Image

ബഫലോ വെടിവയ്‌പുണ്ടായപ്പോൾ ജോലിക്കാർ കൂളറിൽ ഒളിച്ചു 

Published on 15 May, 2022
ബഫലോ വെടിവയ്‌പുണ്ടായപ്പോൾ ജോലിക്കാർ കൂളറിൽ ഒളിച്ചു 



ബഫലോയിലെ ടോപ്‌സ്‌ സൂപ്പർമാർക്കറ്റിൽ ശനിയാഴ്ച്ച വെള്ളക്കാരനായ യുവാവ് വംശീയ വിദ്വേഷം മൂത്തു വെടിവയ്ക്കുമ്പോൾ കടയിൽ ജോലി ചെയ്‌തിരുന്നവർ പലരും കൂളറിൽ വരെ കയറി ഒളിച്ചുവെന്നു യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാരാന്ത്യത്തിൽ കടയിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. 

70 തവണയെങ്കിലും വെടിയൊച്ചകൾ കേട്ടുവെന്നു ടോപ്‌സിൽ ഓപ്പറേഷൻസ് മാനേജറായ ഷോണൽ ഹാരിസ് പറയുന്നു.

പൊലിസ് കണക്കനുസരിച്ചു 10 പേരാണു മരിച്ചത്. വെടിയേറ്റവരിൽ 11 കറുത്ത വർഗക്കാരും രണ്ടു വെള്ളക്കാരും ഉണ്ട്. വംശീയ വിദ്വേഷമാണ് പ്രതി പെയ്റ്റൻ ഗെൻഡ്രോണിനെ തിരക്കുള്ള കറുത്ത വർഗക്കാർ തിങ്ങി പാർക്കുന്ന ജെഫേഴ്സൺ അവന്യുവിലെ സൂപ്പർ മാർക്കറ്റിൽ ആക്രമണം നടത്താൻ പ്രേരിപ്പിച്ചത്. 

ബഫലോയ്ക്കു 320 കിലോമീറ്റർ അകലെ കോങ്ക്‌ളിനിൽ നിന്ന് ഈ സ്ഥലം തേടി എത്തിയത് കറുത്ത വർഗക്കാരെ  മാത്രം വധിക്കാൻ ഉദ്ദേശിച്ചാണ്. 

പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഇരകളുടെ കുടുംബങ്ങളോട്  അനുശോചനം അറിയിച്ചു. മരിച്ചവരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർഥിക്കുന്നു എന്നും അറിയിച്ചു. 

"വംശീയ ലക്ഷ്യങ്ങളുള്ള കുറ്റകൃത്യം ഈ രാജ്യം അങ്ങേയറ്റം വെറുക്കുന്നു," ബൈഡൻ പറഞ്ഞു. ആഭ്യന്തര ഭീകരത എന്ന് അദ്ദേഹം അതിനു പേരു വിളിച്ചു.

ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷണം നടത്തുന്നുണ്ടെന്നു യു എസ് അറ്റോണി ജനറൽ മെറിക്ക് ഗാർലാൻഡ് പറഞ്ഞു. വംശീയ വിദ്വേഷം കൊണ്ടുള്ള തീവ്ര അക്രമം ആയിത്തന്നെയാണ് ഈ കുറ്റകൃത്യത്തെ കാണുന്നത്. 

കൂളറിൽ അഭയം 

ടോപ്‌സിൽ ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ഒരാൾ കൂളറിൽ ഒളിച്ചതായി പത്രങ്ങളോട് പറഞ്ഞു. നിമിഷങ്ങൾക്ക് മുൻപ് കൂളറിൽ പാൽ പാക്കറ്റുകൾ കയറ്റി വയ്ക്കുകയായിരുന്നു അദ്ദേഹം. "ഞാൻ വെടിയൊച്ച കേട്ടു .... വീണ്ടും വീണ്ടും വീണ്ടും. എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലെ. ഞാൻ കൂളറിൽ കയറി ഒളിച്ചു. വേറെയും ചിലർ എന്റെ കൂടെ കൂടി."

റൊട്ടി വാങ്ങാൻ ടോപ്‌സിൽ എത്തിയപ്പോൾ കണ്ടത് ജഡങ്ങളാണെന്നു വെറോണിക്ക എന്നൊരു സ്ത്രീ പറഞ്ഞു. 

ടോപ്‌സിന് എതിര്ഭാഗത്തു താമസിക്കുന്ന കാതറിൻ ക്രോഫ്റ്റൺ എന്ന സ്ത്രീ പറഞ്ഞത് പ്രതി രണ്ടു സ്ത്രീകളെ വെടി വയ്ക്കുന്നതു കണ്ടുവെന്നാണ്. വീടിന്റെ പോർച്ചിൽ നായയുമായി ഇരിക്കയായിരുന്നു അവർ. 

കടയിലേക്ക് കയറിയ ഒരു സ്ത്രീയെ ആണ് ആദ്യം വെടിവച്ചത്. പിന്നെ കാറിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന മറ്റൊരു സ്ത്രീയെ. "ഞാൻ ഒളിച്ചിരുന്നു. എന്നെയും വെടിവയ്ക്കുമോ എന്നു ഭയന്ന്."  

കുറ്റകൃത്യം ലൈവായി ട്വിച്ചിൽ സംപ്രേഷണം ചെയ്ത ഗെൻഡ്രോൺ പക്ഷെ കോടതിയിൽ ഹാജരാക്കിയപ്പോൾ  കുറ്റം നിഷേധിച്ചു.   

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക