Image

മഴപ്പേടിയില്‍ കേരളം (ദുര്‍ഗ മനോജ്)

Published on 15 May, 2022
മഴപ്പേടിയില്‍ കേരളം (ദുര്‍ഗ മനോജ്)

കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭയപ്പാടിലാണ് ജനങ്ങളെന്നു പറയാതെ വയ്യ. മഴ തുടരുന്നതോടെ, ശക്തമായ മുന്നൊരുക്കത്തിലാണ് സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അടക്കം രംഗത്തെത്തിച്ച് അതിതീവ്ര മഴ സാഹചര്യത്തെ നേരിടുകയാണ് സര്‍ക്കാര്‍. ആരക്കോണത്തു നിന്നും എന്‍ഡിആര്‍എഫ് (NDRF) സംഘം കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. 100 പേര്‍ വീതമുള്ള 5 സംഘങ്ങള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ നിലയുറപ്പിക്കും.

മഴപ്പേടി മൂലം അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. കാസര്‍കോട് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാള്‍ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതു കൊണ്ടു തന്നെ മഴപ്പേടിയില്‍ അമര്‍ന്നിരിക്കുകയാണ് കേരളം. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്. ഇതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്നും സൂചനയുണ്ട്. അതിതീവ്ര മഴ തുടര്‍ന്ന് മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. ആലുവയിലും കലൂരിലും വെള്ളക്കെട്ട് ഉണ്ടായി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പന്‍ റോഡ് പൂര്‍ണമായും മുങ്ങി, 30 ല്‍ അധികം വീടുകളില്‍ വെള്ളം കയറി. ആലുവയില്‍ ഇരുപതോളം കടകളില്‍ വെള്ളം കയറി. പെരുമ്പാവൂരില്‍ മഴയ്‌ക്കൊപ്പം എത്തിയ കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണ് എം സി റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതുണ്ടെന്നാണ് കാലാവസ്ഥാ പഠനം സൂചിപ്പിക്കുന്നത്; അതു പോലെ മേഘവിസ്‌ഫോടനവും ഉണ്ടായേക്കാമത്രേ. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളെത്തുടര്‍ന്ന് മലയോര മേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നത് വരെ ഒഴിവാക്കുന്നതാണ് നല്ലത്. എന്തായാലും കേരളത്തില്‍ എല്ലായിടത്തും കനത്ത കാര്‍മേഘങ്ങള്‍ നിലവിലുണ്ട്. മഴ ഇതെഴുതുംവരെയും കനത്തു പെയ്യാന്‍ തുടങ്ങിയിട്ടില്ല. ജാഗ്രത പാലിക്കണമെന്ന് വീണ്ടും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക