Image

ബുള്ളറ്റ് ബാബ - ഹായ്, കഥ -95 : പ്രകാശൻ കരിവെള്ളൂർ

Published on 17 May, 2022
ബുള്ളറ്റ് ബാബ - ഹായ്, കഥ -95 : പ്രകാശൻ കരിവെള്ളൂർ
 
 
 
റോയൽ എൻഫീൽഡ് പേരു കേട്ട ബുള്ളറ്റ് ആണല്ലോ. അതിന്റെ ജന്മനാടായ UK യിൽ പോലും ആ ബൈക്കിന് ഒരു ആരാധനാലയം ഇല്ല. അതിന് എന്നല്ല, ഒരു വാഹനം പ്രതിഷ്ഠയായിട്ടുള്ള ഒരു ദേവാലയവും ലോകത്ത് വേറെവിടെയും ഇന്നുവരെ ഇല്ല. എന്നാൽ ഇന്ത്യയിൽ അതും ഉണ്ട് ! രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും ഉള്ളോട്ടുള്ള ചോട്ടില എന്ന കുഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വെള്ളക്കാരൻ നിർമ്മിച്ച ബുള്ളറ്റാണ് പ്രതിഷ്ഠ ! പ്രധാന നൈവേദ്യം ബിയറും !! ആ ക്ഷേത്രത്തിലെ ദൈവത്തിന്റെ പേര് ബുള്ളറ്റ് ബാബ. സാധാരണ ദൈവങ്ങൾക്കൊന്നുമില്ലാത്ത ജനനത്തീയതിയും ഉണ്ട് ഇയാൾക്ക് . 2-12-1991 !!!
 
1988 ഡിസംബർ 2 ന് അമിതമായി ബിയർ കഴിച്ച് ബൈക്കോടിച്ച് അപകടത്തിൽ മരിച്ച ഒംബനസിങ്ങ് എന്ന യുവാവാണ് മൂന്ന് വർഷത്തിന് ശേഷം ബുള്ളറ്റ് ബാബ എന്ന വിചിത്രദൈവമായി അവതരിച്ചത് !
 
 സംഗതിക്ക് പിന്നിൽ ഉള്ളത് ഒരു യഥാർത്ഥ സംഭവവും അതിനോട് ചുറ്റിപ്പറ്റിയുണ്ടാക്കിയ ചില കഥകളുമാണ്.
അച്ഛൻ വാങ്ങിക്കൊടുത്ത പിറന്നാൾസമ്മാനമായ ബൈക്കിൽ ഒന്ന് കറങ്ങാനിറങ്ങിയതായിരുന്നു ഒംബന്ന . കഴിച്ച ബിയറിന്റെ ലഹരിയിൽ ഏതോ ഗ്രാമവീഥിയിലേക്ക് വണ്ടിയോടിച്ചു. നിയന്ത്രണം വിട്ട് പാഞ്ഞു വന്ന ഒരു ലോറി ബൈക്കിലിടിച്ച് ബന്ന തൽക്ഷണം മരിച്ചു. പോലീസ് ചോട്ടിലയിലെത്തി  ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നാൽ പിറ്റേ ദിവസം നോക്കുമ്പോഴേക്കുണ്ട് ആ ബുള്ളറ്റ് ,അപകടം നടന്ന അതേ സ്ഥലത്ത് !
 
ആരോ ഓടിച്ചു കൊണ്ടു പോയതാണെന്ന് കരുതി പോലീസ് ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ച് മുഴുവൻ പെട്രോളും ഊറ്റി മാറ്റി. എന്നിട്ടും അടുത്ത ദിവസം രാവിലെ മിസ്റ്റർ .ബുള്ളറ്റ് ചോട്ടിലയിലെ അപകട സ്ഥലത്തു തന്നെ ! ഈ സംഭവം പല തവണ ആവർത്തിച്ചത്രേ. ഒടുവിൽ പോലീസുകാർ ആ ടൂ വീലർ ബന്നാസിങ്ങിന്റെ വീട്ടുകാർക്ക് വിട്ടു കൊടുത്തു. അവർ അത് ഗുജറാത്തിൽ ഒരാൾക്ക് വിറ്റു. പിന്നീട് അതു വഴി രാത്രിക്ക് വല്ലവരും പോകുമ്പോൾ ഇടയ്ക്കൊക്കെ ഒരു ചെറുപ്പക്കാരൻ പോയി ചോദിക്കും പോലും - കുറച്ച് ബിയർ വാങ്ങിത്തരുമോ ? ദാഹിച്ചിട്ട് തൊണ്ട വരളുന്നു. 
 
വർഷങ്ങൾ കടന്നു പോയി. 1991 ഡിസംബർ 2 ന് പ്രഭാതത്തിൽ എന്താ ചോട്ടിലക്കാർ കണ്ട കാഴ്ച്ച ? ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയ   ബുള്ളറ്റ് പഴയ അതേ അപകട സ്ഥലത്ത് ! നാട്ടുകാർ ആ ബൈക്കിനെ അവിടെ പ്രതിഷ്ഠിച്ചു. ബന്നാ സിങ്ങിനെ ബുള്ളറ്റ് ബാബ എന്ന് പേരിട്ട് ദൈവമായി ആരാധിക്കാൻ തുടങ്ങി ! അദ്ദേഹത്തിന് പ്രിയപ്പെട്ട നൈവേദ്യം ബിയർ ആണ്. ബൈക്ക് മാത്രമല്ല ഏത് വാഹനാപകടത്തിൽ നിന്നും രക്ഷനേടാനുള്ള പ്രാർത്ഥനയുമായി ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള ഭക്തന്മാർ ബിയർ സഹിതം ഡിസംബർ 2 ന് അവിടെ എത്തിച്ചേരുന്നു. മറ്റു ദിവസങ്ങളിലും ഒറ്റയ്ക്കോ തെറ്റയ്ക്കോ ആയി ഭക്തജനസന്ദർശനം പതിവാണ്. എപ്പോഴായാലും ബിയർ നൈവേദ്യം മുഖ്യം. ബുള്ളറ്റ് ബാബയ്ക്ക് നിവേദിക്കാനായി ഇന്ത്യയിലെ ബിയർ കമ്പനിക്കാർ പുതിയ ബിയറുമുണ്ടാക്കി . പേര് ബുള്ളറ്റ് ! 
 
ബുള്ളറ്റ് ബിയറാണെങ്കിൽ ബുള്ളറ്റ് ബാബയുടെ അനുഗ്രഹം പതിന്മടങ്ങാവുമെന്നുറപ്പ് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക