Image

ഫിൻലൻഡിനു പിന്നാലെ സ്വീഡൻ; റഷ്യയെ വലയം ചെയ്തു നേറ്റോ 

Published on 16 May, 2022
ഫിൻലൻഡിനു പിന്നാലെ സ്വീഡൻ; റഷ്യയെ വലയം ചെയ്തു നേറ്റോ 

 

ഫിൻലൻഡിനു ശേഷം സ്വീഡനും നേറ്റോ സൈനിക സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. പാശ്ചാത്യ സൈനിക സഖ്യം റഷ്യയെ നാലു പാടും നിന്നു വളയുന്നതിൽ ആശങ്ക പൂണ്ട പ്രസിഡന്റ് വ്ലദീമിർ പുട്ടിൻ ആ സഖ്യ നീക്കത്തിനെതിരെ താക്കീതു നൽകിയെങ്കിലും അത് അവഗണിക്കാനാണ് അവർ തീരുമാനിച്ചത്. 

നേറ്റോയിൽ ചേരാൻ അപേക്ഷ നൽകുന്നതിനു ഫിൻലൻഡ് ഞായറാഴ്ച്ച ഔദ്യോഗികമായി തീരുമാനം എടുത്തു. സർക്കാരിന്റെ വിദേശനയ സമിതി എടുത്ത തീരുമാനം പ്രസിഡന്റ് സൗളി നിനിസ്റ്റോ തന്നെ ഞായറാഴ്ച വെളിപ്പെടുത്തി. ശനിയാഴ്ച്ച പുട്ടിൻ നിനിസ്റ്റോയോട് ആ നീക്കം തെറ്റാണെന്നു പറഞ്ഞിരുന്നു. "സൈനികമായ നിഷ്‌പക്ഷതയുടെ പാരമ്പര്യം കൈവെടിയുന്നത് തെറ്റാണ്, ഫിൻലൻഡിനു ഭീഷണിയൊന്നുമില്ല" എന്നു  പുട്ടിൻ പറഞ്ഞതായി ക്രെംലിൻ അറിയിച്ചു. 

റഷ്യയുമായി 1,300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന നോർഡിക് രാജ്യം നേറ്റോയിൽ ചേരുന്നത് റഷ്യയ്ക്കു പക്ഷെ ഭീഷണിയാണ്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള നേറ്റോ സഖ്യരാഷ്ട്രങ്ങൾക്കു ഭീഷണി ഉയർത്താൻ കഴിയുന്ന വ്യവസ്ഥകൾ നേറ്റോ കരാറിലുണ്ട്. 

വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ സ്വീഡനും ഞായറാഴ്ച നേറ്റോയിൽ ചേരാൻ ഭരണ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ അംഗീകാരം കിട്ടി. "സ്വീഡന്റെ സുരക്ഷയ്ക്ക് ഏറ്റവും നന്ന് നേറ്റോയിൽ ചേരുന്നതാണെന്നു ഞങ്ങൾ സോഷ്യൽ ഡെമോക്രറ്റുകൾ വിശ്വസിക്കുന്നു" എന്ന് സ്റ്റോക്ക്ഹോമിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സൺ പറഞ്ഞു. 

സൈനികമായി നിഷ്‌പക്ഷത അവലംബിക്കുന്ന രാജ്യമായിരുന്നു സ്വീഡൻ ഇത്രയും കാലം. സുരക്ഷയുടെ അടിത്തറ തന്നെ അങ്ങിനെയൊരു നയമാണെന്നു അവർ പറഞ്ഞിരുന്നു. യുക്രൈനിൽ റഷ്യ അഴിച്ചു വിട്ട ഭീകരതകളാണ് ആ നയം മാറ്റാൻ അവരെ പ്രേരിപ്പിച്ചതെന്നു കരുതണം. നിഷ്‌പക്ഷത ഭാവിയിലേക്കു നന്നല്ല എന്ന നിഗമനത്തിലാണ് പാർട്ടി എത്തിച്ചേർന്നതെന്നു ആൻഡേഴ്സൺ പറഞ്ഞു. ഇക്കാര്യത്തിൽ ഫിൻലൻഡിന്റെ സഹകരണം ഏറെ സഹായമായി. 
 
സ്വീഡന്റെ കിഴക്കു അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്‌. സ്വാഭാവികമായും റഷ്യയ്ക്കു വലയം ചെയ്യപ്പെടുമെന്ന ഭീതി ഉണ്ടാവാം. യുക്രൈനിലെ നരനായാട്ടും അധിനിവേശവും അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്താനുള്ള ഒരു കാർഡ് കൂടിയാവും പാശ്ചാത്യ രാജ്യങ്ങൾക്ക്.

തുർക്കി ഉയർത്തിയ പ്രശ്നങ്ങൾ ഫിൻലൻഡും സ്വീഡനും അവരുമായി ചർച്ച ചെയ്തു. തുർക്കിക്കു തലവേദനയായ കുർദിഷ് വംശജരുടെ പി കെ കെയെ ഇരു രാജ്യങ്ങളിലും നിയന്ത്രിക്കണം എന്ന ആവശ്യമാണ് അങ്കാറ ഉന്നയിച്ചത്.

പി കെ കെ യുമായി ബന്ധമുള്ള രാജ്യങ്ങൾ ആ നിലപാട് തിരുത്തണം എന്ന് തുർക്കിഷ് വിദേശകാര്യ മന്ത്രി മെൽവിത് കാവുസോഗ്ളു പറഞ്ഞു.  രണ്ടു രാജ്യങ്ങളും തുർക്കിയിൽ നിന്ന് ആയുധ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനവും പിൻവലിക്കണം. 

ബെർലിനിൽ സ്വീഡിഷ്, ഫിന്നിഷ് വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക