Image

തൃക്കാക്കരയിൽ പെരുമഴക്കാലം നോവായി മാറുന്നു 

ലാൽ പോൾ  Published on 14 May, 2022
തൃക്കാക്കരയിൽ പെരുമഴക്കാലം നോവായി മാറുന്നു 

 

 

ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴ തൃക്കാക്കരയെയും തണുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൊച്ചിയിൽ തമ്പടിച്ചു ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിച്ചു 100 സീറ്റ് തികയ്ക്കാൻ മുന്നിട്ടിറങ്ങിയ നേരത്താണ് പെരുമഴയുടെ തണുപ്പിക്കൽ. 

തിരഞ്ഞെടുപ്പ് ഫലങ്ങളെ അതൊന്നും ബാധിക്കില്ലെന്നു വ്യക്തമാണെങ്കിലും മൂന്നു  നാലു ദിവസമായി പ്രചാരണം മന്ദഗതിയിലായിട്ടുണ്ട് ഇരു പക്ഷത്തും. മൈക്ക് വച്ച് കീറിപ്പായുന്ന വാഹനങ്ങൾ പോലും മഴയുടെ രൂക്ഷതയിൽ കുടുങ്ങിയിരിക്കുന്നു. സ്ഥാനാർത്ഥികൾ വീട് തോറും കയറി ഇറങ്ങാൻ പരിപാടി ഇട്ടെങ്കിലും ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ഫലമെന്നു പറയുന്ന ഈ പേമാരിയുടെ ശക്തിയിൽ ജനനിബിഡമായ നഗരം മരവിച്ചു നിൽപ്പാണ്. 

വെള്ളക്കെട്ട് ഉണ്ടോ എന്നു ചോദിക്കേണ്ട. ഇത് എറണാകുളമാണ്. ഒരു മണിക്കൂർ നിന്ന് പെയ്താൽ മുങ്ങിപ്പോകുന്ന റോഡുകൾ നഗരത്തിന്റെ പ്രത്യേകതയാണ്. വെള്ളക്കെട്ട് നിവാരണത്തിനുള്ള പദ്ധതികൾ ചിലത് സി പി എം ഭരിക്കുന്ന സിറ്റി കോർപറേഷൻ തുടങ്ങി വച്ചുവെങ്കിലും അതൊന്നും പൂർത്തീകരിച്ചിട്ടില്ല. തൃക്കാക്കര മണ്ഡലത്തിലും അതിന്റെ പരിസരത്തുമായി നഗര പാതകൾ പലതും മുങ്ങി കിടപ്പാണ്. 

അതൊരു തിരഞ്ഞെടുപ്പ് വിഷയമാവുമ്പോൾ ആരാണ് കുറ്റക്കാരൻ എന്ന ചോദ്യമുയരും. അലംഭാവം മുഖമുദ്രയാക്കിയ അഞ്ചു വർഷത്തെ കോർപറേഷൻ  ഭരണം കോൺഗ്രസിന്റേതായിരുന്നു എന്നതു കൊണ്ട് യു ഡി എഫിന് ഇത് പ്രിയപ്പെട്ട വിഷയമല്ല. ഇടതു മുന്നണി ഉന്നയിക്കാൻ മടിക്കാത്ത കാര്യം ആ ദുർഭരണത്തിന്റെ ചരിത്രമാണ്. 

മഴയുടെ രൂക്ഷത കൊണ്ട് തൃശൂർ പൂരം വെടിക്കെട്ട് പോലും മുടങ്ങിയിരിക്കയാണ്. ഒടുവിൽ ശനിയാഴ്ച വച്ച വെടിക്കെട്ടും മാറ്റി. ആന്ധ്രാ തീരത്തിറങ്ങിയ കൊടുംകാറ്റ് ഇപ്പോഴെന്തിനാ ഇങ്ങോട്ടു മഴ കെട്ടിയെടുത്തത് എന്നു എല്ലാ പാർട്ടികളൂം ചോദിക്കുന്നുണ്ട്. പിണറായി ആവട്ടെ ഇനി 17 ദിവസം ബാക്കി നിൽക്കുന്ന വോട്ടെടുപ്പിന് വേണ്ടി തന്റെ വിലയേറിയ സമയം ചിലവഴിക്കാൻ തയാറായി നിൽക്കയാണ്. പക്ഷെ അദ്ദേഹത്തെയും മഴ വിലക്കുന്നു. 

എറണാകുളം ജില്ല അതിശക്ത മഴയുടെ പട്ടികയിലുണ്ട്. റെഡ് അലർട് തന്നെ. ഇടുക്കിയിലുമുണ്ട്. 

കനത്ത മഴയുടെ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മൂന്നു ദിവസം --  14, 15, 16 -- കൂടി പെരുമഴ തന്നെ എന്നാണ് പ്രവചനം. മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു എന്നാണു വാർത്ത. 

മഴ തകർക്കുന്നു, ജനജീവിതം നിശ്ചലമാവുന്നു. കിഴക്കൻ മേഖലകളിൽ തുള്ളി തോരുന്നില്ലെങ്കിൽ നഗരത്തിൽ താരതമ്യേന കുറവാണ് എന്നു മാത്രം. പക്ഷെ പ്രചാരണത്തിന്റെ ചൂടൊന്നു കുറഞ്ഞു പോയി എന്ന് ഇരു മുന്നണികളും പറയുന്നുണ്ട്. 

എന്നാൽ അണിയറയിൽ മഴയും തണുപ്പുമൊന്നും വിഷയമല്ല. മത്സരിക്കാൻ ഇല്ലെന്നു പ്രഖ്യാപിച്ച ആം ആദ്‌മി പാർട്ടി--2020 സഖ്യത്തിന്റെ വോട്ട് ഇടതു, വലതു മുന്നണികൾക്ക് ഒന്നു പോലെ പ്രിയങ്കരമാണ്. കോൺഗ്രസിന്റെ പി ടി തോമസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു കഴിഞ്ഞ തവണ 2020 ഒറ്റയ്ക്കു പിടിച്ച വോട്ട്. അതിൽ ഇടതിന്റെ വോട്ടും ഉണ്ടായിരുന്നു എന്ന് 2020 മേധാവി സാബു ജേക്കബ് പറയുന്നു. രണ്ടായാലും 2020 വോട്ടുകകൾക്കു ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുണ്ട്. അത് കൊണ്ട് സാബുവിന്റെ പിന്തുണ തേടി രണ്ടു മുന്നണികളും ചില ശ്രമങ്ങൾ നടത്തിക്കഴിഞ്ഞു.

ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച്ച 2020 ആസ്ഥാനമായ കിഴക്കമ്പലത്ത് എത്തുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. മഴ അദ്ദേഹത്തിന്റെ വഴി മുടക്കിയില്ലെങ്കിൽ അവിടെ നടക്കുന്ന പൊതുയോഗം കഴിയുമ്പോൾ ഈ സഖ്യത്തിന്റെ നിലപാടിനെ കുറിച്ച് ചില സൂചനകൾ ലഭിക്കും. 

മറുവശത്തു ബി ജെ പിയുടെ വോട്ട് മറിക്കാനും ശ്രമമുണ്ട്. ബി ജെ പിക്ക് പണം ഒരു വിഷയമല്ല. പക്ഷെ വോട്ട് തേടുന്നവർ മറ്റെന്താണു വച്ചു നീട്ടുക എന്നതാണു  കാണേണ്ടത്. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക