Image

തീവണ്ടിയാത്ര (ഗ്രേസിയുടെ കഥകൾ - 3 )

Published on 15 May, 2022
തീവണ്ടിയാത്ര (ഗ്രേസിയുടെ കഥകൾ - 3 )
 
ഗ്രേസിയുടെ കഥകൾ - 3
 
 
 
തീവണ്ടി പുറപ്പെടുമ്പോൾ അവൻ വാതിൽക്കൽ ഇരുന്നുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. ഉപകഥാപാത്രംപോലെ പഴയൊരു ചതുരപ്പെട്ടിയും അവനോടൊപ്പം കാണപ്പെട്ടു. നാടകം ആരംഭിക്കുകയായി എന്നൊരറിയിപ്പ് ഉടനെ വരുമെന്ന് ഞാൻ കാതോർത്തു. എന്നാൽ തീവണ്ടി രണ്ടുവട്ടം ചൂളംവിളിക്കുകയും ഉൽസാഹത്തോടെ മുന്നോട്ടു കുതിക്കുകയും ചെയ്തപ്പോൾ ഞാൻ നേരിയൊരു ഇച്ഛാഭംഗത്തോടെ അവനെ നിരീക്ഷിക്കാൻ തുടങ്ങി. പത്മയോ മേഘ്നയോ താണ്ടി മറുകരയിലെത്തിയ അവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി അധികാരിവർഗ്ഗം അവനെ ഒരു പടിഞ്ഞാറൻ ബംഗാളിയാക്കി മാറ്റിയതാവുമെന്ന് ഞാൻ ശങ്കിച്ചു. കണ്ണുകളിൽ ചുവന്ന നൂലരുവികൾ പായുന്നതു കണ്ടപ്പോൾ അവൻ ലഹരിയുടെ കടുപ്പത്തിലാണെന്ന് എനിക്ക് തീർച്ചപ്പെടുകയും ചെയ്തു. വിയർത്ത നെറ്റിയിൽ പതിഞ്ഞുകിടന്ന ചുരുളൻമുടിയിഴകൾ കാറ്റിൽ പത്തിവിടർത്തി ആടാൻ തുടങ്ങിയപ്പോൾ അവന്റെ തൊണ്ടയിൽനിന്ന് ഏതോ വിചിത്ര മൃഗത്തിന്റെ ശബ്ദം പുറത്തുചാടി.
'ബെക്കാച്ചോദാ!'
അർത്ഥം മനസ്സിലായില്ലെങ്കിലും ഭാഷ ബംഗാളിയാണെന്ന കാര്യത്തിൽ എനിക്ക് സംശയമേതുമുണ്ടായില്ല. അവന്റെ പരന്ന മുഖത്തെ കൂർത്ത താടി എന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നതറിഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.
അന്നേരം അവൻ അടുത്ത ചുവടു വെച്ചു.
'സാലേ കുത്തേ!'
ചുറ്റുമുള്ളവരുടെ മുഖങ്ങളിലേക്ക് ഒരു നേരിയ ചിരി പതുങ്ങിയെത്തുന്നത് ഞാൻ ഈർഷ്യയോടെ കണ്ടു. അപ്പോൾ അവൻ ബംഗാളിയാവാൻ സാധ്യതയില്ല എന്നൊരു നെടുവീർപ്പ് ഞാൻ ഉള്ളിൽനിന്ന് കുടഞ്ഞുകളഞ്ഞു. അടുത്ത നിമിഷം 'തേവിടിയാമകനേ!' എന്നൊരു വിളി എന്റെ നേർക്കു കുതിച്ചുവന്നപ്പോൾ ഞാൻ തരിച്ചിരുന്നുപോയി. ആളുകളുടെ മുഖത്ത് പരിഹാസം പുഴുക്കളെപ്പോലെ നുരയ്ക്കുന്നതു കണ്ട് എന്റെ കൈവിരലുകൾ കോച്ചിവലിക്കുകയും ഉടൽ വെട്ടി വിയർക്കുകയും ചെയ്തു.' വരിനെടാ പന്നികളേ! ' എന്നൊരാക്രോശം അവന്റെ നാവിൻ തുമ്പിൽ പൊട്ടിത്തെറിച്ചതോടെ ചുറ്റുവട്ടത്ത് ഒരു നിശ്ശബ്ദത പൊന്തിപ്പരന്നു. എല്ലാവരുതന്നെ പരസ്പരം നോക്കാൻ മടിച്ച് ഇരുണ്ടുതുടങ്ങിയ ആകാശത്ത് അലയാനോ കാറ്റിന്റെ ചിറകുകളിൽ സ്പർശിക്കാനോ കണ്ണുകളെ പറത്തിവിട്ടു. എങ്കിലും ഇരുന്നയിരുപ്പിൽ കാറ്റത്തെ കരിയിലപോലെ അവൻ പാറിപ്പോയിരുന്നെങ്കിൽ എന്നൊരാഗ്രഹം അവരുടെയൊക്കെ ഉള്ളിൽനിന്ന്  തലനീട്ടി.
എനിക്ക് പൊടുന്നനെ മൂത്രസഞ്ചിയിലൊരു ഞെരുക്കം അനുഭവപ്പെട്ടു. ഞാൻ എഴുന്നേറ്റ് ടോയ്ലറ്റിലേക്ക് നടക്കുമ്പോൾ കലങ്ങിച്ചുവന്നൊരു ചിരി എന്റെ പിന്നാലെ പാഞ്ഞുവന്നു. ക്ഷോഭംകൊണ്ടാവണം മൂത്രം ഒരു മാത്ര സ്തംഭിച്ചു നിന്നിട്ട് നീറ്റലോടെ പുറത്തേയ്ക്ക് കുതിച്ചു. മൂത്രസഞ്ചി ഒഴിഞ്ഞിട്ടും അവിടെത്തന്നെ ഞാനങ്ങനെ എന്തിനാണ് കുറെ നേരം നിന്നതെന്ന് എനിക്കുതന്നെയും മനസ്സിലായില്ല. തിരികെ ഇരിപ്പിടത്തിലേയ്ക്കു പോകാതെ അവന്റെ എതിർവശത്തുള്ള വാതിൽ മലർക്കെ തുറന്ന് ഞാൻ പുറത്തേയ്ക്ക് കൂർപ്പിച്ചുനോക്കി. പക്ഷേ, എന്റെ കണ്ണിൽ ഒന്നും തെളിഞ്ഞില്ല. ചെവിയിൽ അവന്റെ പൊട്ടിച്ചിരിയുടെ ഇരമ്പമല്ലാതെ ഒന്നും പതിഞ്ഞുമില്ല. എപ്പോഴോ പിടിച്ചാലൊതുങ്ങാത്ത ഒരു വിറയലോടെ ഞാൻ തിരിഞ്ഞുനിന്നു.
ഒരു മുഷിഞ്ഞ ഭാണ്ഡംപോലെ അവൻ അവിടെത്തന്നെ ഉണ്ടായിരുന്നു. അവന്റെ ചതുരപ്പെട്ടി എന്റെ നേർക്ക് തുറിച്ചു നോക്കി. ഒരു മുഴുത്ത തെറി ആഞ്ഞുതുപ്പി ഞാൻ പെട്ടിക്ക് ഒരു ചവിട്ടു കൊടുത്തു. പകിരി തിരിഞ്ഞ് പുറത്തെ ഇരുളിലേയ്ക്ക് തെറിക്കുമ്പോൾ പെട്ടി അവനെ നെഞ്ചോട് ചേർത്തുപിടിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക