Image

ഇന്നാണ് ചാര്‍ലിയുടെ ദിവസം; 777 ചാര്‍ളി ട്രെയ്‌ലര്‍

Published on 16 May, 2022
 ഇന്നാണ് ചാര്‍ലിയുടെ ദിവസം; 777 ചാര്‍ളി ട്രെയ്‌ലര്‍

 

കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രം '777 ചാര്‍ളി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ മലയാള താരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. ചാര്‍ളി എന്ന നായ്ക്കുട്ടിയുടെ കുസൃതികളും ധര്‍മ്മ എന്ന യുവാവുമായുള്ള സൗഹൃദവും ആത്മബന്ധവും യാത്രയും വൈകാരിക പശ്ചാത്തലവുമെല്ലാം ഉള്‍പ്പെട്ടതാണ് ട്രെയിലര്‍.

എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. ജൂണ്‍ 10ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി ചിത്രം പുറത്തിറങും

777 ചാര്‍ളി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ്, സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നടനും നിര്‍മ്മാതാവുമായ നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മ്മാണം വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, ചിത്രസംയോജനം: പ്രതീക് ഷെട്ടി, സംവിധാന സഹായികള്‍: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കണ്ണത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരുമാണ്. പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക