Image

ഒരു കല്യാണ യാത്ര (കഥ: സുനിൽ അടൂർ)

Published on 16 May, 2022
ഒരു കല്യാണ യാത്ര (കഥ: സുനിൽ അടൂർ)

ചെറുതായൊന്നു ചരിച്ചു തന്റെ ചേതക് സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു "അമരം" സിനിമയുടെ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ഇറങ്ങിയതാണ് രാജീവ്‌.

തീയേറ്ററിലേക്ക് കയറാൻ തുടങ്ങവേയാണ് വളരെ യാദൃശ്ചികമായി പണ്ട് സ്കൂളിൽ ഒരേ ബഞ്ചിലിരുന്നും ഒരേ പാത്രത്തിൽ കൈയിട്ടു വാരിയും ഒരേപോലെ അലമ്പുണ്ടാക്കിയും കഴിഞ്ഞ സൂരജിനെ വീണ്ടും കണ്ടുമുട്ടിയത്.

"ഡാ അളിയാ, നീ ഇപ്പൊ എവിടാ?" അമ്പരപ്പോടെ രാജീവ്‌ ചോദിച്ചു.

സത്യത്തിൽ കോളേജ് പഠനം കഴിഞ്ഞു അവനെ കണ്ടിട്ടേയില്ല. രാജീവ് ഒരുപാട് കളരികൾ പയറ്റി അവസാന പടിയെന്നവണ്ണം ദുബായിലേക്ക് പോയി. തരക്കേടില്ലാത്ത ഒരു ജോലിയായത് കൊണ്ട് പെണ്ണും കെട്ടി ഒരു കുഞ്ഞുമായി സുഖമായി ജീവിക്കുന്നു. 

 "നിന്റെ വിശേഷങ്ങൾ പറ അളിയാ " രാജീവിന്റെ അന്വേഷണം 

ഒരു അനാഥ പെണ്ണിനെ കല്യാണം കഴിക്കണം എന്ന സൂരജിന്റെ വാശിക്ക് മുന്നിൽ വീട്ടുകാർ ഒടുവിൽ വഴങ്ങി. ആകെയുള്ള ഒരു ചെറുക്കനല്ലേ എന്ന് കരുതി നല്ല പെൺകുട്ടിക്കായി അനാഥ മന്ദിരങ്ങൾ കേന്ദ്രീകരിച്ചു വീട്ടുകാർ അന്വേഷണവും ആരംഭിച്ചു.

മാതാപിതാക്കളെ നഷ്ടമായ ഒരു പെൺകുട്ടിയുമായി അവൻ പ്രണയത്തിലാണെന്നു അറിഞ്ഞപ്പോഴാണ് അനാഥത്വത്തിന്റെ ഗുട്ടൻസ് എല്ലാവരും മനസ്സിലാക്കിയത്. 

നിർഭാഗ്യവശാൽ വിവാഹത്തിന്റെ ഒരാഴ്ച മുൻപ് ആ പെൺകുട്ടി അസുഖബാധിതയായി തളർച്ച ബാധിച്ചു ഏകദേശം ഒരു വർഷം കിടപ്പിലായിരുന്നെങ്കിലും മറ്റെല്ലാം മാറ്റിവച്ച് അവൻ കൂടെ നിന്ന് അവൾക്കു കൃത്യമായ ചികിത്സ നൽകിയത് കൊണ്ടാകാം എഴുന്നേറ്റു ഇരിക്കാമെന്നായി. അടുത്താഴ്ച അവരുടെ കല്യാണമാണ്. 

"നിന്നെ കണ്ടത് കാര്യമായി. എന്റെ ഉറ്റ സുഹൃത്ത്‌ കൂടിയുണ്ടല്ലോ കല്യാണത്തിന് " സൂരജ് സന്തോഷത്തോടെ പറഞ്ഞു.

"ഉറപ്പായിട്ടും വരുമെടാ, വളരെ സന്തോഷം അളിയാ" രാജീവിനും സന്തോഷം അടക്കാനായില്ല.

ചായകുടിച്ചു പിരിയുമ്പോൾ സൂരജിന്റെ കല്യാണം കൂടാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു രാജീവ്‌.

സത്യത്തിൽ രാജീവിന് മറക്കാൻ പറ്റാത്ത ഒരു കൂട്ടായിരുന്നു അവൻ. തന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു സാമ്പത്തികമായും മാനസികമായും ഒരുപാട് സഹായിച്ചിട്ടുള്ളതിനാൽ ആ കടം വീടാൻ ഈശ്വരനായിട്ട് കാണിച്ച വഴിയാണിത്. സമ്മാനമായി നല്ലൊരു തുകയ്ക്കുള്ള ചെക്ക് എഴുതി റെഡിയാക്കി വച്ചു. 

ഭാര്യ കല്യാണത്തിന് സാരി ഉടുത്താലന്ന് പ്ലീറ്റ് പിടിച്ചു കൊടുക്കുന്നതും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതും രാജീവിന്റെ ജോലിയായതിനാൽ കുറച്ചു വൈകി. 

ബസ്സ് ഇറങ്ങി കുറച്ചു ദൂരം മാത്രം നടന്നാൽ മതി സൂരജിന്റെ വീട്ടിലേക്ക്. ഒരു കലുങ്കു കഴിഞ്ഞാൽ ഓർമയിലുള്ള പഴയ മുറുക്കാൻ കടയുടെ സ്ഥാനത്തു ഇരുനിലകടമുറികൾ. വഴി സംശയം തോന്നിയെങ്കിലും അന്വേഷിക്കാൻ നിന്നില്ല. തലേന്ന് രാത്രി ഭയങ്കര ഇടിമിന്നലും മഴയും ആയിരുന്നതിനാൽ റോഡിലൊക്കെ വെള്ളം കെട്ടിക്കിടപ്പുള്ളത് കൊണ്ട് നടക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഒരു തെങ്ങ് മിന്നലേറ്റ് തീ പിടിച്ചു മറിഞ്ഞു കിടക്കുന്നു. 

കുറച്ചകലെയായി പന്തൽ കെട്ടിയ വീട് കാണാം. 

ആളുകൾ വീടിന്റെ അകത്തും പുറത്തുമായി നിൽപ്പുണ്ട്. ആർക്കും ഒരു തിരക്കും ഇല്ലാത്ത പോലെ. എങ്കിലും എത്താൻ വൈകിയതിൽ രാജീവിന് കുറ്റബോധം തോന്നി.

വാങ്ങി വച്ച ഗിഫ്റ്റും ചെക്കും പെട്ടെന്ന് അവനെയേൽപ്പിച്ചു വേഗം വിവാഹ സ്ഥലത്തേയ്ക്കുള്ള വണ്ടിയിൽ കയറിയിരിക്കണമെന്ന് രാജീവ്‌ കണക്കുകൂട്ടി.

"ഉറക്കമാ, മോൻ ചെന്ന് വേഗം ഒരുങ്ങാൻ പറ. കൂട്ടുകാരൻ പറഞ്ഞാൽ അവൻ കേൾക്കും."

വരാന്തയിലെ അരഭിത്തിയിൽ ദൃഷ്ടി ഒരു സ്ഥലത്തേക്ക് മാത്രമുറപ്പിച്ചു ഇരുന്ന ഒരമ്മ പെട്ടെന്ന് രാജീവിനെ നോക്കി പറഞ്ഞു. പ്രത്യേകിച്ച് ഒരു ഭാവഭേദവും ആ മുഖത്ത് കണ്ടില്ല.

ഇവനിതുവരെ ഒരുങ്ങിയില്ലേയെന്ന് ചിന്തിച്ച് തെല്ല് അമ്പരപ്പോടെ അകത്തു കയറി.

വരാന്തയിൽ നിന്ന് മുറിക്കുള്ളിലേക്ക് കയറുമ്പോൾ ചെക്ക് പോക്കറ്റിൽ നിന്നെടുത്ത് കൈയിൽ പിടിച്ചു.

അമ്മ പറഞ്ഞത് സത്യമായിരുന്നു. തെക്കോട്ടു തലവച്ച് തൂവെള്ള പുതപ്പണിഞ്ഞു ഒരിക്കലും ഉണരാതെ ഉറങ്ങുന്ന സൂരജിന്റെ തലയ്ക്കൽ ഇരുന്ന നിലവിളക്ക് കേട്ടുപോകാതെ എണ്ണയൊഴിക്കുകയായിരുന്നു തൊട്ടടുത്തു വീൽ ചെയറിൽ ഇരുന്ന പെൺകുട്ടി.

 ചില കടങ്ങൾ അതേ അർത്ഥത്തിൽ ഒരിക്കലും വീട്ടാൻ കഴിയില്ല എന്ന് തോന്നിയ നിമിഷം രാജീവിന്റെ വിറയാർന്ന കൈയിൽ നിന്ന് ചെക്ക് താഴെവീണു.

നിലവിളക്കിന്റെയും ചന്ദനത്തിരിയുടെയും കൂടികുഴഞ്ഞ ഗന്ധം ഒട്ടും ഹൃദ്യമായി തോന്നിയില്ല രാജീവിനപ്പോൾ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക