Image

വംശീയ ഹത്യക്കു പെയ്റ്റൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു 

ലിസ് മാത്യു  Published on 16 May, 2022
വംശീയ ഹത്യക്കു പെയ്റ്റൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു 

ശനിയാഴ്ച്ച 10 പേർ വെടിയേറ്റു മരിച്ച ന്യയോർക്കിലെ ബഫലോയിൽ ചൊവാഴ്ച്ച പ്രസിഡന്റ് ജോ ബൈഡൻ എത്തുന്നു എന്ന റിപ്പോർട്ടിനിടെ, അക്രമത്തിനു അറസ്റ്റ് ചെയ്യപ്പെട്ട പെയ്റ്റൻ ഗെൻഡ്രോൺ വംശീയ വിദ്വേഷ സൈറ്റുകൾ വീക്ഷിച്ചു തയ്യാറെടുപ്പു നടത്തിയിരുന്നു എന്ന വിവരം പുറത്തു വന്നു. 

പെയ്റ്റനെ ജാമ്യമില്ലാതെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച്ച കോടതിയിൽ വീണ്ടും ഹാജരാക്കും. 

കൂട്ടക്കൊല നടത്തുന്നതിനു മുൻപ് 18 കാരനായ പെയ്റ്റൻ എഴുതിയ 180 പേജുള്ള 'മാനിഫെസ്റ്റോ' യിൽ തിരഞ്ഞെടുപ്പു ഫലങ്ങളെ കൃത്രിമമായി സ്വാധീനിക്കാൻ കുടിയേറ്റക്കാരെ കൂട്ടമായി അമേരിക്കയിലേക്കു കൊണ്ടു  വരികയാണെന്ന വാദം ഉന്നയിക്കുന്നു. വെള്ളക്കാരന്റെ മേധാവിത്വം ആവശ്യമെന്നു പ്രചരിപ്പിക്കുന്ന ഇന്റർനെറ്റ് സൈറ്റുകളിൽ സ്ഥിരം സന്ദർശകനായിരുന്നു പെയ്റ്റൻഎന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ന്യുസിലന്ഡിലെ ക്രൈസ്റ്റ്ചർച്ചിൽ 2019 ൽ ഒരു മുസ്ലിം പള്ളിയിൽ വെള്ളക്കാരൻ തീവ്രവാദി നടത്തിയ കൂട്ടക്കൊല, നോർവേയിൽ 2011 ൽ മറ്റൊരു തീവ്രവാദി വെള്ളക്കാരൻ നടത്തിയ കൂട്ടക്കൊല ഇതൊക്കെ വിശദമായി ഗവേഷണം ചെയ്തു പഠിച്ചിട്ടുണ്ട് പെയ്റ്റൻ. 

ബഫലോയിലേക്ക് 320 കിലോമീറ്റർ സഞ്ചരിച്ചു കോങ്ക്‌ലിനിൽ നിന്ന് പെയ്റ്റൻ എത്തിയത് എല്ലാ ഒരുക്കങ്ങളോടെയുമാണ്. ന്യുയോർക്കിൽ ആയുധം വാങ്ങിയ കടയുടെ ഉടമ ഡൊണാൾഡ് സ്ഥിരീകരിക്കുന്നത് പെയ്റ്റൻ ഒരു ബുഷ്മാസ്റ്റർ തോക്കു വാങ്ങിയെന്നാണ്. 

കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയാണ് അക്രമത്തിനു തിരഞ്ഞെടുത്തത്. അതും ഗവേഷണത്തിലൂടെ ഉറപ്പാക്കിയതാണ്. 

വിസ്കോൺസിനിലെ വവ്‌കേഷായിൽ കഴിഞ്ഞ വർഷം കറുത്ത വർഗക്കാരനായ ഒരാൾ  ക്രിസ്‌തുമസ്‌ ആഘോഷിക്കുന്ന  ആൾക്കൂട്ടത്തിലേക്കു കാറോടിച്ചു കയറ്റി ഏതാനും പേരെ കൊന്നതിനു പ്രതികാരമാണ് ഈ കൂട്ടക്കൊലയെന്നു പെയ്റ്റൻ സൂചിപ്പിച്ചിട്ടുണ്ട്. പ്രതിയായ ഡറൽ എഡ്‌വേഡ്‌ ബ്രൂക്ക്സ് എന്നയാൾ ആ അക്രമത്തിനു മുൻപ് വെള്ളക്കാരെ കൊല്ലുന്നതിനെ അനുകൂലിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. 

അന്നു മരിച്ച 79കാരി വിർജീനിയ സൊറൻസന്റെ പേര് കൊലയ്ക്കുപയോഗിച്ച റൈഫിളിന്റെ ബാരലിൽ അയാൾ എഴുതിയിരുന്നു. "ഇതാ നിങ്ങൾക്കുള്ള പ്രായശ്ചിത്തം" എന്നും. കൂട്ടക്കൊല പെയ്റ്റൻ ലൈവായി സംപ്രേക്ഷണം ചെയ്തു. 

സിവിൽ എഞ്ചിനീയർമാരായ ദമ്പതിമാരുടെ പുത്രനും അതേ തൊഴിൽ മേഖലയിൽ ആയിരുന്നു താല്പര്യം. ബ്രൂം കൗണ്ടി കമ്മ്യൂണിറ്റി കോളജിൽ പഠിച്ചിരുന്ന പെയ്റ്റൻ പക്ഷെ മറ്റു സ്വാധീനങ്ങളിൽ പെട്ടു.  
ന്യുയോർക്ക് സംസ്ഥാന ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന മാതാപിതാക്കളെ പൊലിസ് കണ്ടു സംസാരിച്ചു. 

ബൈഡനും ജിൽ ബൈഡനും ചൊവാഴ്ച ബഫലോയിൽ എത്തുമെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച അറിയിച്ചു. 'ഭീകരവും അർഥശൂന്യവുമായ കൂട്ടക്കൊലയിൽ 10 അംഗങ്ങളെ നഷ്ടപ്പെട്ട സമൂഹവുമായി ബൈഡനും ജില്ലും ദുഃഖം പങ്കിടുമെന്നു' വൈറ്റ് ഹൗസ് പറഞ്ഞു. 

ന്യുയോർക്ക് ഗവർണർ കാത്തി ഹൊച്ചൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി ട്വീറ്റ് ചെയ്തിരുന്നു. "വംശീയ വിദ്വേഷ കുറ്റങ്ങൾ ഈ നാടിൻറെ അടിസ്ഥാന ഘടനയ്ക്കു പോലും യോജിക്കാത്തതാണ്" എന്ന് ബൈഡൻ നേരത്തെ പ്രതികരിച്ചിരുന്നു. വിദ്വേഷം 'അമേരിക്കയുടെ ആത്മാവിൽ പുരണ്ട കറ' യാണെന്നും.

 

 

 

വംശീയ ഹത്യക്കു പെയ്റ്റൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക