എന്നു തീരും ഈ സെല്‍ഫി പ്രേമം? (ദുര്‍ഗ മനോജ്)

Published on 14 May, 2022
എന്നു തീരും ഈ സെല്‍ഫി പ്രേമം? (ദുര്‍ഗ മനോജ്)

മൊബൈല്‍ ഫോണ്‍ വന്നതോടെ തുടങ്ങിയതാണ് ഈ സെല്‍ഫി സ്‌നേഹം. സ്വന്തം മുഖത്തെ പശ്ചാത്തലഭംഗിയോടെ അവതരിപ്പിക്കാന്‍ കാണിക്കുന്ന ഈ വ്യഗ്രതയില്‍ നഷ്ടപ്പെടുന്നത് സ്വന്തം ജീവന്‍ തന്നെയാണെന്ന് പലരും അറിയുന്നില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് കോഴിക്കോട് ഫറൂഖില്‍ നിന്നുള്ള സംഭവം. ഇവിടുത്തെ റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍ വീണ് മരിച്ചത് വീട്ടുകാരുടെയൊക്കെ വലിയ പ്രതീക്ഷയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ്. സെല്‍ഫി എടുക്കുന്നതിനിടെയാണ് തീവണ്ടി തട്ടി കുട്ടി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കരുവന്‍ തുരുത്തി സ്വദേശി നഫയാണ് ഇന്ന് ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചത്. സെല്‍ഫി എടുക്കുമ്പോഴായിരുന്നു അപകടമെന്ന് നഫയുടെ അധ്യാപകനായ മുനീര്‍ പറയുന്നു.

ഫറൂഖ് കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ട നഫ. അപകത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു. നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇഷാമിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ - മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയാണ് ഉച്ചക്ക് 12:45 ഓടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.

സെല്‍ഫിയോടുള്ള പ്രണയം മൂത്ത് ജീവന്‍ നഷ്ടപ്പെട്ട എത്രയെത്ര കഥകള്‍ നാം നിത്യേന കേള്‍ക്കുന്നു. എന്നിട്ടും സാഹസികമായി ചിത്രങ്ങളെടുക്കാനുള്ള കൗമാരക്കാരുടെ ഈ ആവേശം കാണുമ്പോള്‍ ബുദ്ധിഭ്രമം സംഭവിച്ച പുതിയ തലമുറയെ ഓര്‍ത്തു പരിതപിക്കാനെ കഴിയുന്നുള്ളു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക