Image

സ്‌ക്കൂള്‍ ബസ്സ് നിരത്തിലിറക്കാന്‍ ബിരിയാണി ചലഞ്ച് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 18 May, 2022
സ്‌ക്കൂള്‍ ബസ്സ് നിരത്തിലിറക്കാന്‍ ബിരിയാണി ചലഞ്ച് (ദുര്‍ഗ മനോജ് )

പുത്തന്‍ ആശയങ്ങളുടെ പറുദീസയായി കൊച്ചു കേരളം മാറുന്നോ? ചോദ്യം മറ്റൊന്നും കൊണ്ടല്ല, കോവിഡ് വന്നു പൊറുതിമുട്ടിയപ്പോഴാണ് ബിരിയാണി ചലഞ്ച് ജനകീയമായത്. ആരും കാശ് വെറുതേ തരണ്ട. പകരം ബിരിയാണിപ്പൊതിയങ്ങു തന്നേക്കാം എന്നതാണു ലൈന്‍. ഒരു പൊതിക്കു നൂറു രൂപ. കാശു വെറുതേ കൊടുത്തു എന്ന സങ്കടം വേണ്ട, കാര്യം ഏതാണ്ടൊക്കെ നടത്താനും പറ്റും. അതുകൊണ്ടാണു നൂറനാട് പള്ളിക്കല്‍ ഗവ എസ് കെ വി എല്‍ പി സ്‌ക്കൂളിലെ കട്ടപ്പുറത്തായ സ്‌ക്കൂള്‍ ബസ്സ് നിരത്തിലിറക്കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഒരു ബിരിയാണി ചലഞ്ചു തന്നെ പ്രഖ്യാപിച്ചത്.

കോവിഡ് കാലത്തു രണ്ടു വര്‍ഷം ഓടാതെ കിടന്നതോടെ ബസ്സിന് വീണ്ടും ഇറങ്ങി ഓടാന്‍ വല്ലാത്ത മടി. സംഗതി കട്ടപ്പുറത്ത് എന്നതായി അവസ്ഥ.സര്‍ക്കാര്‍ സ്‌ക്കൂളാണ്. നാലാം ക്ലാസ്സുവരെയുള്ള കുഞ്ഞുമക്കള്‍ പഠിക്കുന്ന സ്‌ക്കൂള്‍. ബസ്സില്ലാതെ കുട്ടികള്‍ക്കു സ്‌ക്കൂളിലെത്താന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ ബസ്സിനു വേണ്ട പരിചരണം നല്‍കണം. സര്‍ക്കാര്‍ ഇക്കാര്യത്തിലൊന്നും ഇടപെടില്ല എന്ന് ഉറപ്പാണ്. അപ്പോള്‍ പ്രാദേശികമായി ഫണ്ടു കണ്ടെത്തി, വേണ്ട പണികള്‍ നടത്തി ബസ്സു കുട്ടപ്പനാക്കണം. അങ്ങനെയാണു ബിരിയാണി ചലഞ്ച് എന്ന ചിന്ത ഉദിക്കുന്നത്. ദേഹണ്ഡമൊക്കെ നാട്ടുകാരും അധ്യാപകരും രക്ഷകര്‍ത്താക്കളും കൂടി ഏറ്റെടുത്തപ്പോള്‍ എഴുപതിനായിരം രൂപ വണ്ടി നന്നാക്കാന്‍ കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.
കാലവര്‍ഷം കനത്തു തുടങ്ങുമ്പോള്‍ സ്‌ക്കൂളിലേക്കു  കുട്ടികള്‍ സുരക്ഷിതരായി പോയി തിരിച്ചു വരാന്‍ വാഹന സൗകര്യം അത്യന്താപേക്ഷിതമായ ഇക്കാലത്ത്, ഈ ബിരിയാണി ചലഞ്ച് എന്തുകൊണ്ടും ഒരു മാതൃകയായി. അല്ലെങ്കിലും നമ്മള്‍ മനസ്സു വച്ചിറങ്ങിയാല്‍ നടക്കാത്തതെന്തുണ്ട്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക