'പുഴു': പ്രമേയം താരമാവുമ്പോൾ സൂപ്പറാവുന്ന സിനിമയും നടനും (പി പി മാത്യു)

പി പി മാത്യു  Published on 14 May, 2022
 'പുഴു': പ്രമേയം താരമാവുമ്പോൾ സൂപ്പറാവുന്ന സിനിമയും നടനും (പി പി മാത്യു)

താരമൂല്യം വിഷയമാക്കാതെ എടുക്കുന്ന ചിത്രങ്ങളിൽ കരുത്താവേണ്ടതു പ്രമേയങ്ങൾ ആയിരിക്കണം എന്നതാണല്ലോ സിനിമയുടെ നിയമം. താരത്തിന്റെ തല കാണിച്ചു കൊട്ടും ഘോഷവുമൊക്കെയായി വരുന്ന പല പടങ്ങളും കുട്ടയിലെറിയാൻ പോലും കൊള്ളില്ലെന്നു കൂടുതൽ കൂടുതലായി തെളിയിച്ചു കൊണ്ടിരിക്കയാണ് മലയാള സിനിമ. അതിനിടെ വരുന്ന ഒരു ആശ്വാസമാണ് 'പുഴു.'

മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ 'നായകൻ' എന്നു കരുതേണ്ട. അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട് എന്നു കരുതി കച്ചവട സിനിമയുടെ കണ്ണിൽ നിന്നല്ല നവാഗത സംവിധായിക രധീനയുടെ ഈ ചിത്രം കാണേണ്ടത്.  നെഗറ്റീവാണ് മമ്മൂട്ടിയുടെ മുൻ പോലീസ് ഓഫീസർ കുട്ടൻ. ചിത്രത്തിൽ പക്ഷെ തലങ്ങും വിലങ്ങും നിറഞ്ഞു നിൽക്കുന്നത് അദ്ദേഹം തന്നെ. എന്നാൽ അസാമാന്യമായ സംയമനം. ശബ്ദഘോഷമോ അതിനാടകീയതയോ ഒന്നും തൊട്ടു തീണ്ടാത്ത ആ കഥാപാത്രാവിഷ്‌കാരണത്തിനു മമ്മൂട്ടിക്ക് എണീറ്റു നിന്ന് ഒരു അഭിവാദ്യം. 

ബ്രാഹ്മണനായ കുട്ടന്റെ സഹോദരി ഭാരതി 'കീഴ്' ജാതിക്കാരനായ നാടക നടനെ വിവാഹം കഴിക്കുന്നത് ആദ്യ ഭർത്താവിന്റെ മരണ ശേഷമാണെന്ന് സൂചനയുണ്ട്. എന്തായാലും അങ്ങിനെ വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് കുടുംബവും സമൂഹവും ശിക്ഷിക്കുന്ന ഭാരതി സഹോദരൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ താമസത്തിനു എത്തുന്നതോടെയാണ് സംഭവങ്ങൾ വികസിക്കുന്നത്. 

കുട്ടനു കർശന നിയമങ്ങളുണ്ട്. ജീവിതത്തെ കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ മാത്രം ശരിയാണെന്ന ചിന്തയുമുണ്ട്. എന്നാൽ ഭാര്യ മരിച്ച ശേഷം മകനെ വളർത്തുന്ന അദ്ദേഹം അവനുമായി ഇടപെടുന്നതിലുള്ള  ആർദ്രതയും സംയമനവും ശ്രദ്ധിക്കണം. കഥാപാത്രങ്ങളുടെ ഉള്ളു കണ്ടെഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തു എന്നു  തോന്നിപ്പിക്കുന്ന ഇടപെടലുകളാണ് അവരുടേത്. ഒടുവിൽ അച്ഛനെ ഇഷ്ടമല്ലെന്നു മകൻ പറയുമ്പോൾ കുട്ടന്റെ കഥാപാത്രത്തിന് ഉള്ളുലയുന്നു. 

സഹോദരിയോട്‌ പൊരുത്തപ്പെടാൻ തയാറാവുന്നതും സ്വന്തം നിലപാടുകൾ അത്ര പവിത്രമൊന്നുമല്ല എന്ന തിരിച്ചറിവിലാണ്. പക്ഷെ അപ്പോഴും ജാതി വിഷം രക്തത്തിൽ നിറഞ്ഞു തിളയ്ക്കുന്നു. 

അതിന്റെ പൊട്ടിത്തെറി ഒടുവിലാണ് -- മകൾക്കു നങ്ങേലി എന്ന് പേരിടുമെന്നു അളിയൻ പറയുന്നതു കേട്ടപ്പോൾ മാരകമായ ആയുധമെടുക്കുന്ന കുട്ടനാണ് സർവ നിയന്ത്രണവും വിട്ട ജാതിക്കോമരമായി മാറുന്നത്. 

'ഉണ്ട' എന്ന മമ്മൂട്ടി ചിത്രം എഴുതിയ ഹർഷദും ഫഹദ് ഫാസിലിന്റെ 'വരത്തൻ' രചിച്ച സുഹാസ്-ഷഫ്റു ടീമിന് ചേർന്നാണ് തിരക്കഥ രചിച്ചത്. കുറച്ചു പാളിപ്പോയ ചില രംഗങ്ങളുണ്ട് എന്നു പറയാതെ വയ്യ. പ്രത്യേകിച്ച് ക്ലൈമാക്സിലേക്ക് എത്തുമ്പോൾ. മികച്ച തിരക്കഥകൾക്കു പലപ്പോഴും സംഭവിക്കാറുള്ളതാണ് എങ്ങിനെ അവസാനിപ്പിക്കണം എന്നതിലുള്ള ചിന്താക്കുഴപ്പം. 

പതിവ് ട്രാക്കിലേക്കു വഴുതിപ്പോകാവുന്ന രംഗങ്ങളിൽ അത് ഒഴിവാക്കാൻ കഴിയുന്ന രധീനയ്ക്കും പിടിയിൽ ഒതുക്കാൻ കഴിയാതെ പോയ ചില രംഗങ്ങൾ ഉണ്ട്. കുഞ്ചന്റെ കഥാപാത്രം സ്വയം കഴുത്തറുക്കുന്ന രംഗമാണ് അതിലൊന്ന്. ചിത്രത്തെ മൊത്തത്തിൽ പക്ഷെ അതു തരം  താഴ്ത്തുന്നില്ല എന്ന് പറഞ്ഞു വയ്ക്കാം. 

ഭാരതിയായി പാർവതി ഏറെ നന്നായി എന്നു പറയുമ്പോൾ കുട്ടപ്പനായ അപ്പുണ്ണി ശശി തെല്ലും മോശമായില്ല എന്ന് കൂടി പറയാനുണ്ട്. 


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക