Image

കോൺഗ്രസ് അതിജീവിക്കുമോ,  പ്രതീക്ഷ  നിറച്ച് ചിന്തൻ  ശിവിർ: (സിൽജി ജെ ടോം)

Published on 18 May, 2022
കോൺഗ്രസ് അതിജീവിക്കുമോ,  പ്രതീക്ഷ  നിറച്ച് ചിന്തൻ  ശിവിർ: (സിൽജി ജെ ടോം)

കോൺഗ്രസിനെ സംബന്ധിച്ച ഓരോ വാർത്തകളും എന്നും ഹൃദയത്തോട് ചേർത്താണ് വായിക്കുന്നത് , അതിന്റെ ഏറ്റവും മോശപ്പെട്ട ഇന്നത്തെ അവസ്ഥയിലും അതിജീവനത്തിന്റെ  എന്തെങ്കിലും പ്രതീക്ഷകൾ തെളിയുന്നുണ്ടോ എന്ന വാർത്തകൾക്കായാണ്  കാതോർക്കുക  .ഇന്നല്ലെങ്കിൽ നാളെ വർധിത ശോഭയോടെ ഈ മഹാ പ്രസ്ഥാനം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസിനെ സ്നേഹിക്കുന്ന ആയിരങ്ങൾ.

രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന  ത്രിദിന ചിന്തൻ ശിവിർ  പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെ ആഴത്തിൽ വിലയിരുത്തുക തന്നെ ചെയ്തു.   ഇപ്പോഴത്തെ ദുസ്ഥിതിയിൽ നിന്ന് പാർട്ടിയെ കരകയറ്റാൻ ഉതകുന്ന നിർദ്ദേശങ്ങൾ  സമ്മേളനം ചർച്ച ചെയ്തതായാണ്  അറിയുന്നത് . 

ലോക്‌സഭയിൽ അൻപതിൽ താഴെ സീറ്റുകളുമായി  തുടരെ  പരാജയങ്ങൾ  ഏറ്റു വാങ്ങിയെങ്കിലും  അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസിനെ ശക്തമാക്കാനുള്ള മാർഗങ്ങളാണ് പാർട്ടി  ആലോചിക്കുന്നത്, അതാണ് ചിന്തൻ ശിവിർ ചർച്ച ചെയ്തതും . വളരെ ആസൂത്രണത്തോടെ, മുന്നൊരുക്കങ്ങളോടെ  നടത്തിയ ചിന്തൻ  ശിവിറിന്റെ വിജയം ഏറെ പ്രതീക്ഷയോടെയാണ് പാർട്ടിയും അണികളും  കാണുന്നത് . ചിന്തൻ  ശിവിർ മുൻപും  കോൺഗ്രസിൽ പ്രതീക്ഷാപരമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് ചരിത്രം. 

2003 ലെ ഷിംല ചിന്തൻ  ശിവിറിന് ശേഷം  തൊട്ടടുത്ത വർഷം  നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ ഐക്യ പുരോഗമന സഖ്യം  അധികാരം പിടിച്ചു . ഷിംല ചർച്ചകളുടെ പിൻബലത്തിൽ 2009 ലെ തിരഞ്ഞെടുപ്പിലും  യു പി എ  അധികാരം നിലനിർത്തി .  ഇപ്പോൾ വളരെ കാലങ്ങൾക്ക് ശേഷം ഷിംല മോഡൽ ചർച്ചകൾക്കൊടുവിൽ നടന്ന ഉദയ്പൂർ ചിന്തൻ  ശിവിറും  പ്രഖ്യാപനവും പാർട്ടിയിൽ ആൽമ വിശ്വാസം ഉയർത്തിയിട്ടുണ്ട് . 

കോണ്‍ഗ്രസ്  അതിന്റെ ദൈന്യാവസ്ഥയിലാണെന്നത് ശരി തന്നെ.  പക്ഷെ, ഈ പ്രസ്ഥാനം ഇന്ത്യക്ക് നല്‍കിയ  സംഭാവനകള്‍  ആരെങ്കിലും തേച്ച്  മായ്ക്കാൻ ശ്രമിച്ചതുകൊണ്ടൊന്നും മാഞ്ഞുപോകുന്നതല്ല. ആ സംഭാവനകൾ എത്ര മഹത്തരമായിരുന്നുവെന്നറിയാന്‍ ഇന്നത്തെ ഇന്ത്യയെ അടുത്തറിഞ്ഞാൽ മാത്രം മതി.

ഇന്നലെകളിൽ രാജ്യം കടന്നുപോന്ന സമാധാനത്തിന്റെ ദിനങ്ങൾ, രാജ്യം പങ്കുവച്ച മതനിരപേക്ഷതയുടെ സന്ദേശം , നാമൊക്കെ അനുഭവിച്ച ആവിഷ്ക്കാര സ്വാതന്ത്ര്യം ഇതൊക്കെയായിരുന്നു കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭാവനകളിൽ  ഏറെ പ്രസക്തമായത് .

ജാതിയും മതവും ഭക്ഷണവും പോലും വേർതിരിവുകളുടെ, വിദ്വേഷത്തിന്റെ കാലുഷ്യം നിറയ്ക്കുമ്പോഴും മതേതരത്വമിന്നും ഈ രാജ്യത്ത് തുടരുന്നത് ,  മതസാഹോദര്യത്തിന്റെ മന്ത്രങ്ങൾ  ഇന്നാട്ടിൽ  കാലങ്ങൾക്ക് മുൻപേ  മുദ്രിതമായതുകൊണ്ട് മാത്രമാണ്. ആ സാഹോദര്യത്തെയും ദേശീയതയെയും  ഇവിടെ വളർത്തിയെടുത്തതിൽ കോൺഗ്രസിന്റെ പങ്ക് വളരെ വലുതാണ്. 

പാർട്ടി ഇന്ന്  ഏറ്റവും മോശമായ അവസ്ഥ നേരിടുകയാണെങ്കിലും ചിന്തൻ ശിവിർ  കുറെ തിരിച്ചറിവുകൾക്ക് കാരണമായിട്ടുണ്ടെന്നതിൽ സന്തോഷമുണ്ട്.  ലോക്സഭയിൽ പ്രതിപക്ഷ നേതൃ പദവിക്കുള്ള അംഗസംഖ്യ പോലുമില്ലാത്ത അവസ്ഥയിലാണ് പാർട്ടി . പഞ്ചാബ് കൂടി നഷ്ട പ്പെട്ടതോടെ രാജ്യത്ത് രണ്ടിടത്ത് മാത്രമാണ് പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയുള്ളത് . ഈ തകർച്ചയിൽ നിന്ന് കരകേറാൻ വേണ്ട ആൽമാർത്ഥമായ ശ്രമങ്ങൾ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നതാണ് വേദനിപ്പിക്കുന്നത് . കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന പല ആരോപണങ്ങളും ഫലപ്രദമായി ഉപയോഗിക്കാനാകാതെ എതിരാളികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാർട്ടിക്ക്  നന്നായൊന്ന് ശ്രമിച്ചാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനാകുമെന്നുറപ്പാണ് . എന്നാൽ  പാർട്ടിയുടെ പ്രവർത്തനശൈലി മാറേണ്ടതുണ്ട്. 

തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കുമാത്രം സീറ്റ്, ഒരാൾക്ക് ഒരു പദവി, പാർട്ടിയിൽ പകുതി പദവികൾ യുവാക്കൾക്കും വനിതകൾക്കും, പദവി അഞ്ചുവർഷത്തേക്ക് മാത്രം തുടങ്ങിയ  നിർദ്ദേശങ്ങൾ ചിന്തൻ ശിവിർ  മുന്നോട്ടു വച്ചു . ബ്ളോക്കുതലം മുതൽ എ.ഐ.സി.സി വരെയുള്ള സമിതികളിൽ പകുതിപേർ അൻപതു വയസിൽ താഴെയുള്ളവരാകണമെന്ന ശുപാർശ പാർട്ടിയെ ശക്തിപ്പെടുത്താനാണ് .
 എന്നാൽ സ്ഥാനമാനങ്ങൾ ഇല്ലാതാകുമ്പോൾ മറുകണ്ടം ചാടുന്നവർ , അവരെ ചാക്കിട്ട് പിടിക്കാൻ നടക്കുന്നവർ ഇവരൊക്കെയാണ് പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ . കോൺഗ്രസ് മുക്ത ഭാരതവും  കോൺഗ്രസില്ലാത്ത ബദലുമൊക്കെ സ്വപ്നം കാണുന്നവരാണ്  പലരും  .  പക്ഷെ  എല്ലാ സംസ്ഥാനത്തും വേരുകളുള്ള  പ്രതിപക്ഷ പാർട്ടി ഇപ്പോഴും കോൺഗ്രസ്  തന്നെയാണെന്നത് ഇന്നും പ്രതീക്ഷ നൽകുന്നു  .

പാർട്ടി വിടാൻ  തയ്യാറാകുന്നവരെ തേടി വാഗ്ദാനങ്ങളുടെ പെരുമഴയാണ്. കോണ്‍ഗ്രസ് വിട്ടു മറുകണ്ടം ചാടിയ  പല നേതാക്കളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാരാണിന്ന്, ഇങ്ങനെ പ്രലോഭനങ്ങളുടെ നീണ്ട പട്ടികയാണ്  സ്ഥാനമോഹികളെ കാത്തിരിക്കുന്നത് , എതിരാളികളുടെ  ഈ രാഷ്ട്രീയ തന്ത്രത്തെ അതിജീവിക്കാൻ ഭൈമീകാമുകർക്ക് കഴിയുന്നില്ല .   ത്രിപുരയിലടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലുമാറിയെത്തിയ കോൺഗ്രസ് നേതാക്കളെയാണ് എൻ.ഡി.എ. മുഖ്യമന്ത്രിമാരും  മന്ത്രിമാരുമാക്കിയതെന്നത്  പ്രലോഭനങ്ങൾ എത്ര വലുതാണെന്ന് വിളിച്ചോതുന്നു . കഴിഞ്ഞ ദിവസം  ത്രിപുരയില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മണിക് സാഹയും 2016-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ്‌.  ബിജെപി ഭരിക്കുന്ന നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസിൽ നിന്ന് രാജിവച്ച്  ബിജെപിയിൽ ചേർന്നവരാണ് മുഖ്യമന്ത്രിമാർ, ഇതൊക്കെയാണ് പാർട്ടി നേരിടുന്ന പ്രശനങ്ങൾ  .

പാർട്ടി ശക്തമാകണമെങ്കിൽ   യുവ നിര പാർട്ടിയിലും നേതൃത്വത്തിലുമെത്തണം . ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാൻ പ്രവർത്തകരില്ലെന്നത്  കോൺഗ്രസിനെ അലട്ടുന്ന പ്രശ്നമാണ് , കേരളത്തിലും മറ്റും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ പ്രവർത്തകരുടെ  മെല്ലെപ്പോക്ക് കണ്ടതാണ് , മറ്റ് പാർട്ടികളുടെ താഴെ തട്ടിലെ ചിട്ടയായ പ്രവർത്തന രീതികളിൽ നിന്ന് ഇക്കാര്യങ്ങൾ പാർട്ടി കണ്ടുപഠിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ  അവർക്കൊപ്പം കടന്നു ചെല്ലാൻ  തയ്യാറാകുന്ന ഒരു പ്രവർത്തന നിര ഉണ്ടാവണം . 

പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ച് മുന്നേറാൻ സാധിക്കണം, തുടരെ തുടരെ നേരിടുന്ന തോൽവികൾ ആൽമ വിശ്വാസം നഷ്ടപ്പെടുത്തുമെന്നത് നാം കാണുന്നതാണ് . പ്രശസ്തരൊക്കെയും പുതുലാവണങ്ങൾ തേടിപ്പോകുന്ന കാഴ്ച നേതൃത്വത്തിലുള്ളവരെയും പ്രവർത്തകരെയും ഒരുപോലെ അസ്വസ്ഥതപ്പെടുത്തുമെന്നത് നേര് . പക്ഷെ പരാജയങ്ങളെയും വെല്ലുവിളികളെയും നേരിട്ടേ മതിയാവൂ . പ്രവർത്തന വഴികൾ പൊളിച്ചെഴുതി സംഘടനാപരമായും മുന്നേറണം , അത്   യുവാക്കളിൽ ആവേശംനിറയ്ക്കും.   സ്ഥാനമാനങ്ങളിൽ  മാത്രം കണ്ണ് വെക്കാതെ മുന്നിൽ നിന്ന് നയിക്കാൻ ശക്തമായൊരു നേതൃ നിരയുണ്ടാകണം. പദവികളിലാവരുത് നേതാക്കളുടെ കണ്ണ് , അത്തരക്കാരാണ് മറുകണ്ടം ചാടുന്നത്. കേരളത്തിൽ പോലും ഇത്തരം നേതാക്കൾക്ക് പഞ്ഞമില്ലന്ന്  നാം കണ്ടുകൊണ്ടിരിക്കുന്നു. 

എന്നും ജനങ്ങൾക്കൊപ്പം നിന്ന പാർട്ടിക്ക് മുൻപൊക്കെ  ജനങ്ങളുടെ മനസ് വായിക്കാനായിരുന്നു . ഇന്നതിന് 
 സാധിക്കുന്നില്ലെങ്കിൽ എവിടെയാണ് പിഴവ് പറ്റിയത് എന്ന് തിരിച്ചറിയണം. ആ തിരിച്ചറിവ് പാർട്ടിക്ക് നഷ്ടമായോ എന്നാണ് കണ്ടെത്തേണ്ടത് , അത് സംബന്ധിച്ച ചർച്ചകളാണ് ചിന്തൻ  ശിവിറിൽ നടന്നത്  എന്നതാണ് പ്രതീക്ഷയാകുന്നത് .

തിരിച്ചറിവിന്റേതാകട്ടെ പാർട്ടിക്ക്  മുന്നോട്ടുള്ള ദിനങ്ങൾ,  പ്രതാപത്തിന്റെ  പോയ നാളുകളിലേത് പോലെ വിജയത്തെ ഒപ്പം ചേർത്ത് രാജ്യത്തെ നയിക്കാൻ അധികാരത്തിന്റെ ചെങ്കോലും കിരീടവും  തിരിച്ചു പിടിക്കാൻ  പാർട്ടിക്കാവട്ടെ.

Join WhatsApp News
ആൻസി സാജൻ 2022-05-18 16:23:18
വിവിധ വശങ്ങൾ വിശകലനം ചെയ്യുന്നു. നല്ല സമീപനം. ആശംസകൾ സിൽജീ..
Silji 2022-05-19 05:40:07
Thanks Ancy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക