Image

കെ-റയില്‍, സ്വാഹാ! (സാം നിലമ്പള്ളില്‍)

Published on 17 May, 2022
കെ-റയില്‍, സ്വാഹാ! (സാം നിലമ്പള്ളില്‍)

അങ്ങനെ പിണറായിയുടെ കെ റയില്‍മോഹം അവസാനിച്ചു? കുറ്റിയിടീല്‍ താല്‍കാലികമായി നിറുത്തിവച്ചെന്നാണ് അദ്ദേഹം പറയുന്നത്. അത് സ്ഥിരമായിട്ടാണോയെന്ന് പിന്നീട് അറിയാം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതുകൊണ്ടാണ് നിറുത്തിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറയുന്നു. റയില്‍വേയുടെ അനുമതി കിട്ടാനും സാധ്യതയില്ല. പിന്നെ ലക്ഷംകോടി കടമെടുക്കുന്ന കാര്യമല്ലേ., സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസശമ്പളംകൊടുക്കാന്‍ പണമില്ലാത്തപ്പോളാണോ ലക്ഷംകോടിയുടെ പ്രൊജക്ട് നടപ്പാക്കാന്‍ പോകുന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലിചെയ്‌തോളാനാണ് മന്ത്രി പറയുന്നത്. പെന്‍ഷന്‍കാരുടെ അവസ്ഥ ദയനീയം. ചിലര്‍ ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും കാണാതെ ആത്മഹത്യചെയ്യുന്നു. സെക്രട്ടറിയേറ്റ്‌പോലും നേരാംവണ്ണം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് ഒരുലക്ഷംകോടി കടമെടുത്ത് കെ റയില്‍ ഓടിക്കാന്‍ ശ്രമിച്ചത്.

എന്തെല്ലാം പുകിലുകളാണ് കെ റയിലിന്റെപേരില്‍ നടമാടിയത്. ജീവന്‍പോയാലും സ്വന്തം കിടപ്പാടം വിട്ടുകൊടുക്കില്ലെന്ന് നാട്ടുകാര്‍. അവരുടെ പല്ലുപറിച്ചിട്ടായാലും കല്ലുനാട്ടുമെന്ന് കൊടിയേരി സഖാവ്. ആറെസ്സെസ്സുകാരുടെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നെഞ്ചുവിരിച്ച് പോയിട്ടുള്ളവനാണ് താനെന്നും അങ്ങനെയുള്ള തന്റെയടുത്താണോ നാട്ടുകാര്‍ ഉമ്മാക്കികാട്ടി പേടിപ്പിക്കുന്നതെന്നും പിണറായി. ഭാവിതലമുറയെപറ്റിയുള്ള ഉത്ക്കണ്ഠ  കൊണ്ടാണ് ഇങ്ങനെയൊരു സംരംഭവുമായി ഇറങ്ങിത്തിരിച്ചത്. അവര്‍ക്ക് നാലുമണിക്കൂര്‍കൊണ്ട് കേരളത്തിലങ്ങോളം സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചോദിക്കില്ലേ, എന്തേ, സഖാവേ വികസനം നടപ്പാക്കഞ്ഞതെന്ന്. റ്റൈട്ടാനിക് സിനിമയിലെ നായകന്‍ ഇരുകൈകളും നീട്ടിപിടിച്ച് നില്‍കുന്നതുപോലെ നിന്നുകൊണ്ട് അദ്ദേഹം ഉത്‌ഘോഷിച്ചു., കാസര്‍കോട്ടേക്ക് രണ്ടുമണിക്കൂര്‍ തിരുവനന്തപുരത്തേക്ക് രണ്ടുമണിക്കൂര്‍ എല്ലാംകൂടി നാലുമണിക്കൂര്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഇന്‍ഡ്യന്‍ റയിവേയും ഇ.  ശ്രീധരനുകൂടി പറഞ്ഞിരിക്കയാണ് കൈ താഴത്തിയിടാന്‍.

പദ്ധതി വേണ്ടന്നുവച്ചത് നന്നായി സഖാവെ. നവകേരളമെന്ന് താങ്കള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് പറഞ്ഞപ്പോള്‍ ആവേശംകൊണ്ടവനാണ് ഈയുള്ളവന്‍. അത് കേരളത്തെ രണ്ടായി മുറിച്ചുകൊണ്ടുള്ള വെട്ടിമുറിക്കല്‍ പദ്ധതിയാണന്ന് വിചാരിച്ചില്ല. ഇതാണോ സഖാവേ, വികസനമെന്ന് പറയുന്നത്. കെ റയില്‍ നടപ്പാക്കിയാല്‍ കേരളത്തിലെ റോഡുകളിലെ വാഹനത്തിരക്ക് കുറയുമോ. അവിടെ ദിവസവും മരിച്ചുവീഴുന്ന യുവാക്കളുടെ സംഖ്യ  കുറയുമോ. കെ റയില്‍ പാളത്തിലുണ്ടാകുന്ന അപകടങ്ങള്‍കൂടിയാകുമ്പോള്‍ മരണനിരക്ക് കൂടാനെ സാദ്ധ്യതയുള്ളു. പാളത്തിന് ഇരുവശവും മതിലുകെട്ടിയാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടും. മഴക്കാലത്ത് കിഴക്കുനിന്ന് ഒഴുകിവരുന്ന പ്രളയജലം മതിലില്‍തട്ടി അണക്കെട്ട് രൂപപ്പെടും. കിഴക്കുജീവിക്കുന്ന മനുഷ്യര്‍ മുങ്ങിമരിക്കാതിരിക്കാന്‍ ജീവനും കൊണ്ട് ഓടേണ്ടിവരും. പ്രളയജലം മതിലും തകര്‍ത്ത് കെറയിലുംകൊണ്ട് അറബിക്കടലിലേക്ക് പായും. മുല്ലപ്പെരിയാര്‍ ഡാംപൊട്ടിയാലും ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാവുകയില്ല.

എന്തായാലും അവസാന നിമിഷത്തിലെങ്കിലും സല്‍ബുദ്ധി തോന്നിത് നന്നായി. വികസനമെന്നാല്‍ കെ റയില്‍ അല്ലെന്ന് സഖാക്കള്‍ക്ക് മനസിലായല്ലൊ. ശാസ്ത്രസാഹിത്യ പരിഷത്ത് ഇടതുപക്ഷ ബുദ്ധിജീവികളുടെ സംഘടനയാണ്. അവര്‍ അപകടം നേരത്തെ മനസിലാക്കി പിണറായി സര്‍ക്കാരിനെ ഉപദേശിച്ചതാണ്, കെ റയില്‍ അപകടം പിടിച്ച പദ്ധതിയാണന്ന്., സാധാരണക്കാരന് ഉപകാരപ്രദമല്ലാത്ത പദ്ധതി ഉപേക്ഷിക്കണമെന്ന്. പിണറായിക്ക് വേറെചില ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒരുലക്ഷംകോടിയുടെ പദ്ധതിയില്‍നിന്ന് പതിനായിരം കോടിയെങ്കിലും അടിച്ചുമാറ്റാം. സാധാരണക്കാരന്‍ പോയി തുലയട്ടെ, അവന്റെ വോട്ട് എന്നായാലും സി പി എമ്മിനുള്ളതാണ്. ക്യാപ്റ്റണ്‍ പറഞ്ഞാല്‍ അനുയായികളായ ഏറാന്‍മൂളി സഖാക്കള്‍ക്ക് എതിര്‍വാക്കുണ്ടോ. കല്ലുപിഴുതാല്‍ പല്ല് പിഴുമെന്ന് ജയരാജന്‍ സഖാവ് പറഞ്ഞത് അതുകൊണ്ടാണ്.

യൂറോപ്പിലും അമേരിക്കയിലും റയില്‍ വെറുമൊരു ആഢംബരം മാത്രമാണ്. അവിടൊക്കെ റോഡുഗതാഗതത്തിനാണ് മുന്‍ഗണന. ആറും എട്ടും വരികളുള്ള നല്ല റോഡുകള്‍ തെക്കുവടക്ക് നിര്‍മ്മിക്കുകയാണ് വികസനകത്തിന് അടിസ്ഥാനം. കേന്ദ്ര ഗവണ്മെന്റ് ഇപ്പോള്‍ അത്തരമൊരു ഹൈവേ നിര്‍മ്മിച്ചുകൊണ്ടിരിക്കായാണ്. കേരളത്തിലത് ആറുവരിയാണെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ എട്ടും പത്തും ലെയിനുകളായിട്ടാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാവരുംകൂടി 45 മീറ്റര്‍ വീതിയില്‍ മതിയെന്ന് വാശിപിടിച്ചതുകൊണ്ടാണ് ആറുവരിയാക്കിയത്.

കേരള സര്‍ക്കാരിന്റെ സഹായമില്ലതെ ഒരു ഹൈവേ തെക്കുവടക്ക് രൂപപ്പെട്ടുകൊണ്ടിരിക്കയാണ്, ഹൈവേ 66. ഇത് പൂര്‍ത്തിയായാല്‍ റോഡിലെ തിരക്ക് അല്‍പമെങ്കിലും കുറയുമെന്നതില്‍ സംശയമില്ല. കിഴക്കന്‍ ഹൈവേയായ എം സി റോഡ് ആറുവരിയെങ്കിലും ആക്കിയാല്‍ അതും വലിയൊരു ആശ്വാസമായിത്തീരും. ഇതില്‍നിന്ന് പിരിഞ്ഞുപോകുന്ന ഇടറോഡുകളും ഗതാഗത യോഗ്യമാക്കിയാല്‍ വികസനം തത്കാലത്തേക്ക് പൂര്‍ത്തിയാക്കാം.

കോട്ടയംവഴിയുള്ള റയില്‍വേ ഇരട്ടപ്പാത ഏകദേശം പൂര്‍ത്തായി. ഈ ലൈനില്‍ 150 കി മീ വേഗത്തില്‍ വണ്ടിയോടിക്കാന്‍ സാധിക്കുമെന്നാണ് ഇ. ശ്രീധരന്‍ പറയുന്നത്. ഇലക്‌ട്രോണിക്ക് സിഗ്നലിങ്ങ് സിസ്റ്റം നടപ്പിലാക്കിയാല്‍ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ അധികസമയം നിറുത്തിയിടേണ്ട് ആവശ്യമില്ല. ഓരോസ്റ്റേഷനിലും രണ്ടോമൂന്നോ മിനിറ്റ് മാത്രം. ട്രെയിനുകള്‍ സുഗമമായി ഓടിക്കൊണ്ടിരിക്കും. കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അത് ഹൈസ്പീഡ് ട്രെയിനുകളാണ്., പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍മാത്രം നിറുത്തിയാല്‍മതി. സാധാരണക്കാരന് ചുരുങ്ങിയ ചിലവില്‍ യാത്രചെയ്യാന്‍ ഉപകരിക്കപ്പെടുന്ന ട്രെയിനുകളാണ്.

കേരളത്തിലങ്ങോളമുള്ള തോടുകളും കായലുകളും വീതിയും ആഴവുംകൂട്ടി ഗതാഗതയോഗ്രമാക്കിയാല്‍ ചരക്കുനീക്കവും അതോടൊപ്പം ടൂറിസവും വികസിക്കും. മൂക്കുപൊത്താതെ ഇവയില്‍കൂടി യാത്രചെയ്യാന്‍ വയ്യത്ത അവസ്തയാണിപ്പോള്‍. റോഡുകളും തോടുകളും വികസിപ്പിച്ച് സഞ്ചാരയോഗ്യമാക്കുകയാണ് വികസനം. ഇനിയെങ്കിലും ഭ്രാന്തമായ ചിന്തകള്‍ വച്ചുപുലര്‍ത്തതെ നേര്‍വഴിക്ക് ചിന്തിച്ചുതുടങ്ങുക.

Join WhatsApp News
Sudhir Panikkaveetil 2022-05-17 22:48:03
വികസനത്തിനുപുറകിലെ "അടിച്ചുമാറ്റൽ" അത് പൊതുജനം മനസ്സിലാക്കി തുടങ്ങി. പ്രൈവറ്റ് ബസ്സിനെക്കാൾ കുറഞ്ഞ ടിക്കറ്റിനു ആനവണ്ടികൾ ഓടിയിരുന്നല്ലോ. ഇപ്പോൾ എങ്ങനെ നഷ്ടം വന്നു. അത് തൊഴിലാളികളും ഉദ്യോഗസ്ഥരും അടിച്ചു മാറ്റിയതാകാം. ടോം തച്ചങ്കരി ഒരിക്കൽ പറഞ്ഞു ഇരുപത്തിയഞ്ച് വയസ്സിൽ ഡ്രൈവർ ആയി കയറുന്നവർ നാൽപ്പതു വയസ്സാകുമ്പോൾ നടുവേദനയാണ് ഓഫീസ് ജോലി വേണമെന്ന് പറയുന്നു. ഓഫീസ് ജോലി ഇല്ലാത്തതുമൂലം അവർ വെറുതെയിരുന്ന് ശമ്പളം വാങ്ങിക്കുന്നു . ട്രേഡ് യൂണിയന്റെ ശക്തി!!! വാളും കത്തിയും ഊരിപിടിച്ചവരുടെ ഇടയിലൂടെ നടക്കാം ട്രേഡ് യൂണിയൻ നേതാക്കളുടെ അടുത്തുകൂടെ പോകാൻ ധൈര്യം കാണിക്കണം. ശ്രീ സാം സാർ ലേഖനം നന്നായിരുന്നു.
Ninan Mathullah 2022-05-18 02:20:17
Nowadays, I don’t have much hope about Kerala or India in general. So many opposing forces make life miserable for people. Recently we read India at the bottom of happiness rating of people and Finland at the top. We see so much of construction projects in USA and Europe and other countries. Have you ever seen anybody protest in your state or any other state in USA or other countries as we see in Kerala? Pure politics everywhere in India! Political parties and individuals affiliated with them writing for Race, religion and their politics. Are we going to change anytime soon to move forward?
DAVID 2022-05-19 12:23:11
നാട് നന്നാവാൻ അഗ്രഗഹിക്കാത്ത മൂരാച്ചികളെ നിങ്ങള് പോലെ ഉള്ളവര് വേണ്ടി അല്ല കെ റെയിൽ ...കേരളത്തിലെ ജനം പാവപെട്ട വെർ ആയി കാണാൻ അഗ്രാഹിക്കുന ബൂർഷാ കള ...ഗെയ്‌ൽ വന്നപോലെയും നിനക്ക് അക്ക ഹലു ഇളകി ...കെ റെയിൽ തത്തിൽ കേന്ദ്രം ആൺമതി നിൽകി ഫിനാൻസ് മിനിസ്റ്റർ അപ്പ്രൂവൽ ചെയ്യതു ...കേരളത്തിലെ ബിജെപി കാര കേന്ദ്രം ഒരു രീതിയിലും ഹെൽപ് ചെയ്യില്ല സീറോ നിന്നു സീറോ തന്നെ ....പഞ്ചായത്ത് എലെക്ഷണലിൽ കെ റെയിൽ കടന്നു പോകുന്ന വഴികൾ എല്ലാം ൽഡിഫ് നേടി ...അടിച്ചു മാറ്റി വായിൽ തോന്നിയത് പറയര്ത്തു ...കോവിഡ് സിറ്റുവേഷൻ എല്ലായടുത്തും പ്രോബ്ലെംസ് ഉണ്ട് പിന്നെ ഡീസൽ വില യൂസറുന്നു നാടിനെ കുറച്ചു വിലയ അറിവില്ല ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക