Image

ബഹിരാകാശ യുദ്ധം  (മധു കൊട്ടാരക്കര-24 ന്യുസ് )

Published on 16 May, 2022
ബഹിരാകാശ യുദ്ധം  (മധു കൊട്ടാരക്കര-24  ന്യുസ് )

ആഴ്ചകൾക്ക് മുമ്പ് ബഹിരാകാശത്ത്  തിടുക്കപ്പെട്ട്  ഒരു യാത്രയയപ്പ് നടന്നിരുന്നു . അമേരിക്കൻ വംശജനായ മാർക്ക് vande hei വാന്റ ഹൈ , ഇന്റർനാഷണൽ സ്പേസ് സെന്റർ ഇൽ 355 ദിവസം ചിലവഴിച്ചതിനു ശേഷം രണ്ട് റഷ്യക്കാരോടോപ്പം  റഷ്യൻ നിയന്ത്രണത്തിലുള്ള പേടകത്തിൽ  ഭൂമിയിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ പതിവിനു വിപരീതമായി നിലം തൊടും  വരെ വലിയ മാനസിക സമ്മർദ്ധത്തിലായിരുന്നു മാർക്കിനോടോപ്പം അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയും .യുദ്ധത്തിന്റെ അലയൊലികൾ ബഹിരാകാശത്തും എത്തി കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഈ തിരക്കിട്ട മടക്ക യാത്രയെന്ന്  നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

ആകാശങ്ങൾക്ക് അപ്പുറം ബഹിരാകാശത്തിന്റെ വിരിമാറിൽ  മോസ്‌കോയും വാഷിങ്ങ്ടണും നെയ്തെടുത്ത സമാധാനത്തിന്റെ അത്ഭുത ലോകത്തിനാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്. യുക്രയിൻ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്റർനാഷണൽ സ്പേസ് സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനു തടസ്സം നിൽക്കുന്നതൊന്നും വാക്കാലോ പ്രവൃത്തികൊണ്ടോ വരാതെ സൂക്ഷ്മതയോടെ നീങ്ങുകയായിരുന്നു  നാസ ഇത് വരെയും .  
എന്നാൽ ഇതോടെ  ഭൂമിയിലെ യുദ്ധം ആകാശത്തുണ്ടാക്കാവുന്ന ഭവിഷ്യത്തുക്കളെപ്പറ്റി അമേരിക്ക ഗൗരവതരമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റഷ്യയടക്കമുള്ള നാല് രാജ്യങ്ങളിലെ സ്‌പേസ് ഏജൻസികളുമായി ചേർന്ന്, അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസ 1998-ൽ ബഹിരാകാശത്ത് ആരംഭിച്ച ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷന്റെ ഭാവിയാണ് ഇപ്പോൾ റഷ്യ- യുക്രൈയ്ൻ യുദ്ധത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത് . അമേരിക്ക റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്ന് സ്‌പേസ് സ്റ്റേഷന് ഇപ്പോൾ തങ്ങൾ നൽകി വരുന്ന പിന്തുണ പിൻവലിക്കുമെന്നും സ്‌പേസ് സ്റ്റേഷന്റെ പ്രൊപ്പൽഷൻ സംവിധാനങ്ങൾ അതോടെ നിശ്ചലമാകുമെന്നും റഷ്യ ഭീഷണി മുഴക്കിയത് നാസ യിൽ വലിയ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.

watch video

https://www.youtube.com/watch?v=k_BlVAGMNHc

ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ നടത്താനിടയുള്ള പര്യവേഷണങ്ങളിൽ ഇന്റർനാഷണൽ  സ്‌പേസ് സ്റ്റേഷനെ ഉപയോഗിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു  ബഹിരാകാശരംഗത്ത്  വലിയ പുരോഗതി കൈവരിച്ചിരുന്ന റഷ്യയുടെ റോസ്‌കോസ്‌മോസ്  സ്‌പേസ് ഏജൻസിയുമായി സഹകരിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനായി അമേരിക്ക ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന് രൂപം നൽകിയത്.  ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ, ബഹിരാകാശത്ത് സെക്കന്റിൽ 7.66 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന  സ്‌പേസ് സ്റ്റേഷൻ ഇന്ന് നിരവധി ഗവേഷണങ്ങളുടെ പരീക്ഷണശാലയാണ്.20 രാജ്യങ്ങളിൽ നിന്നുള്ള 251 പേരാണ്  ഇതുവരെ സ്‌പേസ് സ്റ്റേഷനിൽ പല കാലയളവുകളിലായി തങ്ങിയിട്ടുള്ളത്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ ഉപരോധങ്ങൾ തങ്ങൾക്കെതിരെ  കൊണ്ടുവന്നതോടെ  ഇന്റർനാഷണൽ  സ്‌പേസ് സ്റ്റേഷന്റെ കാര്യത്തിൽ റഷ്യ നിലപാട് കടുപ്പിച്ചു .  
23 വർഷങ്ങളായി സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്രയും സ്‌പേസ് സ്റ്റേഷനെ ഭ്രമണപഥത്തിൽ തന്നെ നിലനിർത്തുന്നതിനാവശ്യമായ പൊപ്പൽഷൻ സംവിധാനവും പ്രവർത്തിപ്പിക്കുന്നത് റഷ്യയാണെന്നതാണ് യാഥാർത്ഥ്യം. സ്‌പേസ് സ്റ്റേഷനെ ഭ്രമണപഥത്തിൽ തന്നെ നിലനിർത്തുന്നതിൽ റഷ്യൻ കാർഗോ ഷിപ്പുകൾ ഉപയോഗിച്ചുള്ള പീരിയോഡിക് ബൂസ്റ്റിങ് ആവശ്യമാണ്. റഷ്യ സ്‌പേസ് സ്റ്റേഷൻ ദൗത്യത്തിൽ നിന്നും പെടുന്നനവേ പിന്മാറുകയാണെങ്കിൽ അത് സ്‌പേസ് സ്റ്റേഷന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കാനും ഒരുപക്ഷേ, ഭ്രമണപഥത്തിൽ നിന്നും തെന്നി മാറി, നിയന്ത്രണങ്ങളില്ലാതെ, ഭൂമിയിലേക്ക് പ്രവേശിക്കുന്ന സ്‌പേസ് സ്റ്റേഷന്റെ പല ഭാഗങ്ങളും ആവാസപ്രദേശങ്ങളിൽ പതിച്ച് ജീവഹാനിയും വലിയ നാശനഷ്ടങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.അമേരിക്ക ഭയപ്പെടുന്നതും അത്തരമൊരു സ്ഥിതിവിശേഷം തന്നെയാണ്. 

അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് , 2025-ഓടെ തങ്ങളുടെ സ്വന്തം സ്‌പേസ് സ്റ്റേഷൻ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റഷ്യ ഇപ്പോൾ. അതിനായുള്ള ആദ്യ മൊഡ്യൂളിന്റെ നിർമ്മാണവും അവർ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ബഹിരാകാശ ഗവേഷണങ്ങളുടെ കാര്യത്തിൽ റഷ്യ വലിയ മുന്നേറ്റമുണ്ടാക്കിയ രാഷ്ട്രമായതിനാൽ അതവർക്ക് സാധ്യമാകുകയും ചെയ്യും. പക്ഷേ അതോടെ അനിശ്ചിതത്വത്തിലാകുന്നത് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന്റെ ഭാവിയായിരിക്കും. റഷ്യയെ പ്രകോപിക്കാതെ  കൂടെ നിർത്താനായില്ലെങ്കിൽ   ഇന്റർ നാഷണൽ  സ്‌പേസ് സ്റ്റേഷന്റെ കാര്യം കട്ടപൊകയാകുമെന്ന് അമേരിക്കയ്ക്കറിയാം.
എന്തായാലും ഭൂമിയിലെ പോരാട്ടങ്ങൾ ആകാശത്തു  ഏറെ ആശങ്കകൾക്ക്  തു ടക്കിട്ടു കഴിഞ്ഞു. തലയ്ക്ക് മീതെ യുദ്ധാകാശമെന്ന യാതഥാർത്ഥ്യത്തിലേക്കാണോ  യുക്രയിൻ യുദ്ധം  നയിക്കുന്നതെന്ന് ആശങ്കയോടെയാണു ശാസ്ത്ര ലോകം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക