ഉമ്മായുടെ കഥ, ഉമ്മാ പറഞ്ഞ കഥ..( ഓർമ്മ:നൈന മണ്ണഞ്ചേരി)

Published on 14 May, 2022
ഉമ്മായുടെ കഥ, ഉമ്മാ പറഞ്ഞ കഥ..( ഓർമ്മ:നൈന മണ്ണഞ്ചേരി)

ഇനി എന്റെ സംശയങ്ങൾ തീർത്തു തരാൻ ഉമ്മയില്ല.ഞങ്ങളുടെ കുടുംബത്തിന്റെ പഴയ ചരിത്രങ്ങൾ  എഴുതുമ്പോൾ,നാട്ടിലെ കാര്യങ്ങൾ എന്തെങ്കിലും എഴുതേണ്ടി വരുമ്പോൾ എന്തെങ്കിലും സംശയം വന്നാൽ ഞാൻ ആദ്യം വിളിക്കുന്നത് എന്റെ ഉമ്മയെ ആയിരുന്നു.ഒടുവിൽ മണ്ണഞ്ചേരിയിലെ ഫസൽ തങ്ങളെക്കുറിച്ച് ഒരു ലേഖനം എഴുതേണ്ടി വന്നപ്പോൾ ഉമ്മയെ വായിച്ച് കേൾപ്പിച്ച് വ്യക്തത വരുത്തിയാണ്  പൂർത്തീകരിച്ചത്.ഉമ്മയാണ് പറഞ്ഞു തന്നത്.സയ്യിദുമാരും ഞങ്ങളുടെ കുടുംബവുമായുണ്ടായിരുന്ന അഭേദ്യമായ അടുപ്പത്തെപ്പറി..

എന്റെ ബാപ്പയും ഉമ്മയും വലിയ വായനക്കാരൊന്നുമല്ലായിരുന്നെങ്കിലും വായനക്കാരായിരുന്നു.പത്രങ്ങൾ നിർബന്ധമായും വായിച്ചിരുന്നു.അതേ പോലെ അത്യാവശ്യം പുസ്തകങ്ങളും ആനുകാലികങ്ങളും...കൂടുതലും മതപരമായ ചരിത്രങ്ങളായിരുന്നുവെങ്കിലും.ഉമ്മയുടെ വായനയും ഉമ്മുമ്മയുടെ[ബാപ്പയുടെ ഉമ്മ] കഥ പറച്ചിലും കേട്ടാകണം എന്നിലെ സാഹിത്യവാസന ഉണർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

അഞ്ച് വർഷങ്ങൾ നാട്ടിൽ നീ മാറി ഗൾഫ് വാസം അനുഭവിക്കേണ്ടി വന്നപ്പോൾ കത്തുകളല്ലാതെ ഒരു വാർത്താവിനിമയ മാർഗങ്ങളും ഇല്ലാതിരുന്ന,വായിക്കാൻ പത്രങ്ങൾ പോലും കിട്ടാതിരുന്ന ഷറൂറ എന്ന ആ അറബി ആദിവാസി ഗ്രാമത്തിലെ ആടുജീവിതത്തിനിടയിൽ നാട്ടിലെ വിശദവിവരങ്ങളുമായി എത്തുന്ന ഉമ്മയുടെയും ബാപ്പയുടെയും കത്തുകൾ.. അവ എത്ര ആശ്വാസപ്രദമായിരുന്നു എന്ന് പറയാൻ കഴിയില്ല..നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും  കെട്ടുകഥകൾ  മാത്രമാണ് എന്ന് പറയുന്നത് എത്ര ശരിയാണെന്ന് അനുഭവിച്ചാലേ നമുക്കറിയാൻ കഴിയൂ.

ഒടുവിൽ അവിടെ നിന്ന് രക്ഷപെട്ട് ഞാനും സുഹൃത്തും നാട്ടുകാരനുമായ മൈതീനും വീട്ടിലെത്തിയപ്പോഴാണ് എല്ലാവരും വിവരം അറിയുന്നത്.അന്ന്  ഉമ്മ പറഞ്ഞ വാചകം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്,’’ഞാൻ ഒരു ദിവസം അസർ നിസ്ക്കരിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോഴുണ്ട്,രണ്ടു പേർ പുറകിൽ നിൽക്കുന്നു..’’ ഞാനും സുഹൃത്തും ഗൾഫിൽ നിന്ന് വന്ന് വരവായിരുന്നു അത്.അത്ര അപ്രതീക്ഷിതമായിട്ടായിരുന്നു ഞങ്ങളുടെ തിരിച്ചു വരവ്.

നാട്ടിൽ നിന്നും മാറി താമസിക്കേണ്ടി വന്നപ്പോൾ ഇടയ്ക്ക്  വീട്ടിൽ വന്ന് ഉമ്മയെ കാണാൻ എപ്പോഴും ശ്രദ്ധിച്ചു.അതിനിടയിൽ ഫോൺ വിളിച്ചും വിവരം തിരക്കും.. കാണാൻ വൈകിയാലോ വിളിക്കാൻ വൈകിയാലോ ഉമ്മ ഇങ്ങോട്ട് വിളിക്കും..വിളിക്കാൻ താമസിച്ചതിന്,വരാൻ താമസിച്ചതിന്  പരിഭവം പറയും.

പ്രളയത്തിന്റെ  സമയത്ത് കായലിന് അധികം  ദൂരെയല്ലാത്ത ഞങ്ങളുടെ കുടുംബ വീടിനെയും  പ്രളയം ബാധിച്ചപ്പോൾ ഉമ്മ കുറെ ക്കാലം   എരമല്ലൂരിൽ എന്നോടൊപ്പമായിരുന്നു  താമസിച്ചത്. ’ ജന്നാത്തുൽ ഫിർദൗസ് ‘’  എന്ന പേരിൽ ഞാൻ എഴുതിയ കഥ  എന്റെ  ഉമ്മയുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിലെ പ്രധാന കഥാപാത്രമായ അത്തറുപ്പാപ്പ  ഉമ്മയുടെ നാടായ അമ്പലപ്പുഴയിലെ കുടുംബവീട്ടിൽ  വന്നിരുന്ന ആളാണ്.പഴയ ഒരു പെട്ടിയിൽ  പലതരം അത്തറുകളും സുറുമയും അതോടൊപ്പം  നാട്ടു വർത്തമാനങ്ങളുമായിട്ടായിരുന്നു  അത്തറുപ്പാപ്പയുടെ വരവ്.

 ഉമ്മ അമ്പലപ്പുഴ കരൂരിൽ നിന്നും വിവാഹിതയായി മണ്ണഞ്ചേരിയിലെ ഞങ്ങളുടെ നൈനാ കുടുംബത്തിലേക്ക് വന്നിട്ട് അറുപതോളം  വർഷമായിക്കാണണം. ഉമ്മയുടെ സംസാരത്തിലൂടെയും ഉമ്മയുടെ വീട്ടിൽ വെച്ച് നേരിട്ടും പരിചയപ്പെട്ടിട്ടുള്ള .അത്തറുപ്പാപ്പ    ഞങ്ങളുടെ നാട്ടിലും വരുമായിരുന്നു.അമ്പലപ്പുഴയിലെ വല്ലീമ്മയുടെയും വല്ല്യാപ്പയുടെയും സഹോദരീ സഹോദരൻമാരുടെയുമൊക്കെ വിവരങ്ങൾ അറിയാൻ ഉമ്മ ഓടിയെത്തും.

ഉമ്മയുടെ നിക്കാഹിന്റെ  കഥയും  പറഞ്ഞു കേട്ടിട്ടുണ്ട്.പത്തറുപത്  വർഷങ്ങൾ മുമ്പ് അത്ര ഗംഭീരമായി  നടന്ന വിവാഹം വെറെ ഇല്ലായിരുന്നു. പിന്നീട് ഇടയ്ക്ക് മകളെ കാണാൻ അമ്പലപ്പുഴയിൽ നിന്ന് വരുമായിരുന്നു വല്യാപ്പ [ഉമ്മയുടെ ബാപ്പ ] കാറിൽ നിറയെ ബേക്കറി സാധനങ്ങളുമായുള്ള ആ വരവ് ഉമ്മയ്ക്ക്  മാത്രമല്ല ഞങളുടെ ഈരയിൽ കുടുംബത്തിലുള്ള  കുട്ടികൾക്കും ഏറെ സന്തോഷകരമായിരുന്നു.. ബേക്കറികൾ അപൂർവ്വമായിരുന്ന അക്കാലത്ത് വല്യാപ്പ വരുമ്പോഴാണ് ബേക്കറി പലഹാരങ്ങൾ കണ്ടിരുന്നതെന്നും കഴിച്ചിരുന്നതെന്നും അന്നത്തെ കുട്ടികളായ ഇന്നത്തെ  മുതിർന്നവർ പലരും ഉമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.        

വരാനുള്ള ദിവസം വല്യാപ്പ വന്നില്ലെങ്കിൽ വഴിയിലേക്ക് ആകാംക്ഷാഭരിതയായി നോക്കി നിന്നിരുന്ന ഉമ്മയുടെ ചിത്രവും പറഞ്ഞു കേട്ട് മനസ്സിലുണ്ട്. ലാൻഡ് ഫോൺ പോലും അപൂർവ്വമായിരുന്ന അക്കാലത്ത് അങ്ങനെ നോക്കി നിൽക്കാനല്ലേ കഴിയൂ.

എന്റെ കഥകൾ എവിടെയെങ്കിലും വരുമ്പോൾ.അല്ലെങ്കിൽ എന്തെങ്കിലും പുരസ്ക്കാരങ്ങൾ കിട്ടിയ വാർത്ത വരുമ്പോൾ അത് വീട്ടിൽ നിന്ന് വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ എവിടെ നിന്നായാലും സംഘടിപ്പിച്ച് ഉമ്മ വായിച്ചിരിക്കും..ഉമ്മ പറഞ്ഞു തന്നിട്ടുള്ള സംഭവങ്ങളിൽ നിന്നും പല കഥകളും ഞാൻ എഴുതിയിട്ടുണ്ട്.അതിൽ ഏറെ പ്രിയപ്പെട്ട കഥയാണ് ‘’ജന്നാത്തുൽ ഫിർദൗസ് ‘’ എന്ന കഥ. അത് അത്തറുപ്പാപ്പയുടെ കഥയാണ്.ഉമ്മയുടെ വാക്കുകളിലൂടെയും ഉമ്മയുടെ വീട്ടിൽ വെച്ച് നേരിട്ടും പരിചയപ്പെട്ടിട്ടുള്ള പലവിധ അത്തറുകൾ നിറച്ച കുപ്പികളുമായി വന്നിരുന്ന അത്തറുപ്പാപ്പ.

ഇടയ്ക്ക് മണ്ണഞ്ചേരിയിലും അത്തറുപ്പാപ്പ വന്നതോർക്കുന്നു.അപ്പോൾ ഉമ്മയുടെ വീട്ടിൽ പോയ വിശേഷങ്ങളും അത്തറുപ്പുപ്പ ഉമ്മയ്ക്ക് പറഞ്ഞു കൊടുക്കും.അത്തറുകൾ മാത്രമല്ല സുറുമകളും ഉപ്പുപ്പയുടെ പെട്ടിയെ സമ്പന്നമാക്കിരുന്നു.അത്തറുകൾക്ക് ‘’ജന്നത്തുൽ ഫിർദൗസ്’’ തുടങ്ങിയ സ്വർഗ്ഗങ്ങളുടെ പേരുകളായിരുന്നു .അതാണ് ആ കഥയ്ക്ക് അങ്ങനെ പേരിട്ടത്.സുറുമകൾക്ക് ‘’ഖോജാത്തി’’ ‘’രാജാത്തി’’ തുടങ്ങിയ പേരുകളുമായിരുന്നു.  എല്ലാം എഴുതിക്കഴിഞ്ഞ് ഞാൻ ഉമ്മയോട് തന്നെ ചോദിക്കാറുണ്ടായിരുന്നു,ഉമ്മാ.ഞാൻ എഴുതിയതൊക്കെ ശരിയല്ലേ?

ഇനി ആരോടാണ് അതൊക്കെ ചോദിക്കുക? ഈ റമദാന് ഉമ്മ കൂടി ഉൾപ്പെട്ട ‘’ഖഫീലിന്റെ ഇഫ്താർ ‘’ എന്ന കഥ ‘’സുപ്രഭാതം’’ പത്രത്തിൽ  [ഞായർ സുപ്രഭാതം]  പ്രസിദ്ധീകരിച്ചു വന്നപ്പോൾ അത് വായിച്ചു കേൾപ്പിക്കാനോ വായിക്കുവാനോ ഉള്ള സ്ഥിയിലായിരുന്നില്ല ഉമ്മ..പെരുന്നാളിന് ആശുപത്രിക്കിടക്കയിൽ അടുത്തിരിക്കുമ്പോൾ ആ കഥ ഉമ്മയോട് പറയാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം എന്നെ വല്ലാതെ വേട്ടയാടി.  

ഒരു സുന്നത്തു നോമ്പ് പോലും നഷ്ടപ്പെടുത്താതിരുന്ന, ഗൾഫിലുള്ളവരും നാട്ടിലുള്ളവരുമായ മക്കളോട് സുന്നത്തു നോമ്പുകൾ പിടിക്കുന്ന കാര്യം ഓർമ്മിപ്പിച്ചിരുന്ന, റമദാൻ പതിനേഴിന് വരുന്ന വല്ലീമ്മയുടെ [ ഉമ്മയുടെ ഉമ്മ ] ആണ്ടു ദിനത്തിന്റെ കാര്യം പറഞ്ഞ് യാസീൻ ഓതാൻ  ഓർമ്മിപ്പിച്ചിരുന്ന ഉമ്മയ്ക്ക് നഷ്ടമാകുന്ന ആദ്യ നോമ്പായിരുന്നു ഇത്.

വീട്ടിൽ വന്നിട്ട് പോകാനിറങ്ങുമ്പോൾ പിന്നെ പോകാം എന്ന് പറയാൻ ഇനി ഉമ്മയില്ല.ഫോൺ വിളിക്കാൻ താമസിക്കുമ്പോൾ എന്താണെന്ന് ചോദിക്കാനും ഇനി ഉമ്മയില്ല.അസുഖബാധിതയായിരുന്നപ്പോഴും അവസാന ദിവസങ്ങളിലൊഴികെ അന്യേഷണങ്ങളിൽ പ്രതികരിക്കാതിരുന്നിട്ടില്ല.എത്രയധികം വേദന അനുഭവിച്ചപ്പോഴും എന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ തിരക്കാതിരുന്നിട്ടില്ല.മക്കളുടെ പഠനത്തിന്റെയും പരീക്ഷയുടെയും വിജയത്തിനായി പ്രാർത്ഥിക്കാരുന്നിട്ടില്ല.മോൾക്ക് എത്രയും വേഗം വിവാഹം ശരിയാകട്ടെ എന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നപ്പോൾ പോലും ഉമ്മ ദു‍ആ ചെയ്യുമായിരുന്നു

കഴിഞ്ഞ ദിവസം ആശുപത്രിയിൽ വന്നിട്ട് പോകാനിറങ്ങുമ്പോൾ ‘’ ഞാൻ കടിഞ്ഞൂൽ പ്രസവിച്ച മോനല്ലേ,നീ , എന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് പോയാൽ മതി’’  എന്ന് എന്നോട് പറഞ്ഞത് കണ്ണു നിരോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ല.പെട്ടെന്നൊരു ദിവസം ഉമ്മയുടെ സാന്നിദ്ധ്യമില്ലാതായപ്പോഴാണ് ആ സാന്നിദ്ധ്യത്തിന്റെ വിലയെന്തായിരുന്നുവെന്ന് മനസ്സിലാകുന്നത്.ഉമ്മയെന്ന തണൽ നഷ്ടമായപ്പോഴാണ് ആ തണൽ നൽകിയ ആശ്വാസമെന്തെന്ന് മനസ്സിലാകുന്നത്.എത്രയൊക്കെ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഉമ്മ ഞങ്ങളെ വിട്ടു  പോയെന്ന്..നേരത്തെ സൂചിപ്പിച്ച സ്വർഗ്ഗമായ ‘’ ജന്നാത്തുൽ ഫിർദൗസി’’ൽ ഉമ്മയോടൊപ്പം ഞങ്ങളെയും ഒരുമിച്ചു കൂട്ടണേ എന്ന് പ്രാർത്ഥിക്കാനല്ലേ നമുക്ക് കഴിയൂ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക