Image

പൂജാരിയുടെ ദൈവം , ഹായ് കഥ - 94 - പ്രകാശൻ കരിവെള്ളൂർ

Published on 16 May, 2022
പൂജാരിയുടെ ദൈവം , ഹായ് കഥ - 94 - പ്രകാശൻ കരിവെള്ളൂർ

 

ഹായ് , കഥ ! - 94
 
പൂജാരിയുടെ ദൈവം
 
 
 
വംഗദേശത്തെ പത്മാ നദിയുടെ കരയിൽ നിന്നും കാശിയിലെ ഗംഗാതീരത്തേക്ക് കാൽനടയായി പുറപ്പെട്ടതാണ് സോമനാഥ് ഉൽക്കലരുടെ കുടുംബം . ഉൽക്കലർ എന്നത് ബ്രാഹ്‌മണരിലെ ഒരു ജാതിയാണ്. കാശിയിലാവുമ്പോൾ പൂജാദി കർമ്മങ്ങൾ ചെയ്ത് ധാരാളം പണമുണ്ടാക്കാമല്ലോ എന്ന് ചിന്തിച്ചാണ് സോമനാഥും ഭാര്യ ഉഷാ വതിയും ഗംഗാതീരത്തെത്തിയത്. അവർക്ക് രണ്ടാൺമക്കളാണ്. കനകാംബറും ഗോമേദകറും . രണ്ടു മക്കൾക്കും സോമനാഥ് വളരെ ചെറുപ്പത്തിലേ തന്നെ നൽകിയത് തന്ത്രമന്ത്രവിദ്യാഭ്യാസം മാത്രമായിരുന്നു. അതുകൊണ്ട് അവരെ വച്ചു കൊണ്ടുള്ള സോമനാഥിന്റെ പൂജാ വ്യാപാരം പ്രതീക്ഷിച്ചതിലുമധികം പൊടി പൊടിച്ചു. മോക്ഷം തേടി കാശിയിലെത്തുന്ന പതിനായിരക്കണക്കിന് മനുഷ്യർക്ക് ദൈവങ്ങളെ മൊത്തമായും ചില്ലറയായും എത്തിച്ചു കൊടുക്കുന്ന ആ ബിസ്സിനെസ്സിൽ അധാർമ്മികത തോന്നിയ ഗോമേദകർ മുതിർന്നപ്പോൾ മനം മടുത്ത് നാട് വിട്ടു. ഹൃദയത്തെ ക്ഷേത്രമാക്കി അവിടെ കുടിയിരുത്തേണ്ട ദൈവത്തെ വിറ്റ് കാശാക്കുന്ന നാടായ തു കൊണ്ടാണോ കാശിക്ക് കാശി എന്ന് പേര് വന്നത് ? അയാൾ പണ്ടേ ചിന്തിക്കാൻ തുടങ്ങിയിരുന്നു.
 
 ആവശ്യം എന്നു പറയാൻ ആകെയുള്ളത് ഉടുക്കാൻ ഒരു വസ്ത്രവും കഴിക്കാൻ അൽപം ഭക്ഷണവുമല്ലേ ? അതൊക്കെ ധാരാളമുള്ള ആൾക്കാരിൽ നിന്ന് ഭിക്ഷയായി സ്വീകരിക്കാവുന്നതല്ലേ യുള്ളൂ ? 
 
അങ്ങനെ ഒരു യുവഭിക്ഷുവായി ദേശാടനം നടത്തി വരികയായിരുന്നു ഗോമേദകർ . കുറച്ചു കാലം കഴിഞ്ഞപ്പോൾ അയാളിൽ ഒരു കുറ്റബോധമുണർന്നു - ഇങ്ങനെ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്നതിലും അധാർമ്മികതയില്ലേ ?
പക്ഷേ, പിതാവ് ആകെ പഠിപ്പിച്ചത് പൂജയ്ക്ക് വേണ്ടിയുള്ള തന്ത്രവും മന്ത്രവും മാത്രമാണല്ലോ.
ആ പാവം ആകെ കുഴങ്ങി . 
 
ഒരിക്കൽ അയാൾ കുറേ ആൽമരങ്ങൾ കാടു പോലെ വളർന്ന് നിൽക്കുന്ന ഒരു ഗ്രാമത്തിലെത്തി. മണൽ നിരത്തിലൂടെ നടന്നു പോകുമ്പോൾ കാലിലെന്തോ തടഞ്ഞ് അയാൾ വീണു .മണ്ണിൽ പൂണ്ടു പോയ ഒരു നർത്തകിയുടെ പ്രതിമയായിരുന്നു അത്. ഗോമേദകർ പഠിച്ചത് പ്രതിമകളെല്ലാം ദൈവവിഗ്രഹങ്ങളാണെന്നാണ്. ഇത് ഏത് ദേവിയുടെ വിഗ്രഹമാണ് ? പാർവതിയുടെ , ദുർഗയുടെ , ലക്ഷ്മിയുടെ , സരസ്വതിയുടെ ....?
 
 ഏയ് അവരൊന്നുമല്ലല്ലോ ... പൊടി മണ്ണ് പുരണ്ടിട്ടും ആ മുഖത്ത് എന്തൊരു പ്രകാശം !
 
അയാൾ വിജനമായ ഒരാലിന്റെ തണലിൽ ആ വിഗ്രഹം പ്രതിഷ്ഠിച്ചു. താൻ പഠിച്ച തന്ത്രമന്ത്രങ്ങളിലൂടെ ആ കല്ലിന് ദൈവചൈതന്യം നൽകാൻ ശ്രമിച്ചു. എന്നും പ്രഭാതത്തിൽ അവിടെ വിളക്ക് കത്തിച്ചു. പരിസരവാസികൾ അവിടെ വന്ന് തൊഴാൻ തുടങ്ങി. വിളക്ക് കത്തിക്കാനുള്ള എണ്ണ, പൂജയ്ക്കുള്ള പൂക്കൾ, അഭിഷേകത്തിനുള്ള നെയ്യ്, പഴം, മലര് തുടങ്ങിയ പൂജാ സാമഗ്രികൾ എന്നിവ കൊണ്ടു കൊടുത്തു. ധാരാളമായി കിട്ടിയ നെയ്യിൽ നിന്ന് കുറച്ച് വിറ്റ് അയാൾ ഒരു നല്ല മുണ്ട് വാങ്ങി. കിട്ടുന്ന മലരിൽ നിന്നും പഴത്തിൽ നിന്നും ഒരൽപ്പ കഴിച്ച് ബാക്കിയെല്ലാം കിളികൾക്കും അണ്ണാനും തിന്നാൻ കൊടുത്തു. രാത്രിയിൽ ആ ആലിൻ ചോട്ടിൽത്തന്നെയാണ് അയാൾ ഉറങ്ങാൻ കിടന്നത്. ചില രാത്രികളിൽ ഗോമേദകറിന്റെ കാതുകളിൽ ചിലമ്പിന്റെ താളം മുഴങ്ങി. ആരോ പാട്ടു പാടി നൃത്തം ചെയ്യുന്നത് പോലെ . അയാൾ ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ആരുമില്ല. എന്നാൽ ഇരുളിലും ആ പ്രതിമയുടെ മുഖത്ത് എന്തൊരു വെളിച്ചം ! 
 
ചില ഭക്തർ ഗോമേദക റോട് ചോദിച്ചു - ഈ അമ്പലത്തിലെ ദേവി ആരാ ?
ഗോമേദകർ നിഷ്കളങ്കമായി പറഞ്ഞു - അറിയില്ല. ഏതോ വെളിച്ചത്തിന്റെ ദേവിയാണെന്ന് തോന്നുന്നു.
 
ആൽമരങ്ങളിൽ കായ്കൾ മൂത്തു പഴുത്തപ്പോൾ പേരറിയാത്ത ഒരായിരം കിളികൾ വിരുന്നു വന്നു. പഴുക്കിലകൾ അടർന്നു വീണ് കരിയിലകളായി പൊടിഞ്ഞ് മണ്ണോട് ചേർന്നു. അങ്ങനെയൊരു ദിവസം അമ്മ മരിച്ച വാർത്തയുമായി കനകാംബർ ഗോമേദകറിനെ തേടി വന്നു. അയാൾ ജ്യേഷ്ഠന്റെ കൂടെപ്പോയി കർമ്മങ്ങളെല്ലാം ചെയ്ത് തിരിച്ചു വന്നു.
 അപ്പോഴേക്കും വിഗ്രഹത്തിന്റെ മുഖത്ത് ഒരു തെളിച്ചക്കുറവ്..
 
അയ്യോ . ഗോമേദകറിന്റെ ഉള്ള് പിടഞ്ഞു. അയാൾ ഉടനെ മനമുരുകി പ്രാർത്ഥിച്ചു. എല്ലാം സമർപ്പിച്ച് തന്ത്രമന്ത്രോപാസനകളിൽ മുഴുകി.
രാത്രിയോളം നീണ്ട പൂജ. വിശപ്പും ദാഹവും ഉറക്കവും മറന്ന് പാവം പൂജ തുടർന്നു . ഇല്ല ... ഇനിയും പ്രതിമ ദേവീ ചൈതന്യം വീണ്ടെടുത്തിട്ടില്ല.
ആകെ തളർന്ന അയാൾ ഇരുന്ന ഇരിപ്പിൽ തന്നെ ഒന്ന് കൺചിമ്മിപ്പോയി . മയക്കത്തിൽ അയാൾ കേട്ടു - എന്നെ മറന്നില്ലേ ഒരാഴ്ച്ച ? കല്ലിൽ നിന്ന് ഉണർന്നു വന്ന ഞാൻ വെറും വിഡ്ഢി ! 
ഇല്ല - മറന്നതല്ല ... എന്റെ അമ്മ മരിച്ചു പോയി.. കർമ്മങ്ങൾ ചെയ്യാൻ പോയി ...
ഉം ... ധർമ്മം മറന്നുള്ള കർമ്മം ... നിന്നിൽ എനിക്കിനി വിശ്വാസമില്ല. ഭക്തർ എനിക്ക് തരുന്ന പഴമെടുത്ത് നീ തിന്നുന്നു. അഭിഷേകത്തിനുള്ള നെയ്യെടുത്ത് നീ മുണ്ടു വാങ്ങുന്നു. മറ്റു പൂജാരിമാരും നീയും തമ്മിൽ എന്തു വ്യത്യാസം ?
ആ ചോദ്യത്തിന് മുന്നിൽ ഗോമേദകറിന്റെ ശിരസ്സ് കുനിഞ്ഞു.
പിറ്റേന്ന് രാവിലെ അയാൾ തന്റെ ഭാണ്ഡക്കെട്ടുമെടുത്ത് യാത്രയ്ക്കൊരുങ്ങി ... പ്രതിമയ്ക്ക് മുന്നിൽ കൈ കൂപ്പി നിന്നു - ദേവീ , പൊറുക്കണേ . . ഒന്നും ഞാൻ കരുതിക്കൂട്ടി ചെയ്തതല്ല.
 
അയാൾ നടന്നകലുമ്പോൾ എതിര ഒരു ഭക്തൻ വന്നു - വിളക്ക് പോലും കത്തിക്കാതെ പൂജാരി ഇതെങ്ങോട്ടാ ?
 
ഗോമേദകർ - എങ്ങോട്ടെങ്കിലും . വെളിച്ചത്തിന്റെ ദൈവത്തിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
 
ഭക്തൻ - ദൈവത്തിന് പൂജാരിയിൽ വിശ്വാസമില്ലെങ്കിലെന്താ ? പൂജാരിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായാൽ പോരേ ?
 
ഗോമേദകറിന്റെ ഇരുൾ നിറഞ്ഞ മനസ്സിൽ വീണ്ടും ഒരു തിരി കൊളുത്തിയ ചോദ്യമായിരുന്നു അത്. അയാൾ തിരിച്ചു വന്ന് ആ തിരി പ്രതിമയുടെ മുന്നിൽ കൊളുത്തി .
അയാൾ തിരിച്ചറിഞ്ഞു - വെളിച്ചം തന്നെയാണ് ദൈവം.
 
- പ്രകാശൻ കരിവെള്ളൂർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക