Image

 മനസ്സിൽ വേരുറച്ച ജാതിബോധം പേറുന്നവരുടെ കഥ ട്രൂ ക്രിട്ടിക് (പുഴു റിവ്യൂ: സൂരജ് കെ.ആര്‍)

Published on 15 May, 2022
 മനസ്സിൽ വേരുറച്ച ജാതിബോധം പേറുന്നവരുടെ കഥ  ട്രൂ ക്രിട്ടിക് (പുഴു റിവ്യൂ: സൂരജ് കെ.ആര്‍)
 
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റത്തീന സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പുഴു.' പാര്‍വതി തിരുവോത്ത് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും, ചിത്രത്തില്‍ നെഗറ്റീവ് ക്യാരക്ടറാണ് മമ്മൂട്ടിക്ക് എന്നുള്ളതും റിലീസിന് മുമ്പ് തന്നെ ചിത്രം ചര്‍ച്ചയാകാന്‍ കാരണമായിരുന്നു. മമ്മൂട്ടി മലയാളത്തില്‍ ആദ്യമായി ഒരു സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയായി. ഹര്‍ഷദിന്റെ കഥയ്ക്ക്, ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ തിരക്കഥ രചിച്ചിരിക്കുന്നു.


മെയ് 13-ന് സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒടിടി സിനിമ കൂടിയാണ് പുഴു.

പരിഷ്‌കൃതരെന്ന് നടിക്കുന്ന ഇന്നത്തെ സമൂഹത്തിലും നമ്മെ വിടാതെ പിന്തുടരുന്ന ജാതീയതയും, അധികാര മുഷ്‌കുമെല്ലാം കാണിച്ചുതരാനാണ് പുഴു ശ്രമിച്ചിട്ടുള്ളത്. ഒരാളുടെ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെയാണ് അയാളുടെ മകനെ പോലുള്ളവരെയും, മറ്റ് ബന്ധുക്കളെയും, ബിസിനസ് പങ്കാളികളെയുമെല്ലാം ബാധിക്കുന്നു എന്ന് ചിത്രം കാട്ടിത്തരുന്നു. ഒപ്പം അദികാരം കൂടിയാകുമ്പോള്‍ ഇത്തരം ചിന്തകളാല്‍ അന്ധനായ അയാള്‍ക്ക് മുന്നില്‍ നിസ്സഹായരാകുന്ന സാധാരണക്കാരെയും കാണാം. മമ്മൂട്ടിയാണ് ഈ വ്യക്തിത്വങ്ങളോടെ ജീവിക്കുന്ന, കുട്ടന്‍ എന്ന വിളിപ്പേരിലറിയപ്പെടുന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഭൂതകാലത്തിലെ തന്റെ തെറ്റായ ചെയ്തികള്‍ കാലങ്ങള്‍ക്കിപ്പുറം ഭയമായി കുട്ടനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചെയ്തുകൂട്ടിയതില്‍ ഒരു വീണ്ടുവിചാരം നടത്താനോ, തെറ്റാണ് ചെയ്തതെന്ന് മനസിലാക്കാനോ, അംഗീകരിക്കാനോ സാധിക്കാത്ത അയാള്‍ ഇന്നും സ്വയം ന്യായീകരണങ്ങള്‍ നിരത്തുകയാണ്. ഇത് സ്വന്തം മകനടക്കം തന്റെ ചുറ്റിലുമുള്ള പലരോടും സ്ഥാപിച്ചെടുക്കാനും അയാള്‍ ശ്രമിക്കുന്നുണ്ട്. പലപ്പോഴും ആ ശ്രമത്തില്‍ ഒരു മാനിപ്പുലേഷനിലൂടെ അയാള്‍ വിജയിക്കുന്നുമുണ്ട്.

ഉയര്‍ന്ന ജാതി എന്ന് വിളിക്കപ്പെടുന്ന കുടുംബത്തില്‍ ജനിച്ച അയാള്‍ ഇന്നും അപരിഷ്‌കൃതമായ ചിന്തകളും, അയിത്തവുമെല്ലാം വച്ചുപുലര്‍ത്തുന്നയാളാണ്. അത് പ്രകടിപ്പിക്കാന്‍ നല്ലൊരവസരം കിട്ടിയാല്‍ പാഴാക്കാറുമില്ല. സ്വന്തം അനിയത്തി താഴ്ന്ന ജാതിക്കാരന്‍ എന്ന് വിളിക്കപ്പെടുന്ന ഒരാളെ വിവാഹം കഴിച്ചതിലെ 'അഗാധ ദുഃഖം' അനുഭവിക്കുന്നയാളുമാണ് കുട്ടന്‍.

ഈ കഥാപരിസരത്ത് നിന്നും രാഷ്ട്രീയമായ ചില കാര്യങ്ങള്‍ പച്ചയായി തുറന്നുകാട്ടാന്‍ ശ്രമിച്ച പുഴു, തീര്‍ച്ചയായും മികച്ച ഒരു പരിശ്രമം തന്നെയാണ്. എന്നാല്‍ കഥയുടെ മെല്ലെപ്പോക്ക് പല പ്രേക്ഷകരെയും മടുപ്പിക്കാന്‍ സാധ്യതയുണ്ട്. ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ ഇത്രയും സ്ലോ പേസ് ട്രീറ്റ്‌മെന്റ് ഈ സിനിമയ്ക്ക് വേണമായിരുന്നോ എന്നാണ് ചിന്തിച്ചത്. കാരണം ഇനിയും സാധ്യതകളുള്ള, കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും സൃഷ്ടിക്കാനുള്ള ഇടം ഈ കഥയില്‍ ഉണ്ടായിരുന്നു. സിനിമയുടെ ആദ്യ ഭാഗങ്ങള്‍ ഗംഭീരമായിരുന്നെങ്കിലും പകുതിയോടടുക്കുമ്പോള്‍ മുതല്‍ കഥപറച്ചിലില്‍ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ഇവിടെ കുറേക്കൂടി എന്‍ഗേജിങ് ആയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ പേരിലേയ്ക്ക് എത്താന്‍ സഹായകമായേനെ. അതേസമയം പറയാനുദ്ദേശിച്ചത് ചോര്‍ന്ന് പോകുകയുമില്ലെന്നും തോന്നി.


സിനിമയെ കൊതിയോടെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം മമ്മൂട്ടി എന്ന നടന്റെ അതിഗംഭീര പ്രകടനമാണ്. ജാതീയതയും, ഈഗോയും, ചില സമയങ്ങളില്‍ നിസ്സഹായാവസ്ഥയുമെല്ലാം പേറി നില്‍ക്കുന്ന കുട്ടനെ അത്രമേല്‍ സൂക്ഷ്മമായി മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ അമ്മയോട് സംസാരിക്കുന്ന സീന്‍, ഫ്‌ളാഷ് ബാക്കില്‍ അനിയത്തിയുടെ ഭര്‍ത്താവിനെ തല്ലുന്ന സീന്‍ എന്നിവിടങ്ങളിലെല്ലാം ഇതുവരെ കാണാത്ത ഭാവപ്രകടനങ്ങള്‍ വലിയ നടന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മറ്റ് അഭിനേതാക്കളായ പാര്‍വതി, അപ്പുണ്ണി ശശി, ഇന്ദ്രന്‍സ് എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നെടുമുടിയെ ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാനാത് സന്തോഷം നല്‍കുന്നു. സെക്യൂരിറ്റി ആയി ചെറിയ വേഷത്തിലെത്തിയ നടന്‍, മമ്മൂട്ടിയെ കഥാപാത്രം ഇനി ജോലിയില്ല എന്ന് പറയുമ്പോഴുള്ള സീനില്‍ വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു.

സാങ്കേതികരംഗത്ത് പശ്ചാത്തലസംഗീതമാണ് എടുത്തു പറയേണ്ടത്. സിനിമയുടെ കഥയ്ക്കും, കഥാപാത്രങ്ങളുടെ വികാരങ്ങള്‍ക്കുമെല്ലാം പ്രധാന്യം നല്‍കിക്കൊണ്ട് കയ്യടക്കത്തോടെ ചെയ്തതാണ് സംഗീതം. സിനിമാറ്റോഗ്രാഫി ആവറേജിന് മുകളില്‍ എന്നാണ് തോന്നിയത്.

പറയുന്ന രാഷ്ട്രീയം ശക്തമാണ് എന്നതിനാല്‍ തീര്‍ച്ചയായും കാണേണ്ടൊരു സിനിമയാണ് പുഴു. എത്രത്തോളം പുരോഗമനം പറഞ്ഞാലും ഇന്നും നമ്മുടെയിടയില്‍ കുട്ടനെ പോലെയുള്ള ആളുകള്‍ ജീവിക്കുന്നു എന്നതിന് തെളിവ് കൂടിയാകുന്ന ചിത്രം. പ്രതീക്ഷയുണര്‍ത്തുന്ന സംവിധായികയാണ് രത്തീനയെന്നും ചിത്രം അടിവരയിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക