Image

റവ. ജോര്‍ജ് ഏബ്രഹാം എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയ വികാരിയായി ചാര്‍ജെടുത്തു

സി.എസ് ചാക്കോ Published on 19 May, 2022
റവ. ജോര്‍ജ് ഏബ്രഹാം എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയ വികാരിയായി ചാര്‍ജെടുത്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ പുതിയ വികാരിയായി ചാര്‍ജെടുത്ത റവ. ജോര്‍ജ് ഏബ്രഹാമിനും കുടുംബത്തിനും ഇടവക ഊഷ്മളമായ സ്വീകരണം നല്‍കി. 

2022 മെയ് 15-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന മീറ്റിംഗിലേക്ക് ഇടവക സെക്രട്ടറി സൂസന്‍ കുര്യന്‍ അച്ചനേയും കുടുംബത്തേയും സ്വാഗതം ചെയ്തു തദവസരത്തില്‍ അച്ചന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളേയും ശുശ്രൂഷകളേയും കുറിച്ചുള്ള വിവരങ്ങള്‍ ഇടവക ജനങ്ങളുമായി പങ്കുവയ്ക്കുകയും, റവ. ജോര്‍ജ് ഏബ്രഹാം അച്ചനേയും കുടുംബത്തേയും വളരെ ഹാര്‍ദ്ദവമായി ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. 

കല്ലൂപ്പാറ സ്വദേശിയായ അച്ചന്റെ മാതൃഇടവക സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് കല്ലൂപ്പാറയാണ്. 2008 നവംബര്‍ അഞ്ചാം തീയതി പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച അച്ചന്‍ കേരളത്തിലും, കേരളത്തിനു പുറത്തും പല ഇടവകകളില്‍ സേവനം അനുഷ്ഠിച്ചതോടൊപ്പം സഭയിലെ പല ക്രിസ്തീയ പ്രസ്ഥാനങ്ങളുടേയും അമരക്കാരനായി പ്രവര്‍ത്തിച്ചു. 

ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്, ഓസ്റ്റിന്‍, ടെക്‌സസിലെ സേവനത്തിനുശേഷം 2022 മെയ് ഒന്നാം തീയതി മുതല്‍ ഭദ്രാസന ബിഷപ്പിന്റെ സെക്രട്ടറി, ഭദ്രാസന സെക്രട്ടറി, എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുവാന്‍ നിയമിതനായ ജോര്‍ജ് ഏബ്രഹാം അച്ചന്‍, മുന്‍കാലങ്ങളില്‍- എബനേസര്‍ ചര്‍ച്ച് പിടവൂര്‍, രാജഗിരി, അങ്ങാടിക്കല്‍, കൈപ്പട്ടൂര്‍, ചൂരക്കോട്, ഇളമ്പല്‍- വൈക്കല്‍ എന്നീ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചതോടൊപ്പം യുവദീപം മാസിക, ഹെര്‍മോര്‍ ദൂതന്‍ എന്നിവയുടെ ചീഫ് എഡിറ്റര്‍, കോളജ് സ്റ്റുഡന്റ്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്‌പ്രോഗ്രാം സെക്രട്ടറി, മാര്‍ത്തോമാ യുവജനസഖ്യം സ്റ്റഡി ഫോറം ചെയര്‍മാന്‍, മാര്‍ത്തോമാ സഭ (തിരുവനന്തപുരം- കൊല്ലം) ഭദ്രാസന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. 

റവ. ജോര്‍ജ് ഏബ്രഹാം അച്ചന്‍ തിരുവനന്തപുരം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫിസിക്‌സില്‍ ഗ്രാജ്വേറ്റ് ചെയ്തശേഷം ചെന്നൈ ഗുരുകുല്‍ ലൂഥറന്‍ തിയോളജിക്കല്‍ കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡിഗ്രിയും, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിറിയക് ഭാഷയില്‍ മാസ്റ്റേഴ്‌സും എടുത്തു. 

അച്ചന്റെ പട്ടത്വ ശുശ്രൂഷയ്ക്കിടയില്‍ രണ്ടു പുസ്തകങ്ങള്‍, ക്രിസ്തുവിന്റെ സുഗന്ധം (മലയാളം), By The Rivers We Sat & Wept(ഇംഗ്ലീഷ്) എന്നിവ പ്രസിദ്ധീകരിച്ചതോടൊപ്പം, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് തിരുമേനിയുടെ 'പ്രകാശകിരണങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുമുണ്ടായി. 

അച്ചന്റെ സഹധര്‍മ്മിണി പ്രീമാ മേരി ചെറിയാന്‍ കൊച്ചമ്മ. മക്കള്‍: പ്രാര്‍ത്ഥന സൂസന്‍ ജോര്‍ജ്, എമീമ മേരി ജോര്‍ജ്. പ്രീമാ കൊച്ചമ്മയുടെ സ്വദേശം ഓയൂര്‍, കൊല്ലം. 

റവ. ജോര്‍ജ് ഏബ്രഹാം അച്ചന്റെ ധന്യമായ ശുശ്രൂഷയില്‍ ധാരാളമായി ദൈവകൃപ വ്യാപരിക്കട്ടെയെന്ന് ഇടവകയുടെ ആശംസയ്ക്കുശേഷം, അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ എബനേസര്‍ ഇടവക നല്‍കിയ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി കരേറ്റുകയും, ഇടവകയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഇടവക ചുമതലക്കാരുടേയും, ഇടവക ജനങ്ങളുടേയും എല്ലാവിധ സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

പിന്നീട് ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ - യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ 'മദേഴ്‌സ് ഡേ' ആഘോഷിക്കുകയും ഇടവകയിലെ എല്ലാ അമ്മമാരേയും ആദരിക്കുകയും ചെയ്തു. 

അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും, ആശീര്‍വാദത്തിനുംശേഷം സ്‌നേഹവിരുന്നോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു. 

വാര്‍ത്ത അയച്ചത്: സി.എസ് ചാക്കോ (ഭദ്രാസന അസംബ്ലി മെമ്പര്‍). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക