Image

ഇന്‍ഫ്‌ളേഷന് ഒപ്പം ഷ്രിങ്ക്ഫ്‌ളേഷനും നിലവില്‍ വന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 May, 2022
ഇന്‍ഫ്‌ളേഷന് ഒപ്പം ഷ്രിങ്ക്ഫ്‌ളേഷനും നിലവില്‍ വന്നു (ഏബ്രഹാം തോമസ്)

കോവിഡ്- 19 മൂലം മരണമടഞ്ഞ 10 ലക്ഷം അമേരിക്കക്കാരുടെ സ്മരണ ഒരു ദുരന്തനാഴികക്കല്ലായി തുടരുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പകര്‍ച്ച വ്യാധിയുടെ പരിണിതഫലങ്ങളായി യു.എസില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും ദൗര്‍ലഭ്യതയും വിലക്കയറ്റവും അനസ്യൂതം തുടരുകയാണ്. വിലക്കയറ്റം 8.3%(കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്) നഗരപ്രദേശങ്ങളില്‍ പ്രകടമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ പോലെ നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ഇത് രണ്ടക്കം തൊട്ടുകഴിഞ്ഞു എന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഗ്രാഫുകള്‍ സൂചിപ്പിക്കുന്നത്. സാധനങ്ങളുടെ വില ഉയരുമ്പോള്‍ ലഭിക്കുന്ന സാധനങ്ങളുടെ അളവും കുറഞ്ഞിരിക്കുകയാണെന്ന് ചില ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഉപഭോക്തൃ വിദഗ്ധര്‍ പറയുന്നു. യു.എസില്‍ ഏറ്റവുമധികം വേഗത്തില്‍ ജനങ്ങള്‍ കോവിഡ് കാലത്ത് പരക്കം പാഞ്ഞ് കണ്ടെത്തിയിരുന്ന നിത്യോപയോഗ സാധനമാണ് ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറുകള്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറുകളിലെ ഷെല്‍ഫുകളില്‍ നിന്ന് ഇവ ഞൊടിയിടയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഒരു സാധാരണ മെഗാ 'റോള്‍ ടിഷ്യൂ പേപ്പറില്‍ നാലരഇഞ്ച് Xനാലിഞ്ച് 340 ഷീറ്റുകള്‍' ആണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഓരോ റോളിലും 312 ഷീറ്റുകള്‍ മാത്രമാണ് ഉള്ളത് എന്ന് ഗവേഷക ടീം കണ്ടെത്തി.
ഗേറ്ററേഡ് പാനിയത്തിന്റെ കുപ്പിയില്‍ ഇപ്പോള്‍ 28 ഔണ്‍ സാണുള്ളത്. മുമ്പ് 32 ഔണ്‍സുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ക്രെസ്റ്റ് ടൂത്ത്‌പേസ്റ്റ് ട്യൂബില്‍ 3.8 ഔണ്‍സ് ടീത്ത് വൈറ്റനിംഗ് ഉല്പന്നമാണ് ഉള്ളത്. മുമ്പ് 4.1 ഔണ്‍സ് ഉണ്ടായിരുന്നു. നിങ്ങളുടെ ഡോളറിന് ഇപ്പോള്‍ കുറച്ച് സാധനമേ ലഭിക്കുന്നുള്ളുവെങ്കില്‍ 'ഷ്രിങ്ക്ഫ്‌ളേഷനെ' പഴിക്കാം. ഷ്രിങ്ക് ഫ്‌ളേഷന്‍ സംഭവിക്കുന്നത് ജനങ്ങളുടെ നിത്യോപയോഗവും അല്ലാത്തതും ആയ സാധനങ്ങളുടെ വില കൂട്ടുന്നതിന് പകരം നിര്‍മ്മാതാക്കള്‍ സാധനങ്ങളുടെ അളവ് കുറയ്ക്കുമ്പോഴാണ്. അളവ് ചുരുങ്ങിയത് ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിച്ചു എന്നു വരില്ല. കാരണം വില മുമ്പ് നല്‍കിയതോ അതിനെക്കാള്‍ അല്പം ഉയര്‍ന്നതോ ആകാം. വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ഉയരുന്ന വിലയില്‍ ശ്ര്ദധിക്കുന്ന ഉപഭോക്താവ് തനിക്ക് ലഭിക്കുന്ന ഉത്പന്നത്തെ വ്യാകുലപ്പെട്ടില്ല എന്ന് വരാം.

ഷ്രിങ്ക്ഫ്‌ളേഷന്‍ വിലക്കയറ്റം മൂലം മാത്രമല്ല, തൊഴിലാളി ദൗര്‍ലഭ്യം, മറ്റ് വ്യവസായ പ്രശ്‌നങ്ങള്‍ എന്നിവ കാരണവും സംഭവിക്കാമെന്ന് ഡാലസിലെ സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് (കോക്‌സ്) അസോസിയേറ്റ് പ്രൊഫസര്‍ ശ്രീകുമാര്‍ ഭാസ്‌കരന്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ വേള്‍ഡിന്റെ സ്ഥാപക പത്രാധിപര്‍ എഡ്ഗാര്‍ ഡവോഴ്‌സ്‌കി പറയുന്നത് ഷ്രിങ്ക്ഫ്‌ളേഷന്‍ ദശകങ്ങളായി നിലനില്‍ക്കുന്ന ആശയമാണെന്നാണ്. 1950 കളിലെയും 1960 കളിലെയും നിക്കല്‍ കാന്‍ഡിബാര്‍ കഥകള്‍ ഇതിന് ഉദാഹരണമാണ്. 5 സെന്റിന് വില്‍ക്കാന്‍ കാന്‍ഡിബാറുകളുടെ വലിപ്പം കുറച്ചകഥയ്‌ക്കൊപ്പം പ്രോക്ടര്‍ ആന്റ് ഗാമ്പിള്‍ തങ്ങളുടെ ടിഷ്യൂ പേപ്പര്‍ റോളുകളുടെ സൈസ് 90% ആക്കിയതും അദ്ദേഹം വിവരിച്ചു.
ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുമ്പോഴും ഉത്പന്നങ്ങള്‍ ചുരുങ്ങാറുണ്ട്. ഉപഭോക്താക്കള്‍ ഉത്പന്നങ്ങളുടെ വിലയെകുറിച്ച് തിരിച്ചറിവ് ഉള്ളവരാണ്. അത്രയും തിരിച്ചറിവ് വളരെ പെട്ടെന്ന് ഉത്പന്നങ്ങളുടെ അളവിനെ കുറിച്ച് ഉണ്ടാകാറില്ല.

നോര്‍ത്ത് ടെക്‌സസിലെ എര്‍വിംഗ് ആസ്ഥാനമാക്കിയ കിംബര്‍ലി ക്ലാര്‍ക്കാണ് കോട്ടണെല്ലിന്റെ നിര്‍മ്മാതാക്കള്‍. ഇവരാണ് ടോയ്‌ലെറ്റ് ടിഷ്യൂപേപ്പറുകള്‍ 312 ഷീറ്റുകളില്‍ ചുരുക്കിയിരിക്കുന്നത്. വിലക്കയറ്റം തങ്ങളുടെ നിര്‍മ്മാണ ചെലവുകള്‍ 395 മില്യന്‍ ഡോളറുകള്‍ അധികമായി എന്നാണ് കമ്പനിയുടെ വിശദീകരണം. ടോയ്‌ലെറ്റ് പേപ്പര്‍, ഡയപ്പര്‍, ഫേഷ്യല്‍ ടിഷ്യൂ എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍.

ഷ്രിങ്ക് ഫ്‌ളേഷന്‍ പല തിരമാലകളായി വരുമെന്ന മുന്നറിയിപ്പ് ഡവോഴ്‌സ്‌കി നല്‍കി. ഡാലസ്/ഫോര്‍ട്ട് വര്‍ത്തില്‍ വിലക്കയറ്റം മാര്‍ച്ചില്‍ 9% ആയിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.

Join WhatsApp News
Boby Varghese 2022-05-16 13:52:24
These problems are self-inflicted by the White House. Only 16 % of Democrats want Biden to run again in 2024.
Boby Varghese 2022-05-16 21:46:43
Abraham Thomas, frinkflation ? What is it ? May be shrinkflation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക