Image

ട്രംപ് അനുയായികൾക്ക് പ്രൈമറികളിൽ ജയവും തോൽവിയും

Published on 18 May, 2022
 ട്രംപ് അനുയായികൾക്ക് പ്രൈമറികളിൽ ജയവും തോൽവിയും

പ്രൈമറി സീസണിലെ ഏറ്റവും നാടകീയമായ  ചൊവാഴ്ച  രാത്രിയിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വാധീനവും പരീക്ഷിക്കപ്പെട്ടു.  അന്തിമ ഫലങ്ങൾ ഇനിയും ബാക്കി നിൽക്കേ ട്രംപ് പിന്തുണച്ച ചിലർ ജയിക്കയും ചിലർ തോൽക്കുകയും ചെയ്തു. പാർട്ടിയിൽ അദ്ദേഹത്തിനു സമ്പൂർണമായ ആധിപത്യമില്ലെന്നു സൂചിപ്പിക്കുന്നതാണ് ഫലങ്ങൾ.

പെൻസിൽവേനിയയിലും നോർത്ത് കരോലിനയിലുമാണ് കടുത്ത മത്സരങ്ങൾ നടന്നത്. ഐഡഹോ, കെന്റക്കി, ഓറിഗോൺ എന്നിവിടങ്ങളിലും പ്രൈമറികൾ നടന്നു. സെനറ്റിന്റെ നിയന്ത്രണം ആരു നേടും എന്ന് നിർണയിക്കുന്ന നവംബർ തിരഞ്ഞെടുപ്പ് ബൈഡൻ ഭരണകൂടത്തിന്റെ ഭാവിയെയും ബാധിക്കുന്നതാണ്.

പെൻസിൽവേനിയയിൽ  റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയായി ജയിച്ച ഡൗ മാസ്ട്രിയാനോ ട്രംപിന്റെ പിന്തുണ നേടിയിരുന്നു. ട്രംപ് തോറ്റ 2020 തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്ന അദ്ദേഹത്തിന്റെ ആരോപണം ഉയർത്തിപ്പിടിച്ച മാസ്ട്രിയാനോയ്ക്കു പാർട്ടിയിലെ എതിർപ്പു മറികടക്കാൻ സഹായിച്ചതു ട്രംപ് ആണ്. നവംബറിൽ തോൽക്കുമെന്നു പാർട്ടിക്ക് ആശങ്കയുള്ള സ്ഥാനാര്ഥിയാണിത്.

അറ്റോണി ജനറൽ ജോഷ് ഷാപിറോ ആണ് ഡെമോക്രറ്റിക് സ്ഥാനാർഥി. പെൻസിൽവേനിയയിൽ 2020 തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വോട്ടുകൾ ബൈഡൻ 'മോഷ്ടിച്ചുവെന്ന' ആരോപണം മാസ്ട്രിയാനോ ആവർത്തിച്ച് ഉയർത്തുമ്പോൾ വോട്ടിംഗ് സംവിധാനത്തെ ശക്തമായി ന്യായീകരിച്ച ചരിത്രമാണ് ഷാപിറോയ്കുള്ളത്. പ്രൈമറിയിൽ അദ്ദേഹത്തിന് എതിരാളി ഉണ്ടായിരുന്നുമില്ല.   

സെനറ്റ് പ്രൈമറിയുടെ വോട്ടെണ്ണൽ ബുധനാഴ്ച്ച രാവിലത്തേക്കു നീണ്ടപ്പോൾ ട്രംപിന്റെ സ്ഥാനാർഥി മെഹ്‌മത് ഓസ് കടുത്ത മത്സരം നേരിടുന്ന കാഴ്ചയാണ്. പ്രസിദ്ധ ഹൃദ്രോഗ വിദഗ്‌ധനായ അദ്ദേഹത്തെ നേരിടുന്നത് ഹെഡ്‌ജ്‌ ഫണ്ട് എക്സിക്യൂട്ടീവ് ഡേവ് മക്കോർമിക്ക് ആണ്. ലൻകാസ്റ്റർ കൗണ്ടിയിൽ 20,000 ത്തിലേറെ  ബാലറ്റ് പേപ്പറിന്റെ അച്ചടിയിലുള്ള പ്രശ്‌നമാണ് വോട്ടെണ്ണൽ വൈകിക്കുന്നത്. 

ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ പാട്ടും പാടി ജയിച്ച ലെഫ് ഗവർണർ ജോൺ ഫെറ്റർമാനാണ് മറുപക്ഷത്തെ പോരാളി. പക്ഷാഘാതം വന്നു ആശുപത്രിയിലാണ് അദ്ദേഹം. 

നോർത്ത് കരോലിനയിൽ,  സെനറ്റ് ടിക്കറ്റ് തേടിയ റെപ്. റ്റെഡ് ബഡ് ജയിച്ചതും വൈകി ലഭിച്ച ട്രംപിന്റെ പിന്തുണ കൊണ്ടാണ്. മുൻ ഗവർണർ പാറ്റ് മക്കോറിയെ അദ്ദേഹം അനായാസം തോൽപിച്ചു.

എന്നാൽ തീവ്രവാദിയായ ട്രംപ് അനുയായി റെപ്. മാഡിസൺ കവ്തോൺ (26) രണ്ടാമൂഴ ശ്രമത്തിൽ പരാജയപ്പെട്ടതു ട്രംപിന് ക്ഷീണമായി. ഒന്നര ശതമാനത്തോളം വോട്ടിനാണ് സെനറ്റർ ചക് എഡ്‌വേഡ്‌സ് ജയിച്ചത്. 

കെന്റക്കിയിൽ, ട്രംപിനെതിരെ പ്രൈമറികളിൽ മത്സരിച്ചിട്ടുള്ള റാൻഡ് പോൾ ജയം കണ്ടു. ഒരു വർഷം മുൻപ് അദ്ദേഹം ട്രംപിന്റെ പിന്തുണ നേടിയിരുന്നു. പക്ഷെ പിന്നീട് അവർ തമ്മിൽ തെറ്റി. 86% വോട്ടാണ് പോൾ നേടിയത്.  നവംബറിൽ ഡെമോക്രാറ്റ്സിന്റെ ചാൾസ് ബുക്കറെയാണ് അദ്ദേഹം നേരിടുക. 

ഐഡഹോയിൽ ട്രംപ് പിന്തുണച്ച ലെഫ്. ഗവർണർ ജാൻസ് മ്കജിയാചിനെ ഗവർണർ ബ്രാഡ് ലിറ്റിൽ തോൽപിച്ചതു വലിയ ഭൂരിപക്ഷത്തിനാണ്. ഒരാഴ്ചയ്ക്കിടയിൽ ട്രംപിന്റെ രണ്ടാമത്തെ ഗവർണർ സ്ഥാനാർത്ഥിയാണ് തോൽക്കുന്നത്. കഴിഞ്ഞയാഴ്ച്ച നെബ്രാസ്കയിൽ ട്രംപിന്റെ ഗവർണർ സ്ഥാനാർഥി ചാൾസ് ഹെർബ്സ്റ്റർ തോറ്റിരുന്നു.

ഓറിഗണിൽ ട്രംപ് ആരെയും പിൻതുണച്ചില്ല. ട്രംപുമായി ഭിന്നതയുണ്ടെന്നു തുറന്നു പറഞ്ഞിട്ടുള്ള സെനറ്റർ മൈക്ക് ക്രപ്പോ ജയിച്ചു. ട്രംപ് പക്ഷക്കാരനായ റെപ്. റൂസ് ഫുൾച്ചറും ജയിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക