറ്റോ പൊയ്ക്കൂടേ.."
സുമലത അപകടവശം കൂടി പറഞ്ഞു.
പൂർണിമയുടെ മുഖത്തൊരു കാളൽ പ്രകടമായി.

 "അതിനു സാധ്യത കൂടുതലാണ് രവി.. പൂർണിമക്ക് അകത്തിരിക്കാം. അക്കുനും മാളുനും അത് പറ്റുമോ?  മാളു ന്യൂസ് റിപ്പോർട്ടറാ.. ദിവസവും ടിവിയിൽ കാണുന്ന  മുഖം. അത് ഓർക്കാതെയാ ബാങ്ക് എംപ്ലോയി എന്ന് പറഞ്ഞിരിക്കുന്നത്."
ഹരി ബാബു രവികുമാറിനെ നോക്കി. അപ്പോഴും രവികുമാറോ പൂർണിമയോ ഒന്നും പറഞ്ഞില്ല.  മകളെ  കണ്ട ഷോക്കിൽ നിന്ന് അവർ മോചനം നേടിയിരുന്നില്ല.
" അച്ഛൻ ഒരു കാര്യം കൂടി വിട്ടുപോയി. അനൂട്ടി പഠിക്കുന്നത് നിഖിലയുടെ കോളേജിലാ.. ഉറപ്പായും അത് നിരുപമയുടെ മകളാന്ന് അവൾ തിരിച്ചറിഞ്ഞു കാണും. നിങ്ങൾ എവിടെയാ താമസിക്കുന്നത് എന്ന് നിഖില അനൂട്ടിയോട്  ചോദിക്കുക തന്നെ ചെയ്യും. നമ്മളും ആ കോളനിയിൽ ഉണ്ടെന്നറിഞ്ഞാൽ നിരുപമയെക്കാൾ തലവേദന ഉണ്ടാക്കാൻ പോകുന്നത് നിഖിലയാ. ഇപ്പോഴും  ഒന്നുമറിയാത്ത ഒരാൾ കൂടി ഉണ്ട്.സന്ദീപ്... ഒരു കാര്യത്തിലും  കോംപ്രമൈസ് ഇല്ലാത്ത ആളാ സന്തു..."
മാളവികയുടെ വാക്കുകൾ സത്യമാണെന്ന് എല്ലാവർക്കും തോന്നി.

"ഞങ്ങൾ കൊച്ചിക്ക്  വരുന്ന വിവരം ഒരു മാസം മുമ്പേ അവർ അറിഞ്ഞതാ. ഒരു ഫ്ലാറ്റ്  ഇവിടെ വാങ്ങാൻ അവൾ പറയുകയും ചെയ്തു. അവളെ നാളെ അകറ്റി നിർത്താൻ പറ്റുമോ.  ഒരമ്മയുടെ രണ്ടു മക്കൾ ഈ സിറ്റിയിൽ ഉണ്ട്."
" രണ്ടല്ല മൂന്ന് ..."
ഹരി ബാബു തിരുത്തി.
പൂർണിമ കരച്ചിൽ അടക്കാനാവാതെ എഴുന്നേറ്റുപോയി.
" ഹരി ബാബു പറഞ്ഞത് ശരിയാ. മൂന്ന് മക്കളും മൂന്നു കടവിൽ. ഞാൻ ഈ തോണി ഏത് കരയിൽ അടുപ്പിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അവൾ ഇൻറർവ്യൂന് വരാതെ ഇരുന്നെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു. ശരിക്കും അഗ്നിപരീക്ഷണം തുടങ്ങുന്നത് ഇപ്പോഴാണ്.."
സെറ്റിലേക്ക് മലർന്ന് ഇരുന്നു രവികുമാർ പരിതപിച്ചു.

* * *
കാർ കോളേജിനടുത്ത് എത്തിയപ്പോൾ  അനുട്ടി മുന്നോട്ടിരുന്നു.
"അപ്പൊ ശ്രീനി അങ്കിൾ മമ്മിയോട് പറയാൻ തന്നെയാ തീരുമാനിച്ചിരിക്കുന്നത് അല്ലേ.."
"മോളെ... എത്രനേരമാ വണ്ടി ആ ഗേറ്റിനു മുന്നിൽ കിടന്നത്. അടുത്ത വീട്ടിലെ ഒരു സ്ത്രീ സിറ്റൗട്ടിൽ ഇരുന്നു എല്ലാം കാണുന്നുണ്ടായിരുന്നു. നിരുപമ മാഡത്തിൻ്റെ വണ്ടി ആണെന്ന്  എല്ലാവർക്കും അറിയാം. റേഞ്ച് റോവർ  ഇവിടെ വേറെ ആർക്കാ ഉള്ളത്. ചെറിയ കാര്യം എങ്കിൽ പറയാതിരിക്കാം. ഒരു കുട്ടിയെയാ വണ്ടി തട്ടിയത്. അതിനു പുറമേയാ മോള് അവരുടെ വീട്ടിൽ പോയത്. അത് എനിക്ക് മറച്ചുവയ്ക്കാൻ പറ്റില്ല."
 ശ്രദ്ധയോടെ കാറോടിക്കുമ്പോൾ അയാൾ പറഞ്ഞു.
"ശ്രീനി അങ്കിൾ ഇത് മമ്മിയോട് പറയില്ല.  പറഞ്ഞാൽ നിങ്ങൾ ഓടിക്കുന്ന കാറിൽ അനൂട്ടി കയറില്ല."
അവൾ സ്വരം കടുപ്പിച്ചു.

കാർ കോളേജ് ഗേറ്റ് കടന്നു മുറ്റത്തുനിന്നു.
"ഇത് ശ്രീനി അങ്കിൾ മമ്മിയോട് പറയാതിരിക്കുകയും ഏതെങ്കിലും വഴി മമ്മി അറിയുകയും ചെയ്താൽ ശ്രീനി അങ്കിളിൻ്റെ പണി പോകും. പറഞ്ഞാലും പണി പോകും. എന്നെ ഗ്ലാസ്സിലൂടെ നോക്കിയാ അങ്കിൾ വണ്ടി ഓടിക്കുന്നതെന്ന് ഞാൻ പറയും. .!"
"എൻ്റെ പൊന്നു മോളെ... ദൈവ ദോഷം പറയരുത്."
" ദൈവദോഷം ഉണ്ടാവാതിരിക്കാൻ എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്ക്. മമ്മി അറിയില്ല എന്നു ആശ്വസിക്കുന്നതാ നല്ലത്."
 അവൾ ഡോർ തുറന്നു ഗൂഢസ്മിതതോടെ നടന്നു പോയി.  ക്ലാസ് റൂമിന് മുന്നിലെത്തുമ്പോൾ ക്ലാസ്സിൽ നിഖില കയറി കഴിഞ്ഞിരുന്നു.
" ടീച്ചർ...."
അവൾ വിളിച്ചു. എന്തെങ്കിലും സംഭവിക്കുമെന്ന് കുട്ടികൾ കണക്കുകൂട്ടി. മുഖം തിരിച്ചു അനുട്ടിയെ കണ്ടതും നിഖില മുഖം തിരിച്ചു.
"ഗെറ്റിൻ."

അവളെ ഗൗനിക്കാതെ നിഖില പറഞ്ഞു. നിരഞ്ജന അകത്തുകയറി സീറ്റിൽ ചെന്നിരുന്നു. ഒന്നും സംഭവിക്കാത്തത് കുട്ടികൾക്ക് നിരാശയായി. ക്ലാസ് എടുക്കുമ്പോൾ അനുട്ടി മറ്റേതോ  ലോകത്തായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു ഗൃഹാന്തരീക്ഷത്തിലേക്ക് കടന്നുചെല്ലുന്നത്. ആ വീട്ടിലുള്ളവർ പരസ്പരം മനസ്സു തുറന്നു സംസാരിക്കുകയും ചിരിക്കുകയും അടുത്ത് ഇടപെടുകയും ചെയ്യുന്നു. എന്ത് രസമാണ് ആണ് വീട്. സോഫി ആൻ്റി സ്പർശിക്കുമ്പോൾ ഒക്കെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒരു അനുഭൂതിയാണ്. എന്തിനാണ് സോഫി ആൻ്റി തന്നോട് ഇത്ര വാത്സല്യം കാണിച്ചത്.  ഇടയ്ക്കിടെ കണ്ണ് നിറയുകയും ചെയ്യുന്നത് ശ്രദ്ധിച്ചു. മമ്മി എന്ന് പറഞ്ഞാല് സോഫി ആൻ്റിയെ പോലിരിക്കണം. കെട്ടി പിടിക്കണം, കവിളിൽ ഉമ്മ വയ്ക്കണം, മടിയിൽ പിടിച്ചു കിടത്തണം, ഉരുള ഉരുട്ടി തരണം.

മമ്മി തന്നെ ഒന്ന് കെട്ടി പിടിച്ചിട്ടില്ല. സ്നേഹത്തോടെ ഒരു ഉമ്മ തന്നിട്ടില്ല . ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ  ആദ്യമൊക്കെ അത് ചെയ്തിട്ടുണ്ട്. പിന്നെ പിന്നെ മമ്മി അടുത്ത് വരുമ്പോൾ  എന്തോ തെറ്റ് ചെയ്തിട്ടുവരുന്നു എന്ന തോന്നൽ ആയി മനസ്സിൽ. മമ്മിയുടെ പെർഫ്യൂം പോലും  വെറുത്തു. മമ്മി ചിലരോടൊക്കെ ഇഴുകി അഭിനയിക്കുന്നത് കണ്ടാണ് മമ്മിയോട് വെറുപ്പ് തോന്നി തുടങ്ങിയത്. അത് മമ്മിയെ സ്പർശിക്കാൻ പോലും മടിപ്പിച്ചു. തൻ്റെ തൊഴിൽ ആണെന്ന മമ്മിയുടെ  ഭാഷ്യം ഉൾക്കൊള്ളാൻ കഴിയാതെയായി. പിന്നീട് മമ്മി അഭിനയിച്ച സിനിമകൾ ഒന്നും കാണാതായി. ഫ്രണ്ട്സ്  മമ്മിയുടെ സിനിമകളെ പറ്റി പറഞ്ഞാൽ അവരോട് വഴക്കിടും. സോഫിആൻ്റിയുടെ കൂടെ അല്പ സമയം മാത്രമാണ് ഇരുന്നത്.  സോഫിആൻ്റിയുടെ സ്പർശനം പോലും എത്ര മൃദുലമാണ്. അടുത്തിരിക്കുമ്പോൾ ഒരു മണം. അത് പെർഫ്യൂമിന്റേതല്ല.   അതായിരിക്കുമോ അമ്മ മണം എന്നൊക്കെ പറയുന്നത്. ജിലേബി തനിക്കിഷ്ടമേ അല്ല. പക്ഷേ സോഫിആൻ്റി അതിൽ കുറച്ചു വായിൽ വച്ചു തന്നപ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നി. ഒരു കുഞ്ഞിന് ചോറു കൊടുക്കുന്ന ഭാവമായിരുന്നു സോഫി ആൻ്റിക്ക്. സ്വയം വാ തുറന്നിരിക്കുന്നുണ്ടായിരുന്നു. സോഫി ആന്റിക്ക് മക്കളെ ജീവനാണ്  കുഞ്ഞാറ്റ വീണപ്പോൾ കരഞ്ഞുപോയി. സോഫിആൻ്റിയുടെ മുഖത്തെ സങ്കടം തന്നെ പിരിയുവോളം ഉണ്ടായിരുന്നു.

ആ ടെൻഷൻ ഒക്കെ തീർന്നിട്ട്  സോഫി ആൻ്റിയെ കാണാൻ പോണം.  
ക്ലാസ് എടുക്കുന്നതിനിടെ നിഖില അനൂട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ടേബിളിൽ കൈമുട്ടുകൾ കുത്തി  കൈവിരലുകളും കോർത്ത് അതിൽ താടിവച്ച് അനങ്ങാതെ അവൾ ഇരിക്കുകയായിരുന്നു. നോട്ടം തൻ്റെ മുഖത്തല്ല. മുഖത്ത് ഒരു ചെറു പുഞ്ചിരി തെളിഞ്ഞു കാണുന്നുണ്ട്. അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് നിഖിലക്ക് മനസ്സിലായി. ശ്രദ്ധ തിരിക്കാൻ ശ്രമിച്ചില്ല. സ്വപ്നം കണ്ടു ഇരിക്കട്ടെ. തന്നെ ശല്യപ്പെടുത്താൻ വരാതിരുന്നാൽ മതി. ഏതു ലോകത്ത് ആയാൽ തനിക്കെന്താ. തനിക്ക് അവൾ ഒരു സ്റ്റുഡൻറ് അല്ലേ.
ബെൽ മുഴങ്ങി. നിഖില ക്ലാസ് അവസാനിപ്പിച്ചു ബൈ പറഞ്ഞു നടന്നു. നിയ ജോൺ അനൂട്ടിയുടെ ചുമലിൽ തട്ടി.
"നിരഞ്ജൻ മിണ്ടാതിരിക്കുന്നത് എന്താ."
അനൂട്ടി എഴുന്നേറ്റു നിഖിലയുടെ പിന്നാലെ ഓടി. നിഖില കോറിഡോറിൽ എത്തിയിരുന്നു.
" ടീച്ചർ..."
 അവൾ വിളിച്ചു. നിഖില തിരിഞ്ഞു നോക്കി. അനൂട്ടി ഓടി വരുന്നത് കണ്ടപ്പോൾ അവളുടെ ദേഹത്ത് വിറകയറി. അവൾ അടുത്തു വന്നു.
"ങ് ഉം ?."
 ധാർഷ്ട്യത്തോടെ നിഖില മൂളി.
"ടീച്ചർ എന്തിനാ എൻ്റെ വീട് തേടിവന്നത്?"
നിഖില ഒന്ന് ഞെട്ടി.

"മമ്മിയെ പുറത്തേക്ക് വിളിച്ചു സംസാരിച്ചാൽ ഞാൻ കാണില്ല എന്ന് കരുതിയോ? സിനിമ നടിയെ കാണാൻ ടീച്ചർ പോയ കഥ ഞാൻ കുട്ടികളോട് ഒന്നും പറഞ്ഞിട്ടില്ല. ടീച്ചറോട് സംസാരിച്ചിട്ട് മതി എന്ന് കരുതി. ഇന്നാ ടീച്ചറെ കാണുന്നത്."
നിരുപമക്ക് എന്തായാലും താൻ കാണാൻ ചെന്ന കാര്യം മകളോട് പറയാൻ കഴിയില്ല എന്ന് നിഖിലക്ക് ഉറപ്പായിരുന്നു.
" ടീച്ചർക്ക് നിഷേധിക്കാൻ ഒന്നും പറ്റില്ല. എന്തിനാ ടീച്ചർ വന്നത്? എന്നെപ്പറ്റി പരാതി പറയാനാണോ? പ്രിൻസിപ്പലിനോട് പറഞ്ഞാൽ ഏൽക്കില്ല എന്ന് കരുതി അല്ലേ ടീച്ചർ മമ്മിയോട് പറയാൻ വന്നത്."
 "അതെ...എനിക്ക് സമാധാനമായി ക്ലാസ് എടുക്കണം. നിനക്കിവിടെ കൊമ്പത്തെ പിടി പാടല്ലേ. മോളെ നല്ലവഴിക്ക് വിടാൻ അമ്മയ്ക്ക് കഴിയുമോ എന്ന് അറിയാൻ പോയതാ."

 "പക്ഷേ ടീച്ചർ വന്നതായി മമ്മി എന്നോട് ഭാവിച്ചില്ല..അതുകൊണ്ട് തന്നെ എനിക്ക് ഒരു ഉപദേശവും കിട്ടിയതുമില്ല. ആരാ ഗേറ്റിനു മുന്നിൽ എന്ന് ചോദിച്ചപ്പോൾ നെയ്ബർ എന്നാ മമ്മി പറഞ്ഞത്. മമ്മി എൻ്റെ മുന്നിൽ നിന്ന്  തുള്ളി വിറക്കുമെന്ന്  ഞാൻ കരുതി. അടി വരെ ഞാൻ പ്രതീക്ഷിച്ചു."
 നിഖില നെറ്റി ചുളിച്ചു. കുട്ടികൾ വാതിൽക്കൽ വന്നു നിൽക്കുന്നത് നിഖില കണ്ടു.
"അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം ടീച്ചർ മമ്മിയോട് സംസാരിച്ചത് എൻ്റെ കാര്യമല്ല. വിഷയം മറ്റെന്തോ ആണ്. ടീച്ചർ, അതെന്താ?"
 " നീ നിൻ്റെ അമ്മയോട് പോയി ചോദിക്കണം."
"എനിക്ക് ടീച്ചർ പറഞ്ഞ് അറിയുന്നതാ സുഖം. സത്യം പറയാലോ ഞാനും മമ്മിയും തമ്മിൽ അധികം സംസാരം ഒന്നുമില്ല. അത് പണ്ടേ അങ്ങനെയാണ്. ഒന്ന് ചോദിക്കട്ടെ ..ടീച്ചർക്ക് മമ്മിയെ പരിചയമുണ്ടോ?"
 നിഖിലയുടെ  ഉളള് കാളി.

"ഞാൻ ചെന്നത് നിൻ്റ ശല്യം സഹിക്കാൻ പറ്റുന്നില്ല എന്ന് നിൻ്റെ മമ്മിയോട് പറയാനാ. മമ്മി നിന്നോട് അറിയാത്തതായി നടിക്കുന്നു എങ്കിൽ മകൾക്ക് എന്തിനും വളം വച്ചു കൊടുക്കാൻ  അവർ തയ്യാറാണ് എന്നാ ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല."
നിഖില ധൃതിപിടിച്ച് നടന്നു. കൂട്ടുകാരികൾ അനുട്ടിയുടെ അടുത്തേക്ക് ഓടി വന്നു.
"അവരെ ഒന്ന് മണിയടിക്കാൻ നോക്കിയതാ. പിടി തരുന്നില്ല."
"നിരഞ്ജന.."
 ഒരു ഭാഗത്തുനിന്ന് ജ്യോതിർമയി വിളിച്ചു. സംസാരിക്കാൻ അവൾ മാറിനിൽക്കുകയാണ് എന്ന് അനൂട്ടിക്ക് മനസ്സിലായി. അവൾ അങ്ങോട്ടു ചെന്നു. "നീയാണോ എൻ്റെ നമ്പർ വിവേകിന് കൊടുത്തത്?"
 ജ്യോതിർമയി ചിരിച്ചു.
 "ചേട്ടൻ വിളിച്ചിരുന്നോ? സാന്ദ്ര എന്നോട് എല്ലാം പറഞ്ഞു. അവൾ എൻ്റെ കസിനാ. നിങ്ങൾ അവിടെ ഒരു ഗ്യാങ് ആയിരുന്നു അല്ലേ."

അനൂട്ടി അവളുടെ കണ്ണിലേക്ക് നോക്കി.
"നിനക്ക് സ്വീറ്റ് വേണമെങ്കിൽ ഞാൻ തരാം. പക്ഷേ എൻ്റെ ഫ്ലാറ്റിൽ വരണം. ഇടപ്പള്ളിയിലാ
എൻ്റെ ഫ്ലാറ്റ് . "
അനൂട്ടിയുടെ ഹൃദയത്തിൽ ഒരു തിരയിളകി.
"മമ്മി ഡ്രൈവർക്ക് ഒരു റൂട്ട് മാപ്പ് കൊടുത്തിട്ടുണ്ട്.അത് വിട്ട് അയാൾ ഒന്നും ചെയ്യില്ല. നിനക്ക് കൊണ്ടുവന്നു കൂടെ..."
"അത് റിസ്ക് ആണ് . ബാഗ് ചെക്കിങ് നടക്കാറുണ്ട്.  നിൻ്റെ മമ്മിക്ക്  വർക്ക്ഒന്നും ഇല്ലേ? അവർ വീട്ടിൽ തന്നെ ചടഞ്ഞു ഇരിക്കുകയാണോ?"
" മമ്മി പതിനാലിന് പോകും.  പിന്നെ ഒരു മാസം എങ്കിലും ഹൈദരാബാദിൽ ആയിരിക്കും."
"പിന്നെ എന്തിനാ നീ വിഷമിക്കുന്നത്... നമുക്കൊരു ഒരു ഗെറ്റുഗദർ വയ്ക്കാമെന്നാ  വിവേക് പറയുന്നത്. കൊച്ചിയിലെ നൈറ്റ് പാർട്ടി നടക്കുന്ന ഹോട്ടൽ ഉണ്ട്. മുംബൈയിൽ നിന്ന് അവരെല്ലാവരും വരും. നമുക്ക് ഒന്നു കൂടാം."
ജ്യോതിർമയി നീട്ടിയ കയ്യിൽ അനുട്ടി അടിച്ചു.

* * *
ഉച്ചകഴിഞ്ഞ് ഹരി ബാബുവും സുമലതയും തിരിച്ചുപോയി. രവികുമാർ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി.
അത്താഴ സമയം.  അവിടെ വന്നിട്ട് നിഖിലയെയും സന്ദീപിനെയും മോനും കാണാൻ കഴിയാത്ത സങ്കടം പൂർണ്ണ പറയുമ്പോൾ ആയിരുന്നു നിഖിലയുടെ കോൾ മാളവികക്ക് വന്നത്.
"അമ്മേ നീലു..."
പൂർണിമ ഒന്നു ഞെട്ടി രവികുമാറിനെനോക്കി.
"എന്തു പറയും മോളേ??"
 മാളവിക കോൾ എടുത്ത് സ്പീക്കർ ഓൺ ചെയ്തു.
"മാളു ചേച്ചി കൊച്ചിയിൽ എവിടെയാ സെറ്റിൽ ആയത്?"
 നിഖിലയുടെ സ്വരം വന്നു.
"ഒന്നും പറയേണ്ട നീലു. അക്കുവെട്ടൻ നോക്കി വെച്ച് ഫ്ലാറ്റ് കൈവിട്ടുപോയി. ഇപ്പോൾ ചാനലിന് അടുത്ത് അക്കുവേട്ടൻ്റെ ഫ്രണ്ടിൻറെ ഫ്ലാറ്റിലാണ്. വാടക ഷെയർ ചെയുകയാ. അവർ ഹസ്ബൻഡ് വൈഫും ഒരു കുട്ടിയും അച്ഛനും അമ്മയും.  ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല.  ഗസ്റ്റുകൾ ഒന്നും വരാൻ പാടില്ല എന്ന കാരണവരുടെ ഡിമാൻഡ്."
അഖിൽ അതുകേട്ട് ചിരിച്ചു.

" മാളു ചേച്ചിക്ക് നാണക്കേട് തോന്നില്ലേ. കണ്ടവരുടെ കൂടേ കിടക്കാൻ നാട് തെണ്ടി നടന്ന അക്കുവേട്ടന് ഇതൊന്നും വലിയ കാര്യമല്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങാൻ നോക്കൂ. ഞാൻ സന്ദീപിനോട് പറയാം.സന്ദീപ്  വിചാരിച്ചാൽ കൊച്ചിയിൽ പ്ലാറ്റോ വീടോ കിട്ടാൻ വലിയ പ്രയാസമൊന്നുമില്ല. " "എന്തായാലും ഒരു മാസത്തേക്ക് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല. കുറച്ചു പണം കൊടുത്തു. മാത്രമല്ല കക്ഷിക്ക് അപമാനം ആകും. കാരണവർ മാത്രമേ പ്രശ്നമുള്ളൂ. ഞാൻ നോക്കിയിട്ട്  ഓഫീസിൽ പോയി വരാനും എളുപ്പമാണ്. നടന്നു പോയാൽ മതി.
" ഏതാ ഫ്ലാറ്റ്?"
" നീ ഇങ്ങോട്ട് വരണ്ട നീലു. അത് ശരിയാവില്ല .ഞാനും അക്കുവേട്ടനും മോളും അങ്ങോട്ട് വന്ന് നിങ്ങളെ കാണാം. ഇവിടെ നിന്ന് ഇറങ്ങുന്നത് വരെ അതുമതി. ജോലിയൊക്കെ എങ്ങനെ പോകുന്നു?"
" മാളു ചേച്ചിയോട് അമ്മ പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞോ?"
അനൂട്ടിയെ ഉദേശിച്ചെന്ന് എല്ലാവർക്കും മനസിലായി
" പ്രത്യേകിച്ച് എന്തു പറയാനാ.. അവധി ദിവസം തിരുവനന്തപുരത്തേക്ക് വരാൻ പറഞ്ഞു. നീ ഉടനെ അങ്ങോട്ട് പോകുന്നുണ്ടോ? അങ്കിളും അമ്മയും വേളാങ്കണ്ണിക്ക് പോകുന്നെന്ന് പറഞ്ഞിരുന്നു. വിളിച്ചിടെ നീ പോകാവൂ.. അല്ലെങ്കിൽ വീട്ടിൽ ആരും ഉണ്ടാവില്ല. "

" ഉടനെ ഒന്നുമില്ല. മനസ്സിന് ഒരു സുഖവും ഇല്ല മാളു ചേച്ചി. എന്തോ അകാരണമായ ഒരു ടെൻഷൻ."
"എന്താ അങ്ങനെ വരാൻ.. ജോലിപരമോ അതോ സന്ദീപും ആയിട്ടോ." "അങ്ങനെയൊന്നുമില്ല. എന്തെന്നറിയില്ല . സൺഡേ നിങ്ങൾ ഇങ്ങോട്ട് വാ..."
"ഉറപ്പായും നീ വച്ചോ..."
കോൾ കട്ടായി.

"അവൾ അനൂട്ടിയെ തിരിച്ചറിഞ്ഞു.പക്ഷേ നിരുപമ കൊച്ചിയിൽ ഉണ്ടെന്ന കാര്യം എന്നോട് പറയാൻ അവൾ തയ്യാറായില്ല. "
മാളവിക ചിരിച്ചു.
"ഇതെവിടെ ചെന്ന് നിൽക്കും എന്ന് എനിക്കറിയില്ല."

 രവികുമാർ കൈകഴുകാൻ എഴുന്നേറ്റുപോയി. രാത്രി അടുത്തടുത്ത് ഉറക്കം വരാതെ കിടക്കുമ്പോൾ രവികുമാർ പറഞ്ഞു.
" നമ്മൾ കരുതുന്ന പോലെ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല പൂർണിമേ... മനസ്സിൻ്റെ വിളി കൊണ്ട് നമ്മൾ ചെയ്യുന്ന സാഹസം ആണിത്. ഒരു വശത്ത് നിഖിലയും സന്ദീപും...മറു വശത്ത് എന്തെങ്കിലും സംശയം വന്നാൽ മോളെയും കൊണ്ട് കടന്നു കളയാൻ നിരുപമ. നമുക്ക് തിരിച്ചു പോകുന്നതല്ലേ നല്ലത്."
"രവിയേട്ടാ..."
 പൂർണിമയുടെ പതർച്ചയുള്ള സ്വരം ഉയർന്നു.
"അനുട്ടിയെ കണ്ടിട്ട് എങ്ങനെ അവളെ വേണ്ടെന്നു വച്ചിട്ട് പോകാൻ രവിയേട്ടനും മനസ്സു വരുന്നു."
" മനസ്സ് ഉണ്ടായിട്ടാണോ പൂർണിമേ ഒടുവിൽ നമ്മൾ തോറ്റു പോകും."
"എനിക്കൊന്നും കേൾക്കണ്ട.രവിയേട്ടൻ രാവിലെ തിരിച്ചു പൊയ്ക്കോ."
 പൂർണിമ തിരിഞ്ഞുകിടന്നു. വെളുക്കുവോളം രണ്ടാൾക്കും ഉറങ്ങാനായില്ല.

രാവിലെ എട്ടര മണിയോടെ അഖിലും മാളവികയും ഓഫീസിലേക്ക് പോയി. അമയയെ കൂടി അവർ കൊണ്ടുപോയിരുന്നു. ഓഫീസിൽ പോയിട്ട് അവളെ സ്കൂളിൽ ചേർക്കാൻ ആയിരുന്നു ഉദ്ദേശ്യം.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു രവികുമാർ. ഒമ്പതു കഴിഞ്ഞപ്പോൾ അയാൾ ഡ്രസ്സ് ചെയ്ത്  ഡൈനിങ് ഹാളിൽ വന്നിരുന്നു. ഇഡ്ഡലിയും ചട്നിയും സാമ്പാറും ആയിരുന്നു പൂർണിമ എടുത്തു വച്ചത് .
കോളിംഗ് ബെൽ മുഴങ്ങി.
" അവർ എന്തെങ്കിലും മറന്നു കാണും."
രവികുമാർ പറഞ്ഞു.

പൂർണ്ണിമ ചെന്ന് വാതിൽ തുറന്നു. അടിമുടി ഒരു പുളകം പാഞ്ഞുപോയി . വാതിൽക്കൽ ചിരിയോടെ അനുട്ടി നിൽക്കുന്നു. ഗേറ്റിലേക്ക് കയറ്റി നിർത്തിയിരിക്കുകയാണ് കാർ.
 "മോളേ... !"
 പൂർണിമ അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റി. രവികുമാറും വിസ്മയസ്തബ്ധനായി.
" നല്ല സമയത്താണല്ലോ ഞാൻ വന്നത്.  ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയാ ഇറങ്ങിയത്.  സോഫി ആൻ്റിയുടെ കൈകൊണ്ട് എനിക്കിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കണം."
" വാ മോളെ.. അതെനിക്ക് കിട്ടുന്ന പുണ്യമാ."
"ഹായ് അങ്കിൾ.."
 അനുട്ടി രവികുമാറിനെ വിഷ് ചെയ്തു.
"മോള് വാ.. വന്നിരിക്ക്..."
അയാൾ ക്ഷണിച്ചു.
അനുട്ടി ഓടിവന്നു രവികുമാറിൻ്റെ അടുത്തിരുന്നു. കൺനിറയെ പൂർണിമ ആ കാഴ്ച കണ്ടു. താനും രവിയേട്ടനും തങ്ങളുടെ മോളും. !!

                 (തുടരും)

Join WhatsApp News
TRRPillai 2022-05-17 04:29:10
I want to take a member ship to get to read the video novals.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക