Image

ജനങ്ങളുടെ സഹകരണത്തോടെ സമയബന്ധിതമായി കെ-റെയില്‍ പദ്ധതി പൂര്‍ത്തിയാക്കണം: നവയുഗം.  

Published on 16 May, 2022
ജനങ്ങളുടെ സഹകരണത്തോടെ സമയബന്ധിതമായി കെ-റെയില്‍ പദ്ധതി പൂര്‍ത്തിയാക്കണം: നവയുഗം.  

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും, വ്യവസായിക, ടൂറിസം വളര്‍ച്ചയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണെന്നും, പരിസ്ഥിതിയ്ക്കും, ഭൂമി വിട്ടുകൊടുക്കുന്ന ജനങ്ങള്‍ക്കും നഷ്ടമൊന്നുമുണ്ടാകാത്ത വിധം സമയബന്ധിതമായി ആ പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ കേരളത്തിന്റെ വികസനം ആഗ്രഹിയ്ക്കുന്ന എല്ലാവരും പിന്തുണയ്ക്കണമെന്നും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ   ആവശ്യപ്പെട്ടു.

നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതി ആണിത്. വിദേശത്തെ എക്സ്സ്പ്രസ്സ് ഹൈവേകളും, ബുള്ളറ്റ് ട്രെയിനുകളും കാണുമ്പോള്‍, ഇവയൊക്കെ നമ്മുടെ നാട്ടിലും വരണമെന്ന് ആഗ്രഹിയ്ക്കാത്ത പ്രവാസികള്‍ ഉണ്ടാകില്ല. അത് കൊണ്ട് തന്നെയാണ് പ്രവാസലോകത്തു നിന്നുമുള്ള വലിയ പിന്തുണ കെ റെയില്‍ പദ്ധതിയ്ക്ക് ലഭിയ്ക്കുന്നത്.

പദ്ധതിയ്ക്കായി വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം നല്‍കി മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കൃത്യമായ പ്ലാനിങ്ങോടെ, വേഗത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, സമയബന്ധിതമായി പ്രോജക്റ്റ് പൂര്‍ത്തിയാക്കണം. 

റെയില്‍വേയുടെ കാര്യത്തില്‍ എക്കാലവും കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന് നിയന്ത്രണമുള്ള സില്‍വര്‍ലൈന്‍ എന്ന അതിവേഗട്രെയിന്‍ നിലവില്‍ വന്നാല്‍, കേരളത്തിന്റെ ഗതാഗത മേഖലയിലും, ടൂറിസം മേഖലയിലും, അടിസ്ഥാന സൗകര്യവികസനത്തിലും വന്‍കുതിച്ചുചാട്ടം ഉണ്ടാകും. ഇതുവഴി പുതിയ വ്യവസായങ്ങള്‍ ആരംഭിയ്ക്കാനും, സ്റ്റാര്‍ട്ട്അപ്പുകള്‍ ഉണ്ടാകാനും വഴിയൊരുക്കും. കേരളത്തിലെ വ്യവസായ വികസനത്തിനും, തൊഴിലില്ലായ്മ പരിഹരിയ്ക്കാനുമുള്ള വലിയൊരു ചുവടുവയ്പ്പ്  ആകുമത്. അത് മനസ്സിലാക്കി കേരളവികസനത്തിനായി ഒരുമിച്ചു നില്‍ക്കുന്നതിനു പകരം, രാഷ്ട്രീയലക്ഷ്യത്തോടെ  ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും, അടിസ്ഥാന സര്‍വ്വേ പ്രവര്‍ത്തനങ്ങളെ വരെ അക്രമസമരങ്ങളിലൂടെ തടസ്സപ്പെടുത്താനും ശ്രമിയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ  നിലപാടുകള്‍ ജനാധിപത്യവിരുദ്ധമാണ്.  

മറ്റു സംസ്ഥാനങ്ങളിലെ എം പിമാര്‍ സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കായി പാര്‍ലമെന്റില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിച്ചു പൊരുതുമ്പോള്‍, കേരളത്തിലെ പ്രതിപക്ഷ എംപിമാരും, മലയാളിയായ ബിജെപി മന്ത്രിയും, കേരളത്തിന്റെ അഭിമാനപദ്ധതി മുടക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ ഒന്നിച്ചു പ്രവര്‍ത്തിയ്ക്കുന്ന കാഴ്ച അപഹാസ്യമാണ്. വികസനം കൊതിയ്ക്കുന്ന കേരളത്തിലെ പുതുതലമുറ ഇതൊക്കെ  കാണുന്നുണ്ട് എന്ന കാര്യം ഇവര്‍ മറക്കുന്നു. 

കേരളത്തിന് അഭിമാനമാകുന്ന ഒരു പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി, പദ്ധതിപ്രദേശങ്ങളില്‍ സംഘടിപ്പിയ്ക്കുന്ന അക്രമസമരങ്ങളിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പാഴ്ശ്രമം, പ്രതിപക്ഷം ഉപേക്ഷിയ്ക്കണമെന്നും  നവയുഗം കേന്ദ്രകമ്മിറ്റി  പ്രമേയം ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക