Image

എസ്എംസിഎ കുവൈറ്റിനു പുതിയ നേതൃത്വം

Published on 18 May, 2022
 എസ്എംസിഎ കുവൈറ്റിനു പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: സീറോ മലബാര്‍ സിനഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ഏക അല്മായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 27-ാമത് ഭരണസമിതി ചുമതലയേറ്റു. പുതിയ ഭാരവാഹികളായി സാന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് (പ്രസിഡന്റ്), ബോബിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജിമോന്‍ ജോസഫ് ഈരേത്ര (സെക്രട്ടറി), ജിജിമോന്‍ കുര്യാള (ജോയിന്റ് സെക്രട്ടറി), ജോസ് മത്തായി പൊക്കാളിപ്പടവില്‍ (ട്രഷറര്‍), കുര്യാക്കോസ് മുണ്ടിയാനി (ജോയിന്റ് ട്രഷറര്‍), ഫ്രാന്‍സിസ് പോള്‍ (ഓഫീസ് സെക്രട്ടറി ), ജിമ്മി സ്‌കറിയ (ബാല ദീപ്തി ചീഫ് കോഓര്‍ഡിനേറ്റര്‍), തോമസ് കറുകക്കളം (കള്‍ച്ചറല്‍ കണ്‍വീനര്‍), ബെന്നി തോമസ് ചെരപ്പറമ്പന്‍ (സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍), അനൂപ് ആന്‍ഡ്രൂസ് ആലനോലി (മീഡിയ കണ്‍വീനര്‍) എന്നിവരും വിവിധ ഏരിയകളുടെ ജനറല്‍ കണ്‍വീനര്‍മാരായി ബോബി തോമസ്(അബാസിയ), സന്തോഷ് ജോസഫ് വടക്കേമുണ്ടാനിയില്‍ (ഫാഹേല്‍), സുനില്‍ തോമസ് തൊടുക (സാല്‍മിയ), ജിസ് എം. ജോസ് (സിറ്റി ഫര്‍വാനിയ) എന്നിവരും ചുമതലയേറ്റു. രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നല്‍കി. 1995 ല്‍ കുവൈറ്റില്‍ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി വളരെ ശ്രദ്ധേയമായ സാന്നിധ്യമായി നിലകൊള്ളുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സീറോ മലബാര്‍ അല്മായ കൂട്ടായ്മകള്‍ രൂപംകൊള്ളാന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രചോദനമായി. കോവിഡ്കാല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കും അശരണര്‍ക്കും ഉള്ള സാമ്പത്തിക സഹായങ്ങള്‍, ഭവന നിര്‍മാണ പദ്ധതികള്‍, മലയാള ഭാഷാ പഠന പദ്ധതി, നിര്‍ധന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മരണപ്പെടുന്ന അംഗങ്ങള്‍ക്ക് ഫാമിലി ബെനിഫിറ്റ് സ്‌കീമും വര്‍ഷങ്ങളായി നടപ്പിലാക്കുന്നു. സോണ്‍, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണസംവിധാനമുള്ള എസ്എംസിഎ യുടെ ഉപവിഭാഗങ്ങളായി, രജത ജൂബിലി നിറവില്‍ കുട്ടികളുടെ ബാലദീപ്തിയും യുവജനങ്ങളുടെ എസ്എംവൈഎം പ്രവര്‍ത്തിക്കുന്നു. സലിം കോട്ടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക